Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുട്ബോൾ കളിച്ച് ഹൃദയാരോഗ്യം നേടാം

football

വിനോദത്തിനായി നീണ്ടകാലം കാൽപ്പന്തു കളിക്കുന്നത് വൃദ്ധജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനം. 63 മുതൽ 75 വയസു വരെ പ്രായമുള്ളവർക്ക് ഹൃദ്രോഗവും പ്രമേഹവും വരാനുള്ള സാധ്യത കുറയ്ക്കാൻ കാൽപ്പന്തുകളിക്കു കഴിയുമത്രേ.

കോപ്പൻഹേഗൻ സർവകലാശാലയിലെ ന്യൂട്രീഷൻ എക്സർസൈസ് ആൻഡ് സ്പോർട്സ് വിഭാഗം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഹൃദയസംബന്ധമായ രോഗങ്ങളും പ്രമേഹവും വരാനുള്ള സാധ്യതയെ വ്യക്തമായും കുറയ്ക്കാൻ ഫുട്ബോൾ കളിക്കുന്നതിലൂടെ സാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ തോമസ് റോസ്റ്റ്ഗാർഡ് ആൻഡേഴ്സൺ പറയുന്നു.

ഫുട്ബോൾ പരിശീലനത്തിന്റെ പെട്ടെന്നുള്ള ഫലങ്ങളും ദീർഘകാല ഗുണങ്ങളും ഒരു വർഷക്കാലം നീണ്ടുനിന്ന പഠനം പരിശോധിച്ചു. പഠനത്തിൽ പങ്കെടുത്ത എല്ലാവരും 52 ആഴ്ചത്തെ പരിശീലനം പൂർത്തിയാക്കി. ചിലരാകട്ടെ, പഠനം അവസാനിച്ച് രണ്ടു വർഷം പിന്നിടുമ്പോഴും ആഴ്ചയിൽ രണ്ടുതവണ കാൽപ്പന്തു കളിക്കുന്നു.

നാലു മാസത്തെ ഫുട്ബോൾ പരിശീലനം കൊണ്ട് ഹൃദയത്തിന്റെ ഫിറ്റ്നസ് 15 ശതമാനവും ഇന്റർവെൽ വർക് കപ്പാസിറ്റി 43 ശതമാനവും ഫങ്ഷണൽ കപ്പാസിറ്റി 30 ശതമാനവും മെച്ചപ്പെട്ടു.

ഒരു വർഷത്തിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് വർധിച്ചതോടൊപ്പം ബോഡി മാസ് ഇൻഡക്സ് മൂന്നു ശതമാനം കുറയുകയും ചെയ്തു. ഉപദ്രവകാരികളായ ഓക്സിജൻ റാഡിക്കലുകളെ നിയന്ത്രിക്കാനുള്ള കഴിവും മെച്ചപ്പെട്ടു.

മസിൽ മാസ് കുറയ്ക്കാതെ തന്നെ പഠനത്തിൽ പങ്കെടുത്തവരുടെ ശരീരഭാരവും കുറഞ്ഞു. വൃദ്ധജനങ്ങളിൽ മസിൽമാസ് നിലനിർത്താനുള്ള ഒരു ബദൽ മാർഗമാണ് വിനോദവേളകളിലുള്ള കാൽപ്പന്തു കളിയെന്ന് ഇതിലൂടെ മനസിലാക്കാം. ആഴ്ചകളോളം ഉള്ള പരിശീലനത്തിലൂടെ മാറ്റങ്ങൾ പ്രകടമാകും.

ഫുട്ബോൾ പരിശീലനം സാമൂഹ്യവും വിനോദപരവുമാണ്. കൂടാതെ ഇത് ചുറുചുറുക്ക് കുറഞ്ഞ ആളുകളെ വ്യായാമം ചെയ്യുന്നതിനായി പ്രചോദിപ്പിക്കുന്നതു കൂടിയാണെന്ന് പഠനം നടത്തിയ ജെൻസ് ബാംഗ്സ്ബോ പറയുന്നു.

കായികവിനോദങ്ങൾക്ക് പ്രായം ഒരു പ്രശ്നമല്ല. ഹൃദ്രോഗവും പ്രമേഹവും കുറയ്ക്കാൻ കാൽപ്പന്തു കളിക്ക് ആവുമെന്ന് വ്യക്തമാക്കുന്ന ഈ പഠനം പ്ലൊസ് വൺ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Your Rating: