Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊളസ്ട്രോളിനെ ഞാൻ പിടിച്ചുകെട്ടും, ഉറപ്പ്

cholesterol-excercise

കൊളസ്ട്രോൾ നിയന്ത്രിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചു മറ്റാരെക്കാളും അറിവുള്ളവരാണു മലയാളികൾ. മരുന്ന്, വ്യായാമം, ഭക്ഷണക്രമം എന്നിങ്ങനെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ ആവശ്യമായ ത്രിവിധ മാർഗങ്ങളെ കുറിച്ചും മലയാളിക്കു നന്നായിട്ടറിയാം. പക്ഷേ, ഇതൊക്കെ പ്രാവർത്തികമാക്കാൻ ഇത്രത്തോളം വിമുഖതയുള്ള ഒരു സമൂഹവും മറ്റൊന്നില്ല. ഈ വൈരുധ്യം ചർച്ചാവിഷയമാക്കേണ്ടതാണ്.

ആദ്യം ആത്മനിയന്ത്രണം

അച്ചടക്കത്തെ കുറിച്ചു വാതോരാതെ സംസാരിക്കുന്ന മലയാളിക്കു സ്വന്തം അച്ചടക്കത്തെ (ആത്മനിയന്ത്രണം) കുറിച്ചുള്ള ബോധമില്ലായ്മ ഒരു പ്രധാന പ്രശ്നമാണ്. അച്ചടക്കവും സ്വയംഅച്ചടക്കവും തമ്മിലുള്ള വ്യത്യാസം ഒരുദാഹരണത്തിലൂടെ വിശദീകരിക്കാം. പൊലീസിനെ കാണുമ്പോൾ ബൈക്ക് യാത്രികൻ ഹെൽമെറ്റ് എടുത്തു ധരിക്കുന്നത് അച്ചടക്കം. മേലുദ്യോഗസ്ഥൻ ഓഫിസിലുള്ളപ്പോൾ സമയനിഷ്ഠ പാലിക്കുന്ന ജോലിക്കാരനുള്ളതും അച്ചടക്കം. പൊലീസില്ലാത്തപ്പോഴും ഹെൽമെറ്റ് ധരിക്കുന്നതും മേലുദ്യോഗസ്ഥൻ ഇല്ലാത്തപ്പോഴും കൃത്യസമയത്തെത്തുന്നതും സ്വന്തം അച്ചടക്കം.

കൊളസ്ട്രോളിനെ പ്രതിരോധിക്കുന്ന കാര്യത്തിലും ഇതേ അച്ചടക്കമില്ലായ്മ പ്രതിഫലിക്കുന്നുണ്ട്. കൊളസ്ട്രോൾ കൂടുന്നവർക്കു വേദന ഉണ്ടാകുമായിരുന്നുവെങ്കിൽ അതു നിയന്ത്രിക്കുമായിരുന്നു. വേദന പേടിച്ചു ജീവിതശൈലി മാറ്റുമായിരുന്നു. അമിതമായ കൊളസ്ട്രോൾ സാധാരണനിലയിൽ ആരോഗ്യകരമല്ലാത്ത ഭക്ഷണത്തിന്റേയും വ്യായാമക്കുറവിന്റേയും പരിണിതഫലമാണെന്നു മനസ്സിലാക്കിക്കൊണ്ട് അതു നിയന്ത്രിക്കാൻ മനസ്സിൽ ഒരു തയാറെടുപ്പു നടത്തണം. അതിനുവേണ്ടി വലിയ നിയന്ത്രണങ്ങൾ വരുത്താനൊരുങ്ങുന്നുവെന്നു ചിന്തിക്കാതെ സാധാരണ അവസ്ഥയിലേക്കു തിരിച്ചുപോകാൻ സാധാരണ ജീവിതശൈലി സ്വീകരിക്കാനാണ് ഒരുങ്ങുന്നത് എന്നു ചിന്തിച്ചാൽ മതി.

ശുഭാപ്തിവിശ്വാസക്കുറവ്

നിഷേധാത്മകമായ സംഭവങ്ങളും വീക്ഷണങ്ങളും അഭിപ്രായപ്രകടനങ്ങളും മാത്രം കണ്ടും കേട്ടും ജീവിക്കുന്ന നമ്മുടെ ചിന്തകൾ ശുഭകരമാകാത്തതിൽ അദ്ഭുതമില്ല. ജീവിതത്തെ കുറിച്ചു പൊതുവേ ഭാവാത്മകമായ ചിന്തകളും സമീപനങ്ങളുമില്ലാത്തവർക്കു നിശബ്ദസാന്നിധ്യമായ കൊളസ്ട്രോളിനെ നേരിടുന്നതിനു വ്യായാമവും ചിട്ടയായ ജീവിതശൈലിയും സ്വീകരിക്കാൻ കഴിയുന്നതെങ്ങനെ? അതുകൊണ്ടാണ് ആചാര്യന്മാർ പറഞ്ഞുവച്ചത്: നിങ്ങളുടെ ഇന്നലത്തെ ചിന്തകളാണ് ഇന്നത്തെ ശരീരം; ഇന്നത്തെ ചിന്തയാണു നാളത്തെ ശരീരം.

ചിന്തകളാണ് പിരിമുറുക്കങ്ങളുടെ ഉപജ്ഞാതാക്കൾ. പിരിമുറുക്കം കൊളസ്ട്രോളിന്റെ അളവു മാത്രമല്ല അതിന്റെ പ്രഹരശേഷിയും കൂട്ടും. എന്നാൽ ചിന്തകളെ കൂടുതൽ ശുഭാപ്തി വിശ്വാസത്തിലേക്കു മാറ്റിയാൽ പിരിമുറുക്കം കുറയും. കൊളസ്ട്രോൾ കൂടുതലാണ് എന്ന ചിന്ത പിരിമുറുക്കത്തിന് കാരണമാകുകയല്ല വേണ്ടത് മറിച്ച് അതു കുറയ്ക്കാൻ എനിക്കു കഴിയുമെന്ന ഉറച്ചവിശ്വാസമാണ് ആദ്യം വേണ്ടത്. ആ വിശ്വാസമുണ്ടായാൽ അതു പ്രാവർത്തികമാക്കൽ എളുപ്പമാകും.

ആരോഗ്യ അവബോധം

ലോകത്തിലെ ഏത് ആസ്തികളെക്കാളും പ്രാധാന്യം നൽകേണ്ടത് ആരോഗ്യത്തിനാണ് എന്നതാണു വസ്തുത. കാർ കഴുകാനും വീടു വൃത്തിയാക്കാനും ദിവസവും മണിക്കൂറുകൾ ചെലവാക്കുന്ന മലയാളി, നടക്കുവാനോ മറ്റു വ്യായാമങ്ങൾക്കു വേണ്ടിയോ അരമണിക്കൂർ ചിലവാക്കാൻ മടി കാണിക്കുന്നു. വീടും കാറും തന്റെ പ്രധാനപ്പെട്ട ആസ്തികളാണെന്നു കരുതുന്നവർ സ്വന്തം ആരോഗ്യത്തെക്കുറിച്ച് അങ്ങനെ കരുതുന്നില്ല.

സ്ഥിരമായി നല്ല വേഗത്തിൽ കാറോടിക്കുന്ന ഒരു സുഹൃത്ത് ഒരിക്കൽ തന്റെ പുതിയ കാർ 60 കിമീ/ മണിക്കൂറിലധികം വേഗതയെടുക്കാതിരിക്കാൻ ശ്രദ്ധിച്ച് ഓടിക്കുന്നത് ഒരിക്കൽ കണ്ടു. അന്വേഷിച്ചപ്പോൾ പുതിയ കാർ ആദ്യ സർവീസ് വരെ നിശ്ചിതവേഗതയിലധികം എടുക്കാതെ ഓടിക്കണമെന്ന നിർദേശം കർക്കശമായി പാലിക്കുകയാണയാൾ എന്നു മനസ്സിലായി. ആ നിഷ്ഠയിൽ അദ്ഭുതം തോന്നുകയും ചെയ്തു. കാരണം, ഷുഗറും പ്രഷറും എല്ലാമുള്ള അയാൾ ഡോക്ടർമാർ നിർദേശിച്ചിട്ടും ജീവിതശൈലിയിലോ, ഭക്ഷണക്രമത്തിലോ യാതൊരു മാറ്റവും വരുത്താൻ അന്നേവരെ കൂട്ടാക്കാത്ത ഒരാളായിരുന്നു. കൊളസ്ട്രോളിനെ പ്രതിരോധിക്കേണ്ടതാണെന്ന ധാരണ ഉറപ്പിച്ച ശേഷം അതു പ്രാവർത്തികമാക്കാൻ ഒരു പദ്ധതി ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്.

കർമ പദ്ധതി നടപ്പിലാക്കാം

കൊളസ്ട്രോൾ അളവ് കൂടുതലാണ്. നിയന്ത്രിച്ചേ തീരൂ എന്ന് ഡോക്ടറിൽ നിന്നു നിർദേശവും കിട്ടിയ ആളാണ് നിങ്ങൾ. പക്ഷേ അതു ജീവിതത്തിൽ നടപ്പിലാക്കാനാകുന്നില്ല. എങ്കിൽ അതിനു വേണ്ടത് ചില തീരുമാനങ്ങളാണ്. കൊളസ്ട്രോൾ കുറയാൻ മരുന്നു കഴിക്കുന്നുണ്ടല്ലോ പിന്നെന്തിനാണ് വ്യായാമവും ഭക്ഷണനിയന്ത്രണവുമെന്നുള്ള ഒഴികഴിവുകളെ മനസ്സിൽ നിന്ന് ആദ്യമേ തുടച്ചുമാറ്റുക. കാരണം മരുന്നുകൊണ്ടു മാത്രം നിങ്ങൾക്ക് കൊളസ്ട്രോളിനെ പൂർണ വരുതിയിലാക്കാനാവില്ല.

കൊളസ്ട്രോൾ വരുതിയിലാക്കാൻ നിങ്ങൾ എന്തൊക്കെ ചെയ്യണമെന്നു ഡോക്ടറിൽ നിന്നു ലഭിച്ച കൃത്യമായ വിവരങ്ങൾ അക്കമിട്ട് ഒരു പേപ്പറിന്റെ മുകളിൽ രേഖപ്പെടുത്തുക. സാധാരണ നിലയിൽ ദിവസം അരമണിക്കൂർ വ്യായാമം, വറുത്തതും പൊരിച്ചതും ഒഴിവാക്കുക, രാത്രിയിൽ മുടങ്ങാതെ മരുന്നു കഴിക്കുക എന്നിവയാകാം അവ.

ടൈം ടേബിൾ തയാറാക്കാം

അവ രേഖപ്പെടുത്തിക്കഴിഞ്ഞാൽ, അതിനനുസൃതമായ വിധം നിങ്ങളുടെ ജീവിതരീതിക്ക് ഇണങ്ങുന്ന വിധം ഒരു ടൈം ടേബിൾ തയാറാക്കുക. ഒരു ദിവസം എങ്ങനെയായിരിക്കണം — വ്യായാമരീതി, ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ, വിശ്രമം— ഉൾപ്പെടെയുള്ളവ ഉൾപ്പെടുത്തി വേണം തയാറാക്കാൻ. ഓരോ ദിവസവും ഭക്ഷണം മാറുമ്പോൾ പോഷകമൂല്യം കുറയാതിരിക്കാനും വേണ്ടത്ര പഴങ്ങളും പച്ചക്കറികളും ഉൾപ്പെട്ടിട്ടുണ്ടോ എന്നു ഉറപ്പു വരുത്തിയും വേണം ഇതു തയാറാക്കാൻ.

ടൈം ടേബിൾ തയാറായിക്കഴിഞ്ഞാൽ വീട്ടിൽ പൊതുസ്ഥലത്ത് എല്ലാവരും കാണത്തക്കവിധം പ്രദർശിപ്പിക്കുകയും വേണം. ടൈം ടേബിളിൽ നിന്നു മാറ്റം ഉണ്ടായാൽ അതു ഓർമിപ്പിക്കാനും രോഗി മരുന്നു കഴിക്കാൻ വിട്ടുപോയാൽ മറക്കാതെ കഴിപ്പിക്കാനുമൊക്കെ ഇങ്ങനെ ചെയ്യുന്നതു സഹായകരമായിരിക്കും.

മേൽപറഞ്ഞ ടൈംടേബിളിനൊപ്പം രണ്ടാമതൊരു പട്ടിക കൂടി തയാറാക്കുക. പ്രതിമാസ കലണ്ടറിനു തുല്യമായ ഒരു പട്ടികയായിരിക്കണം അത്. അതു മാസത്തിലൊരിക്കൽ പുതുക്കിക്കൊണ്ടിരിക്കുക.

ഓരോ ആഴ്ചയിലെയും ഏഴു ദിനങ്ങളിൽ ടൈംടേബിൾ പ്രകാരമുള്ള ദിനചര്യ കൃത്യമായി പാലിച്ചുവെങ്കിൽ സ്റ്റാർ ചിഹ്നമിടുക. ദിനചര്യ തെറ്റിയ ദിവസങ്ങളിൽ ഗുണനചിഹ്നവും ഇടുക.

ആഴ്ചയിൽ അഞ്ചിൽ കൂടുതൽ സ്റ്റാർ ലഭിച്ചാൽ പത്തു പോയിന്റും നാലു സ്റ്റാർ നേടാനായാൽ എട്ടു പോയിന്റും മൂന്നു സ്റ്റാർ നേടുമ്പോൾ ആറുപോയിന്റും രേഖപ്പെടുത്താവുന്നതാണ്.

മാസാവസാനം 30 പോയിന്റിൽ കൂടുതൽ ഉണ്ടെങ്കിൽ സ്വയം ഒരു പാരിതോഷികം നൽകാം. 30 പോയിന്റിൽ കുറവാണെങ്കിൽ നിങ്ങൾ ചെയ്തുകൊണ്ടിരുന്ന ഇഷ്ടപ്പെട്ട ഒരു കാര്യം വേണ്ടെന്നു വയ്ക്കണം.

ഈ ചാർട്ടും പൊതുമുറിയിൽ പ്രദർശിപ്പിക്കണം. അപ്പോൾ നിങ്ങൾക്കും കുടുംബാംഗങ്ങൾക്കും നിങ്ങളുടെ പുരോഗതി നിരീക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സാധിക്കും. പോയിന്റുകളും പാരിതോഷികങ്ങളും ഇതു മുന്നോട്ടു കൊണ്ടുപോകാൻ നിങ്ങളെ പ്രചോദിപ്പിക്കും.

ഇത്തരം ചെറിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്തായ ആരോഗ്യമാണു നിങ്ങൾ കരസ്ഥമാക്കുന്നത്.

ആരോഗ്യമെന്ന ആസ്തിയുണ്ടാക്കുവാൻ നിങ്ങൾ നടത്തുന്ന ചെറിയ നിക്ഷേപങ്ങളാണു വാസ്തവത്തിൽ ഇത്തരം പ്രവൃത്തികൾ. നിക്ഷേപങ്ങൾ ഇല്ലാതെ ആസ്തി സൃഷ്ടിക്കുവാൻ സാധിക്കുകയില്ല.