Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ള് പ്രേമം കണ്ണ് കണ്ടാലറിയാമെന്ന് ഗവേഷകർ

alcohol-love

നിന്റെ കണ്ണുകണ്ടാലറിയമല്ലാടോ(ടീ) എത്ര അകത്തുചെന്നിട്ടുണ്ടെന്ന പറച്ചിലിനോട് പരമപുച്ഛം രേഖപ്പെടുത്താൻ വരട്ടെ. സംഗതിയിൽ അൽപ്പം കാര്യമുണ്ട്. കണ്ണിൻറെ നിറവും കള്ളിനോ‍ടുള്ള പ്രേമവും തമ്മിൽ കടുത്ത ബന്ധമുണ്ടെന്നാണ് അങ്ങ് അമേരിക്കയിലുള്ള സർവ്വകലാശാലയിലെ ഗവേഷക സംഘത്തിൻറെ ഉരുത്തിരിയൽ.

ഇളം നിറത്തിലെ കണ്ണുള്ളവരിൽ പ്രത്യേകിച്ച് നീലകണ്ണുകാർക്കാണ് വൈകിട്ടത്തെ പരിപാടി പൊളിച്ചടുക്കാൻ കൂടുതൽ താൽപര്യം തോന്നുകയെന്നാണ് പറഞ്ഞുവരുന്നത്. തവിട്ട് കണ്ണുള്ളവരും മോശമല്ലെങ്കിലും കള്ളിനെ ആശ്രയിക്കാനുള്ള പ്രവണത ഇവരേക്കാൾ ഗാഢമാണ് ഇളംനിറത്തിലുള്ള കണ്ണുള്ളവർക്കെന്നാണ് വെർമോണ്ട് സർവ്വകലാശാലയിലെ അർവിൻ സുലോവറി നയിച്ച ഗവേഷക സംഘത്തിൻറെ കണ്ടെത്തൽ.

കണ്ണിൻറെ നിറം മദ്യപാനത്തോടുള്ള ആസക്തിയിൽ നിർണായകമാകുന്നതെങ്ങനെയെന്നു സംബന്ധിച്ച ആദ്യ പഠനമാണ് തങ്ങളുടേതെന്നാണ് ഇവരുടെ വാദം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ആൽക്കഹോൾ ആൻഡ് ആൽക്കഹോളിസത്തിൻറെ കണക്കുകൾ പ്രകാരം അമേരിക്കയിൽ 2013ൽ മാത്രം മുതിർന്ന പൗരൻ‍മാരിൽ ഏകദേശം 16.6 മില്യണും യുവാക്കളിൽ ഏതാണ്ട് ഏഴു ലക്ഷത്തിനും മദ്യപാനം മൂലമുള്ള അസുഖങ്ങളും വൈകല്യങ്ങളും പിടികൂടിയിട്ടുണ്ട്. ഓരോ വർഷവും മരണപ്പെടുന്നവരുടെ കണക്കു തന്നെ 88,000ന് അടുത്തെത്തും.

പതിനായിരത്തിലേറെ പേരുടെ ചികിത്സാ സംബന്ധമായതും ജനിതകപവുമായ വിവരങ്ങളാണ് ഗവേഷണ സംഘത്തിന്റെ പഠനത്തിനാധാരം. മദ്യം മയക്കുമരുന്ന് എന്നിവയ്ക്കടിമപ്പെട്ട, വിഷാദരോഗം, സ്കീസോഫ്രീനിയ, ബൈപോളാർ ഡിസീസസ്‍, എന്നിവപോലുള്ള മാനസിക വൈകല്യങ്ങൾ ബാധിച്ചവരെയുമാണ് പഠനവിധേയമാക്കിയത്. നീലക്കണ്ണുള്ള യൂറോപ്യൻമാർക്ക് മദ്യപിക്കുവാൻ‌ കൂടുതൽ താൽപര്യമാണെന്ന് നേരത്തെ തന്നെ ചില ഗവേഷകർ കണ്ടെത്തിയിരുന്നു.

ജനിതകപരമായ കാരണങ്ങളും പാരിസ്ഥിതിക ഘടങ്ങളും മനുഷ്യരുടെ മദ്യപാനത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് ഗവേഷക സംഘത്തിലുൾപ്പെട്ട ഡാവെയ് ലീയുടെ നിരീക്ഷണം. യൂറോപ്യൻ വേരുകളുള്ള 1263 മദ്യപാനികളെയാണ് അവസാന വട്ട പഠനപ്രക്രിയയ്ക്ക് വിധേയരാക്കിയത്. ഒരാൾ എത്രത്തോളമാണ് മദ്യപാനത്തിന് അടിമപ്പെട്ടിട്ടുള്ളതെന്നു കണ്ടെത്തുവാനുള്ള വൈദ്യപരിശോധനയിൽ ഈ പഠന റിപ്പോർട്ട് സഹായകരമായേക്കും.

കണ്ണിൻറെ നിറവുമായി ബന്ധപ്പെട്ട ജീനുകളും മദ്യപാനത്തിന്് കാരണക്കാരായ ജീനുകളും തമ്മിലുള്ള ബന്ധവും പഠനസംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കണ്ണിൻറെ നിറവും മദ്യപാന ആസക്തിയുമായി ബന്ധപ്പെടുത്തുന്നതിനു പിന്നിലുള്ള രാസപ്രക്രിയയെന്തെന്ന് പഠനത്തിന് വെളിപ്പെടുത്താനാ‌യിട്ടില്ല. മദ്യപാനത്തിൻറെ ജനിതക വഴിയും തുറന്നിടുവാൻ ഇവർക്കായിട്ടില്ല. എന്നാൽ മദ്യപാനവും മാനസിക രോഗങ്ങളും കണ്ണിൻറെ നിറവും തമ്മിലുള്ള ബന്ധത്തിന്‌‍റെ ധമനികൾക്കുള്ളിലേക്ക് കടന്നുചെല്ലാൻ ഈ കണ്ടെത്തലുകൾ സഹായകരമാകരും എന്നു വെർമോണ്ട് സർവ്വകലാശാലയിലെ ഗവേഷക സംഘത്തിനുറപ്പുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.