Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സി.ടി സ്കാന്‍ കാന്‍സര്‍ ഉണ്ടാക്കുമോ?

ctscan

നമ്മുടെ നാട്ടില്‍ അടുത്തകാലത്തായി രോഗനിര്‍ണ്ണയത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഒന്നാണ് സി.ടി സ്കാന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കംപ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി. എക്സ്-റേയുടെ കണ്ടുപിടിത്തത്തോടു കൂടി ശരീരത്തിനുള്ളിലെ എല്ലുകൾക്ക് സംഭവിച്ച വൈകല്യങ്ങളും പൊട്ടലുകളും മറ്റും കണ്ടെത്താൻ പറ്റുമായിയിരുന്നെങ്കിലും അതിനു പല ന്യൂനതകളും ഉണ്ടായിരുന്നു. എക്സ്-റേയിൽ ഒരു കോണിൽ നിന്നുള്ള ചിത്രമാണ് കിട്ടുന്നതെങ്കിൽ സി.ടി സ്കാനിംഗിൽ 360 ഡിഗ്രിയിലുള്ള അഥവാ വ്യത്യസ്ത കോണുകളിൽ നിന്നും എക്സ്-റേ ചിത്രം നമുക്ക് ലഭിക്കുന്നു. രോഗനിർണ്ണയം കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് ഉപകരിക്കുന്നു.

ലോകമെമ്പാടും ചെയ്യുന്ന സി.ടി സ്കാനുകളുടെ എണ്ണം പ്രതിദിനം കുതിച്ചുയരുകയാണ്. ബ്രിട്ടണില്‍ മാത്രം ഒരു വര്‍ഷം 3 മില്യണ്‍ സി.ടി സ്കാനുകളാണ് ചെയ്യുന്നത്. അതേസമയം, ഇത്തരം സ്കാനുകള്‍ക്ക് വിധേയമാകുന്നവരില്‍ കാന്‍സര്‍ മുതലായ രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്ന ആശങ്കയും ഉയരുന്നുണ്ട്.

സി.ടി സ്കാന്‍ അഥവാ ക്യാറ്റ് (CAT) സ്കാന്‍ പരമ്പരാഗത എക്സ്-റേ നല്‍കുന്നതിനെക്കാള്‍ ശരീരത്തിനുള്ളിലെ കൂടുതല്‍ വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്. എന്നാല്‍ നൂറ് തവണയോ അതിലധികമോ എക്‌സ്‌റേ പരിശോധന നടത്തുന്നതിന് സമാനമായ അയനൈസിംഗ് റേഡിയേഷനാണ് രോഗിയ്ക്ക് ലഭിയ്ക്കുക. ഈ അയനൈസിംഗ് റേഡിയേഷന്‍ ശരീരത്തിലെ കോശജാലത്തിന് തകരാറുണ്ടാക്കുകയും കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ലഭിക്കുന്ന റേഡിയേഷന്റെ തോതിന് ആനുപാതികമായിരിക്കും അപകടസാധ്യതയും.

കൂടുതല്‍ തവണ റേഡിയേഷന്‍ ഏല്‍ക്കുന്നതിനനുസരിച്ച് അപകട സാധ്യതയും കൂടും. അതേസമയം, മുതിര്‍ന്നവരെക്കാള്‍ കുട്ടികളെയാകും ഇത് കൂടുതല്‍ ബാധിക്കുക. ഉദരസംബന്ധമായ സി.ടി സ്കാനിന് വിധേയനാകുന്ന ഒരാള്‍ക്ക് സാധാരണ പരിസ്ഥിതിയില്‍ നിന്ന് ഒരു വര്‍ഷം കൊണ്ട് ലഭിക്കുന്ന റേഡിയേഷന്റെ ആറിരട്ടി റേഡിയേഷനാണ് ലഭിക്കുന്നതെന്നാണ് കണക്കുകൂട്ടുന്നത്.

അടുത്തിടെ യു.കെയില്‍ നടന്ന പഠനം പറയുന്നത്, കൂടുതല്‍ സി.ടി സ്കാന്‍ റേഡിയേഷന്‍ ഏല്‍ക്കുന്ന കുട്ടികള്‍ക്ക് കുറഞ്ഞ അളവില്‍ റേഡിയേഷന്‍ ഏല്‍ക്കുന്ന കുട്ടികളെക്കാള്‍ ലുക്കീമിയ, ബ്രെയിന്‍ ട്യൂമര്‍ പോലെയുള്ള അര്‍ബുദങ്ങള്‍ പിടിപെടാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നാണ്. സി.ടി സ്കാനിംഗിന് വിധേയരായ 180, 000 കുട്ടികളിലാണ് പഠനം നടത്തിയത്. ഇവരില്‍ 200 പേര്‍ക്കാണ് 17 വര്‍ഷത്തിനിടെ കാന്‍സര്‍ കണ്ടെത്തിയത്. ഈ 200 ല്‍ 170 പേര്‍ക്കും സി.ടി.സ്കാനില്‍ നിന്നുള്ള ഉയര്‍ന്ന റേഡിയേഷന്റെ ഫലമായാണ്‌ കാൻസറുണ്ടായതെന്ന് ഗവേഷകര്‍ പറയുന്നു.

യു.സിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനവും ഇത് ശരിവയ്ക്കുന്നു. യു.സില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാൻസറിന്റെ 2% സി.ടി.സ്കാന്‍ റേഡിയേഷന്‍ മൂലമാണ് ഉണ്ടാകുന്നതെന്ന് യു.എസ് ഗവേഷകര്‍ കണ്ടെത്തി. യു.സിന്റെ അഞ്ചിലൊന്ന് സി.ടി.സ്കാനുകള്‍ നടക്കുന്ന യു.കെയില്‍ 0.4% ക്യാന്‍സര്‍ സി.ടി.സ്കാന്‍ റേഡിയേഷന്‍ ഏല്‍ക്കുന്നത് മൂലമാണ് ഉണ്ടാകുന്നത്. ഇത് വളരെ ചെറിയ സംഖ്യയായി തോന്നാമെങ്കിലും യു.കെയില്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കാൻസർ കേസുകളില്‍ 350, 000 –ത്തിൽ 1400 എണ്ണവും സി.ടി.സ്കാന്‍ റേഡിയേഷന്‍ വഴിയാണെന്ന് സാരം. മെഡിക്കല്‍ ഉപയോഗം കൂടുന്നതനുസരിച്ച് ഭാവിയില്‍ ഈ നിരക്ക് വര്‍ധിച്ചേക്കാം.

പലപ്പോഴും സി.ടി സ്കാനിന്റെ ഗുണങ്ങള്‍ക്ക് മേല്‍ അതിന്റെ ദോഷങ്ങള്‍ അവഗണിക്കപ്പെടുകയാണ്. റേഡിയേഷന്റെ തോത് ക്രമാതീതമായതിനാല്‍ ഒരൽപം
ചിന്തിച്ചശേഷമേ സി.ടി. സ്‌കാന്‍ പരിശോധനയ്ക്ക് തയ്യാറാകാവൂ. ഗര്‍ഭിണികളായ സ്‌ത്രീകളോ ഗര്‍ഭിണിയാകാന്‍ തയാറെടുക്കുന്നവരോ ഒരിക്കലും സി.ടി. സ്‌കാന്‍ ചെയ്യാന്‍ പാടുള്ളതല്ല. എങ്കിലും ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും തീരെ അവശ്യ സന്ദര്‍ഭങ്ങളില്‍ സ്കാനിംഗിന് വിധേയമാക്കാറുണ്ട്. ശ്വാസകോശ രോഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ശ്വാസകോശാര്‍ബുദ നിര്‍ണയത്തിന് സി.ടി. സ്‌കാന്‍ അത്യന്താപേക്ഷിതമാണ്. സി.ടി. സ്‌കാന്‍ ചെയ്യേണ്ടുന്നതിന്റെ ആവശ്യകത നല്ലതുപോലെ ഡോക്ടറോട് ചോദിച്ചു മനസിലാക്കണം.