Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗെറ്റിങ് ടു സീറോയുമായി എയ്ഡ്സ് ദിനം

aids-ribbon

1981 ജൂണിൽ അമേരിക്കയിലെ കുറച്ചു ചെറുപ്പക്കാരിലാണ് എയ്ഡ്സ് രോഗം ആദ്യം തിരിച്ചറിഞ്ഞത്. ഇൗ രോഗത്തിന്റെ ഉത്ഭവം ആഫ്രിക്കയിലാണെന്നാണ് കരുതപ്പെടുന്നത്. ചിമ്പാൻസികളിൽ നിന്നുമാണു മനുഷ്യരിലേക്ക് ഇൗ രോഗം പകർന്നത് എന്നാണു ജനിതക പഠനങ്ങൾ നൽകുന്ന സൂചന. അക്വേഡ് ഇമ്മ്യൂണോ ഡെഫിഷ്യൻ സി സിൻഡ്രോം എന്നാണ് എയ്ഡ്സിന്റെ പൂർണരൂപം. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് ആണ് എയ്ഡ്സ് രോഗാണു.

തിരിച്ചറിഞ്ഞു മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇൗ മഹാമാരിയെ തുരത്താൻ സാധിച്ചിട്ടില്ല. 1988 മുതലാണ് ലോക എയ്ഡ്സ് ദിനം ആചരിച്ചു തുടങ്ങിയത്. എയ്ഡ്സ്, അതു പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ചു രാജ്യാന്തര തലത്തിൽ അവബോധമുണ്ടാ ക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയ്ഡ്സിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പു വരുത്തുക എന്നിവയൊക്കെയാണു ദിനാചരണ ലക്ഷ്യം. എയ്ഡ്സി നെക്കുറിച്ചു ബോധവാന്മാരാണ് എന്നതിന്റെ സൂചനയായി എയ്ഡ്സ് ദിനത്തിൽ എല്ലാവരും ചുവന്ന റിബൺ അണിയാറുണ്ട്. ‘‘ഗെറ്റിങ് ടു സീറോ’’ എന്നതാണ് ഇത്തവണത്തെ ദിനാചരണ വിഷയം.

ഓരോ വർഷം കഴിയുമ്പോഴും എയ്ഡ്സ് ബാധിതരാണോയെന്ന് പരിശോധിക്കാനെത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. 2005ൽ 8094 പുരുഷൻമാരും,22502 സ്ത്രീകളുമാണ് പരിശോധനയ്ക്ക് വിധേയമായതെങ്കിൽ കഴിഞ്ഞവർഷം ഇത് 200821 ആയും,311180 ആയും ഉയർന്നു. എന്നാൽ, എച്ച്.ഐ.വി. ബാധിതരുടെ എണ്ണം താരതമ്യേന കുറയുന്നതായാണ് സർക്കാർ കണക്ക്.

കേരളത്തിൽ എച്ച്.ഐ.വി. അണുബാധിതരായി 27,604 പേരെ‌ കണ്ടെത്തിയിട്ടുണ്ട്. പ്രായപൂർത്തിയായവരിൽ എച്ച്.ഐ.വി. അണുബാധ കേരളത്തിൽ 0.12 ശതമാനമാണ്. ഈ വർഷത്തെ കണക്കനുസരിച്ച് 19,663 എച്ച്.ഐ.വി. ബാധിതരാണ് കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള എ.ആർ.ടി. (ആന്റി റിട്രോവൈറൽ ട്രീറ്റ്മെന്റ്) ചികിൽസാ കേന്ദ്രമായ ഉഷസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 13735 പേർക്ക് ചികിൽസ ആരംഭിച്ചു. എച്ച്.ഐ.വി. അണുബാധിതരിൽ 4256 പേർ ഇതിനകം മരണടമടഞ്ഞു.

ദേശീയ എയ്ഡ്സ് നിയന്ത്രണ ഓർഗനൈസേഷന്റെ 2014ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 20.88 ലക്ഷം എച്ച്.ഐ.വി. അണുബാധിതരുണ്ട്. ഇവരിൽ 83% 15നും 49നും ഇടയിൽ പ്രായമുള്ളവരാണ്. രാജ്യത്തെ എച്ച്.ഐ.വി. അണുബാധിതരിൽ 39 ശതമാനം സ്ത്രീകളാണ്. ഏഴ് ശതമാനം കുട്ടികളും. അതായത് 8,10,339 പ്രായപൂർത്തിയായവരും,1,06,829 കുട്ടികളും ചികിൽസയിലാണ്.

എന്താണ് ആന്റി റിട്രോവൈറൽ ട്രീറ്റ്മെന്റ് സെന്ററുകൾ (എ.ആർ.ടി.)

ആദ്യകാലങ്ങളിൽ എയ്ഡ്സ് ബാധിച്ചവർ പ്രതിരോധശേഷി നഷ്ടപ്പെട്ട് മറ്റു രോഗങ്ങൾ ബാധിച്ച് ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ മരിച്ചു പോകുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇന്ന് നൂതനമായ ചികിൽസാ രീതികളുണ്ട്. അതിൽ പ്രധാനമാണ് ആന്റി റിട്രോവൈറൽ ട്രീറ്റ്മെന്റ്(എ.ആർ.ടി.). അണുബാധിതർക്ക് ഈ ചികിൽസയിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. എന്നാൽ, പലർക്കും ഈ ചികിൽസയെക്കുറിച്ച് വ്യക്തമായ അവബോധമില്ല.

ജ്യോതിസ്

സംസ്ഥാനത്ത് 461 കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ജ്യോതിസ് കേന്ദ്രങ്ങളിൽ എച്ച്.ഐ.വി. പരിശോധന സൗജന്യമായി നടത്തുന്നതിന് സംവിധാനമുണ്ട്. കൗൺസിലിങും ഈ കേന്ദ്രങ്ങളിൽനിന്ന് ലഭിക്കും. പരിശോധന സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. അണുബാധയുണ്ടെന്ന് കണ്ടെത്തിയാൽ അവരെ തുടർ ചികിൽസയ്ക്കായി എ.ആർ.ടി. കേന്ദ്രങ്ങളിലേക്ക് അയക്കും.

മെഡിക്കൽ കോളജുകൾ,ജില്ലാ ആശുപത്രികൾ,ജനറൽ ആശുപത്രികൾ,താലൂക്ക് ആശുപത്രികൾ,ചില ഇ.എസ്.ഐ. ആശുപത്രികൾ,പ്രധാന ജയിലുകൾ,തിരുവനന്തപുരം റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ജ്യോതിസ് കേന്ദ്രങ്ങളുള്ളത്.

ആന്റി റിട്രോവൈറൽ തെറാപ്പി സെന്റർ(എ.ആർ.ടി-ഉഷസ്)

എച്ച്.ഐ.വി. അണുബാധിതർക്ക് ആവശ്യമായ ആന്റി റിട്രോവൈറൽ ചികിൽസ ഉഷസ് കേന്ദ്രങ്ങളിലൂടെ സൗജന്യമായി നൽകുന്നു. ദേശീയ എയ്ഡ്സ് നിയന്ത്രണ ഓർഗനൈസേഷനാണ് മരുന്നുകൾ നൽകുന്നത്. ആന്റി റിട്രോവൈറൽ ചികിൽസയ്ക്കു മുന്നോടിയായുള്ള കൗൺസിലിങും മറ്റ് രോഗങ്ങൾക്കുള്ള ചികിൽസയും ഈ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്നു. ശരിയായ ജീവിതരീതിയും ചികിൽസയും എയ്ഡ്സ് അണുബാധിതർക്ക് ദീർഘകാല ജീവിതം സാധ്യമാക്കുന്നു. എല്ലാ മെഡിക്കൽ കോളേജുകളിലും പാലക്കാട്, കണ്ണൂർ, കൊല്ലം ജില്ലാ ആശുപത്രികളിലും പ്രധാന സർക്കാർ ആശുപത്രികളിലും ഈ സംവിധാനമുണ്ട്.

കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി

എച്ച്.ഐ.വി,എയ്ഡ്സ് മേഖലകളിൽ കേരളത്തിൽ ബോധവത്ക്കരണ,പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാ‌‌ണ്. അണുബാധ പിടിപെടാൻ സാധ്യതയുള്ള വിഭാഗങ്ങൾക്കിടയിൽ സൊസൈറ്റി പ്രത്യേക പ്രവർത്തനങ്ങളും നടത്തുന്നു. എച്ച്.ഐ.വി. അണുബാധിതരോടുള്ള സാമൂഹ്യനിന്ദയും വിവേചനവും ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളും സൊസൈറ്റി നടത്തുന്നു. എയിഡ്സ് കൺട്രോൾ സൊസൈറ്റി നൂറോളം എച്ച്.ഐ.വി. ബാധിതർക്ക് വിവിധ പദ്ധതികളിൽ തൊഴിൽ നൽകുന്നുണ്ട്.

ലോകത്ത് 1.5കോടി എച്ച്.ഐ.വി. ബാധിതരുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. 2005ൽ എയ്ഡ്സ് മരണം 22.4 ലക്ഷമായിരുന്നെങ്കിൽ 2014ൽ 12 ലക്ഷമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. 73ശതമാനം എച്ച്.ഐ.വി. ബാധിതരായ അമ്മമാർക്ക് കുഞ്ഞിലേക്കുള്ള പകർച്ച തടയാൻ സാധിച്ചു.

എയ്ഡ്സ് പകരുന്നതെങ്ങനെ?

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം

അണുവിമുക്തമല്ലാത്ത സൂചിയും സി‌റിഞ്ചും ഉപയോഗിക്കുന്നതിലൂടെ

അണുബാധയുള്ള രക്തം സ്വീകരിക്കുന്നതിലൂടെ

എച്ച്.ഐ.വി. അണുബാധയുള്ള ഗർഭിണിയിൽനിന്ന് കുഞ്ഞിലേക്ക്

എയ്ഡ്സ് പകരില്ല

കൊതുക് കടിക്കുന്നതിലൂടെ

ആഹാരം പങ്കുവയ്ക്കുന്നതിലൂടെ

ഒരേ കക്കൂസ് ഉപയോഗിക്കുന്നതിലൂടെ