Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹം ചര്‍മത്തിലറിയാം

511053722

ചർമത്തിൽ‌ പ്രകടമാകുന്ന ചില പ്രമേഹലക്ഷണങ്ങളാണ് രക്തത്തിലെ പഞ്ചസാരയുടെ അളവു നിർണയിക്കാൻ ഡോക്ടറെ പ്രേരിപ്പിക്കുന്നത്. പൊതുവെ പ്രമേഹരോഗികളുടെ ചർമം വരണ്ടതും ഇളം മഞ്ഞനിറമുള്ളതുമായിരിക്കും. കരോട്ടിൻ അടങ്ങിയ പച്ചക്കറികൾ ധാരാളം കഴിക്കുന്നതും മഞ്ഞനിറത്തിനു ‌കാരണമാകാം.

വരണ്ട ചർമം ചൊറിച്ചിലുണ്ടാക്കും. ചില പ്രമേഹരോഗികളുടെ കഴുത്തിനു പിന്നിലും പുറത്തും ചർമം കട്ടികൂടിയതായി കാണാം. തൊട്ടുനോക്കിയാൽ ബോർഡിൽ തൊടുന്ന പ്രതീതിയായിരിക്കും. ഇതാണ് സ്ക്ലീറോഡെർമ ഡയബറ്റിക്കോറം (Scleredema Diabeticorum). ഇൻസുലിന്റെ കുറവു കാരണം ചില കൊഴുപ്പുകൾ തൊലിയിൽ അടിയുന്നതാണിതിനു കാരണം.

പ്രമേഹരോഗികളുടെ മുഖം പൊതുവെ ചുവന്നതായിരിക്കും. മുഖത്തെ ‌രക്തക്കുഴലിന്മേലുള്ള, ഞരമ്പുകളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനാൽ ചെറിയ രക്തക്കുഴലുകൾ വികസിക്കുന്നതാണിതിനു കാരണം. ഡയബറ്റിക് റൂബിയോസിസ് (Diabetic rubecsis) എന്നാണിത് അറിയപ്പെടുന്നത്. ചില പ്രമേഹരോഗികള്‍ക്കു കൈവിരൽ സന്ധികള്‍ മുഴുവൻ നിവർത്താൻ പ്രയാസമുണ്ടാകാം. ഇവർ കൈവെള്ളകൾ അടുപ്പിച്ചു പ്രാർഥിക്കുന്നതു പോലെ കൈവയ്ക്കാൻ ശ്രമിച്ചാൽ കൈവെള്ള രണ്ടും അടുക്കില്ല. ഇതാണ് ‘പ്രെയർ സൈന്‍’.

ചർമത്തിൽ വട്ടത്തിലുള്ള തടിപ്പുകൾ (ഗ്രാനുലോമ അനുലാരെ –Gramuloma annulare). കറുത്ത നിറമുള്ള കുഴിഞ്ഞ പാടുകൾ (ഡയബറ്റിക് ഡെർമോപതി –Diabetic dermopathy), കാലിലുണ്ടാകുന്ന തടിപ്പുകൾ (നെക്രോബയോസിസ് ലിപോയിഡിക ‌ഡയബൈറ്റിക്കോറം –Necrobiosis Lipoidica Diabeticorum) എന്നിവയും ‌പ്രമേഹം മൂലം ‌ചർമത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങളാണ്.

പുരുഷന്മാരുടെ ലിംഗാഗ്രഭാഗത്തു പൂപ്പൽ ബാധിച്ചു വിണ്ടുകീറുന്നതും സ്ത്രീകളിൽ യോനിയിൽ വെള്ളപോക്കും ചൊറിച്ചിലും പ്രമേഹലക്ഷണമായിരിക്കും. ‌പ്രമേഹം ‌കൂടുമ്പോൾ രോമകൂപത്തിൽ കുരുക്കൾ (ബോയിലുകളും ‌കാർബങ്കിളുകളും –Bolls. Carbuncies) പ്രത്യക്ഷപ്പെടും. ചിലരിൽ പഴുപ്പ് ചർമത്തിന്റെ ഉൾഭാഗങ്ങളിലേക്ക് ‌വ്യാപിച്ച് ചുവന്നു തടിപ്പും വേദനയും പനിയും ഉണ്ടാകുന്നതാണ് സെല്ലുലൈറ്റിസ് (Cellulitis). കൈകാൽ വിരലുകൾക്കിടയിലുണ്ടാക്കുന്ന ചൊറിച്ചിലും നഖത്തിലുണ്ടാകുന്ന ‌തടിപ്പും (Parorychia) പൂപ്പൽ കാരണമായിരിക്കും.

പൂപ്പൽബാധ മാറ്റം

പൂപ്പൽബാധ അകറ്റാൻ ക്ലോട്രിമസോള്‍ (Clotrimazole), കീറ്റോകോണസോൾ (Ketoconazole), സ്റ്റീരിയോമാസോൾ (Steremazole) എന്നിവ അടങ്ങിയ ലേപന‌ങ്ങളും ഫ്ലൂകോണസോള്‍ (Fluconazole),ല്യൂലിക്കോണസോൾ (Luliconazole), ഇട്രാകോണസോൾ (Itraconazole), ഗ്രിസിയോഫൂൾവിൻ (Griseofulvin) എന്നീ ഗുളികകളും ലഭ്യമാണ്. ‌സ്ത്രീകൾക്ക് യോനിക്കുള്ളിൽ വയ്ക്കാനുള്ള ഗുളികകൾ നൽകുന്നു. കൈകാൽ ‌വിരലുകൾക്കിടയിലും ‌തുടയിടുക്കിലും നനവുണ്ടാകാതെ നോക്കണം. ‌സെല്ലുലൈറ്റിസിന് ആന്റിബയോട്ടിക് ചികിത്സ വേണ്ടി വരും.

രക്തസമ്മർദവും മുഖത്തു ചുവപ്പും

ചിലരിൽ ‘രക്താതിസമ്മർദം’ ഇടയ്ക്കിടെ ക്രമാതീതമായി ‌വർധിച്ച്, മുഖത്ത് ചുവപ്പും ചൂടും ഫ്ലഷിങും (Flashing) അനുഭവപ്പെടുന്നു. ഇത് അഡ്രീനൽ ഗ്രന്ഥിയിലുണ്ടാകുന്ന ഫിയോക്രോമസൈറ്റോമ (Pheochromacytoma) എന്ന ട്യൂമറിന്റെ ലക്ഷണമാകാം. രക്‌താതി സമ്മർദമുള്ള ചിലരിൽ കാലിന്റെ താഴെ പുറംഭാഗത്ത് വേദനയോടുകൂടിയ വ്രണം പ്രത്യക്ഷപ്പെടും. ഇതാണു ഹൈപ്പർ ടെൻസീവ് ഇസ്കീമിക് അൾസർ (Hypertensive ischenic ulcer). കാലിലെ രക്തക്കുഴലുകളിൽ കാൽസ്യം വന്നടിഞ്ഞു ‌രക്തയോട്ടം കുറയുന്നതാണിതിനു കാരണം.

ആസ്പിരിന്‍ കഴിക്കാം

ഹൈപ്പർ ടെൻസീവ് ഇസ്കീമിക് അൾസർ ഉള്ളവരിൽ രക്തയോട്ടം ‌വർധിപ്പിക്കുന്നതിന് ആസ്പിരിൻ ഗുളികകൾ നൽകുന്നു.

ഡോ. കെ. പവിത്രൻ
ഇമേരിറ്റസ് പ്രഫസർ
ഡെര്‍മറ്റോളജി വിഭാഗം, മെഡി.കോളജ്, കോഴിക്കോട്
സീനിയർ കൺസൽറ്റന്റ്, മിംസ്, കോഴിക്കോട്

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.