Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാക്സിൻ എടുക്കൂ ഡിഫ്തീരിയ തടയൂ

diphtheria-vaccine

ശരീരത്തിന്റെ ആന്തരികാവയവങ്ങളെ കാർന്നു തിന്നാൻ ശേഷിയുള്ള രോഗമാണ് ഡിഫ്തീരിയ. 15 വയസിൽ താഴെ പ്രായമുള്ളവരെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ നമ്മൾ തന്നെ മനസ്സുവച്ചാൽ മാത്രം മതി.

എന്താണ് ഡിഫ്തീരിയ

കോറിനേബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയയാണു രോഗം പകർത്തുന്നത്. ഇത് ഉൽപാദിപ്പിക്കുന്ന ടോക്സിൻ ശരിരത്തിലെ കോശങ്ങളെ.ും അവയവങ്ങളെയും പ്രവർത്തനരഹിതമാക്കുന്നു. തുമ്മുക, സംസാരിക്കുക തുടങ്ങിയവയിലൂടെയാണ് സാധാരണയായി രോഗം പകരുന്നത്. ഈ ബാക്ടീരിയ ശ്വാസനാളം വഴി മൂക്കിലും തൊണ്ടയിലും എത്തുകയും തുടർന്ന് അണുബാധ ഉണ്ടായി ശരീരം മുഴുവൻ വ്യാപിക്കുകയും ചെയ്യുന്നു.

പ്രധാനമായും രണ്ടു തരത്തിലാണ് ഡിഫ്തീരിയ കണ്ടുവരുന്നത്. തൊലിപ്പുറത്ത് എക്സിമ പോലെ വ്രണങ്ങൾ ഉണ്ടാകുകയും ഇവ ഉണങ്ങാൻ കാലതാമസം എടുക്കുകയും ചെയ്യുന്നു. ഇത് അത്ര ഗുരുതരമായ ഡിഫ്തീരിയ അല്ല. രണ്ടാമത്തെ വിഭാഗം റെസ്പിറേറ്ററി സിസ്റ്റത്തെയാണ് ബാധിക്കുന്നത്. മരണത്തിലേക്കുവരെ കൊണ്ടെത്തിക്കുന്നത് ഈ ഡിഫ്തീരിയയാണ്. റെസ്പിറേറ്ററി സിസ്റ്റത്തെ ബാധിക്കുന്ന ഈ രോഗാണു ശരീരത്തെ മുഴുവൻ അണുബാധയിലാക്കുന്നു. ഇതിന്റെ ഫലമായി കോശങ്ങൾ നശിക്കുകയും ചില ഭാഗങ്ങളിൽ നീര് ഉണ്ടാകുകയും ചെയ്യുന്നു. ശ്വാസം എടുക്കുമ്പോൾ തടസം അനുഭവപ്പെടുക, ചുമ, ശരീര വേദന, ചില ആളുകളിൽ പനി എന്നിവയാണ് ലക്ഷണങ്ങൾ. ആദ്യത്തെ നാലു ദിവസം ഈ രീതിയിലായിരിക്കും രോഗം കാണുക.

ഒരാഴ്ച കഴിയുമ്പോഴേക്കും രോഗത്തിന്റെ തീവ്രത വർധിക്കും. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനെ തുടർന്ന് ശരീരത്തിന് ആവശ്യമായ ഓക്സിജൻ കിട്ടാതെ വരുന്നു. ശരീരത്തിന് അവശ്യംവേണ്ട സാധനങ്ങൾ ആഗിരണം ചെയ്യുന്ന ഞരമ്പുകൾ ഉൾപ്പടെയുള്ള പ്രധാന ഭാഗങ്ങളെ ബാക്ടീരിയ തളർത്തുകയും ഹൃദയതാളത്തിൽ വ്യതിയാനം ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിനെത്തുടർന്ന് ഹൃദയം നിലച്ചു പോകുന്ന അവസ്ഥയിലേക്ക് രോഗി എത്തപ്പെടുന്നു.

രണ്ടാഴ്ച കഴിയുമ്പോഴേക്കും മുഴുവൻ ഞരമ്പുകളെയും ബാധിക്കുകയും മൂക്കിലൂടെ വായു അകത്തേക്കു പ്രവേശിക്കുന്ന ഞരമ്പ് പ്രവർത്തനരഹിതമാകുന്നു. ശരീരത്തിലെ മുഴുവൻ ഞരമ്പുകൾക്കും ബലക്കുറവ് അനുഭവപ്പെടും. തലച്ചോറിലെ ഞരമ്പുകളെ, പ്രധാനമായും മുഖത്തിലെ ഞരമ്പുകളെ ബാധിച്ച് വെള്ളം ഇറക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുന്നു. തുടർന്ന് ശരീരത്തിലെ ഓരോ അവയവങ്ങളും പ്രവർത്തനഹരിതമാകുന്നു.

മരണത്തിലേക്കു നയിക്കാനുള്ള പ്രധാന കാരണങ്ങൾ

  1. റെസ്പിറേറ്ററി സിസ്റ്റത്തെ ബാധിക്കുന്നതിനാൽ ശ്വാസനാളിയിൽ തടസം ഉണ്ടാകുകയും ആവശ്യത്തിനുള്ള ഓക്സിജൻ ശരീരത്തിൽ എത്തിപ്പെടാതിരിക്കുകയും ചെയ്യുന്നു. പതുക്കെ പതുക്കെ ശ്വാസതടസം തന്നെ അനുഭവപ്പെടുന്നു.

  2. ഹൃദയതാളം തെറ്റിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ച് ഹൃദയം നിലച്ചു പോകുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.

പ്രതിരോധം എങ്ങനെ?

ഏറ്റവും ഫലപ്രദമായ പ്രതിരോധം ഡിപിടി വാക്സിൻ തന്നെയാണ്. ഈ വാക്സിൻ 80 മുതൽ 100 ശതമാനം വരെ രോഗത്തിൽ നിന്നു സംരക്ഷണം നൽകാൻ പര്യാപ്തമാണ്. രോഗത്തെ തടഞ്ഞു നിർത്താനും സാധിക്കും. അഞ്ചു ഡോസുകളായാണ് ഈ വാക്സിൻ നൽകുന്നത്. കുഞ്ഞു ജനിച്ച് ഒന്നര മാസം ആകുമ്പോൾ ആദ്യ ഡോസ്, രണ്ടര മാസം, മൂന്നര മാസം, ഒന്നര വയസ്, നാലര വയസ് എന്നിങ്ങനെയാണ് വാക്സിൻ എടുക്കേണ്ട പ്രായം. ഏഴുവയസു വരെയുള്ള കുട്ടികൾ ഈ വാക്സിൻ നൽകാവുന്നതാണ്. ഏഴു വയസു കഴിഞ്ഞ കുട്ടികൾക്ക് Td വാക്സിൻ നൽകണം. കഴിഞ്ഞ ദിവസം മലപ്പുറത്ത് മരണമടഞ്ഞ കുട്ടിക്ക് വാക്സിൻ എടുത്തിട്ടുണ്ടായിരുന്നില്ല എന്നതും ഓർക്കേണ്ടതാണ്.

ചികിത്സ

രോഗബാധിതനായ വ്യക്തിയുടെ ശരീരത്തെ മുഴുവൻ പ്രവർത്തനരഹിതമാക്കുന്നത് ബാക്ടീരിയ അക്തതു പ്രവേശിച്ചു കഴിഞ്ഞുള്ള ടോക്സിന്റെ പ്രവർത്തനമാണ്. അതിനാൽത്തന്നെ ആന്റി ടോക്സിൻ നൽകുകയാണ് ചെയ്യേണ്ടത്. രണ്ടായിരം മുതൽ ഒരു ലക്ഷം വരെ യൂണിറ്റ്, രോഗത്തിന്റെ തീവ്രത അനുസരിച്ച് നൽകണം. നിർഭാഗ്യമെന്നു പറയട്ടെ, ഈ മരുന്ന് കേരളത്തിൽ കിട്ടാനില്ല. ചെലവും വളരെ കൂടുതലാണ്. ശരീരത്തിൽ അണുബാധ പടരാതിരിക്കാൻ ആന്റിബയോട്ടിക്കുകൾ നൽകും. രോഗം ബാധിക്കാത്ത കോശങ്ങളെ സംരക്ഷിക്കാൻ ആന്റിബയോട്ടിക്കുകൾക്ക് സാധിക്കും. ഏറ്റവും നല്ല പോംവഴി ചെറുപ്പത്തിലേ തന്നെ കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധശേഷിക്കു വേണ്ട വാക്സിനുകൾ നൽകുകയാണ്. രോഗം വന്നു കഴിഞ്ഞ് ചികിത്സിക്കുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലത് രോഗം വരാതെ നോക്കുക എന്നതു തന്നെ.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ജോസ്. ഒ

അസോസിയേറ്റ് പ്രൊഫസർ മെഡിക്കൽകോളജ്, ആലപ്പുഴ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.