Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടുംചൂട്: അടുക്കളയിലും വേണം ജാഗ്രത

cooking

ഇതുവരെ നാം അനുഭവിച്ചിട്ടില്ലാത്തത്ര കൊടുംചൂടിന്റെ ദുരിതങ്ങളാണെങ്ങും. മറ്റു രോഗങ്ങളോ അവശതകളോ ഉള്ളവർ ചൂടിൽ കുഴഞ്ഞു വീഴുന്നതും കാണുന്നു. ഇതിന്റെ ശാസ്ത്രീയവശങ്ങളെ കുറ‌ിച്ചു കൂടുതൽ പഠനങ്ങൾ അനിവാര്യമാണ്. എങ്കിലേ കൃത്യമായ മുൻക‌രുതലുകളെക്കുറിച്ചു ബോധവൽകരണം നടത്താനാകൂ.

വെയിലിൽ പുറത്തിറങ്ങുമ്പോൾ സൂര്യാതപമേൽക്കുന്നതും നിർജലീകരണം ഉണ്ടാകുന്നതും തടയാൻ മുൻകരുതലെടുക്കുന്നതുപോലെ തന്നെ ശ്രദ്ധിക്കേണ്ടതാണ് അടുക്കളയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ആരോഗ്യവും. പുറത്തെ ചൂടും കടുത്ത വിയർപ്പും ദാഹവും അതിന്റെ അസ്വസ്ഥതകളും അതിനൊപ്പം അടുപ്പിൽനിന്നുള്ള തീയും പുകയും വിശ്രമമില്ലാത്ത ജോലിയും അവരുടെ ആരോഗ്യ‌ത്തെ ബാധിക്കും. പോളിയെസ്റ്റർ കലർന്ന‌തും ഇറുകിയതുമായ വസ്ത്രങ്ങൾ ധരിക്കുന്നതു വൈഷമ്യം ഇരട്ടിയാക്കുമെന്നുമോർക്കാം.

അടുക്കളയിൽ മറ്റു മുറികളിലേക്കാൾ ചൂടും കൂടുതലായിരിക്കുമല്ലോ. വീട്ടുജോലിക്കിടെ സ്ത്രീകൾ ധാരാളം വെള്ളം കുട‌ിക്കണം. അയഞ്ഞ പരുത്തി വസ്ത്രങ്ങൾ വേണം ധരിക്കാൻ. പ്രമേഹം, രക്തസമ്മർദം, മറ്റു രോഗങ്ങൾ എന്നിവയുള്ളവർ അതു സങ്കീർണമാകാനുള്ള സാധ്യതകൂടി കണക്കിലെടുത്തു വിദഗ്ധോപദേശം തേടണം. ജോലിക്കിടയിൽ വിശ്രമം അത്യാവശ്യമാണെന്നു മറക്കരുത്. തലചുറ്റലോ പരവേശമോ അനുഭവപ്പെട്ടാൽ ഉടൻതന്നെ അടുക്കളയിൽനിന്നു മാറുകയും വെള്ളം കുടിക്കുകയും വേണം. തണുത്ത കാറ്റു കൊള്ളാം. കടുത്ത ക്ഷീണം തുടർന്നാൽ ഉടൻ ഡോക്ടറെ കാണണം.

പൊതുവായ നിർദ്ദേശങ്ങൾ

രാവിലെ പത്തുമുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ ദീർഘനേരം നേരിട്ടു വെ‌യിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കു‌ക. വെയിലിൽ പണിയെടുക്കുന്നവർ ഇടയ്ക്കു വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. പുറത്തു ജോലി ചെയ്യുമ്പോൾ ഇളംനിറമുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും തൊപ്പി വയ്ക്കുന്നതും നല്ലതാണ്. ‌ചൂടിന്റെ അസ്വസ്ഥതകൾ കൂടുന്നുണ്ടെങ്കിൽ ഉടൻ വെയിലിൽനിന്നു മാറണം. സൂര്യാഘാതമേൽക്കുന്ന സാഹചര്യമുണ്ടായാൽ മരണംപോലും സംഭവിക്കാം. പ്രമേഹമോ രക്തസമ്മർദമോ മറ്റു രോഗങ്ങളോ ഉള്ളവർ ഏറെ കരുതലോടെ വേണം വെയിലിനെ നേരിടാൻ. ബൈക്ക് യാത്രികർ തുടർച്ചയായി കടുത്തവെയിലിൽ സഞ്ചരിക്കരുത്.

60 വയസ്സ് കഴിഞ്ഞവർ പ്രത്യേകം ശ്രദ്ധിക്കണം. കടുത്തവെയിലിൽ ഇവരുടെ ശാരീരികക്ഷമത പെട്ടെന്നു കുറയാനും തളർന്നുപോകാനും സാധ്യതയുണ്ട്. കുട്ടികളെ കടുത്തവെയിലിൽ കളിക്കാൻ വിടരുത്.

ഫംഗൽ അണുബാധകളുടെകൂടി കാലമാണിതെന്നുമോർക്കാം. അതിനാൽ വിയർപ്പ് ദേഹത്തടിഞ്ഞുകൂടാനുള്ള സാഹചര്യം ഒരുക്കരുത്. മൂത്രാശയ രോഗങ്ങളെയും സൂക്ഷിക്കുക.

ശുദ്ധജലം ധാരാളമായി കുടിക്കുക. ഒരു കാരണവശാലും മദ്യമോ കോളപോലെയുള്ള കാർബണേറ്റഡ് പാനീയങ്ങളോ ഉപയോഗിക്കരുത്. ഇതു നിർജലീകരണം കൂട്ടുകയും ശരീരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

പകർച്ചവ്യാധികൾ പടർന്നു പിടിക്കാനുള്ള സാഹചര്യം ഉള്ളതിനാൽ കുടിക്കുന്നതു ശുദ്ധജലമാണെന്ന് ഉറപ്പാക്കുക.

ഡോ. സൈറു ഫിലിപ്,

കമ്യൂണിറ്റി മെഡിസിൻ വിഭാഗം

മേധാവി, ഗവ. മെഡിക്കൽ കോളജ്, മഞ്ചേരി.

മരുന്നുകളുടെ പ്രവർത്തനക്ഷമത കുറയാം

താപനില ക്രമാതീതമായി ഉ‌യർന്നതു പ്ര‌മേഹം, രക്തസമ്മർദം എന്നിവ ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾക്കു പുതിയ വെല്ലുവിളി ഉയർത്തുന്നു. ഇത്തരം രോഗങ്ങൾക്കുള്ള മരുന്നുകൾ പലതും 28 ഡിഗ്രി സെൽ‌ഷ്യസിനു താഴെയുള്ള താപനിലയിലാണു സൂക്ഷിക്കേണ്ടത്.

അന്തരീക്ഷ താപനില ഉയർന്നതോടെ മരുന്നുകളുടെ പ്രവർത്തനക്ഷമത കുറഞ്ഞതുമൂലമാണു പലരുടെയും രോഗം ഫലപ്രദമായി നിയന്ത്രിക്കാനാകാതെ വരുന്നത്. മരുന്നുകൾ എങ്ങനെയാണു സൂക്ഷിക്കേണ്ടതെന്നു ഡോക്ടർമാരിൽ നിന്നു കൃത്യമായ ഉപദേശം തേടണം.

ഓരോ മരുന്നിന്റെയും പുറത്ത് അതു സൂക്ഷിക്കേണ്ട താപനില രേഖപ്പെടുത്തിയിട്ടുണ്ട്. ഇൻസുലി‌നു മാത്രമല്ല, ഗുളികകൾ ഉൾപ്പെടെയുള്ളവയ്ക്കും താപനില നിബന്ധനകൾ ബാധകമാണെന്നോർക്കണം.

ഡോ. ജോതിദേവ് കേശവദേവ്,

ജോതിദേവ്സ് ഡയബറ്റിസ് റിസർച് സെന്റർ,

തിരുവനന്തപുരം.

Your Rating: