Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരതരമല്ല പ്രമേഹം

diabetes-arun-dev

പ്രമേഹം എന്നു കേൾക്കുമ്പോഴേ പേടിച്ചു വിറയ്ക്കേണ്ടതില്ല. കൃത്യമായ ചികിൽസയും ചിട്ടയായ ഭക്ഷണശീലവും യോജ്യമായ ജീവിതശൈലിയുമാണെങ്കിൽ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉൽപാദിപ്പിക്കുന്നത്. ഗ്രന്ഥി ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉൽപാദിപ്പിക്കാതിരിക്കുകയോ ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിനു ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയെയാണു പ്രമേഹം എന്നു പറയുന്നത്.

പ്രമേഹം വരുന്ന വഴി

ആഹാരം ദഹിച്ചുണ്ടാകുന്ന അന്നജം മധുരമുള്ള തന്മാത്രയായി മാറും. അതാണു ഗ്ലൂക്കോസ്. ഗ്ലൂക്കോസ് രക്തത്തിൽ കലർന്ന് ശരീരത്തിലെ കോശങ്ങളിൽ വേണ്ടവിധം എത്തിയാൽ നമുക്ക് ഊർജം ലഭിക്കും. ഗ്ലൂക്കോസിന്റെ ഈ സഞ്ചാരത്തിനു സഹായിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. ആമാശയത്തിനു പിന്നിലായി സ്ഥിതി ചെയ്യുന്ന പാൻക്രിയാസ് ഗ്രന്ഥിയിലുള്ള ബീറ്റാ കോശങ്ങളാണ് ഇൻസുലിന്റെ ഉൽപാദകർ. എന്തെങ്കിലും കാരണം കൊണ്ടു ഇൻസുലിൻ വേണ്ടത്ര ഇല്ലാതെ വന്നാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കൂടും. ഇതാണു രക്തത്തിൽ പഞ്ചസാര കൂടുന്നു എന്നു പറയുന്ന പ്രമേഹം. ഗ്ലൂക്കോസ് രക്തത്തിൽ അടിഞ്ഞു കൂടുന്നതോടെ ശരീരകോശങ്ങൾ ജോലി ചെയ്യാൻ ഊർജം ലഭിക്കാതെ തളർന്ന് അവശരാകും. അധികമുള്ള ഗ്ലൂക്കോസ് വൃക്കയിലൂടെ അരിച്ചുകളയാൻ ശരീരം ശ്രമിച്ചുകൊണ്ടിരിക്കും. ഇതിന്റെ ഫലമായി ഇടക്കിടെ മൂത്രമൊഴിക്കാൻ തോന്നും. ശരീരത്തിലെ കൊഴുപ്പു നഷ്ടപ്പെട്ടു ശരീരം മെലിയും.

പാൻക്രിയാസ് ഗ്രന്ഥിയുടെ തകരാർ കൊണ്ടു മാത്രമാകണമെന്നില്ല പ്രമേഹം വരുന്നത്. ഇൻസുലിന് എതിരായി പ്രവർത്തിക്കുന്ന ചില ഹോർമോണുകൾ അമിതമായി ശരീരത്തിൽ ഉണ്ടായാലും ഗ്ലൂക്കോസ് വിതരണത്തെ ബാധിക്കും.

ഇത്തരം ഹോർമോണുകൾ ചിലപ്പോൾ ശരീരം അമിതമായി ഉൽപാദിപ്പിച്ചേക്കാം. ചിലർക്കു മറ്റ് രോഗങ്ങൾക്കുള്ള മരുന്നുകളുടെ രൂപത്തിൽ ശരീരത്തിൽ പ്രവേശിച്ചേക്കാം. പക്ഷേ, അത്തരം പ്രമേഹങ്ങൾ അപൂർവമാണ്. ഇന്നു പ്രമേഹരോഗ ചികിൽസയ്ക്കു നൂതന മാർഗങ്ങൾ നിലവിലുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഇൻസുലിൻ പമ്പ്.

ഇൻസുലിൻ പമ്പ്

പ്രമേഹ ചികിൽസാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വന്നത് ഇൻസുലിൻ പമ്പിന്റെ ഉപയോഗത്തോടെയാണ്. ഇൻസുലിൻ പമ്പ് ഒരു ബാറ്ററിയുടെ സഹായത്തോടെ പ്രവർത്തിപ്പിക്കാവുന്ന, പേജറിന്റെ വലിപ്പമുള്ള ലളിതമായ ഒരു ഉപകരണമാണ്. ഇത് ശരീരത്തിനു പുറത്തു തന്നെ ഘടിപ്പിക്കാം എന്നതിനാൽ ശസ്ത്രക്രിയയുടെ ആവശ്യമില്ല. ശരീരത്തിലെ പാൻക്രിയാസ് ഗ്രന്ഥി പ്രവർത്തിക്കുന്നതു പോലെ, ഇതിൽ ഘടിപ്പിക്കുന്ന ഒരു സിറിഞ്ചിൽനിന്നും തുടർച്ചയായി ചെറിയ അളവിൽ ഇൻസുലിൻ ശരീരത്തിൽ വയ്ക്കുന്ന ഒരു പ്ലാസ്റ്റിക് ട്യൂബിലൂടെ കടത്തിവിടുന്നു.

ഇതു കൂടാതെ ഭക്ഷണത്തിന് അനുസരിച്ച് ഇൻസുലിൻ ആവശ്യാനുസരണം അതത് സമയങ്ങളിൽ‌ രോഗിക്കു തന്നെ ക്രമീകരിക്കുകയും ചെയ്യാം.

ഈ ട്യൂബ് വഴി ഇൻസുലിന്റെ അളവു രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങൾക്ക് അനുസരിച്ചു ഡോക്ടറുടെ നിർദേശപ്രകാരം ക്രമീകരിക്കാൻ കഴിയും. പമ്പിൽ ഘടിപ്പിച്ചിരിക്കുന്ന സിറിഞ്ചും ശരീരത്തിലെ ട്യൂബും ഏകദേശം മൂന്നു ദിവസം കൂടുമ്പോൾ ഉപയോഗിക്കുന്ന ആൾക്കു തന്നെ വേദനയില്ലാതെ മാറ്റാം. അതുകൊണ്ടു നിത്യേനയുള്ള കുത്തിവയ്പ് ആവശ്യമായി വരുന്നില്ല.

പഞ്ചസാരയുടെ അളവു പ്രതീക്ഷിക്കാതെ കൂടുകയും കുറയുകയും ചെയ്യുന്നതു രോഗിയെ അറിയിക്കുകയും പരിധിവിട്ട് കുറയാൻ സാധ്യതയുണ്ടെങ്കിൽ ഇൻസുലിൻ ശരീരത്തിലേക്കു പോകുന്നതു തനിയെ നിർത്തുകയും ചെയ്യും.

അതിനാൽ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രണത്തിലാക്കാൻ ഇൻസുലിൻ പമ്പ് വഴി സാധിക്കും. പഞ്ചസാരയുടെ അളവു കുറയുന്നതു മൂലമുള്ള അപകടത്തിൽനിന്ന് രോഗിക്കു രക്ഷ ലഭിക്കുകയും ചെയ്യും.

ഇൻസുലിൻ പമ്പ് ആർക്കൊക്കെ ഉപയോഗിക്കാം?

∙ ടൈപ്പ് വൺ പ്രമേഹ രോഗികൾക്ക് (കുട്ടികളിലെ പ്രമേഹം)

∙ ഉയർന്ന അളവിൽ ഇൻസുലിൻ വേണ്ടവർക്ക്

∙ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിൽ അനുഭവപ്പെടുന്നവർക്ക്

∙ പ്രമേഹം നിയന്ത്രണത്തിൽ വരാത്ത ചെറുപ്പക്കാർക്ക്

∙ ഗർഭകാല പ്രമേഹമുള്ളവർക്ക്

∙ വളരെ തിരക്കും ജോലിഭാരവും ഉള്ളവർക്കും ധാരാളം യാത്രകൾ വേണ്ടി വരുന്നവർക്കും

ഇൻസുലിൻ പമ്പ് ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ

∙ നിത്യേനയുള്ള ഇൻസുലിൻ കുത്തിവയ്പ് ഒഴിവാക്കാം

∙ പ്രമേഹം മൂലമുണ്ടാകുന്ന സങ്കീർണതകൾ കുറയ്ക്കാം

∙ മൂന്നു ദിവസം കൂടുമ്പോൾ മാത്രം വേദനാരഹിതമായ ഒരു കുത്തിവയ്പ്

∙ ഭക്ഷണത്തിന്റെ തരത്തിനും അളവിനും വ്യായാമത്തിനും അനുസരിച്ച് മാത്രം ഇൻസുലിന്റെ അളവു ക്രമീകരിക്കുന്നു

∙ പാൻക്രിയാസ് പ്രവർത്തനം പോലെ തന്നെ 24 മണിക്കൂറിലും ചെറിയ അളവിൽ ഇൻസുലിൻ ശരീരത്തിലേക്ക് കയറിക്കൊണ്ടിരിക്കുന്നു

ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റം

പ്രമേഹ രോഗികളിൽ‌ കാണുന്ന പഞ്ചസാരയുടെ അളവിലെ വ്യതിയാനങ്ങളാണ് അവരെ രോഗത്തിന്റെ സങ്കീർണാവസ്ഥകളിലേക്ക് നയിക്കുന്നത്.

പലപ്പോഴും ആ ഏറ്റക്കുറച്ചിലുകൾ കണ്ടുപിടിക്കപ്പെടാറില്ല. ഇതിനെ Glycaemic Variability എന്നു പറയുന്നു. ഈ വ്യതിയാന വ്യത്യാസം കണ്ടുപിടിക്കാനുള്ള നൂതന സാങ്കേതിക വിദ്യയാണ് Continuos Glucose Monitoring System (CGMS).

തൊലിക്കടിയിൽ ഘടിപ്പിക്കാവുന്ന ഒരു കൺപീലി പോലുള്ള ഗ്ലൂക്കോസ് സെൻസറിലെ ചിപ്പിലേക്ക് ഓരോ അഞ്ചു മിനിറ്റിലെയും പഞ്ചസാരയുടെ അളവു രേഖപ്പെടുത്തുന്നു. ഇത് ഏകദേശം മൂന്നു മുതൽ ആറു ദിവസം വരെ സാധ്യമാണ്. ഇതിനൊപ്പം തന്നെ ഡോക്ടർ നിർദേശിക്കുന്ന പ്രകാരം ഒരു ഗ്ലൂക്കോമീറ്റർ ഉപയോഗിച്ചു മൂന്നു നേരമുള്ള പഞ്ചസാരയുടെ അളവും ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും വ്യായാമവും രേഖപ്പെടുത്തി ഡോക്ടറെ എൽപ്പിക്കാം.

പരിശോധനയുടെ കാലാവധി കഴിയുമ്പോൾ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണം എടുത്തു കംപ്യൂട്ടർ സഹായത്തോടെ വിശകലനം ചെയ്യാം. അങ്ങനെ ലഭിക്കുന്ന ഫലത്തിൽനിന്ന് ഏതു സമയത്താണു പഞ്ചസാരയുടെ അളവിൽ വ്യതിയാനം സംഭവിക്കുന്നതെന്നു മനസ്സിലാക്കാം.

ഇതു തുടർ ചികിൽസയ്ക്കു പ്രയോജനമാകുകയും ചെയ്യും. ഇതിനു പുറമെ ചില പുതിയ മരുന്നുകളും കണ്ടുപിടിച്ചിട്ടുണ്ട്. ഇതും പ്രമേഹരോഗ ചികിൽസയിൽ ഏറെ ഗുണപ്രദമാകുന്നുണ്ട്.

പ്രായം പ്രശ്നമല്ല

ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്കു വരെ പ്രമേഹം വരാം. പ്രമേഹം നാലു തരത്തിലാണ് ഉള്ളത്. ടൈപ്പ് 1 മുതൽ ടൈപ്പ് 4 വരെ. ടൈപ്പ് 1 കുട്ടികളെയും ചെറുപ്പക്കാരെയുമാണ് അധികവും ബാധിക്കുന്നത്. പക്ഷേ, 90% രോഗികളും ടൈപ്പ് 2 വിഭാഗക്കാരാണ്. പാൻക്രിയാസ് ഗ്രന്ഥിക്കുണ്ടാകുന്ന തകരാർ മൂലമാണ് ടൈപ്പ് 3 പ്രമേഹം ഉണ്ടാകുന്നത്. ടൈപ്പ് 4 പ്രമേഹം ഗർഭകാലത്തെ പ്രമേഹമാണ്. ഗർഭകാലത്തു വരുന്ന ഈ പ്രമേഹം പ്രവസം കഴിഞ്ഞ് ആറാഴ്ച കഴിയുമ്പോഴേക്കും മാറാറുണ്ട്.

എങ്ങനെ കണ്ടെത്താം ?

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കൂടുന്ന രോഗാവസ്ഥ ആയതിനാൽ രക്തപരിശോധനയിലൂടെ പ്രമേഹം ഉണ്ടോ എന്നു കണ്ടെത്താം. ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, പോസ്റ്റ് പ്രാൻഡിയൽ ബ്ലഡ് ഷുഗർ എന്നിവയാണ് പരിശോധനകൾ. 12 മണിക്കൂർ നേരം ഭക്ഷണം കഴിക്കാതെ ഇരുന്ന ശേഷം നടത്തുന്ന ഫാസ്റ്റിങ് പ്ലാസ്മ ഗ്ലൂക്കോസ് പരിശോധനയിൽ ഗ്ലൂക്കോസിന്റെ അളവ് 126mg/dl അല്ലെങ്കിൽ അതിൽക്കൂടുതൽ ആണെങ്കിൽ പ്രമേഹരോഗമാണ് എന്ന് ഉറപ്പിക്കാം. 75 ഗ്രാം ഗ്ലൂക്കോസ് കഴിച്ച ശേഷം നടത്തുന്ന ഓറൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റിലെ അളവ് 200mg/dl കൂടുതലായാലും പ്രമേഹമാണ്. മൂന്നു മാസത്തെ ഗ്ലൂക്കോസ് നിലയുടെ ശരാശരി കണക്കു കൂട്ടുന്ന HbA1C ടെസ്റ്റ് കുറേക്കൂടി കൃത്യതയുള്ളതാണ്. HbA1C കൗണ്ട് 6.5ൽ കൂടുതൽ ആണെങ്കിൽ അതു പ്രമേഹമായി കണക്കാക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.