Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോക്‌ലേറ്റും ച്യൂയിംഗവും ആരോഗ്യത്തിന് ഹാനികരം

Chocolates

ച്യൂയിംഗം, ചോക്‌ലേറ്റ് ഇവ ശീലമാക്കിയവർ അറിയാൻ... ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്നു പഠനം. ചോക്‌ലേറ്റിലും ച്യൂയിംഗത്തിലും ബ്രഡിലും എല്ലാം അടങ്ങിയ ടൈറ്റാനിയം ഡയോക്സൈഡ്, പോഷകങ്ങളെ വലിച്ചെടുക്കാനുള്ള ചെറുകുടലിന്റെ കഴിവിനെ കുറയ്ക്കും എന്ന് പഠനങ്ങളിൽ തെളിഞ്ഞു.

കാലങ്ങളായി നമ്മൾ കഴിക്കുന്ന മിക്ക ഭക്ഷ്യവസ്തുക്കളിലും സാധാരണയായി അടങ്ങിയിരിക്കുന്ന ഒരു ഫുഡ് അഡിക്റ്റീവ് ആണ് ടൈറ്റാനിയം ഡയോക്സൈഡ്. ഭക്ഷ്യ വസ്തുക്കൾക്ക് നിറവും രുചിയും എല്ലാം കൂട്ടാൻ ചേർക്കുന്ന പദാർത്ഥങ്ങളാണിവ.

പെയിന്റ്, പേപ്പർ, പ്ലാസ്റ്റിക് ഇവയിലും ഈ വസ്തു അടങ്ങിയിട്ടുണ്ട്. അൾട്രാവയലറ്റ് വികിരണങ്ങളെ തടയാൻ പുരട്ടുന്ന സൺസ്ക്രീൻ ലോഷനുകളിലേയും ഒരു പ്രധാന ചേരുവ ആണിത്. ടൂത്ത്പേസ്റ്റിലും ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയിട്ടുണ്ട്. അങ്ങനെയും ഇത് ശരീരത്തിൽ (ദഹനവ്യവസ്ഥയിൽ) കടക്കുന്നു.

ചില ചോക്‌ലേറ്റുകളിൽ അതിന്റെ ടെക്സ്ചർ മയപ്പെടുത്താനും ഡോനട്സിന് നിറം നല്കാനും സ്കിംഡ് മിൽക്കിന് കാഴ്ചയില്‍ കൂടുതൽ തെളിമയും വ്യക്തതയും നൽകാനും ടൈറ്റാനിയം ഡയോക്സൈഡ് ചേർക്കുന്നുണ്ട്. 89 തരം ഭക്ഷ്യവസ്തുക്കളിൽ ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയിട്ടുണ്ടെന്ന് മുൻപ് പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.

ചെറുകുടലിന്റെ സെല്‍കൾച്ചർ മാതൃകയാണ് ഈ പഠനത്തിനുപയോഗിച്ചത്. ടൈറ്റാനിയം ഡയോക്സൈഡ് കൂടിയ അളവിൽ ശരീരത്തില്‍ ചെല്ലുന്നത്, ഭക്ഷണം ആഗീരണം ചെയ്യാനുള്ള ചെറുകുടലിന്റെ കഴിവിനെ കുറയ്ക്കുന്നതായി കണ്ടു.

കുടലിന്റെ ഭിത്തിക്ക് നിരവധി പാളികളുണ്ട്. ഇവയിൽ ഉള്ളിലെ പാളിയായ ശ്ലേഷ്മസ്തരമാണ് ദഹനത്തെ സംബന്ധിച്ച് പ്രധാനം. ഈ ശ്ലേഷ്മസ്തരത്തിന്റെ ഉപരിതലത്തിൽ നിന്ന് മുളച്ചു പൊന്തി നിൽക്കുന്ന കോടിക്കണക്കിന് ഉദ്‌വർധങ്ങൾ (Microvillies) ഉണ്ട്. കുടലിൽ ഭക്ഷണത്തിന്റെ ആഗീരണം യഥാർത്ഥത്തിൽ നടക്കുന്നത് ഈ മൈക്രോവില്ലീസിലൂടെയാണ് ടൈറ്റാനിയം ഡയോക്സൈഡിന്റെ സമ്പർക്കത്തിലൂടെ ഇവയുടെ എണ്ണം കുറയുന്നതായി പഠനത്തിൽ കണ്ടു. അതായത് കുടലിന്റെ ഭിത്തിക്ക് ബലക്ഷയം വരുന്നു. ഉപാപചയ പ്രവർത്തനങ്ങൾ സാവധാനത്തിലാക്കുന്നു. അയൺ, സിങ്ക്, ഫാറ്റി ആസിഡുകൾ ഇവയുടെ ആഗീരണം ബുദ്ധിമുട്ടുള്ളതാക്കുന്നു. എൻസൈം പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നു.

ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ, പ്രത്യേകിച്ചും പ്രോസസ്ഡ് ഫുഡും ചോക്‌ലേറ്റുകളും ഒഴിവാക്കുന്നതാകും നല്ലത് എന്ന് പഠനം നടത്തിയ യു എസിലെ ബിൻഘാംടൺ സർവകവകലാശാലയിലെ ഗവേഷകർ അഭിപ്രായപ്പെടുന്നു. നാനോ ഇംപാക്ട് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Your Rating: