Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുങ്ങൾ നമ്മുടേതാണ്

cerebral-palsy വെൽനെസ് വൺ സെന്റർ ഫോർ ഫിസിയോതറപ്പി ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ ഫിസിയോതെറപ്പി നടത്തുന്നവർ. ചിത്രം: ജയിംസ് ആർപ്പൂക്കര

ഒക്ടോബർ ഏഴ് – ലോക സെറിബ്രൽ പാൾസി ദിനം.

ഇന്ത്യയിൽ ജനിക്കുന്ന അഞ്ഞൂറിൽ ഓരോ കുട്ടിക്കും സെറിബ്രൽ പാൾസി (മസ്‌തിഷ്‌ക തളർവാതം) ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മിക്ക രാജ്യങ്ങളിലും സെറിബ്രൽ പാൾസി (സിപി) കണ്ടുവരുന്നു. ഗർഭകാലത്തും ജനനസമയത്തും ജനനശേഷവും കുഞ്ഞുങ്ങളിൽ തലച്ചോറിലെ നാഡീകോശങ്ങൾക്ക് ഏൽക്കുന്ന ക്ഷതംമൂലം പേശികൾക്കുണ്ടാകുന്ന ചലനശേഷിക്കുറവ്, നിയന്ത്രണമില്ലായ്‌മ, വളർച്ചക്കുറവ് എന്നിവ സംഭവിക്കുന്ന അവസ്ഥയാണ് സെറിബ്രൽ പാൾസി.

∙ കാരണങ്ങൾ പലത്

ഗർഭകാലത്ത് അമ്മയ്‌ക്കുണ്ടാകുന്ന പ്രമേഹം, രക്‌തസമ്മർദം, അണുബാധ, മഞ്ഞപ്പിത്തം, റുബല്ല, പോഷകാഹാരക്കുറവ്, രക്‌തഘടനയിലുള്ള വ്യതിയാനം, അപസ്‌മാരം, ചിക്കൻ പോക്സ്, വൈദ്യുതാഘാതം, മാനസിക സംഘർഷം, മറ്റ് ഏതെങ്കിലും തരത്തിലുള്ള അപകടം എന്നിവ മൂലമെല്ലാം കുഞ്ഞിനു സെറിബ്രൽ പാൾസി ഉണ്ടാകാം. ഇതിനു പുറമെ ഗർഭകാലത്ത് വയറടിച്ചു വീണ് ക്ഷതമേറ്റാലോ സ്ഥിരമായി ലഹരി ഉപയോഗിച്ചാലോ ചില പ്രത്യേകതരം മരുന്നുകൾ സ്ഥിരമായി കഴിച്ചാലോ കുഞ്ഞിനു തലച്ചോറിനു ക്ഷതം ഉണ്ടാകാം.

ഗർഭസ്‌ഥ ശിശുവിനുണ്ടാകുന്ന ശ്വാസതടസ്സം, പൊക്കിൾക്കൊടി കഴുത്തിന് ചുറ്റിയ അവസ്ഥ തുടങ്ങിയവയും സെറിബ്രൽ പാൾസി സാധ്യത ഉണ്ടാക്കുന്നു. നവജാത ശിശുവിന് മഞ്ഞപ്പിത്തം, അപസ്‌മാരം, ഓക്‌സിജൻ കുറവ്, രക്‌തത്തിൽ പഞ്ചസാരയുടെ തോത് കുറയൽ, മെനിഞ്ചൈറ്റിസ്, മസ്തിഷ്ക ദ്രവം കൂടുന്നത് (സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ്) എന്നീ കാരണങ്ങളാലും മസ്തിഷ്ക തളർ‌വാതം സംഭവിക്കാം.

ഇതിനു പുറമെ പ്രസവസമയത്തുള്ള ചില ബുദ്ധിമുട്ടുകൾ കാരണവും മസ്തിഷ്ക തളർവാതം വരാം.

മാസം തികയാതെ പ്രസവിക്കൽ, കുഞ്ഞിന്റെ ഭാരക്കുറവ്, കരയാൻ വൈകുന്നതു മൂലം തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം തടസ്സപ്പെടൽ തുടങ്ങിയവയും കാരണങ്ങളാണ്. കുഞ്ഞിനു രണ്ടു വയസ്സിനു മുൻപ് ഉണ്ടാകുന്ന, തലച്ചോറിനെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള അപകടമോ വീഴ്ചയോ, അണുബാധ, ജനനസമയത്തോ ശേഷമോ ഉണ്ടാകുന്ന അപസ്മാരം എന്നിവയെല്ലാം സെറിബ്രൽ പാൾസിക്കു കാരണമാകാം.

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണുകയും നിർദേശപ്രകാരം സിടി സ്കാൻ, എംആർഐ സ്കാൻ എന്നീ പരിശോധനകളിലൂടെ തലച്ചോറിനു ക്ഷതം ഉണ്ടോ എന്ന് സ്ഥിരീകരിക്കുകയും വേണം. ഉണ്ടെങ്കിൽ ഉടൻ പുനരധിവാസ ചികിൽസ ആരംഭിച്ചാൽ മെച്ചപ്പെട്ട ഫലം ലഭിക്കും. വൈകും തോറും ഫലപ്രാപ്തി കുറയും.

സെറിബ്രൽ പാൾസി ഉള്ള കുട്ടികൾക്ക് അപസ്‌മാരം, കാഴ്‌ചക്കുറവ്, കേൾവിക്കുറവ്, സംസാരശേഷിയില്ലായ്‌മ, പേശികൾക്കു ബലമില്ലായ്‌മയോ കടുത്ത ബലമോ ഉണ്ടായിരിക്കുക തുടങ്ങിയ അനുബന്ധ ലക്ഷണങ്ങളും കണ്ടുവരുന്നു. എന്നാൽ, സെറിബ്രൽ പാൾസി പൂർണമായി ഭേദമാകുമെന്നോ പൂർണ ആരോഗ്യ അവസ്ഥയിലേക്ക് തിരിച്ചു പോകാമെന്നോ തെറ്റിദ്ധരിക്കരുത്.

സെറിബ്രൽ പാൾസി ബാധിച്ച കുഞ്ഞുങ്ങൾക്ക് പ്രത്യേക വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും തെറപ്പിയിലൂടെയും മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കാം. സെറിബ്രൽ പാൾസി ബാധിച്ച കുട്ടികളിൽ പലരും സാധാരണ ബുദ്ധിശേഷി ഉള്ളവർ തന്നെയാകും. ഇത്തരം കുട്ടികളുടെ ചലനശേഷി, ആശയവിനിമയ ശേഷി, മനസ്സിലാക്കാനുള്ള കഴിവ്, പഠനശേഷി എന്നിവ പ്രത്യേക പരിശോധനയിലൂടെ നിർണയിച്ച് ഉചിതമായ ചികിൽസ നൽകണം. അവിടെയാണ് വിവിധതരം തെറപ്പികളുടെ പ്രാധാന്യം. വളർച്ചയുടെ നാഴികക്കല്ലുകൾ കൈവരിക്കാൻ താമസം നേരിട്ടു കഴിഞ്ഞാൽ ഫിസിയോ തെറപ്പി, ഒക്യുപേഷനൽ തെറപ്പി, സ്പീച്ച് തെറപ്പി, ബിഹേവ്യർ തെറപ്പി എന്നിവ ഉടനടി നൽകണം.

∙ റീഹാബിലിറ്റേഷൻ ടീം

ശിശുരോഗ വിദഗ്ധൻ, ന്യൂറോളജിസ്റ്റ്, പീഡിയാട്രിക് ഫിസിയോ തെറപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, ഒക്യുപേഷനൽ തെറപ്പിസ്റ്റ്, സൈക്കോ– ബിഹേവറിങ് തെറപ്പിസ്റ്റ്, സ്പെഷൽ എജ്യുക്കേറ്റർ എന്നിവർ അടങ്ങുന്ന വിദഗ്ധ സംഘം കുട്ടിയെ പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് ചികിൽസ നിശ്ചയിക്കുന്നത്.

∙ ഫിസിയോ തെറപ്പി

സെറിബ്രൽ പാൾസി തിരിച്ചറിഞ്ഞ കുഞ്ഞുങ്ങളെ അവരുടെ പരിമിതിയിൽ നിന്നുകൊണ്ടു മുന്നോട്ട് നയിക്കാൻ ഫിസിയോ തെറപ്പി വലിയ പങ്കു വഹിക്കുന്നുണ്ട്. മസ്തിഷ്ക തളർവാതം ഉള്ളവരുടെ പല മസിലുകളും ആവശ്യത്തിൽ കൂടുതൽ മുറുകിയിരിക്കും. അതിന്റെ ബലംപിടിത്തം (SPASTCITY) കുറയ്ക്കുന്നതിനു ഫിസിയോ തെറപ്പി സഹായിക്കും. ചിലപ്പോൾ അത്തരം മസിലുകളുടെ ബലംപിടിത്തം കാരണം കുട്ടിക്ക് ഇരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയാണെങ്കിൽ അത് പരിഹരിക്കാൻ പറ്റും. ശക്തി കുറഞ്ഞ മസിലുകളെ (HYPOTONE) ഉദ്ദീപിപ്പിക്കാനും ഫിസിയോ തെറപ്പി കൊണ്ട് കഴിയും.

ഒരു പ്രവൃത്തി (TASK ORIENTED) അടിസ്ഥാനമാക്കിയുള്ള തെറപ്പിയാണ് പൊതുവെ നിശ്ചയിക്കാറുള്ളത്. അവയിൽ പലതും ബുദ്ധിവികാസത്തിനു സഹായിക്കുന്ന തരത്തിലുള്ളവയും ആകും. ഓരോ കുട്ടിയുടെയും പ്രായം, ചലനശേഷി, മറ്റ് കഴിവുകൾ എന്നിവ അനുസരിച്ച് ഫിസിയോ തെറപ്പിയുടെ രീതിയിലും മാറ്റം വരുത്തും. കൈ, കണ്ണ് എന്നിവയുടെ ചലനങ്ങൾ ശരിയാംവണ്ണം ഏകോപിപ്പിച്ച് രൂപപ്പെടുത്താനുള്ള തെറപ്പിയും ഇതിനൊപ്പം ചെയ്യും. സ്വതന്ത്രമായി ഓരോ കാര്യങ്ങളും ചെയ്യാവുന്ന സ്ഥിതി എത്തുന്നതുവരെ ഫിസിയോ തെറപ്പി തുടരണം. ഒന്നോ രണ്ടോ ദിവസം തെറപ്പി ചെയ്ത് പിന്നീട് അത് മുടങ്ങി ഒരാഴ്ചയ്ക്കു ശേഷം വീണ്ടും ചെയ്യുന്ന രീതി അഭിലഷണീയമല്ല. തെറപ്പി തുടർച്ചയായി എല്ലാ ദിവസവും ഒന്നോ രണ്ടോ തവണ ചെയ്താലേ ഗുണം ലഭിക്കൂ. ഇതിനൊപ്പം രക്ഷിതാക്കൾക്കുള്ള കൗൺസലിങ്ങും പ്രധാനമാണ്.

ഹൈഡ്രോ തെറപ്പി ഫിസിയോതെറപ്പിയിലെ ഫലപ്രദവും മെച്ചപ്പെട്ടതുമായ ചികിൽസാ രീതിയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അണ്ടർ വാട്ടർ ട്രെഡ്മിൽ ഉപയോഗിച്ചും ഈ തെറപ്പി ചെയ്യാം. ഇതിൽ ശുദ്ധീകരിച്ച വെള്ളം നിറയ്ക്കും. തെറപ്പി വേണ്ടുന്നയാളുടെ ശരീരോഷ്മാവ്, മറ്റ് ഘടകങ്ങൾ എന്നിവ പരിശോധിച്ച് അതിനു ആനുപാതികമായാണ് വെള്ളം നിറയ്ക്കുക. തെറപ്പിസ്റ്റും ഒപ്പം ഈ വെള്ളത്തിൽ ഇറങ്ങി പരിശീലനം നൽകും. ഈ തെറപ്പി വേദനയില്ലാതെ, ആയാസമില്ലാതെ ചെയ്യാമെന്നതാണ് പ്രത്യേകത. ശരീരത്തിന്റെ സമതുലിതാവസ്ഥ തിരികെ കിട്ടാനും മസിലിനു ശക്തി ലഭിക്കാനും അനാവശ്യ ചലനങ്ങൾ നിയന്ത്രിക്കാനും ഈ തെറപ്പി വഴി കഴിയും.

വായിൽനിന്ന് അനിയന്ത്രിതമായി തുപ്പൽ ഒലിക്കുന്നത്, വായ എപ്പോഴും തുറന്നിരിക്കുന്ന അവസ്ഥ, ഊതാൻ പറ്റാത്ത അവസ്ഥ തുടങ്ങിയവ പരിഹരിക്കാനുള്ള ഓറോ മോട്ടോർ തെറപ്പിയും അനിയന്ത്രിതമായി മൂത്രം പോകുന്നത് പരിഹരിക്കാനുള്ള ഇൻകോണ്ടിനൻസ് മാനേജ്മെന്റ് തെറപ്പിയും ഫിസിയോതെറപ്പിയുടെ ഭാഗമാണ്. ഗേറ്റ് അനലൈസർ, ഗേറ്റ് ലാബ്, മൂവ്മെന്റ് അനലൈസർ, ബാലൻസ് അനലൈസർ, ഇഎംജി ബയോ ഫീഡ് ബാക്ക് തുടങ്ങിയവ വഴിയാണ് ഏത് മസിലിനാണ് ശക്തിക്കുറവ് എന്ന് മനസ്സിലാക്കുകയും അതിന് അനുസരിച്ചുള്ള തെറപ്പി നിശ്ചയിക്കുകയും ചെയ്യുന്നത്.

∙ ഒക്യുപേഷനൽ തെറപ്പി

കുട്ടികൾക്ക് പ്രായം കൂടുന്നതിന് അനുസരിച്ച് നൽകുന്ന വിദഗ്ധ പരിശീലമാണ് ഒക്യുപേഷനൽ തെറപ്പി. മസ്തിഷ്ക തളർവാതം സംഭവിച്ചവരെ സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാൻ പര്യാപ്തരാക്കുക എന്നതാണ് ഈ തെറപ്പിയുടെ ലക്ഷ്യം. ഉദാഹരണമായി സ്വയം പല്ലു തേയ്ക്കുക, ഷേവ് ചെയ്യുക തുടങ്ങിയ ദൈനംദിന കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കാം. സെൻസറി ഇന്റഗ്രേഷൻ തെറപ്പി ഈ വിഭാഗത്തിൽ വളരെ മെച്ചപ്പെട്ട ഫലം നൽകുന്നു.

∙ സ്പീച്ച് തെറപ്പി

മസ്തിഷ്ക തളർവാതം ഉള്ളവർക്ക് നന്നായി സംസാരിക്കാൻ കഴിഞ്ഞെന്ന് വരില്ല. ആ സാഹചര്യത്തിലാണ് സ്പീച്ച് തെറപ്പി നൽകുന്നത്. പ്രായത്തിനു അനുസരിച്ചുള്ള ഭാഷ കുട്ടി ഹൃദിസ്ഥമാക്കുന്നെന്ന് ഉറപ്പിക്കാനും ഉച്ചാരണം ശരിയാക്കാനും സ്പീച്ച് തെറപ്പിയിലൂടെ കഴിയും. അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ നാവിന്റെ മസിലുകളെ ശക്തിപ്പെടുത്തുകയാണ് ഈ തെറപ്പിയിലൂടെ ചെയ്യുക. ഓരോ കുട്ടിയുടെയും ശാരീരിക പ്രത്യേകതയനുസരിച്ച് പഠന പരിശീലന രീതികൾ ക്രമീകരിക്കണം. ഭക്ഷണം ചവച്ചു കഴിക്കാനും തൊണ്ടയിലൂടെ ഇറക്കാനും വിഴുങ്ങാനും എല്ലാമുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്ന ഡൈസ്ഫാജിയ (DYSPHAGIA) മാനേജ്മെന്റ് ഇതിന്റെ ഭാഗമാണ്.

∙ ബിഹേവ്യർ തെറപ്പി

സെറിബ്രൽ പാൾസി ബാധിച്ച എല്ലാവർക്കും ബുദ്ധിമാന്ദ്യം ഉണ്ടാകണമെന്നില്ല. മസ്തിഷ്ക തളർ‌വാതം സംഭവിച്ചിട്ടുണ്ടെങ്കിലും ചില കുട്ടികളിൽ നല്ല ബുദ്ധിശക്തി ഉണ്ടാകാം. പക്ഷേ, പൊതുസമൂഹത്തിനൊപ്പം ചേരാൻ കഴിയാത്തതിനാൽ അവർ അന്തർമുഖരായിപ്പോകും. അവരുടെ ശ്രദ്ധ കൂട്ടാനും സാമൂഹിക ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും ബിഹേവ്യർ തെറപ്പി സഹായിക്കും.

എങ്ങനെ മനസ്സിലാക്കാം

കുട്ടിയുടെ സ്വാഭാവിക വളർച്ചയ്‌ക്കു താമസം നേരിടുകയാണെങ്കിൽ സംശയിക്കാം. ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം:

∙ മുലപ്പാൽ കുടിക്കുന്നതിനും തൊണ്ടയിലൂടെ ഇറക്കുന്നതിനും പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിൽ.

∙ കുട്ടി രണ്ടുമാസം കഴിഞ്ഞിട്ടും നമ്മുടെ കണ്ണിലേക്ക് നോക്കുന്നില്ലെങ്കിൽ.

∙ മൂന്നു മാസമായിട്ടും മുഖത്തുനോക്കി പുഞ്ചിരിക്കുന്നില്ലെങ്കിൽ.

∙ നാലുമാസമായിട്ടും കഴുത്ത് ഉറയ്ക്കാതിരിക്കുകയും തല നേരെ ഉയർത്തിപ്പിടിക്കാൻ സാധിക്കാതെ വരികയും ചെയ്താൽ.

∙ ആറു മാസമായിട്ടും കമിഴ്‌ന്നു വീഴുകയോ മുട്ടിൽ ഇഴയുകയോ ചെയ്യുന്നില്ലെങ്കിൽ.

∙ ആറു മാസമായിട്ടും ഇരിക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ.

∙ കൈകൾ കൊണ്ട് കളിപ്പാട്ടങ്ങളോ മറ്റ് വസ്തുക്കളോ എടുക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ.

∙ ശ്രദ്ധക്കുറവ് ഉണ്ടെങ്കിൽ.

∙ ശബ്‌ദം കേൾക്കുമ്പോൾ പ്രതികരിക്കാതിരിക്കുകയോ വൈകി പ്രതികരിക്കുകയോ ചെയ്യുകയാണെങ്കിൽ.

∙ അയവില്ലാത്തതും കാർക്കശ്യമുള്ളതുമായ കൈകാലുകൾ ആണെങ്കിൽ.

∙ കൈകാലിലെ പേശികൾ അയഞ്ഞതോ ബലഹീനമായതോ ആണെങ്കിൽ.

∙ ശരീരത്തിന്റെ ഒരു വശത്തുള്ള കൈകാലുകൾ മാത്രം ഉപയോഗിക്കുകയാണെങ്കിൽ.

∙ ഒരു വയസ്സായിട്ടും ആദ്യ വാക്ക് ഉച്ചരിക്കുന്നില്ലെങ്കിൽ.

വിവരങ്ങൾക്ക് കടപ്പാട്:

∙ മിനി മറിയം ഐസക്, കോ–ഓർഡിനേറ്റർ, പീഡിയാട്രിക് ഫിസിയോ തെറപ്പി

∙ അമൃത ജോർജ്, സീനിയർ ഫിസിയോ തെറപ്പിസ്റ്റ്

∙ സ്വാതി ഇളമൺ, കോ–ഓർഡിനേറ്റർ, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, വെൽനെസ് വൺ സെന്റർ ഫോർ ഫിസിയോതറപ്പി ആൻഡ് റീഹാബിലിറ്റേഷൻ, വെസ്റ്റ്ഹിൽ, കോഴിക്കോട്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.