Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണുകളെ കാണാതിരിക്കല്ലേ...

eye-care

വേനൽക്കാലത്ത് കണ്ണിനെ രോഗങ്ങൾ വരാതെ കടുത്ത ചൂടിൽ നിന്നു സംരക്ഷിച്ചു നിർത്തുന്നതിന് അതീവ ശ്രദ്ധ ആവശ്യമാണ്. സൂര്യരശ്മികൾ നേരിട്ട് കണ്ണിൽ പതിക്കുന്നതും പൊടിയും മലിനമായ വെള്ളവും ഏൽക്കുന്നതും വേനൽക്കാലത്ത് കണ്ണിന് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും.. വേനൽക്കാലത്ത് ക്ലോറിൻ അമിതമായി കലർ‌ന്ന ജലാശയങ്ങളിൽ നീന്തുന്നതും കണ്ണിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. ചെങ്കണ്ണ്, കണ്ണിലെ മറ്റു തരത്തിലുള്ള അലർജികൾ, വരണ്ടുണങ്ങിയതോ നിർജ്ജലീകരണം ബാധിച്ചതാ ആയ കണ്ണുകൾ എന്നിവയെല്ലാം വേനൽക്കാലത്ത് സാധാരണയായി കണ്ണിനെ ബാധിക്കുന്ന അസുഖങ്ങളാണ്.

അലർജിയോടു കൂടിയുള്ള ചെങ്കണ്ണ് രോഗം:

കനത്ത ചൂടും പൊടിപടലങ്ങളും പൂമ്പൊടിയുമെല്ലാം വേനൽക്കാലത്ത് അലർജിയോടു കൂടിയുള്ള ചെങ്കണ്ണിന് കാരണമാകും. കണ്ണിൽ ചൊറിച്ചിൽ അനുഭവപ്പെടുക, ചുവപ്പ് നിറം ബാധിക്കുക, കണ്ണിൽ നിന്ന് തുടർച്ചയായി വെള്ളം വരിക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. തണുത്ത വെള്ളം ഉപയോഗിച്ച് ഒന്നിലധികം തവണ കണ്ണുകൾ കഴുകുക, കണ്ണുകൾ തിരുമ്മുന്നത് ഒഴിവാക്കുകയും പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് മാറി നിൽക്കുകുയം ചെയ്യേണ്ടത് ആവശ്യമാണ്. കണ്ണുകളുടെ സംരക്ഷണത്തിനുതകുന്ന കണ്ണടകൾ ഉപയോഗിക്കുകയുമാവാം.

പകരുന്ന ചെങ്കണ്ണ് രോഗം:

കണ്ണിൽ ചുവപ്പ് നിറം ബാധിക്കുക, കണ്ണ് ചീയൽ, കണ്ണിൽ നിന്ന് തുടർച്ചയായി വെള്ളം പുറത്തേക്ക് വരൽ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ചെങ്കണ്ണ് രോഗം പടരാതിരിക്കാൻ വളരെ പെട്ടെന്നുള്ള ചികിൽസ ആവശ്യമാണ്. ചെങ്കണ്ണ് രോഗികൾ ശുചിത്വം പാലിക്കേണ്ടതും കണ്ണുകളും കൈകളും ശുദ്ധമായ ജലം ഉപയോഗിച്ച് കഴുകേണ്ടതും അത്യാവശ്യമാണ്. ചെങ്കണ്ണ് രോഗികൾ ഉപയോഗിച്ച ടവലുകളും മറ്റും മറ്റുള്ളവർ ഉപയോഗിക്കുന്നത് രോഗം എളുപ്പത്തിൽ പടരാൻ കാരണമാവും. രോഗാവസ്ഥയിൽ പ്രത്യേകിച്ച് ചെങ്കണ്ണ് രോഗത്തിന്റെ ആരംഭദിശയിൽ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നത് രോഗം പടരാൻ ഇടയാക്കും.

വരണ്ടുണങ്ങിയ കണ്ണുകൾ:

ചൂടിന് കാഠിന്യമേറുമ്പോൾ കണ്ണുകൾ വരണ്ടുണങ്ങുന്നതും കണ്ണുനീർ ബാഷ്പീകരിച്ച് പോവുന്നതും സാധാരണമാണ്. കണ്ണുകൾ വരണ്ടുണങ്ങിയ അവസ്ഥ ബാധിക്കുന്നവർ ടിവി കാണുന്നതും കംപ്യൂട്ടറിൽ ദീർഘനേരം ജോലി ചെയ്യുന്നതും രോഗം മൂർച്ഛിക്കാൻ ഇടയാക്കും. ഇടയ്ക്കിടെ ശുദ്ധജലം ഉപയോഗിച്ച് കണ്ണുകൾ കഴുകുകയും തുള്ളി മരുന്നുകൾ ഉപയോഗിച്ച് സജ്ജലമാക്കുകയും ചെയ്യുന്നത് ഉത്തമമാണ്. പാൽ, ഇലക്കറികൾ തുടങ്ങി വിറ്റാമിൻ ‘എ’ യും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രോഗശമനത്തിന് ഉത്തമമാണ്.

കണ്ണ് രോഗങ്ങൾ ബാധിക്കാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ

 നീന്തൽ കുളങ്ങളിൽ ക്ലോറിൻ ഉപയോഗം മൂലമുണ്ടാവുന്ന അലർജികൾ തടയുന്നതിനായി സ്വിമ്മിങ് ഗ്ലാസുകൾ ഉപയോഗിക്കുക.

ദീർഘനേരം വെയിലത്തും മറ്റും ചെലവഴിക്കേണ്ടി വരുമ്പോൾ, സൺ ഗ്ലാസുകൾ ഉപയോഗിക്കുക.

സൺ ഗ്ലാസുകൾ തിരഞ്ഞെടുക്കുമ്പോൾ അവ 100% അൾട്രാ വയലറ്റ് രശ്മികളെ പ്രതിരോധിക്കാൻ പ്രാപ്തിയുള്ളതാണെന്ന് ഉറപ്പു വരുത്തുക.

എസി മുറികളിലും കാറുകളിലും ഇരിക്കുമ്പോൾ എസിയുടെ നിർഗമനദ്വാരം കണ്ണിന് നേരയല്ലെന്ന് ഉറപ്പു വരുത്തണം. അല്ലാത്ത പക്ഷം ഇത് വരണ്ടുണങ്ങിയ കണ്ണുകൾക്ക് കാരണമാകും.

വ്യക്തിശുചിത്വം വളരെ പ്രധാനമാണ്. കൈകളും മുഖവും ഇടയ്ക്കിടെ കഴുകേണ്ടതാണ്. വൃത്തിഹീനമായ കൈകൊണ്ട് കണ്ണുകളിൽ തിരുമ്മുന്നത് കണ്ണുകളിൽ അലർജിക്കും, കൺ കുരുവിനും കാരണമാകും.

കാഴ്ചക്കുറവ് പരിഹരിക്കുന്നതിനുള്ള കോൺടാക്ട് ലെൻസുകൾ ഉപയോഗിക്കുന്നവർ കോൺടാക്ട് ലെൻസുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.

കണ്ണുനീർ ഉൽപാദനത്തെ നേരിട്ട് ബാധിക്കുന്ന കണ്ണിലെ നിർജ്ജലീകരണം തടയുന്നതിനായി ഡോക്ടറുട നിർദേശ പ്രകാരം ലൂബ്രിക്കന്റ് ഐ ഡ്രോപ്പുകൾ ഉപയോഗിക്കാവുന്നതാണ്.

കണ്ണുകൾ മേക്കപ്പ് ചെയ്യുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് കണ്ണുകളിൽ ചൊറിച്ചിലും മറ്റു അസ്വസ്ഥതകളും ഉണ്ടാവുമ്പോൾ, മേക്കപ്പുകൾ ഉപയോഗിക്കേണ്ടി വരുമ്പോൾ മികച്ച ബ്രാൻഡിലുള്ളത് തിരഞ്ഞെടുക്കുക. ഉറങ്ങുന്നതിന് മുമ്പ് മേക്കപ്പുകൾ കളയേണ്ടതാണ്.

ഏഴു മുതൽ എട്ട് മണിക്കൂർ വരെ കണ്ണുകൾക്ക് വിശ്രമവും ഉറക്കവും നൽകണം. ഇത് കണ്ണുകൾക്ക് പ്രകൃതിദത്തമായ രീതിയിലുള്ള ഉന്മേഷം ഉണ്ടാക്കും.

കടപ്പാട്: ഡോ. പ്രിൻസ് ഈപ്പൻ

ചീഫ് ഫാക്കോ സർജൻ തൃശൂർ