Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറ്റു പ്രശ്നങ്ങളിൽ നിന്നും പ്രമേഹം വരുമ്പോൾ

Diabetes

പ്രമേഹം മറ്റു രോഗങ്ങളായി മാറുന്നതുപോലെ ചില രോഗങ്ങളും ചികിത്സയും പിൽക്കാലത്ത് പ്രമേഹത്തെ വിളിച്ചുവരുത്തും. ഏകദേശം 90 ശതമാനം പേരിലും പ്രായമേറുന്നതിന്റെ ഭാഗമായി വരുന്ന ടൈപ്പ് 2 പ്രമേഹമാണു സാധാരണയായി കാണുന്നത്. 5–10% വരെ ടൈപ്പ്–1 പ്രമേഹവും കാണുന്നു. എന്നാൽ ചിലരിൽ മറ്റു ചില കാരണങ്ങളാൽ കൊണ്ടും പ്രമേഹം കണ്ടുവരുന്നുണ്ട്. മാത്രമല്ല പ്രമേഹരോഗിയാകാൻ സാധ്യതയുളളവരെ കൂടുതൽ വേഗത്തിൽ പ്രമേഹരോഗിയാക്കി മാറ്റുന്ന സാഹചര്യങ്ങളുമുണ്ട്. അവ കണ്ടുപിടിച്ചു തടയാൻ കഴിഞ്ഞാൽ പലരിലും രോഗം വരാതെ നോക്കാനോ വരുന്നതു വൈകിപ്പിക്കാനോ കഴിയും.

എൻഡോക്രൈന്‍ തകരാറുകൾ

ശരീരത്തിലെ എൻഡോക്രൈൻ സംവിധാനത്തില്‍ പലതരം ഗ്രന്ഥികളുണ്ട്. ഈ സംവിധാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവിധ രോഗാവസ്ഥകൾ പ്രമേഹത്തിനു കാരണമായി മാറാം. അവയുടെ തകരാറുകളുടെ ഫലമായി സംഭവിക്കുന്ന ഹോർമോൺ താളപ്പിഴകളാണ് രോഗകാരി. കുഷിങ്സ് സിൻഡ്രോം. അക്രോമെഗാലി എന്നീ എൻഡോക്രൈൻ രോഗങ്ങൾ പ്രമേഹം വരുത്തുന്നവയാണ്. ഇൻസുലിന്‍ പ്രതിരോധം കൂട്ടുന്നതിലൂടെയാണ് ഇവ പ്രമേഹകാരിയായി മാറുന്നത്.

പിറ്റ്യൂട്ടറി ഗ്രസ്ഥി, അഡ്രിനൽ ഗ്രന്ഥി, തൈറോയ്‍‍ഡ് ഗ്രന്ഥി എന്നിവയുടെ രോഗാവസ്ഥകളും പ്രമേഹത്തിനു കാരണമാകാം. ഈ രോഗാവസ്ഥ തിരിച്ചറിഞ്ഞു ചികിത്സിച്ചാൽ പ്രമേഹവും നിയന്ത്രണവിധേയമാകും.

ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയായ പാൻക്രിയാസിനു വരുന്ന ചില രോഗങ്ങൾ പ്രമേഹം നേരിട്ടുവരുത്താനോ മറ്റു ചിലപ്പോൾ രോഗസാധ്യത കൂട്ടാനോ കാരണമാകാറുണ്ട്. ഇൻസുലിൻ ഉത്പാദനം നിലച്ചുപോകുന്നതാണ് ടൈപ്–1 പ്രമേഹം. അതിനു പുറമേ മറ്റുവിധത്തിലും പാൻക്രിയാസ് തകരാറുകൾ പ്രമേഹ കാരണമാകുന്നുണ്ട്. പാൻക്രിയാസിൽ നിന്നും വരുന്ന വിവിധ സ്രവങ്ങൾ ദഹനപ്രക്രിയയ്ക്ക് അത്യാവശ്യമാണ്. പാൻക്രിയാസ് തകരാറിനാൽ ഈ ദഹനരസങ്ങൾ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാത്തവരിൽ കൊഴുപ്പുകൂടിയ ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസം അനുഭവപ്പെടുന്നു. ഇങ്ങനെ കൊഴുപ്പും അതിന്റെ ചയാപചയത്തിലെ താളപ്പിഴകളും ഇൻസുലിൻ പ്രതിരോധം കൂട്ടുകയും പ്രമേഹത്തിലേക്കു നയിക്കുകയും ചെയ്യുന്നു.

പാൻക്രിയാറൈറ്റിസ്, അർബുദം, അപകടങ്ങൾ എന്നിവമൂലം പാൻക്രിയാസിനു കാര്യമായി തകരാറുവരുകയോ തുടർന്നു നീക്കം ചെയ്യേണ്ടിയോ വരാം. ഈ സാഹചര്യത്തിൽ പ്രമേഹമായിരിക്കും ഏറ്റവും പ്രധാന ഫലം. ഇൻസുലിൻ ശരീരത്തിൽ തീരെ ലഭ്യമല്ലാത്ത ഈ അവസ്ഥയിൽ ടൈപ്–1 പ്രമേഹമെന്ന നിലയിലുളള ചികിത്സയാണ് വേണ്ടിവരുന്നത്.

മരുന്നുകൾ വഴിയും

മറ്റു രോഗങ്ങൾക്കുപയോഗിക്കുന്ന ചില മരുന്നുകൾ ഇൻസുലിൻ ഉത്പാദനത്തെയോ ഉപയോഗത്തെയോ ബാധിക്കുന്നതിനാൽ പ്രമേഹരോഗത്തിനു കാരണമാകാം. പക്ഷേ മരുന്നുകളുടെ ഉപയോഗം എല്ലാവരിലും പ്രമേഹകാരണമാകുന്നില്ല. പാരമ്പര്യമായോ മറ്റു രോഗാവസ്ഥകൾ കാരണമോ പ്രമേഹം വരാൻ സാധ്യത്യതയുളളവരിൽ മരുന്നു മൂലമുളള പ്രമേഹസാധ്യതയും കൂടും. ചിലപ്പോഴൊക്കെ പ്രമേഹം ആദ്യമായി കണ്ടെത്തുന്നത് മറ്റു രോഗചികിത്സകൾക്കിടയിലായിരിക്കും. പ്രമേഹ സാധ്യതയെത്തിനിൽക്കുന്നവരിൽ ചിലപ്പോൾ ചില സ്റ്റിറോയ്ഡ് മരുന്നുകളുടെ ഒറ്റത്തവണ ഉപയോഗം കൊണ്ടുപോലും പ്രമേഹം പ്രകടമായി എന്നു വരാം.

ചില മരുന്നുകളുടെ ഉപയോഗം മാത്രമേ പ്രമേഹത്തിനു കാരണമാകുന്നുളളൂ. ഗ്ലൂക്കോകോർട്ടിക്കോയിഡുകൾ, ചില ഗർഭനിരോധനഗുളികകൾ, തയസൈഡ് ഗുളികകൾ വിഷാദരോഗചികിത്സിയ്ക്കുപയോഗിക്കുന്ന ചില മരുന്നുകൾ എന്നിവ ഈ വിഭാഗത്തില്‍ പെടുന്നു. പാരമ്പര്യമായി പ്രമേഹരോഗസാധ്യതയുളളവരും അമിതവണ്ണം, ഗർഭകാലപ്രമേഹം എന്നിവയുളളവരും ഈ തരത്തിൽപെടുന്ന മരുന്നുകൾ ഉപയോഗിക്കുമ്പോൾ പ്രമേഹരോഗപരിശോധന തുടർച്ചയായി നടത്തുകയും ചിട്ടയായ ജീവിതശൈലി പിന്തുടരുകയും വേണം. പ്രമേഹത്തിലേക്കു നീങ്ങുന്നതായി മനസ്സിലായാൽ അക്കാര്യം ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും ആവശ്യമെങ്കിൽ മരുന്നുകൾ മാറുകയും വേണം.

ജനിതകരോഗങ്ങൾ

ശരീരത്തിലെ ജനിതക പരിവർത്തനങ്ങൾ പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളേയും ഇൻസുലിനേയും ഇൻസുലിന്റെ പ്രവർത്തനത്തേയും ബാധിക്കാറുണ്ട്. ഇതു പ്രമേഹം വരുത്തും. അപൂർവമായി ഒരു ജീനിലെ തകരാറുകൊണ്ടുപോലും ബീറ്റാകോശങ്ങൾ തകരാറിലായി പ്രമേഹം വരാം. മോണോജെനിക് ഡയബെറ്റിസ് എന്ന ഈ അവസ്ഥയ്ക്ക് ഉദാഹരണമാണ് നവജാത ശിശുക്കളിൽ കാണുന്ന നിയോനേറ്റൽ ഡയബെറ്റിസ്.

ഇവയ്ക്കു പുറമേ മറ്റു ചില ജനിതക രോഗങ്ങളും പ്രമേഹ സാധ്യത കൂട്ടുന്നതായി ഗവേഷകർ കരുതുന്നു. ഡൗൺ സിൻഡ്രോം, ക്ലിൻഫെൽട്ടർ സിൻഡ്രോം, ടണർ(Turner Syndrome) തുടങ്ങിയ ജനിതക രോഗങ്ങളുളളവരിൽ പ്രമേഹസാധ്യത വളരെ കൂടുതലായി കാണുന്നുണ്ട്. ഇത്തരം രോഗങ്ങൾ വരുത്തുന്ന ജനിതകവ്യതിയാനങ്ങൾ പ്രമേഹസാധ്യത വർധിപ്പിക്കുന്നവ കൂടിയാണെന്നും അതിനാലാണ് പ്രമേഹം അവരെ നേരത്തെ പിടികൂടുന്നതെന്നുമാണ് നിഗമനം.

കൊഴുപ്പും പ്രമേഹവും

രക്തത്തിലുളള ഗ്ലൂക്കോസിനെ ശരീരകോശങ്ങൾക്ക് നേരിട്ട് സ്വീകരിക്കാനാകില്ല. അതിനു സഹായിക്കുന്നത് പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ നിർമിച്ചു വിടുന്ന ഇൻസുലിൻ ആണ്. ലളിതമായി പറഞ്ഞാൽ ഗ്ലൂക്കോസിന് കോശങ്ങളിൽ കടക്കാനുളള വാതിൽ തുറന്നുകൊടുക്കുന്നത് ഇൻസുലിനാണെന്നു പറയാം. ഈ വാതിൽ തുറക്കാനുളള കരുത്ത് ഇൻസുലിനു കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണ് ഇൻസുലിൻ റസിസ്റ്റൻസ് അഥവാ ഇൻസുലിന്‍ പ്രതിരോധം. ഇൻസുലിൻ പ്രതിരോധത്തിന്റെ ഫലമായി കോശങ്ങൾക്ക് ഉപയോഗിക്കാനാകാത്ത ഗ്ലൂക്കോസ് രക്തത്തിൽ വർധിച്ച് പ്രമേഹം വരാം.

ശരീരത്തിൽ അടിയുന്ന പ്രത്യേകിച്ചും ശരീരത്തിന്റെ മധ്യഭാഗത്തെ കൊഴുപ്പ് ഇൻസുലിൻ പ്രതിരോധം കൂട്ടുന്നു. അതിനാലാണ് അമിതമായി കൊഴുപ്പു കൂടുന്ന അവസ്ഥ പ്രമേഹസാധ്യത വർധിപ്പിക്കുന്നത്. ടൈപ്–2 പ്രമേഹ രോഗികളിൽ നല്ലൊരു പങ്കും സാധ്യതയുളളതിലും നേരത്തേ പ്രമേഹ രോഗികളാകുന്നതിൽ അമിത കൊഴുപ്പിനു വലിയ പങ്കുണ്ട്.

അതുപോലെ കൊഴുപ്പിന്റെ ശരീരത്തിലെ വിതരണത്തകരാറായ ലിപ്പോഡിസ്ട്രഫി എന്ന അപൂർവമായ രോഗാവസ്ഥയും പ്രമേഹം വരുത്തും. എച്ച്.ഐ.വി ചികിത്സ ചെയ്യുന്നവരിലാണ് ഈ രോഗ സാധ്യത കൂടുതൽ കാണുന്നത്.

പ്രമേഹം വരുത്തുന്നതോ വരവ് നേരത്തേയാക്കുന്നതോ ആയ കാരണങ്ങളുടെ കൂടെ പറയാവുന്നതാണ് ഗർഭകാല പ്രമേഹാവസ്ഥയും. ഗർഭകാല പ്രമേഹം വരുന്നവരിൽ തുടർന്ന് ടൈപ്–2 പ്രമേഹസാധ്യത വളരെ കൂടുതലാണ്. തുടർച്ചയായ പ്രമേഹ പരിശോധനയും പ്രതിരോധവും വഴി ഇത് ഒരു പരിധിവരെ ഒഴിവാക്കാം.