Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റർനെറ്റ് ചികിത്സയ്ക്കു പോകുമ്പോൾ

internet-treatment

കൈയിലൊരു ചെറിയ തടിപ്പുവന്നാൽ, കാലി‌നൊരു വേദന തോന്നിയാൽ, ദേഹത്തിലെവിടെയെങ്കിലുമൊരു അലർജി കണ്ടാൽ ഡോക്ടറെ കാണുന്നതിനു മുൻപ് ഇ-പ്രവചനത്തിന് പോവുക ഇപ്പോഴൊരു ട്രെൻഡാണ്. സ്വയം ചികിത്സയ്ക്കും മുൻപേ ഉള്ള ആരോഗ്യം വച്ച് സ്വന്തം രോഗ ലക്ഷണങ്ങളമായി ഗൂഗിളിലൊരു പരതൽ. ഇതിന് വഴിയൊരുക്കി എണ്ണിയാലൊടുങ്ങാത്ത സൈറ്റുകളുമുണ്ട്. ഇവിടങ്ങൾ തരുന്ന വിവരങ്ങളിൽ സംതൃപ്തരായി സ്വന്തമായങ്ങ് ചികിത്സ തുടങ്ങുന്നവരും ഏറെ. വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷം വൈദ്യലോകം കണ്ടെത്തുന്ന സങ്കീർണമായ കാര്യങ്ങളെ ഒരു കംപ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിച്ച് കൃത്യമായി മനസിലാക്കാമെന്ന് ചിന്തിക്കുന്നവർ ഹാർവാർ‍ഡ് മെഡിക്കൽ സംഘം പുറത്തുവിട്ട വിവരങ്ങൾ അറിയേണ്ടതുണ്ട്. ഓൺലൈൻ സിംപ്റ്റം ചെക്കിങ് സൈറ്റുകൾ കൃത്യമായ രോഗ പ്രവചനം നടത്തുന്നത് വെറും മൂന്നിലൊന്ന് സമയം മാത്രമാണെന്നാണ് പഠനസംഘത്തിന്റെ കണ്ടെത്തൽ.

സ്വയം രോഗ നിർണയത്തിന് ഇന്റർനെറ്റിനെ ആശ്രയിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഏറിവരികയാണ്. സിംപ്റ്റം ചെക്കിങ് സൈറ്റുകളുടെ കാര്യവും അങ്ങനെ തന്നെ. പഠന സംഘത്തെ നയിച്ച അതീവ് മെഹ്രോത്ര പറഞ്ഞു. രോഗ ലക്ഷണങ്ങളുടെ പട്ടിക തയ്യാറാക്കി പൊതുവെ ഉപയോഗിക്കുന്ന 23 സിംപ്റ്റം ചെക്കിങ് സൈറ്റുകളിൽ നൽകിയാണ് പഠനം നടത്തിയത്. അമേരിക്ക, ബ്രിട്ടൺ, നെതർലൻഡ് എന്നിവിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ആസ്ക് എംഡി, iTriage എന്നിവ പോലുള്ള പ്രസിദ്ധമായ സൈറ്റുകളിലുൾപ്പെടെയാണ് പഠനം നടത്തിയത്. മൂന്നിലൊന്ന് സമയത്തു മാത്രമാണ് രോഗ ലക്ഷണങ്ങൾ നൽകുമ്പോൾ കൃത്യമായ നിർണയം നടത്തുന്നത്. ആദ്യം ലഭിക്കുന്ന മൂന്ന് ഫലങ്ങളിൽ 51 ശതമാനം മാത്രമാണ് സത്യം. തിരച്ചിൽ കുറച്ചുകൂടി ഊർജ്ജിതമാക്കി ആദ്യ 20 ഫലങ്ങളിൽ എത്തിയാൽ 58 ശതമാനം ആധികാരികതയുണ്ടാകും.

രോഗലക്ഷണം ടൈപ്പ് ചെയ്തു നൽകുമ്പോൾ രോഗമേതെന്നു പ്രവചിക്കുന്ന സൈറ്റുകൾക്ക് തീർത്തും കൃത്യതയില്ല. സൈറ്റ് പറയുന്നതല്ലാം തങ്ങൾക്കുമുണ്ടെന്ന് ചിന്തിച്ച് അനാവശ്യ ഭയത്തിലേക്കും ചികിത്സയിലേക്കും നീങ്ങുന്നവരുടെ എണ്ണം ഏറുകയാണിപ്പോൾ. അതീവ് മെഹ്രോത്രയുടെയും സംഘത്തിന്റെയും പഠനഫലം ബ്രിട്ടിഷ് മെഡിക്കൽ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിംപ്റ്റം ചെക്കിങ് സൈറ്റുകൾ കൃത്യമായ ‌രോഗനിർണയം നടത്തുന്നില്ലെങ്കിലും അവ രോഗികൾക്ക് നൽകുന്ന നിർദ്ദേശങ്ങളിൽ മിക്കവയും ശരിയാകാറുണ്ടെന്നും പഠനസംഘം കണ്ടെത്തി. അതായത് നന്നായി വിശ്രമിക്കൂ, ഉടൻ ഡോക്ടറെ കാണൂ അങ്ങനെയുള്ള വിവരങ്ങളും സൈറ്റുകൾ നൽകാറുണ്ട്. സിംപ്റ്റം ചെക്കിങ് സൈറ്റുകളെല്ലാം വളരെ പഴയതാണ്. തങ്ങളുടെ പഠനഫലം ഏറ്റവും പുതിയ സിംപ്റ്റം ചെക്കിങ് സൈറ്റുകളുടെ കടന്നുവരവിന് വഴിയൊരുക്കുമെന്നും മെഹ്രോത്ര പ്രതീക്ഷിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.