Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹത്തിനു പ്രതിവിധി പാന്‍ക്രിയാസ് മാറ്റിവയ്ക്കല്‍

diabetic-surgery

ലോകത്തിന്റെ പ്രമേഹ തലസ്ഥാനമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നു. പ്രമേഹത്തിന്റെ ദുരിതത്തില്‍ നിന്നു മോചനം പാന്‍ക്രിയാസ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. പറയുന്നതു രാജ്യാന്തര പ്രശസ്തനായ അവയവമാറ്റ വിദഗ്ധന്‍ ഡോ. അനില്‍ വൈദ്യ.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ നിന്ന് ഈയിടെ ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയ ഡോ. വൈദ്യ അവിടെ 30 മണിക്കൂറില്‍ 23 അവയവങ്ങള്‍ മാറ്റിവച്ചുള്ള റെക്കോര്‍ഡ് ശസ്ത്രക്രിയയില്‍ മുഖ്യപങ്കാളിയുമായി. അവയവമാറ്റ ബോധവല്‍ക്കരണം ലക്ഷ്യമിട്ട്, കരള്‍ രോഗികള്‍ക്കുള്ള മലയാളം ടോള്‍ഫ്രീ ഹെല്‍പ് ലൈന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു കൊച്ചിയിലെത്തിയ ഡോ. അനില്‍ വൈദ്യ പ്രമേഹത്തെക്കുറിച്ചും പാന്‍ക്രിയാസ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെക്കുറിച്ചും പറയുന്നു:

'പ്രമേഹ രോഗികള്‍ക്ക് അവസാന ആശ്രയം ഇന്‍സുലിന്‍ കുത്തിവയ്പു മാത്രമാണെന്നാണു പൊതുധാരണ. അല്ല, ശസ്ത്രക്രിയയൊരു പോംവഴിയാണ്. പ്രമേഹരോഗികളില്‍ പലരുടെയും വൃക്കയുടെ പ്രവര്‍ത്തനം കാലക്രമേണ തകരാറിലാവും. പിന്നെ ഡയാലിസിസിലേക്കു നീങ്ങും. അതിന്റെ ഗുണം പരിമിതമാണ്. ശരാശരി എട്ടുവര്‍ഷം ആയുസു നീട്ടിക്കിട്ടും. ചിലരില്‍ വൃക്ക മാറ്റിവയ്ക്കും. അപ്പോഴും പ്രമേഹത്തിന്റെ ദുരിതങ്ങള്‍ ബാക്കി.

ഇതിനുള്ള പരിഹാരമാണു പാന്‍ക്രിയാസ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. അതോടെ പ്രമേഹമെന്ന പ്രശ്നം പരിഹരിക്കപ്പെടും. ആയുര്‍ദൈര്‍ഘ്യം കൂടും. ചിലര്‍ പാന്‍ക്രിയാസും വൃക്കയും ഒരേ ശസ്ത്രക്രിയയില്‍ മാറ്റിവയ്ക്കും. ചിലര്‍ ആദ്യം വൃക്ക മാറ്റിവയ്ക്കും. പിന്നാലെ പാന്‍ക്രിയാസും. ഇന്ത്യയില്‍ ആദ്യമായി വൃക്കയും പാന്‍ക്രിയാസും ഒരേസമയം മാറ്റിവച്ചതു ചെന്നൈ അപ്പോളോ ആശുപത്രിയിലാണ്. ഇത്രയടുത്ത് ഈ സൗകര്യം ലഭ്യമാണെന്നതു മലയാളികള്‍ മനസ്സിലാക്കണം. അതു ചെയ്യാന്‍ മിടുക്കന്‍മാരായ ശസ്ത്രകിയാവിദഗ്ധരും ഇന്ത്യയിലുണ്ട്. പ്രമേഹത്തിന്റെ ദുരിതങ്ങളില്‍ നിന്നു ജീവിതത്തിന്റെ സായാഹ്നവേളയില്‍ മോചനം എന്നതൊരു യാഥാര്‍ഥ്യമാണെന്നു മലയാളികള്‍ തിരിച്ചറിയണം.

കുടലും മാറ്റിവയ്ക്കാം
പാന്‍ക്രിയാസ് മാത്രമല്ല, കുടലും മാറ്റിവയ്ക്കാമെന്നു ഡോ. അനില്‍ വൈദ്യ. പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതില്‍ കുടല്‍ പരാജയപ്പെടുമ്പോഴാണു കുടല്‍മാറ്റ ശസ്ത്രക്രിയ നടത്തുന്നത്. കാറിന്റെ എന്‍ജിന്‍ മാറ്റിയ്ക്കുന്നതു പോലെയാണിത്. വളരെ സങ്കീര്‍ണമായ ശസ്ത്രക്രിയയാണ്.

മുതിര്‍ന്നവരില്‍ 80 സെന്റീ മീറ്റര്‍ കുടല്‍ മാറ്റിവയ്ക്കേണ്ടിവരും. കുടലില്‍ പലതരം ബാക്ടീരിയയുണ്ട്. പ്രവര്‍ത്തനരഹിതമായ കുടല്‍ മാറ്റി, മസ്തിഷ്കമരണം സംഭവിച്ചയാളുടെ കുടല്‍ പകരമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വസ്തുത, കുടലിലെ ബാക്ടീരിയകള്‍ ചത്തുപോകാതെ നോക്കണമെന്നതാണ്. ഒരു വലിയ സംഘം ഡോക്ടര്‍മാരും ഡയറ്റീഷ്യന്‍മാരും ഫിസിയോ തെറപ്പിസ്റ്റുകളുമെല്ലാം ചേര്‍ന്നാണു കുടല്‍ ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയെ സൗഖ്യത്തിലേക്കും ജീവിതത്തിലേക്കും തിരികെ കൊണ്ടുവരുന്നത്.