Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീണ്ട പകലുറക്കം പ്രമേഹസാധ്യത കൂട്ടും

more-sleep

നീണ്ട പകലുറക്കം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, ഒരുപക്ഷേ പ്രമേഹത്തിനുള്ള മുന്നറിയിപ്പാകാമത്.

മൂന്നു ലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ചു നടത്തിയ ഒരു പഠനത്തിലാണു പകൽ ഒട്ടും മയങ്ങാത്തവരെ അപേക്ഷിച്ച് ഒരു മണിക്കൂറിലധികം പകൽ ഉറങ്ങുന്നവർക്ക് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 45 ശതമാനം ആണെന്നു കണ്ടത്.

ആരോഗ്യം വളരെക്കുറഞ്ഞ ആളുകളോ പ്രമേഹരോഗത്തിന്റെ ആദ്യഘട്ടത്തിലുള്ളവരോ ആകാം ദീർഘസമയം പകൽ ഉറങ്ങുന്നത്.

ദീർഘകാലമായി രോഗമുള്ളവർക്കും പ്രമേഹരോഗ നിർണയം നടത്താത്തവർക്കും പകൽ ക്ഷീണം തോന്നുക പതിവാണെന്ന് ഗവേഷകർ പറയുന്നു. പ്രമേഹം വരാനുള്ള സാധ്യതയാകാം മയക്കത്തിനു കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് അൽപം ഉയരുന്നതു മൂലമാകാം ഇത്. പ്രമേഹത്തിനുള്ള മുന്നറിയിപ്പാണ് ഈ മയക്കമെന്നു ചുരുക്കം. ഉറക്കം തടസ്സപ്പെടുന്നതും പ്രമേഹവുമായി ബന്ധമുണ്ടെന്നതിനു ധാരാളം തെളിവുകളുണ്ടെന്ന് പഠനത്തെ ഉദ്ധരിച്ച് ഗ്ലാസ്ഗോ സർവകലാശാലയിലെ പ്രൊഫസർ നവീദ് സത്താർ പറയുന്നു.

സ്ലീപ് അപ്നിയ മൂലം രാത്രിയിൽ ഉറക്കം തടസ്സപ്പെടുന്നതു മൂലമാകാം പകൽ നീണ്ട മയക്കം. ഇങ്ങനെയുള്ള ഉറക്കപ്രശ്നങ്ങൾ ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവ വരാനുള്ള സാധ്യത കൂട്ടുകയും ടൈപ്പ് 2 പ്രമേഹമുൾപ്പടെയുള്ള മെറ്റബോളിക് ഡിസോർഡറുകൾ വരാനുള്ള സാധ്യതയിലേക്കു നയിക്കുകയും ചെയ്യും.

ജോലിയോ സാമൂഹിക ജീവിതക്രമം മൂലമോ നഷ്ടപ്പെടുന്ന ഉറക്കം വിശപ്പു കൂട്ടുകയും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യും.

എന്നാൽ ഇതിനു വിരുദ്ധമായി 40 മിനിറ്റിൽ കുറവുള്ള ചെറുമയക്കം നമ്മളെ ശ്രദ്ധയുള്ളവരാക്കുകയും തലച്ചോറിന്റെ മോട്ടോർസ്കിൽസ് വർധിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ടോക്കിയോ സർവകലാശാലയിലെ യമാഡാ ടൊമാഹൈഡിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പഠനം, ജർമനിയിലെ മ്യൂണിച്ചിൽ നടന്ന 2016–ലെ യൂറോപ്യൻ അസോസിയേഷൻ ഫോർ ദ് സ്റ്റഡി ഓഫ് ഡയബറ്റിസ് മീറ്റിങ്ങിൽ അവതരിപ്പിച്ചു.