Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംശയരോഗമുണ്ടോ? ‘സംശയം’ മാറ്റാം

doubt

ഭാര്യയ്ക്ക് എപ്പോഴും എന്നെ സംശയമാണ്. പരസ്ത്രീ ബന്ധത്തിന്റെ തെളിവിനു വേണ്ടി പരതും. മണത്തുനോക്കും....ഒടുവിൽ സംശയരോഗം ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും മുൻപേ പരിഹരിക്കാം

തലസ്ഥാനനഗരത്തിലെ ഒരു കോളേജ് അധ്യാപകൻ ഭാര്യ സ്കൂൾ ടീച്ചർ .അവരെ കണ്ടാൽ മേഡ് ഫോർ ഈച്ച് അദർ എന്നു പറഞ്ഞുപോകും അത്രയ്ക്കുണ്ട് ചേർച്ച. ഒരു സുന്ദരനും സുന്ദരിയും ആർക്കും അസൂയതോന്നിക്കുന്ന ജീവിതം...

ആ അധ്യപകൻ നിറഞ്ഞ കണ്ണുകളോടെയാണ് തന്റെ ദുരന്ത ജീവിതം മനശാസ്ത്രജ്ഞനോട് പറഞ്ഞത് സർ എന്റെ ഭാര്യയ്ക്കു എന്നെ സംശയമാണ്. മറ്റു സ്ത്രീകളുമായി ബന്ധമുണ്ടോയെന്നാണ് സംശയം .കോളേജിൽ നിന്നും മടങ്ങി വീട്ടിലെത്തി , വാതിൽ കടക്കുമ്പോൾ തന്നെ പിറകേകൂടി ചോദ്യം ചെയ്യാൻ തുടങ്ങും. ഇന്ന് ആരുടെ കൂടെയാ കിടന്നത്? എന്നൊക്കെയാവും ചോദ്യം. പിന്നെ ഷർട്ടും വസ്ത്രങ്ങളുമൊക്കെ പരിശോധിക്കും പരസ്ത്രീ ബന്ധത്തിന്റെ തെളിവിനുവേണ്ടി പരതും. മണത്തുനോക്കും ഒടുവിൽ അയാൾ പറയാൻ അറച്ച് ഒന്നു നിർത്തി. പിന്നെ തുടർന്നു.

എന്നെ കിടപ്പു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോകും.പിന്നെ നിർബന്ധിച്ച് സ്വയംഭോഗം ചെയ്യിക്കും. സ്കൂൾ ലാബിൽ നിന്നോ മറ്റോ എടുത്തുകൊണ്ടുവന്ന ഒരു അളവുഗ്ലാസുണ്ട് ഭാര്യയുടെ കൈയിൽ .സെമൻ അതിൽ ശേഖരിച്ച് , സൂക്ഷ്മമായി പരിശോധിക്കും .അളവ് പതിവിലും കുറഞ്ഞാൽ പിന്നെ കഴിഞ്ഞു..ഡോക്ടറെ ഞാൻ മടുത്തു ഈ ജീവിതം അധ്യാപകൻ വിതുമ്പലൊതുക്കാൻ പണിപ്പെടുന്നുണ്ടായിരുന്നു.

ജീവിതം തകർക്കുന്ന സംശയരോഗം

ഇതുപോലെ എത്രയോപേരുടെ ജീവിതം തകർക്കുന്ന തകർത്തുകൊണ്ടിരിക്കുന്ന മാനസിക പ്രശ്നമാണ്. സംശയരോഗം . എന്നാൽ എല്ലാ സംശയവും രോഗമാണോ? അല്ല. സംശയിക്കുകയെന്നുള്ളതു മനുഷ്യ ചിന്തയുടെ വലിയൊരു കഴിവുകൂടിയാണ് . അപരിചിതമായ സാഹചര്യത്തിൽപെടുമ്പോഴോ അവ്യക്തമായ ചുറ്റുപാടുകളോ സംശയം ഉണ്ടാക്കുക സ്വഭാവികം .പലപ്പോഴും കാഴ്ചയും കേൾവിയുമൊക്കെ കുറയുമ്പോൾ സംശയം കൂടാം. അവയൊന്നും സംശയരോഗത്തിന്റെ പരിധിയിൽ വരില്ല. നമ്മുടെ ചില ഉറച്ച വിശ്വാസങ്ങൾ പോലും ഒരു യുക്തിചിന്തയുടെ ഫലമായി സ്വയം തിരുത്താനാകും. പക്ഷേ ഒരു സംശയരോഗിക്ക് തന്റെ തെറ്റായ വിശ്വാസങ്ങൾ തെറ്റാണെന്നോ , തിരുത്തപ്പെടേണ്ടവയാണെന്നോ ഒരിക്കലും ബോധ്യം വരില്ല. തിരുത്താൻ കഴിയാത്തവിധം അചഞ്ചലമായ തെറ്റായ വിശ്വാസം ഉണ്ടായിരിക്കുകയും ആ ചിന്തയ്ക്കു പൊതു സമൂഹത്തിന്റെ പിന്തുണ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ സംശയം രോഗമായി കണക്കാക്കാം. മിക്കപ്പോഴും രോഗാതുരമായ ഒരു മാനസിക സാഹചര്യത്തിൽ നിന്നായിരിക്കും അത് ഉറവപൊട്ടുന്നത്.

സംശയരോഗികളിൽ പലർക്കും തെറ്റായ ശ്രവ്യാനുഭവങ്ങളും (മറ്റുള്ളവർ കേൾക്കാത്ത കാര്യങ്ങൾ കേൾക്കുന്ന അനുഭവം )ഉണ്ടായെന്നുവരാം. പക്ഷേ എല്ലാ സംശയരോഗികൾക്കും ഇതുണ്ടായിക്കൊള്ളണം എന്നു നിർബന്ധമില്ല. എന്നാൽ താൻ കാണുന്ന കാര്യങ്ങൾ തന്റെ മിഥ്യാധാരണയുടെ അടിസ്ഥാനത്തിൽ വ്യാഖ്യനിക്കുകയെന്ന ഡെല്യൂഷണൽ പെർസെപ്ഷൻ സംശയരോഗിയുടെ പൊതു സ്വഭാവമാണ്. ഒരാൾ ഒരു പേന സമ്മാനിച്ചാൽ അത് തന്റെ രഹസ്യങ്ങൾ ശേഖരിക്കാനുള്ള പെൻകാമറയാണെന്നു സംശയിക്കുന്നതു പോലുള്ള കാര്യങ്ങളാണ് ഡെല്യൂഷണൽ പെർസെപ്ഷൻ എന്ന അവസ്ഥയിൽ കാണുക.

മുപ്പതുകളിൽ രൂക്ഷമാകാം

ആൺപെൺ വ്യതിയാനമില്ലാതെ കണ്ടുവരുന്ന മനോരോഗമാണ് സംശയരോഗം. നമ്മുടെ സമൂഹത്തിൽ നൂറിൽ ഒന്നു മുതൽ മൂന്നുവരെ പേരിൽ ഈ രോഗം കാണും. മിക്കപ്പോഴും യൗവനത്തിന്റെ ആരംഭത്തിൽ കണ്ടു തുടങ്ങുന്ന രോഗം മുപ്പതുകളിലെത്തുമ്പോൾ രൂക്ഷമാകുന്നതായാണ് കാണാറ്. മദ്യപാനികളിലും മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരിലും സംശയരോഗസാധ്യത കൂടുതലാണ്.

സംശയം രണ്ടു വിധത്തിൽ

സംശയരോഗത്തെ പ്രധാനമായും രണ്ടുവിഭാഗമായി വേർതിരിക്കാം. ഡെല്യൂഷണൽ പെർസെപ്ഷൻ എന്നും ഡെല്യൂഷൻ ഓഫ് ഇൻഫിഡിലിറ്റി എന്നും. ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നതാണ് തുടക്കത്തിൽ പറഞ്ഞ കോളേജ് അധ്യാപകന്റെ ജീവിതാനുഭവം. തന്റെ പങ്കാളി വിശ്വാസ്തയല്ല, പങ്കാളിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്നുള്ള ഉറച്ച തെറ്റിദ്ധാരണയാണ് ഇതിന്റെ പൊതുവായ പ്രത്യേകത. നമ്മുടെ സമൂഹത്തിൽ താരതമ്യേന കൂടുതൽ ഈ വിഭാഗത്തിൽ പെട്ട സംശയരോഗമാണെന്നു പറയാം. എന്നിരുന്നാലും ഡെല്യൂഷണൽ പെർസെപ്ഷൻ എന്ന വിഭാഗത്തിൽ പെട്ടവരും കുറവല്ല. തന്നെ മറ്റുള്ളവർ നിരന്തരം വേട്ടയാടുന്നു. തന്നെയും കുടുംബത്തേയും നശിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്നു. അവസരം കിട്ടിയാൽ തന്നെ കൊല്ലാനായി അവർ കാത്തിരിക്കുകയാണ് എന്നൊക്കെയാണ് ഈ സംശയരോഗ വിഭാഗത്തിൽ പെട്ടവർ പൊതുവേ ചിന്തിക്കുന്നത്.

മൾട്ടിനാഷണൽ കമ്പനിയിലെ ഒരു ഉദ്യേഗസ്ഥന്റെ സംശയം താടിവെച്ച് തലപ്പാവു ധരിച്ച തീവ്രവാദികൾ തന്നെ കൊല്ലനായി നടക്കുന്നുവെന്നും ഏതു നിമിഷവും താൻ കൊല്ലപ്പെടുമെന്നുമായിരുന്നു. ഒടുവിൽ പോലീസിന്റെ സഹായം വരെ അഭ്യർത്ഥിച്ചു. അവരിൽ നിന്നും പരിഗണന കിട്ടാതായപ്പോൾ ഘാതകൻ പോലീസ് വേഷത്തിലും എത്തുമെന്ന് അയാൾ സംശയിച്ചു തുടങ്ങി.

പ്രധാനപ്പെട്ട ഒരു റിസർച്ച് സെന്ററിലെ ഒരു ഗവേഷകന് ഈ രോഗം പിടിപെട്ടു. ഗവേഷണഫലമായി താൻ കണ്ടെത്തുന്ന ഓരോ ആശയങ്ങളും മറ്റുള്ളവർ മോഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു. അയാളുടെ സംശയം . തനിക്കും തന്റെ ആശയങ്ങൾക്കും സംരക്ഷണം ആവശ്യപ്പെട്ടത് പ്രധാനമന്ത്രിക്കും പ്രസിഡന്റിനും വരെ കത്തെഴുതി. അതും പല തവണ...

രോഗനിർണയത്തിൽ പിഴവു പറ്റരുത്

രോഗനിർണയവും ശ്രദ്ധയോടെ ചെയ്യേണ്ട രോഗാവസ്ഥയാണ് സംശയരോഗം. ഒരിക്കൽ സംശയരോഗിയായ ഭർത്താവിനെ ഭാര്യ ഒരു മനോരോഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുന്നു ചികിത്സയും തുടങ്ങി. അപ്പോഴാണ് ഭാര്യയുടെ ശരീരഭാഷ അത്ര നന്നല്ല എന്നു മനഃശാസ്ത്രജ്ഞനു തോന്നിയത്. അവരുമായി നടത്തിയ കൂടികാഴ്ചയിൽ അവർക്ക് ചില അവിഹിതബന്ധങ്ങൾ ഉണ്ടെന്നും ഭർത്താവ് അതു കണ്ടുപിടിച്ചുവെന്നും തുറന്നു പറഞ്ഞു. ഭർത്താവിനു രോഗമുണ്ടായിരുന്നില്ല. തുടർന്ന് ഭർത്താവിനെ അനാവശ്യചികിത്സയിൽ നിന്നും രക്ഷിക്കാനും കഴിഞ്ഞു.

ഇത്തരം സംഭവങ്ങൾ കൃത്യമായ രോഗനിർണയത്തിന്റെ പ്രാധാന്യം വ്യക്താമാക്കുന്നു. റോഷാക് ടെസ്റ്റ് , തീമാറ്റിക് അപ്പർസെപ്ഷൻ ടെസ്റ്റ് എന്നിവ മുതൽ മിനസോട്ടോ മൾട്ടിഫേസിക് പേഴ്സണാലിറ്റി ഇൻവെന്ററ്റി വരെയുള്ള പരിശോധനാ മാർഗങ്ങൾ അവലംബിക്കേണ്ടിവരും. സംശയരോഗം ഉണ്ടെന്നു മനസ്സിലായാൽ അതിലാദ്യം ചികിത്സ തേടേണ്ടത് ഒരു സൈക്യാട്രിസ്റ്റിൽ നിന്നുമാണ്. മിക്കപ്പോഴും തുടക്കത്തിൽ മരുന്നിന്റെ സഹായം രോഗിക്കു വേണ്ടിവരും . ഒപ്പം , ചികിത്സയുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കാൻ സൈക്കോളജിസ്റ്റിന്റെ സേവനം വേണ്ടിവരും ഇരുചികിത്സകരുടേയും ഒരു ടീമായ ശ്രമമായിരിക്കും രോഗപരിഹാരത്തിനുത്തമം

ഇവിടെ നൽകിയിരിക്കുന്ന സ്വയം പരിശോധനാ മാർഗരേഖയിലെ അവസ്ഥകൾ മറ്റു രോഗാവസ്ഥകളിൽ കാണാത്തതും സംശയരോഗത്തിൽ ഉറപ്പായും കാണുന്നവയുമാണ്. വിദഗ്ധചികിത്സ തേടേണ്ടതിന്റെ ആവശ്യകതയാണ് ഈ സ്വയം പരിശോധന ഉറപ്പാക്കുന്നത്.

നിങ്ങൾക്ക് സംശയരോഗമുണ്ടോ?

1. തെളിവുകളില്ലെങ്കിലും മറ്റുള്ളവർ അപകടപ്പെടുത്താൻ എപ്പോഴും ശ്രമിക്കുന്നതായി ദൃഢമായി വിശ്വസിക്കുന്നുണ്ടോ? ബന്ധുക്കളോ സഹപ്രവർത്തകരോ ചിലപ്പോൾ അന്യരോ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ഒരു തെളിവുമില്ലാതെ ഉറച്ച് വിശ്വസിക്കുന്നു.

ഉണ്ട്, ഇല്ല

2. തെളിവുകളുടെ അഭാവത്തിലും ജീവിതപങ്കാളി വിശ്വസ്തയല്ല എന്ന് തോന്നാറുണ്ടോ? തന്റെ പങ്കാളിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്നുള്ള കടുത്ത വിശ്വാസം സാധൂകരിക്കാവുന്ന തെളിവുകൾ ഇല്ല എങ്കിലും സ്ഥിരമായി അങ്ങനെ കരുതുന്നു

ഉണ്ട്, ഇല്ല

3. മേൽപറഞ്ഞ തോന്നലുകൾ തിരുത്താൻ വളരെ അടുപ്പമുള്ളവർ ശ്രമിച്ചാലും നിലപാടു മാറ്റാൻ ബുദ്ധിമുട്ട് തോന്നാറുണ്ടോ? അടുത്ത സുഹൃത്തുക്കൾ ന്യായങ്ങളോ തെളിവുകളോ നിരത്തി തെറ്റിദ്ധാരണകൾ മാറ്റാൻ ശ്രമിച്ചാലും തന്റെ വിശ്വാസം തിരുത്താൻ കഴിയാത്ത അവസ്ഥ

ഉണ്ട്, ഇല്ല

4. മറ്റുള്ളവർ മനസ്സുവായിച്ച് മനസ്സിലാക്കുന്നുവെന്നും എപ്പോഴും തന്നെക്കുറിച്ച് പരാമർശിക്കുന്നുവെന്നും വിശ്വസിക്കുന്നുന്നോ? മറ്റൊരാൾ മുഖത്തുനോക്കി ചിരിച്ചത് താൻ മനസ്സിൽ ചിന്തിച്ചതു മനസ്സിലാക്കിയാണ് ചിരിച്ചതെന്ന തോന്നൽ . മറ്റുള്ളവർ പറയുന്നത് തന്നെപ്പറ്റിമാത്രമാണെന്ന ചിന്ത

ഉണ്ട്, ഇല്ല

5. തനിക്കെതിരെ മറ്റുള്ളവർ കൂടോത്രവും മന്ത്രവാദവും ചെയ്യാറുണ്ട് എന്ന ബലമായ വിശ്വാസമുണ്ടോ? തന്റെ തകർച്ച ലക്ഷ്യമിട്ട് മറ്റു ചിലർ നിരന്തരം മന്ത്രവാദം പോലുള്ളവയുടെ സഹായം തേടുന്നു. തന്നെ അതു പ്രതികൂലമായി ബാധിക്കുന്നുവെന്നും വിശ്വസിക്കുന്നു

ഉണ്ട്, ഇല്ല

മേൽപറഞ്ഞ അഞ്ചു ചോദ്യങ്ങളിൽ ഒരെണ്ണത്തിനെങ്കിലും ഉത്തരം ഉണ്ട് എന്നാണെങ്കിൽ സംശയരോഗം ഉണ്ട് എന്നർത്ഥം ഉണ്ട്. എന്നതിന്റെ എണ്ണം കൂടുന്തോറും സംശയരോഗത്തിന്റെ തീവ്രതയും വ്യാപ്തിയും കൂടുന്നു. രോഗിക്കു മാത്രമല്ല, രോഗിയുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഈ ചോദ്യാവലി ഉപയോഗിച്ച് രോഗാവസ്ഥ നിർണയിക്കാം

ഡോ. കെ. ഗിരീഷ്

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മാനസികാരോഗ്യ കേന്ദ്രം, തിരുവനന്തപുരം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.