Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപൂർവമീ ചേർത്തുവയ്ക്കൽ: റൈസന്റെ കൈകൾ നീട്ടി ജിത്തു

jithu കൈമാറ്റി വച്ച ജിത്തു അമ്മ ലില്ലി, ഡോ. സുബ്രഹ്മണ്യ അയ്യർ, അവയവം ദാനം ചെയ്ത റൈസണിന്റെ പിതാവ് സണ്ണി, അമ്മ ഷാലി എന്നിവർക്കൊപ്പം.

സഹായ ഹസ്തം, കൈത്താങ്ങ് എന്നിവ നമ്മൾ ഉപയോഗിക്കുന്ന സാധാരണ വാക്കുകളാണ്. എന്നാൽ ആ കൈ നഷ്ടപ്പെട്ടാലോ...അങ്ങനൊരു അവസ്ഥയിലൂടെ കടന്നു പോകുന്നവർ നേരിടുന്നതു പറഞ്ഞറിയിക്കാനാകാത്ത ജീവിത വ്യഥയാണ്. മൂന്നു പേർക്കു ആ അവസ്ഥയിൽ നിന്നു മോചനം നൽകിയ ഡോ. സുബ്രഹ്മണ്യ അയ്യർ സംസാരിക്കുന്നു. കൈമാറ്റ ശസ്ത്രക്രിയയെക്കുറിച്ച്. അടുത്തിടെ ഇരു കൈകളും മാറ്റി വച്ച ജിത്തുകുമാറിനെ കുറിച്ച്....

ജിത്തുകുമാറിന്റെ തിരിച്ചുവരവ്
രണ്ടു കൈയും നഷ്ടപ്പെട്ട ജിത്തുകുമാറിനു വിജയകരമായി കൈമാറ്റിവയ്ക്കാൻ സാധിച്ചതു ആരോഗ്യ രംഗത്തെ വലിയൊരു നേട്ടമാണ്. മുട്ടിനു താഴെ മുതൽ കൈമുഴുവനായി മാറ്റിവയ്ക്കുക എന്ന അപൂർവ ചികിത്സയിലൂടെയാണു ജിത്തുവിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. കണ്ണൂർ ഇരിട്ടി കരിക്കോട്ടക്കരി മേൽപ്പുരയിടത്തിൽ സജി മാത്യുവിന്റെ മകൻ ജിത്തുമോൻ സജി(21)യുടെ ഇരു കൈകളും നഷ്ടപ്പെട്ടത് മൂന്നുവർഷം മുൻപ് ഒരു ആഗസ്റ്റിൽ. നിർധന കുടുംബാംഗമായ ജിത്തു എസ്എസ്എൽസിക്കു ശേഷം ലൈറ്റ് ആന്റ് സൗണ്ട് അസിസ്റ്റന്റായി പന്തൽ പണിക്കാരുടെ സംഘത്തിൽ ജോലിക്കു പോയിരുന്നു. പന്തൽ മറിഞ്ഞുവീണ് ഇലക്ട്രിക്കൽ യൂണിറ്റിൽ നിന്നു ഷോക്കേറ്റ ജിത്തുവിന്റെ ഇരുകൈകളും മുട്ടിനു താഴെ കരിഞ്ഞുപോയി. കോഴിക്കോട് മെഡിക്കൽ കോളജിലും പിന്നീട് ലുധിയാനയിലെ സിഎംസി ആശുപത്രിയിലും നടത്തിയ ചികിത്സകൾക്കൊടുവിൽ രണ്ടു കൈകളും മുട്ടിന് താഴെ മുറിച്ചു കളയേണ്ടി വന്നു. കൃത്രിമകൈകൾ വെച്ചുപിടിപ്പിച്ചെങ്കിലും അസ്വാസ്ഥ്യമുണ്ടായതിനാൽ കൈമാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയെക്കുറിച്ചറിഞ്ഞ് ആറ് മാസം മുൻപു അമൃത ആശുപത്രിയെ സമീപിക്കുകയായിരുന്നു.

കേരള നെറ്റ്‌വർക്ക് ഓഫ് ഓർഗൻ ഷെയറിങ്ങിൽ ആറു മാസം മുൻപു പേര് റജിസ്റ്റർ ചെയ്തു. പിന്നീട് തൃപ്പൂണിത്തുറയിലെ ബന്ധുവീട്ടിലായി ജിത്തുവിന്റെ താമസം. മേയ് 25നു അങ്കമാലിക്കടുത്ത് വാഹനാപകടത്തിൽ ഈ ലോകത്തു നിന്നു വിടപറഞ്ഞ പറമ്പയം പുതുവാശേരി പള്ളിപ്പറമ്പിൽ റെയ്സൺ സണ്ണി(24)യുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള മാതാപിതാക്കളായ സണ്ണിയുടെ ഷാലിയുടേയും സന്നദ്ധത അതിനിടയിലാണു അറിയുന്നത്. ഉടൻ തന്നെ റെയ്സണെ പ്രവേശിപ്പിച്ചിട്ടുള്ള അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയെ സമീപിച്ചു. പിന്നീട് നടന്നത് കൂട്ടായ്മയുടെ മണിക്കൂറുകൾ. എല്ലാവരുടെയും പ്രാർഥനയും ഒപ്പമുണ്ടായി.

നേരിട്ട വെല്ലുവിളികൾ
രണ്ടു കൈമാറ്റി വയ്ക്കൽ ശസ്ത്രക്രിയകൾ ഇതിനു മുൻപു നടത്തിയിട്ടുണ്ട്. എന്നാൽ അതിൽ നിന്നു വ്യത്യസ്തമായിരുന്നു ജിത്തുവിന്റെ അവസ്ഥ. കൈമുട്ടിനു താഴെ മുതൽ കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ നടപടികൾ ആരംഭിക്കണം. ഇതിന് മുൻപു നടത്തിയ രണ്ടു പേർക്കും കൈകൾ മാറ്റിവെച്ചത് കൈപ്പത്തിക്ക് മുകളിൽ വച്ചായിരുന്നു. കൈയുടെ ഏറ്റവും നേർത്തഭാഗമായതിനാൽ നാഡികളും പേശികളും കണ്ടെത്തി യോജിപ്പിക്കുക അത്രയേറെ ശ്രമകരമായിരുന്നില്ല. എന്നാൽ കൈമുട്ടിന് താഴെ മാംസപേശികൾ നിറഞ്ഞ ഭാഗമായതിനാൽ ജിത്തുവിന്റെ കൈകളിലെ നാഡികളും പേശീവള്ളികളും കണ്ടെത്തി പുതിയ കൈകളിൽ വെച്ചുപിടിപ്പിക്കുന്നത് അത്യന്തം ശ്രമകരമായിരുന്നു. ഇത് അതിസങ്കീർണമായ പ്രക്രിയയാണ്. കൂടാതെ ഇതിനു മുൻപു നടത്തിയ രണ്ടു ശസ്ത്രക്രിയകൾക്കും മസ്തിഷ്ക മരണം സംഭവിച്ച വ്യക്തികൾ അമൃത ആശുപത്രിയിൽ തന്നെയായിരുന്നു. അതിനാൽത്തന്നെ അവയവമാറ്റം കുറച്ചു കൂടി എളുപ്പമായിരുന്നു. ഇവിടെ 20 കിലോമീറ്ററോളം ദൂരത്തിൽ നിന്നുള്ള ആശുപത്രിയിൽ നിന്ന് കൈകൾ എത്തിക്കണം. മാംസപേശികൾ രണ്ടോ മൂന്നോ മണിക്കൂർ മാത്രമേ പുറത്തെടുത്താൽ സൂക്ഷിക്കാന്‍ സാധിക്കു. രണ്ടു ടീമായി തിരിഞ്ഞാണു പിന്നീടുള്ള പ്രവർത്തനം. ഒരു ടീം കൈ വീണ്ടെടുക്കാൻ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് പോയി. അടുത്ത ടീം അമൃതയിൽ ജിത്തുവിനെ ശസ്ത്രക്രിയക്കായി ഒരുക്കി. 14 മണിക്കൂർ നീണ്ട ശസ്‌ത്രക്രിയയിൽ 25ലധികം സർജൻമാരും 12 അനസ്‌തീസിയസ്റ്റുകളും പങ്കാളികളായി.

jithu1 കൈമാറ്റി വച്ച ജിത്തു ഡോ. പ്രേം നായർ, ഡോ. സുബ്രഹ്മണ്യ അയ്യർ എന്നിവർക്കൊപ്പം

റൈസൺ വിടപറഞ്ഞത് ആറുപേർക്ക് പുതു ജീവൻ നൽകി
ജിത്തുവിനു കൈകൾ ദാനം ചെയ്തതിനൊപ്പം കരൾ, വൃക്കകൾ, നേത്രപടലം എന്നിവയും ദാനം ചെയ്യാൻ റൈസണിന്റെ മാതാപിതാക്കൾ സമ്മതം അറിയിച്ചിരുന്നു. ഇത് ആറുപേർക്കാണു പുതു ജീവിതം നൽകിയത്.

മനുവും റഹീമും
തൊടുപുഴ സ്വദേശി ടി.ആർ.മനുവിന്റെ കൈകളാണ് അമൃതയിൽ ആദ്യം മാറ്റിവച്ചത്. രണ്ടാമത് അഫ്ഗാൻ സ്വദേശിയായ സൈനികൻ അബ്ദുൽ റഹീമിന്റെതും. ഇരുവരുടേയും കൈപ്പത്തിയാണു നഷ്ടപ്പെട്ടിരുന്നത്. ട്രെയിനിലെ നിയമവിരുദ്ധമായ ചിലരുടെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്ത മനുവിനെ തള്ളി താഴെയിടുകയായിരുന്നു. കൈപ്പത്തി മുറിഞ്ഞു പോയ മനുവിന് വരാപ്പുഴ സ്വദേശി ബിനോയിയുടെ കൈകളാണു മാറ്റിവച്ചത്. അഫ്ഗാനിസ്ഥാനിൽ സൈനികനായ അബ്ദുൽ റഹീമിന്റെ കൈ നഷ്ടപ്പെട്ടതു മൈൻ നിർവീര്യമാക്കുന്നതിനിടെ. ഏരൂർ സ്വദേശി ജോസഫിന്റെ കൈകകൾ മാറ്റിവച്ച റഹീം ഇപ്പോൾ വീണ്ടും ആർമിയിൽ തിരികെ പ്രവേശിച്ചു കഴിഞ്ഞു. ഇവരുടെ രണ്ടു പേരുടേയും വിജയകഥയാണു ഇത്രയും റിസ്ക് ഉണ്ടായിട്ടും ജിത്തുവിന്റെ കൈമാറ്റി വയ്ക്കാൻ പ്രേരിപ്പിച്ചത്. ശസ്‌ത്രക്രിയക്ക് ശേഷം മൂന്നാഴ്‌ച തീവ്രപരിചരണ വിഭാഗത്തിൽ ചെലവഴിച്ച ജിത്തു ഇപ്പോൾ പുതിയ കൈകൾ കൊണ്ടുഭക്ഷണം കഴിക്കാനും ഫോൺ വിളിക്കാനും പഠിച്ചിരിക്കുന്നു. ആശുപത്രിയിൽ നിന്ന് നാട്ടിലേക്ക് പോകാൻ ഒരുങ്ങുകയാണ് ഇപ്പോൾ ജിത്തു.

( ഇടപ്പള്ളി അമൃത ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് പ്ലാസ്റ്റിക് ആൻഡ് റീകൺസ്‌ട്രക്ടീവ് സർജറി വിഭാഗം മേധാവിയാണു ഡോ. സുബ്രഹ്മണ്യ അയ്യർ)  

Your Rating: