Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായയുടെ കടിയേറ്റാൽ ഉടൻ ചെയ്യേണ്ടത്, വിഡിയോ കാണാം

dog-biting

ഇന്ന് ഏതു പത്രം നോക്കിയാലും ദിവസവും കാണുന്ന വാർത്തയാണ് പട്ടിയുടെ കടിയേറ്റു പരിക്കേറ്റവരെ കുറിച്ചുള്ളത്. മാത്രമല്ല തെരുവുനായ്ക്കൾ കേരളത്തിലെ വലിയ സാമൂഹ്യപ്രശ്നമായി കൂടി മാറിയിട്ടുണ്ട്. നായയുടെ കടിയേൽക്കുന്നതുമ‍ൂലമുള്ള ഭവിഷ്യത്ത് പേവിഷബാധയാണ്. നായയ‍ുടെ ഉമിനീരിലൂടെ മനുഷ്യശരീരത്തിലെത്തുന്ന വൈറസ് മരണത്തിനു കാരണമാകുന്നു. പേവിഷബാധയേറ്റു കഴിഞ്ഞാൽ അതിൽ നിന്നു മുക്തി നേടാനുള്ള മരുന്നുകൾ ഇല്ല. മരണമാണ് ഫലം. എന്നാൽ ഈ രോഗത്തെ പ്രതിരോധിക്കാൻ കഴിയും, കൃത്യമായ ചികിത്സയിലൂടെ. നായ കടിച്ചാൽ ചെയ്യേണ്ട പ്രഥമശ‍ുശ്രൂഷകളും ആശുപത്രിയിലെ ചികിത്സയും എന്താണെന്നു മനസ്സിലാക്കാം.

ഒഴുകുന്ന വെള്ളത്തിൽ കഴുകുക

വീട്ടിൽ വളർത്തുന്ന നായ ആണെങ്കിലും തെരുവുനായ ആണെങ്കിലും കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്ക‍ുകയാണ്. ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റോളം കഴുകണം. സോപ്പ് ഉപയോഗിച്ചു വേണം മുറിവ് കഴുകാൻ. ആൻറിബാക്ടീരിയൽ സോപ്പ് തന്നെ വേണമെന്നില്ല. കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പ് ആണെങ്കിലും മത‍ി. മുറിവ് എന്നു പറയുമ്പോൾ അത് ആഴത്തിൽ തന്നെ ആകണമെന്നില്ല. ചെറുതായി മാന്തിയതാണെങ്കിലും കഴുകണം. മുറിവ് നന്നായി കഴുകുന്നത് അണുക്കളെ പുറത്തുകളയാൻ സഹായിക്കും. ‌

റാബ്ഡോ ഇനത്തിൽപ്പെട്ട വൈറസാണ് പേവിഷബാധയ്ക്കു കാരണം. ഈ വൈറസിനെ പൊതിഞ്ഞ് ഒരു കൊഴുപ്പു പാളിയുണ്ട്. സോപ്പ‍്, ഫിനേ‍ാൾ, അയോഡിൻ എന്നിവയ്ക്ക് ഈ പാളിയെ തകർക്കാനുള്ള ശേഷിയുണ്ട്. അങ്ങനെ വൈറസും നശിക്കും. സോപ്പ് ഉപയോഗിച്ചു കഴുകണമെന്നു പറയുന്നതിന്റെ കാരണമിതാണ്. മുറിവിനുള്ളിലേക്ക് ആഴത്തിൽ വൈറസ് കടന്നിട്ടുണ്ടെങ്കിൽ അതു കഴുകി കളയാൻ പ്രയാസമാണ്. മുറിവ് വൃത്തിയാക്കി കഴിഞ്ഞാൽ കടിയേറ്റ വ്യക്തിയെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കണം. ചെറിയ മുറിവാണെങ്കിൽ പോലും നിർബന്ധമായും വൈദ്യസഹായം തേടണം. മുറിവ് വൃത്തിയാക്കുന്നത് ഒരിക്കലും വാക്സിനേഷൻ എടുക്കുന്നതിനു പകരമാകില്ല.

മുറിവ് ഡ്രസ് ചെയ്യണമെന്നില്ല

കടിയേറ്റ ഭാഗം ബാൻഡേജ് പോലുള്ളവ കൊണ്ട് കെട്ടിവയ്ക്കണമെന്നില്ല. മുറ‍ിവ് തുറന്ന രീതിയിൽ തന്നെ ആശുപത്രിയിൽ എത്തിക്കുക. മുറ‍ിവിൽ നിന്നുള്ള രക്തസ്രാവം അഞ്ച് മിനിറ്റു കൊണ്ടു തന്നെ നിലയ്ക്കും എന്നാൽ ചിലരിൽ രക്തസ്രാവം കൂടുതൽ നേരം നീണ്ടുനിൽക്കാറുണ്ട്. ഇത്തരക്കാരുടെ മുറിവിൽ നല്ല വൃത്തിയുള്ള തുണിയോ മറ്റോ കൊണ്ട് അമർത്തി പിടിക്കുക.

ആശുപത്രിയിൽ എത്ത‍ിയാൽ

പേവിഷബാധയെ തടുക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് വാക‍്സിനേഷൻ. നായ കടിച്ചാലുള്ള ചികിത്സ സംബന്ധിച്ച് ലോകാരോഗ്യസംഘടന വ്യക്തമായ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട് . അതു മൂന്നു കാറ്റഗറികളായി തിരിച്ചിട്ടുണ്ട്.

കാറ്റഗറി 1– ഭ്രാന്ത് സംശയിക്കുന്ന/സംശയിക്കാത്ത നായ മുറ‍ിവ് പറ്റാത്ത രീതിയിൽ തൊടുകയോ നക്കുകയോ ചെയ്താൽ പ്രശ്നമില്ല. വാക‍്സിനേഷന്റെ ആവശ്യമില്ല. ‌

കാറ്റഗറി 2– നായ തൊലിപ്പുറത്ത് മാന്തുക, രക്തസ്രാവം വരാത്ത തരത്തിൽ കടിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ നിർബന്ധമായും വൈദ്യസഹായം തേടണം. വാക്സിനേഷൻ എടുക്കണം.

കാറ്റഗറി 3 – ത്വക്ക് തുളഞ്ഞു കയറുന്ന തരത്തിലുള്ള തീവ്രതയേറിയ കടി/ മാന്തൽ (പ്രത്യേകിച്ച് തലച്ചോറിനോ‌ടു ചേർന്നുള്ള മുഖം പോലുള്ള ഭാഗങ്ങളിൽ) തൊലി പോയിടത്ത് നക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ എത്രയും പെട്ടന്നു പ്രതിരോധകുത്തിവയ്പ് എടുക്കണം. പുറമെ ആൻറി റാബിസ് ഇമ്മ്യൂണോഗ്ലോബുലിൻ നൽകണം.

തെരുവു നായ ആണെങ്കിൽ

തെരുവു നായ ആണെങ്കിൽ അതിനു പേ ഉണ്ടായാലും ഇല്ലെങ്കിലും മുഴുവൻ ഡോസ് കുത്തിവയ്പും എടുക്കണം. വീട്ടിലെ നായയോ തെരുവ് നായയോ ആണെങ്കിലും എത്രയും പെ‌ട്ടെന്നു വാക്സിനേഷൻ എടുക്കാനാണ് ഇപ്പോൾ ഡോക്ടർമാർ നിർദേശിക്കുന്നത്. എല്ലാ പ്രായക്കാർക്കും കുത്തിവയ്പിന്റെ ഡോസ് ഒന്നാണ്. ഗർഭിണിയാണെങ്കിലും കുത്തിവയ്പ് എടുക്കാൻ ഉപേക്ഷ കാണിക്കരുത്. ഈ കു‍ത്തിവയ്പ് ഗർഭസ്ഥശിശുവിനെ ദോഷകരമായി ഒരിക്കലും ബാധ‍ിക്കില്ല. കുത്തിവയ്പ് എടുക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുന്നതിൽ നിയന്ത്രണമില്ല. കുട്ടികൾക്ക് പലപ്പോഴും മുഖത്ത‍ാണ് കടിയേൽക്കുക. അവരുടെ പൊക്ക കുറവാണ് ഇതിനു കാരണം. തലച്ചോറിനടുത്ത സ്ഥലമായതിനാൽ കുട്ടികളുടെ വാക്സിനേഷൻ കര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പനി, മുറിവ് ഉണങ്ങാതിരിക്കുക തുടങ്ങിയ അവസ്ഥകളിൽ ഡോക്ടറുടെ സഹായം തേടണം.

ശ്രദ്ധിക്കുക

വീട്ടിൽ നായയെ പരിപാലിക്കുമ്പോൾ നല്ല ശ്രദ്ധ വേണം. നായക്ക് കൃത്യസമയങ്ങളിൽ പ്രതിരോധ കുത്തിവയ്പുകൾ എടുക്കണം. വീട്ടിലെ കുട്ടികളെ നായയുടെ അടുത്തി‌ടപഴകാൻ അനുവദിക്കരുത്.

കുത്തിവയ്പ് എങ്ങനെ?

നിശ്ചിത ഇടവേളകളിൽ കുത്തിവയ്പ് എടുത്താണ് റാബിസിനെതിരെ പ്രത‍ിരോധശേഷി ഉണ്ടാക്കുന്നത്. പണ്ട് പൊക്കിളിനു ചുറ്റുമുള്ള വേദനയേറിയ കുത്തിവയ്പാണ് നൽകിയിരുന്നത്. ഇന്ന് അതില്ല. കൈമുട്ടിനു മുകളിൽ പേശിയിലാണ് കുത്തിവയ്പ് എടുക്കുന്നത് (ഇൻട്രാ മസ്കുലാർ). 0, (കടി‍ച്ച ദിവസം) 3, 7, 14, 28 എന്നീ ദിവസങ്ങളിലായാണ് കുത്തിവയ്പ് നൽകു‍ന്നത്. പേശ‍ികളിൽ എടുക്കുന്നതിനു പകരം തൊലിപ്പുറത്തെടുക്കുന്ന െഎഡിആർവി (ഇൻട്രാഡെർമൽ റാബിസ് വാക്സിനേഷൻ) 0, 3, 7, 28 എന്നീ ദിവ‍സങ്ങളിലാണ് എടുക്കുന്നത്. 90ാം ദിവസം ബൂസ്റ്റർ ഡോസും എടുക്കാം.

ഡോ. വേണ‍ുഗോപാലൻ പി.പി.
ഡയറക്ടർ, എമർജൻസി വിഭാഗം. ആസ്റ്റർ ഡിഎം ഹെൽത് കെയർ  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.