Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസരം കാത്ത് രോഗങ്ങൾ

summer'

കേരളം കനത്ത വേനൽച്ചൂടിന്റെ പിടിയിലാണ്. എൽനിനോ പ്രതിഭാസം മൂലം വരുംദിനങ്ങളിൽ അന്തരീക്ഷ താപനില വീണ്ടും ഉയരുമെന്നാണു സൂചന. പലയിടങ്ങളിലും ശുദ്ധജല ക്ഷാമവും നേരിടുന്നുണ്ട്. നീരൊഴുക്കു നിലച്ച ജലാശയങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നു. ആളുകൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാതെ റോഡരുകിൽ. മലിനജലത്തിൽ നിന്നു പകരുന്ന ജലജന്യ രോഗങ്ങളും കൊതുകുകൾ പരത്തുന്ന സാംക്രമിക രോഗങ്ങളും പടർന്നുപിടിക്കുന്ന അനുകൂല സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

എലിപ്പനി, ചെള്ളുപനി തുടങ്ങിയ സാംക്രമിക രോഗങ്ങൾക്കു പുറമേ ശുദ്ധജലക്ഷാമം രൂക്ഷമായതോടെ മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാലിന്യ സംസ്കരണവും കൊതുകുനിവാരണ സംരംഭങ്ങളും കാര്യമായി വിജയിച്ചിട്ടില്ലാത്ത സംസ്ഥാനത്തിന്റെ ഭാഗങ്ങളിൽ സ്ഥിതി അപകടകരമാകും.

കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങൾ മലിനജലത്തെ ആശ്രയിക്കാനിടയുണ്ട്. ഇടയ്ക്കിടെ പെയ്യുന്ന വേനൽമഴയിൽ കുത്തിയൊലിച്ചുവരുന്ന മാലിന്യങ്ങളും കുടിവെള്ള സ്രോതസ്സുകളെ മലിനപ്പെടുത്താം. ജലജന്യരോഗങ്ങളായ ടൈഫോയ്ഡ്, കോളറ, ഛർദി അതിസാര രോഗങ്ങൾ, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവയാണ് ഇപ്പോൾ പടർന്നു പിടിക്കുവാൻ സാധ്യത കൂടുതൽ.

പൊതുവേ ഉയർന്ന ഈർപ്പനില (ഹ്യൂമിഡിറ്റി) ഉള്ള കേരളത്തിൽ അന്തരീക്ഷ താപനിലകൂടി ഉയർന്നപ്പോൾ കൊതുകുകൾക്കു പ്രജനനം നടത്താൻ അനുകൂല സാഹചര്യമാണു സംജാതമായിരിക്കുന്നത്. ഈഡിസ് കൊതുകുകൾ പരത്തുന്ന ഡെങ്കിപ്പനി, ചിക്കുൻഗുനിയ, ക്യൂലക്സ് കൊതുകുകൾ പരത്തുന്ന ജപ്പാൻജ്വരം, വെസ്റ്റ് നൈൽ പനി, അനോഫിലസ് കൊതുകുകൾ പരത്തുന്ന മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത ഉണ്ടാകേണ്ടതുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ സ്ഥാനമേറ്റു മാസങ്ങൾ കഴിഞ്ഞിട്ടും ഫലപ്രദമായ മാലിന്യസംസ്കരണ പദ്ധതികൾ നടപ്പിലാക്കാൻ ഭൂരിപക്ഷം ഭരണസമിതികൾക്കും കഴിഞ്ഞിട്ടില്ല. തന്നെയുമല്ല, പരിസരശുചിത്വത്തിന്റെ കാര്യത്തിൽ കേരളത്തിലെ നഗരങ്ങൾ വളരെയേറെ പിന്നോട്ടാണെന്നു കേന്ദ്ര നഗരവികസന മന്ത്രാലയം പുറത്തുവിട്ട സർവേഫലങ്ങൾ സൂചിപ്പിക്കുന്നു.

ശുചിത്വത്തിൽ നാലാം സ്ഥാനത്തായിരുന്ന കൊച്ചി ഇപ്പോൾ 55–ാം സ്ഥാനത്താണ്. വൃത്തിയുടെ കാര്യത്തിൽ എട്ടാം സ്ഥാനമുണ്ടായിരുന്ന തിരുവനന്തപുരം 40–ാം സ്ഥാനത്തേക്കും 41–ാം സ്ഥാനമുണ്ടായിരുന്ന കോഴിക്കോട് 44–ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടിരിക്കുകയാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാർഡുതല സാനിറ്റേഷൻ കമ്മിറ്റികൾ പൊതുജന പങ്കാളിത്തത്തോടെ പുനഃസംഘടിപ്പിച്ച് ഊർജിത മാലിന്യനിർമാർജന പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കണം. ഓടകൾ ശുചീകരിച്ചും വെള്ളക്കെട്ടുകൾ ഒഴിവാക്കിയും കൊതുകുനിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. ശുചീകരണ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനായി റസിഡന്റ്സ് അസോസിയേഷനുകളുടെയും മറ്റ് എൻജിഒകളുടെയും സഹകരണം തേടാവുന്നതാണ്.

പൈപ്പ് കംപോസ്റ്റിങ്, മോസ്പിറ്റ് കംപോസ്റ്റിങ്, മൺകല കംപോസ്റ്റിങ്, മണ്ണിര കംപോസ്റ്റിങ്, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ ഉറവിട മാലിന്യസംസ്കരണത്തിന് ആവശ്യമായ സാമഗ്രികൾ വിതരണം ചെയ്യാനും ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും തദ്ദേശസ്ഥാപനങ്ങൾ മുൻകയ്യെടുക്കണം.

പകർച്ചവ്യാധി നിയന്ത്രണത്തിനു പ്രതിരോധം, ചികിൽസ, ബോധവൽക്കരണം തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത്. ആരോഗ്യ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഏകോപനമില്ലായ്മ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. പഞ്ചായത്ത്– മുനിസിപ്പാലിറ്റി തലത്തിൽ ഇവയുടെ സംയുക്ത സമിതികൾ ഉണ്ടാകണം.

രോഗനിർണയം കുറ്റമറ്റതും എളുപ്പത്തിലുമാക്കാൻ സ്റ്റേറ്റ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ഫീൽഡ് സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളെ ജില്ലാതല രോഗനിർണയ സംവിധാനങ്ങളുമായി ബന്ധപ്പെടുത്താവുന്നതാണ്. മെഡിക്കൽ കോളജിലെ സാമൂഹികാരോഗ്യ വിഭാഗം, പകർച്ചവ്യാധി നിയന്ത്രണ വിഭാഗം, അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസസ് സ്റ്റഡീസ് തുടങ്ങിയ സാങ്കേതിക സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് പകർച്ചവ്യാധി നിയന്ത്രണ പരിപാടികളിൽ ആരോഗ്യവകുപ്പിനു പങ്കാളിയാകാവുന്നതാണ്.

ഇതിനൊക്കെ പുറമേ ഉണരേണ്ടത് മലയാളിയുടെ പൗരബോധമാണ്. ഓരോ മഴക്കാലവും പനിക്കാലമാകാൻ കാത്തിരിക്കരുത്. മാലിന്യങ്ങൾ റോഡിലേക്കും പൊതുസ്ഥലങ്ങളിലേക്കും വലിച്ചെറിയുമ്പോൾ നാം ഓർക്കേണ്ടത് അവ രോഗങ്ങളായി തിരിച്ചുവരുമെന്നാണ്. നമ്മുടെ വീട്ടിലുണ്ടാകുന്ന മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിക്കാൻ നമുക്കു കഴിയണം. അല്ലെങ്കിൽ ഭാവിയിൽ വലിയ വില നൽകേണ്ടിവരും.

തിരഞ്ഞെടുപ്പു ചൂടിനിടയിൽ സ്വാഭാവികമായും ജനപ്രതിനിധികളുടെ ശ്രദ്ധ പ്രചാരണ പ്രവർത്തനങ്ങളിലേക്കു തിരിയും. ഈ അവസരം മുതലെടുത്ത് പകർച്ചവ്യാധികൾ കൂട്ട ആക്രമണം അഴിച്ചുവിടാൻ അനുവദിച്ചുകൂടാ. രോഗപ്രതിരോധത്തിനും ബോധവൽക്കരണത്തിനും ഊന്നൽ നൽകിയുള്ള ഊർജിത പകർച്ചവ്യാധിനിയന്ത്രണ പദ്ധതികൾ നടപ്പിലാക്കാൻ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇനി അമാന്തിച്ചുകൂടാ. പഴയതും പുതിയതുമായ ഒട്ടേറെ സാംക്രമിക രോഗങ്ങൾ പടിക്കു പുറത്തു കാത്തുനിൽപുണ്ടെന്ന കാര്യം മറക്കരുത്.

(തിരുവനന്തപുരം മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം പ്രഫസറാണ് ലേഖകൻ)

Your Rating: