Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തമാക്കാം മധുരസ്വരം

music

മുഹമ്മദ് റാഫിയും കിഷോറും മുകേഷും എസ് പി ബാലസുബ്രഹ്മണ്യവും നമ്മുടെ പ്രിയപ്പെട്ട യേശുദാസും ചിത്രയുമൊക്കെ തുടങ്ങി പുതിയ സ്റ്റാര്‍ സിംഗര്‍മാര്‍ വരെ മനേഹരമായ ശബ്ദത്തിലൂടെ നമ്മെ അതിശയിപ്പിക്കുന്നു. എന്നാല്‍ ചിലര്‍ക്കു മാത്രം നല്ല ശബ്ദം എങ്ങനെ ലഭിക്കുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ?

ശബ്ദസൗന്ദര്യം നിലനിര്‍ത്താന്‍ ഈ ഗായകര്‍ നടത്തുന്ന പരിശീലനത്തെക്കുറിച്ചും നമ്മള്‍ ആലോചിച്ചിട്ടുണ്ടോ?

റിയാലിറ്റി ഷോകളുടെ വരവോടെ സംഗീതം ഒരു സീരിയസ് കാര്യമായി സമൂഹം കണക്കിലെടുത്തു കഴിഞ്ഞു. മത്സരത്തിന്റെ ഈ പുതിയ ലോകത്തേക്കു കൂടുതല്‍ കുട്ടികള്‍ കടന്നു വരുന്നു. പഠനം പോലും രണ്ടാംസ്ഥാനത്താകുന്ന ഈ മത്സരകളരിയില്‍ രക്ഷിതാക്കളും സജീവമാണ്. സംഗീതരംഗത്തു നിലനില്‍ക്കാനാഗ്രഹിക്കുന്നവരും എത്തിപ്പെടാന്‍ ശ്രമിക്കുന്നവരും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. പാട്ടുകാരും പാട്ടുകാരാകാന്‍ ഉദ്ദേശിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിവ.

ശബ്ദപരിശീലനം എങ്ങനെ?

നന്നായി സാധകം ചെയ്യുന്നവരാണു മികച്ച പാട്ടുകാര്‍ എന്നു നമുക്കറിയാം. പക്ഷേ, സാധകം ചെയ്യുമ്പോള്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒരു നിശ്ചിത സമയത്തേക്കാണു സാധകം ചെയ്യേണ്ടത്.

അമിതമായ പരിശീലനം ശബ്ദത്തിനു ദോഷം ചെയ്യും. കൃത്യമായ ഒരു സമയക്രമം ഇതിനായി പാലിക്കുന്നതാവും ഉചിതം. അതുപോലെ പാടുന്നതിനു മുമ്പായി വോയ്സ് വാം അപ് ചെയ്യണം. മുമ്പായുള്ള ഒരു തരം ശ്രുതി ചേര്‍ക്കലാണു വാം അപ്. ഇനി പാടി തീരുമ്പോള്‍ വാം ഡൌണ്‍ ചെയ്യുകയും വേണം. ഹമ്മിങ് (ഈണമിടല്‍) ഇതിനു സഹായകരമാണ്. ** മസിലുകള്‍ നന്നായാല്‍**

നല്ല പാട്ടുകാര്‍ മൂക്കില്‍ കൂടി തന്നെ ശ്വാസമെടുക്കാന്‍ കഴിയുന്നവരാകണം. കഴുത്തിലെ മസിലുകള്‍ക്ക് ഒരിക്കലും അമിത ഉപയോഗത്തിലൂടെ പ്രശ്നം സൃഷ്ടിക്കരുത്. വയറിലെ മസിലുകളും നന്നായി പാടാന്‍ സഹായിക്കും. മികച്ച അബ്ഡോമിനല്‍ മസില്‍സ് മികച്ച പാട്ടുകാരെ സൃഷ്ടിക്കുമെന്നതു തീര്‍ച്ച.

ശ്വാസോച്ഛ്വാസം സുഗമമായിരിക്കണമെന്നതു നല്ല പാട്ടുകാരെ സംബന്ധിച്ചു പരമപ്രധാനമാണ്. ശരീരത്തിനു വണ്ണം കൂടുന്നതു ഒരിക്കലും ശബ്ദത്തിനു ഗുണകരമല്ല. എന്നു കരുതി പെട്ടെന്നു തടി കുറയ്ക്കാന്‍ ശ്രമിച്ചാല്‍ അതു ശബ്ദത്തിനെ ദോഷകരമായി ബാധിക്കും. പെട്ടെന്നു ശരീരഭാരം കുറയ്ക്കാനുള്ള പൊടിക്കൈകള്‍ പരീക്ഷിക്കാതെ സാധാരണ ഗതിയില്‍ ശരീരഭാരം കുറച്ചാല്‍ ശബ്ദം പഴയതുപോലെ തിരികെ കിട്ടും. കഫക്കെട്ട്, ജലദോഷം, തൊണ്ടവേദന പോലെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ വേണം.

ലംബോര്‍ഡ് എഫക്ട്

ലംബോര്‍ഡ് ഇഫക്ട് എന്ന പ്രതിഭാസം ഇന്നു വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്. ഗാനമേളകളിലൊക്കെ മലിനമായ അന്തരീക്ഷത്തിലും കൃത്യമല്ലാത്ത ശബ്ദസംവിധാനം മൂലവും ഗായകര്‍ വല്ലാതെ ശബ്ദമുയര്‍ത്തി പാടാന്‍ ശ്രമിക്കാറുണ്ട്. ഇതിനെയാണ് ലംബോര്‍ഡ് ഇഫ്ക്ട് എന്നു വിശേഷിപ്പിക്കുന്നത്. ഇതിനു അടിപെട്ടു പോകുന്ന ഗായകര്‍ കാലാന്തരത്തില്‍ ശബ്ദത്തിന്റെ തകര്‍ച്ചയിലേക്കാവും വഴിപ്പെടുക.

ശബ്ദബാഹുല്യത്താല്‍ സ്വന്തം ശബ്ദതാളം ശരിയാക്കാന്‍ വേണ്ടി കൂടുതല്‍ ശബ്ദം ഉയര്‍ത്തുമ്പോള്‍ അതു സ്വനപേടകത്തില്‍ (വോക്കല്‍കോഡ്) കൂടുതല്‍ മുറുക്കമുണ്ടാകും. ഇങ്ങനെയാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. ചെമ്പൈ ഭാഗവതര്‍ക്കും മിന്‍മിനിക്കും ഒക്കെ ഇതാണു പറ്റിയത്.

ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍

പ്രഫഷണല്‍ സിംഗേഴ്സിവനെ ബാധിച്ചു കാണുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് ഗാസ്ട്രോ ഈസോഫാഗല്‍ റിഫ്ളക്സ് എന്ന സ്ഥിതി വിശേഷം. പലപ്പോഴും പരിപാടികള്‍ക്കു ശേഷം രാത്രി വൈകി ആഹാരം കഴിക്കേണ്ട സാഹചര്യം ഇവര്‍ക്ക് ഉണ്ടാകാറുണ്ട്. അതിനുശേഷം ഉടന്‍ കിടക്കുകയും ചെയ്യുന്നു. അതുപോലെ ചായ, കോഫി, കോള എന്നിവയുടെ അമിത ഉപയോഗം, സമ്മര്‍ദം, ഇവയൊക്കെ മേല്‍പറഞ്ഞ അവസ്ഥയ്ക്കു കാരണമാകുന്നവയാണ്.

നെഞ്ചെരിച്ചില്‍, വായു തുടങ്ങിയ അസുഖകരമായ സ്ഥിതി പല പാട്ടുകാരിലും കണ്ടുവരുന്നുണ്ട്. ആഹാരത്തിലെ കൃത്യനിഷ്ഠ, ആവശ്യത്തിനു വെള്ളം കുടിക്കുക, മിതവും കൃത്യവുമായ വ്യായാമം തുടങ്ങിയവയിലൂടെ ഇതു നിയന്ത്രിക്കാന്‍ സാധിക്കും.

തണുത്ത ആഹാരസാധനങ്ങള്‍ കഴിവതും ഒഴിവാക്കണം. ഇളംചൂടോടു കൂടിയ വെള്ളം കുടിക്കുന്നതു ശബ്ദത്തിനു നല്ലതാണ്. പാട്ടിനു മുമ്പു ഭക്ഷണം കഴിക്കരുത് എന്ന ധാരണ തെറ്റാണ്. എന്നാല്‍ ഭക്ഷണം കഴിച്ചാലുടനെ കിടക്കരുത്. കുറഞ്ഞത് അരമണിക്കൂര്‍ കഴിഞ്ഞേ കിടക്കാവൂ. നമ്മുടെ വോക്കല്‍ കോര്‍ഡിനു തൊട്ടു പിറകിലാണ് അന്നനാളം(ഈസോഫാഗസ്) ഉള്ളത്.

ഭക്ഷണ പ്രശ്നങ്ങള്‍ മൂലം ഇതില്‍ ആസിഡ് പെരുകി അതും അന്നനാളത്തിലെ അംശങ്ങളും തൊണ്ടയിലേക്കു കടന്ന് ഒരുതരം അസ്വസ്ഥത ഉണ്ടാകും. അതു ചുമയായി മാറാം. അതുകൊണ്ടു പാട്ടിനു മുമ്പായാലും ദോഷമില്ല, ഭക്ഷണക്രമം തെറ്റിക്കരുത്.

ഹോര്‍മോണുകള്‍, ചിലയിനം മരുന്നുകള്‍, വിറ്റമിന്‍ സി ടാബ്ലെറ്റുകള്‍ തുടങ്ങിയവ ശബ്ദത്തിന്റെ മാറ്റത്തിനു താത്കാലികമായെങ്കിലും കാരണമാകും. ചോക്ളേറ്റ്, ഫാറ്റിഫുഡ്, എരിവു കൂടിയ ഭക്ഷണം, പാലുല്പന്നങ്ങള്‍ തുടങ്ങിയവയുടെ ഉപഭോഗം ശബ്ദത്തിനു ദോഷകരമാണ്.

തൈറോയ്ഡ് സംബന്ധമായ രോഗങ്ങള്‍ ഉള്ളവരിലും ശബ്ദം മാറും, സ്ത്രീകളില്‍ ആര്‍ത്തവത്തിനു മുമ്പും പിമ്പും അതുപോലെ ഗര്‍ഭകാലത്തും ശബ്ദവ്യത്യാസം അനുഭവപ്പെടാം. പുകവലി, മദ്യപാനം അന്തരീക്ഷമലിനീകരണം തുടങ്ങിയവയെ പാട്ടുകാര്‍ ഭയപ്പെടുക തന്ന വേണം.

ഒരു ഗായകനു തന്റെ ഒപ്ടിമല്‍പിച്ചിവനെക്കുറിച്ചു നല്ല ധാരണയുണ്ടാകണം. ആ പിച്ചിലാകണം ഏറ്റവും തെളിവോടെ ശബ്ദം ലഭിക്കുക. ഇതു ഗാനങ്ങളുടെ അവതരണത്തില്‍ എപ്പോഴും സഹായകരമായിരിക്കും. ഒരാള്‍ക്ക് ഏറ്റവും നന്നായി പാടാന്‍ കഴിയുന്ന ധാരയാണു പിച്ച്. ** വോയിസ് തെറപി**

ഇത്തരത്തിലുള്ള സാഹചര്യത്തില്‍ ആധുനിക ചികിത്സാ വിധികളായ വോയ്സ് തെറപിയുടെ സാധ്യതകളേറുന്നു. യന്ത്രസഹായത്താല്‍ ശ്വസനപേടക പരിശോധന, ഫോണോ സര്‍ജറി എന്നിവയിലൂടെ ശബ്ദപ്രശ്നങ്ങള്‍ മാറ്റാനാകും. ശബ്ദത്തിന്റെ ഗവേഷണത്തില്‍ പുതിയ മാര്‍ഗങ്ങള്‍ വൈദ്യശാസ്ത്രത്തില്‍ തെളിഞ്ഞു വരികയാണ്.

ശബ്ദം ഉണ്ടാകുന്നത് എങ്ങനെ?

ലാരിങ്സ് എന്ന ശ്വസനപേടകമാണു ശബ്ദം സൃഷ്ടിക്കുന്നത്. നമ്മുടെ ശ്വാസം അകത്തോട്ടു വലിച്ചു ശ്വാസകോശത്തില്‍ ചെന്നു മുകളിലേക്കു വരുമ്പോള്‍ തൊണ്ടയിലെ ശ്വസനപേടകത്തിലെ വോക്കല്‍ കോര്‍ഡില്‍ കമ്പനം (വൈബ്രേഷന്‍) ഉണ്ടാക്കും. ഇതാണു ശബ്ദമായി മാറുന്നത്.

Your Rating: