Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടി രോഗങ്ങൾക്കു പരിഹാരങ്ങൾ

illness-child

കുട്ടികളില്‍ വളരെ സാധാരണമായി കണ്ടുവരുന്ന 10 ആരോഗ്യപ്രശ്നങ്ങൾക്കും രോഗാവസ്ഥകൾക്കുമുളള പരിഹാരങ്ങൾ.

1. സ്കൂളിൽ പോകുന്ന കുട്ടിക്ക് തീരെ വിശപ്പില്ല. വിശപ്പു വർധിപ്പിക്കാൻ എന്താണു ചെയ്യേണ്ടത്?

വിശപ്പ് പ്രകൃതിദത്തമാണ് ആഹാരം ആവശ്യമുളളപ്പോൾ വിശപ്പ് താനേ വന്നുകൊള്ളും. വിശപ്പു കുറയ്ക്കാനിടയാക്കുന്ന അസുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക. ഇടവിട്ടു കഴിക്കുന്ന പലഹാരങ്ങളും (സ്നാക്സ്) പാനീയങ്ങളും വിശപ്പുകെടുത്തുന്നു. ആഹാരത്തിനു മുമ്പേ പാൽ, ചായ, കാപ്പി ഇവ കഴിക്കുന്നത് ഒഴിവാക്കണം. മധുരപലഹാരങ്ങൾ, ബിസ്കറ്റ്, ചോക്്ലേറ്റ്, മറ്റു ജങ്ക് ഫുഡുകൾ എന്നിവ കഴിച്ചാൽ വിശപ്പുണ്ടാകുകയില്ല. അതിരാവിലെ സ്നാക്കുകൾ കഴിക്കുന്നതും സ്കൂൾ ഇന്റർവെല്ലിന് സ്നാക്കുകൾ കഴിക്കുന്നതും വിശപ്പുകുറയ്ക്കും. രക്തക്കുറവ്(അനീമിയ) ഉളള കുട്ടികള്‍ക്ക് വിശപ്പ് കുറഞ്ഞിരിക്കും. വിരശല്യമുണ്ടെങ്കിൽ വിരമരുന്നു കൊടുക്കുകയും അയൺ (ഇരുമ്പ്) കുറവു പരിഹരിക്കുകയും ചെയ്താൽ ഇവരിൽ വിശപ്പ് ഉണ്ടാകും. ഭക്ഷണം കഴിക്കുവാൻ നിർബന്ധിക്കുന്നതും ശിക്ഷിക്കുന്നതും വിശപ്പു കുറയാൻ ഇടയാക്കും. ആഹാരം കഴിക്കേണ്ടത് കുട്ടിയുടെതന്നെ ആവശ്യമായി തോന്നണം. മുതിർന്നവർ നിർബന്ധിക്കുമ്പോൾ ആഹാരത്തോടു വിരക്തി ഉണ്ടാകാം. മുതിർന്നവരോട് ദേഷ്യം തീര്‍ക്കാൻ കുട്ടികൾ ആഹാരം ഒഴിവാക്കാനും സാധ്യതയുണ്ട്.

2. അഞ്ചു വയസ്സിനു ശേഷം ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന കുട്ടിയുടെ ശീലം മാറ്റിയെടുക്കാനാകുമോ?

സാധാരണഗതിയില്‍ അഞ്ചു വയസ്സിനുമേൽ കുട്ടികൾ ഉറക്കത്തിൽ മൂത്രമൊഴിക്കാറില്ല. എന്നാൽ 15% കുട്ടികളിൽ അഞ്ചു മുതൽ പത്തുവയസ്സുവരെ ഇതുണ്ടാകാറുണ്ട്. മൂത്രനാളികളിലെ സ്ഫിങ്റ്റർ(Sphincter) പേശികളുടെ ബലക്കുറവാണ് ഇതിനു കാരണം. മിക്കവരിലും ഇതു കാലക്രമേണ സ്വയമേ ശരിയാവാറുണ്ട്. സ്ഫിങ്റ്ററിനെ ബലപ്പെടുത്താനുളള വ്യായാമങ്ങൾ ഉണ്ട്. പകൽ സമയം കുട്ടിക്കു കൂടുതൽ വെള്ളം കൊടുത്തിട്ട് മൂത്രമൊഴിക്കാതെ പിടിച്ചു വയ്ക്കാൻ പരിശീലിപ്പിക്കാം. മൂത്രമൊഴിക്കാൻ തോന്നിയാലും കഴിയുന്നത്ര സമയം താമസിപ്പിക്കുന്നതു സ്ഫിങ്റ്റർ പേശികൾക്കു പരിശീലനം ആകും. രാത്രിയിൽ ഏഴു മണിക്കു ശേഷം വെളളമോ പാലോ കൊടുക്കരുത്. ഉറങ്ങിക്കഴിഞ്ഞു കുട്ടിയെ ഉണർത്തി ടോയ്‍ലറ്റിലേക്ക് നടത്തിക്കൊണ്ടുപോയി മൂത്രം ഒഴിപ്പിക്കാൻ ശീലിപ്പിക്കണം.

കുട്ടികളിലെ ആകാംക്ഷയും ഭയവും രാത്രി കിടന്നു മൂത്രമൊഴിക്കാൻ കാരണമാകും. ഉറക്കത്തിൽ മൂത്രമൊഴിക്കാതെയിരിക്കുന്ന കുട്ടിയെ പ്രോൽസാഹിപ്പിക്കുക. ചെറിയ സമ്മാനങ്ങൾ നൽകുന്നതും അവന് ആത്മവിശ്വാസം ഉണർത്തും. ഒരു കാരണവശാലും കുട്ടിയെ കുറ്റപ്പെടുത്തുകയോ ശിക്ഷിക്കുകയോ ചെയ്യരുത്. തീരെ നിവർത്തിയില്ലാത്ത അവസരങ്ങളിൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകളുടെ സഹായം തേടാം.

ടോയ്‍ലറ്റ് ട്രെയിനിങ് തുടങ്ങാൻ ഒരു പ്രത്യേക പ്രായം ഇല്ല. കുട്ടിയുടെ തയാറാകൽ ആണു പ്രധാനം. കുട്ടിക്കു നന്നായി ആശയവിനിമയം നടത്താൻ കഴിവുണ്ടാകണം. മൂത്രമൊഴിക്കാൻ മുട്ടിയാൽ അല്പസമയം പിടിച്ചുവയ്ക്കാൻ കഴിവുണ്ടാകണം. ഇതു രണ്ടും ഉണ്ടായാലേ ശരിയായ ടോയ്‍ലറ്റ് ട്രെയിനിങ് തുടങ്ങാൻ സാധിക്കൂ.

പത്തുമാസം പ്രായമുളളപ്പോൾ തന്നെ ചെറിയ ടോയ്‍‍ലറ്റിൽ ഇരുത്തി പരിശീലിപ്പിക്കാം. 1–2 വയസ്സ് ആകുമ്പോഴേ ടോയ്‍ലറ്റിൽ നടന്നുപോയി മൂത്രമൊഴിക്കാനുളള കഴിവ് ഉണ്ടാകുകയുളളൂ. ടോയ്‍ലറ്റ് ട്രെയിനിങ് കുട്ടിക്ക് ആനന്ദകരമായ ഒരു അനുഭവമായി തോന്നണം. ഇതിനു മാതാപിതാക്കൾ ആകാംക്ഷയോ അക്ഷമയോ കാണിക്കുന്നതു കുട്ടികളെ ദോഷകരമായി ബാധിക്കും.

3. കുട്ടികളിലെ അലർജി പ്രശ്നങ്ങൾ എന്തെല്ലാം?

കുട്ടികളിൽ അലർജി കൂടുതലായി കണ്ടുവരുന്നു. തുമ്മൽ, ചൊറിഞ്ഞു തടിക്കൽ, കണ്ണിലെ അലർജി, ആസ്മ എന്നിവ അലർജിയുടെ ഫലമായി ഉണ്ടാകാം. അന്തരീക്ഷത്തിൽ നിന്നുളള അലർജനുകളാണു പ്രധാനം. പൊടി, പ്രധാനമായും വീട്ടിലോ ക്ലാസ്റൂമിനകത്തു നിന്നോ ഉളളവ, പൊടിച്ചെളളുകൾ എന്നിവ അലർജിക്കു കാരണമാകാം. പഴയ തടി ഫർണിച്ചറുകൾ, അലമാരകൾ, തടിമച്ചുളള വീടുകൾ എന്നിവിടങ്ങളിൽ പൊടിച്ചെള്ളുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പഴയ തുണികൾ, ചുക്കിലി, പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നുമുളള അലർജി, പഞ്ഞി, കമ്പിളി വസ്ത്രങ്ങൾ എന്നിവയും അലർജിക്കു കാരണമാകാം. ആഹാരസാധനങ്ങളും അലർജി ഉണ്ടാക്കാം. പ്രത്യേകിച്ചു ജങ്ക്ഫുഡ്സ്, ബേക്കറി സാധനങ്ങൾ, ചിലതരം ഞണ്ട്, ചെമ്മീന്‍, പാൽ, മുട്ട എന്നിങ്ങനെ എന്തും അലർജിക്കു കാരണമാകാം. തൊലിപ്പുറമേ വരുന്ന അലർജി കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് മൂലവും ആകാം. ചിലതരം ചെരിപ്പുകൾ, നൈലോൺ സോക്സുകൾ, ആഭരണങ്ങൾ എന്നിവ കോൺടാക്റ്റ് ഡെർമറ്റൈറ്റിസിനു കാരണമായേക്കാം. കൃത്യമായി ശ്രദ്ധിച്ചാൽ ഏതാണ് അലർജിക്കു കാരണമാകുന്നതെന്നു മനസ്സിലാക്കാം. അവ അത്യാവശ്യമല്ലെങ്കില്‍ ഒഴിവാക്കുക.

4. പെൺകുട്ടികളിൽ മൂത്രത്തിലെ അണുബാധ കണ്ടാൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

മൂത്രത്തിൽ അണുബാധയില്ലെന്ന് ഉറപ്പുവരുത്തുക. ഇതിനായി മൂത്രപരിശോധന വേണ്ടിവരും. അടുത്തടുത്ത് മൂത്രത്തിൽ അണുബാധയുണ്ടായാൽ ഡോക്ടറുടെ നിര്‍ദേശപ്രകാരമുളള പരിശോധനകൾ ചെയ്യണം. വയറിന്റെ അൾട്രാസൗണ്ട് പരിശോധന, മൂത്രം കൾച്ചർ ചെയ്യുക മുതലായവ ചെയ്യേണ്ടിവരും.

അണുബാധ ഉണ്ടാകാതിരിക്കാൻ ദിവസേന എട്ടു മുതൽ പന്ത്രണ്ടു ഗ്ലാസ് വെളളം കുടിക്കണം. പെൺകുട്ടികൾക്ക് ശുചിത്വത്തെപ്പറ്റി (പ്രത്യേകിച്ചും ആർത്തവകാല ശുചിത്വം) ഉളള അറിവ് ആവശ്യമാണ്. പല സ്കൂളുകളുടെയും ശുചിമുറിയുടെ അവസ്ഥ ശോചനീയമാണ്. ഇതുമൂലം പെൺകുട്ടികൾ വൈകിട്ടു വീട്ടിലെത്തുന്നതുവരെ മൂത്രമൊഴിക്കാതെ ഇരിക്കുന്നു. മൂത്രമൊഴിക്കേണ്ടി വരുമെന്ന ഭയത്താൽ ഇവർ ആവശ്യത്തിനു വെളളം കുടിക്കാനും ഭയപ്പെടുന്നു.

5. സ്കൂൾ കാലഘട്ടത്തിലെ തലവേദനയും വായിക്കാനുളള ബുദ്ധിമുട്ടും കാഴ്ചത്തകരാറുമൂലമാണോ?‌

കണ്ണിന്റെ കാഴ്ചത്തകരാറുമൂലം ഇങ്ങനെ സംഭവിക്കാം. നേത്രരോഗ വിദഗ്ധന്റെ സഹായം ആവശ്യമെങ്കില്‍ തേടണം. കാഴ്ചക്കുറവില്ലെന്ന് ഉറപ്പുവരുത്തണം. വളരെയധികം സമയം ടിവിയുടെയും കംപ്യൂട്ടറിന്റെയും മുമ്പിൽ ചെലവഴിക്കുന്നതു കണ്ണിന് ആയാസകരമാണ്. ഇത് ഒഴിവാക്കണം. ആന്റിഗ്ലെയർ ഗ്ലാസുകൾ ഉപയോഗിക്കാവുന്നതാണ്. കണ്ണിനു സ്ട്രെയിൻ കുറയ്ക്കുവാൻ ചില വ്യായാമങ്ങളും ചെയ്യാം. ഇടയ്ക്കിടയ്ക്കു കണ്ണിന്റെ ഇമയടച്ചു തുറക്കുക, ദൂരെ ഒരു സ്ഥലത്ത് ദൃഷ്ടി ഉറപ്പിക്കുക, പെട്ടെന്നു സ്വന്തം വിരൽത്തുമ്പിലേക്കു നോക്കുക, കണ്ണുകൾ വട്ടം കറക്കുക(clockwise & anticlockwise) എന്നിവ ചെയ്യാം.

6. പേൻശല്യത്തിന് പരിഹാരമെന്ത്?

പേൻശല്യം കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നു. ഇതു പകരുന്നതുകൊണ്ടു പേൻശല്യമുളള വീട്ടംഗങ്ങളും ക്ലാസിലെ സഹപാഠികളും ഒരേ സമയത്തുതന്നെ ചികിത്സ എടുക്കണം. പേൻശല്യമുളളവർ മുടി നീട്ടി വളർത്താതിരിക്കുന്നതാണു നല്ലത്. ദിവസവും പേൻചീപ്പുപയോഗിച്ചു ചീകി പേനുകളെ നശിപ്പിക്കണം. മുടി വൃത്തിയായി സൂക്ഷിക്കണം. ബൻസൈൽ ബൻസോവേറ്റ് ലോഷൻ പത്തുമിനിറ്റ് തലയിൽ തേച്ചു പിടിപ്പിച്ചു വച്ചതിനു ശേഷം കഴുകിക്കഴിഞ്ഞ് നനഞ്ഞ മുടി ഉടൻ ചീകിയാൽ പേൻശല്യം കുറയും. പേൻബാധ വീണ്ടും ഉണ്ടായാൽ ഇത് ആവർത്തിക്കാവുന്നതാണ്. എന്നാൽ ഈ മരുന്ന് കണ്ണിനുളളിലും വായ്ക്കുള്ളിലും പോകാതെ ശ്രദ്ധിക്കണം.

7. അസംബ്ലിയിൽ തലചുറ്റി വീഴുന്നത് എന്തുകൊണ്ടാണ്? ഇത് എന്തെങ്കിലും രോഗം മൂലമാണോ?

‘വാസോവാഗല്‍ സിംകോപ്’ ആണു സാധാരണയായി അസംബ്ലിയിലെ തലചുറ്റി വീഴലിനു കാരണമാകുന്നത്. ഏറെ നേരം നിൽക്കുമ്പോൾ കാലിലെ ധമനികളിൽ രക്തം കെട്ടി നിൽക്കുകയും തലച്ചോറിലേക്കുളള രക്തയോട്ടം (രക്തചംക്രമണം) കുറയുകയും ചെയ്യും. ഇതു താൽക്കാലികമായുളള ബോധക്ഷയത്തിനിടവരുത്തുന്നു. അതേ സമയം വീണു മിനിറ്റുകൾക്കുളളിൽതന്നെ ബോധം വീണ്ടെടുക്കുകയും ചെയ്യും. ചില കുട്ടികളിൽ, പ്രത്യേകിച്ചു പെൺകുട്ടികളിൽ ഇതു കൂടുതലായി കണ്ടുവരുന്നു. അതിനാൽ ഇവർ ഏറെ സമയം കാൽ അനക്കാതെ നിൽക്കുന്നതു ഒഴിവാക്കണം. തല കറങ്ങുമെന്നു തോന്നിയാലുടൻ നിലത്തുകിടക്കണം. (ഇരുന്നാൽ പോര) തലയും നെഞ്ചും ഒരേ ലെവലിൽ വന്നാൽ തലച്ചോറിലേക്കുളള രക്തചംക്രമണം താനേ ശരിയായിക്കൊള്ളും എന്നാല്‍ അടിക്കടി തലചുറ്റകയാണെങ്കിൽ വിദഗ്ധ പരിശോധന വേണ്ടിവരും. അപസ്മാരം, മൈഗ്രേയ്ന്‍. ഹൃദ്രോഗം തുടങ്ങിയവയും അപൂർവമായി ഈവിധം ബോധക്കേട് ആയി വരാവുന്നതാണ്.

8. കൗമാരത്തിലെ വിഷാദത്തിനു കാരണമെന്ത്? ഇതിന് എന്താണു പരിഹാരം?

കൗമാരം (adolescent) കുട്ടികളെ സംബന്ധിച്ചു സംഘർഷങ്ങളുടെ കാലഘട്ടമാണ്. പ്രത്യേകിച്ചു പെൺകുട്ടികൾക്ക്. ശാരീരികവളർച്ച നേരത്തെയെത്തുകയും അതിനനുസരിച്ചുളള മാനസികവളർച്ച (പക്വത) നേടാതിരിക്കുകയും ചെയ്യുന്നു. തന്റെ ശരീരത്തെപ്പറ്റിയുളള അപകർഷതാബോധം, മറ്റുളളവരുടെ പരിഹാസപാത്രമാകുകയെന്ന ഭയം ഒക്കെ മൂലം പെൺകുട്ടികൾ മാനസികസംഘര്‍ഷത്തിലാകാം. ഇതിനൊപ്പം സ്കൂളിലെയും വീട്ടിലെയും സാഹചര്യങ്ങൾ സമ്മർദത്തിലാഴ്ത്തുമ്പോൾ കുട്ടി വിഷാദത്തിന്റെ പിടിയിലകപ്പെടാം. സ്നേഹവും കരുതലും അവർക്കു നൽകണം, അവരുമായി നിരുപാധികമായി സംസാരിക്കുക, ഇത് അവർക്ക് ആത്മവിശ്വാസം നൽകുന്നതിന് അത്യാവശ്യമാണ്. വിഷാദത്തിനടിമയായ കുട്ടിക്ക് കൗൺസലിങ് അനിവാര്യമാണ്.

9. 13 വയസ്സുളള കുട്ടിക്ക് എപ്പോഴും വിളർച്ചയാണ്. എന്താണ് ചെയ്യേണ്ടത്?

അനീമിയ (വിളർച്ച) ഈ പ്രായത്തിൽ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. ആഹാരത്തിലെ ഇരുമ്പിന്റെ കുറവു കൊണ്ടുണ്ടാകുന്ന ന്യൂട്രീഷണൽ അനീമിയ (Nutritional anemia) ആണ് പ്രധാനം. B12, ഫോളിക് ആസിഡ് തുടങ്ങിയവയുടെ അഭാവവും വിളർച്ചയ്ക്ക് കാരണമാണ്. ശരീരത്തിൽ നിന്നും രക്തം കൂടുതൽ നഷ്ടപ്പെടുമ്പോഴും അനീമിയ ഉണ്ടാകാം. അതിനുളള കാരണങ്ങൾ അറിയുകയാണു പ്രധാനം. പ്രധാനമായും ആർത്തവകാലത്ത് കുട്ടിക്ക് അമിത രക്തസ്രാവം ഉണ്ടോ എന്ന് അന്വേഷിക്കണം. ആവശ്യമെങ്കിൽ ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടണം. കൊക്കോപ്പുഴു (ഹുക്ക് വേം) ബാധ, വയറുകടി, പൈൽസ് എന്നിങ്ങനെയുളളപ്പോഴും അനീമിയ ഉണ്ടാവുന്നതാണ്.

10. അഞ്ചു വയസ്സുളള ആൺകുട്ടിക്ക് കാലിന് ഇടയ്ക്കിടെ വേദന വരുന്നു. ഇത് ഗ്രോയിങ് പെയിൻ ആണോ?

‘ഗ്രോയിങ് പെയിൻ’ വളരുന്ന പ്രായത്തിലെ കുട്ടികളിലാണു കാണുന്നത്, പ്രത്യേകിച്ചു പ്രീ സ്കൂൾ, എല്‍ പി സ്കൂൾ കുട്ടികളിൽ. പകൽസമയത്തെ അധികവ്യായാമം ആണിതിനു കാരണമെന്നു കരുതുന്നു. രാത്രിസമയത്തു തുടകളിലും കണങ്കാലിലും വേദന തോന്നുന്നു. മുട്ടിന്റെ പിൻഭാഗത്തു കഴയ്ക്കുന്നതു പോലെയും ഗ്രോയിങ്
പെയിൻ വരാം. ഇതു നിരുപദ്രവവും താൽക്കാലികവുമായുളള ഒരു പ്രതിഭാസമാണ്. പോഷകാഹാരക്കുറവും (കാത്സ്യം, വിറ്റമിൻ ഡി) ഇതിനു കാരണമാകാം. എന്നാൽ കുട്ടിക്കു ഗ്രോയിങ് പെയിൻ ആണെന്നു തീരുമാനിക്കുന്നതിനു മുമ്പ് കാലുവേദനയുണ്ടാക്കുന്ന റുമറ്റോയിഡ് വാതം പോലുളളവ അല്ല എന്ന് ഉറപ്പാക്കണം.

പനി, സന്ധികളിൽ നീർവീക്കം, രാവിലെയും പകൽസമയത്തും നീണ്ടുനില്‍ക്കുന്ന വേദന, നീര്, ചുവപ്പുനിറം, വീഴ്ചയോ മറ്റു ചതവുകളോ മൂലം ഉണ്ടായ വേദന ഇവയുണ്ടെങ്കിൽ ഡോക്ടറെ കാണിച്ചു പരിശോധനകള്‍ ചെയ്യണം. വേദനാസംഹാരികൾ സാധാരണ ആവശ്യമായി വരാറില്ല. മസാജിങ് (തടവുക), ചൂടുവയ്ക്കുക തുടങ്ങിയ വീട്ടുചികിത്സകൾ മതിയാകും. വൈകുന്നേരം ഇളംചൂടു വെളളത്തിൽ കുളിക്കുന്നതും നല്ലതാണ്. കാലിനു സ്ട്രെച്ചിങ് വ്യായാമങ്ങൾ നല്ലതാണ്. അതികഠിനമായ വ്യായാമങ്ങൾ(ഒാട്ടം, ചാട്ടം) ഒഴിവാക്കണം.

ഡോ.സുജാ വോണുഗോപാൽ
കൺസൽറ്റന്റ് പീഡിയാട്രീഷ്യൻ, ഇ.എസ്.ഐ.ഹോസ്പിറ്റൽ, വടവാതൂർ, കോട്ടയം

Your Rating: