Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയ ആരോഗ്യ പദ്ധതി: കേരളം മാതൃക കാട്ടണം

medicare

അർബുദ ചികിൽസയുടെ കാണാപ്പുറങ്ങളെപ്പറ്റി നടൻ കൂടിയായ ഇന്നസെന്റ് എംപി പറഞ്ഞ കാര്യങ്ങൾ കഴിഞ്ഞ ദിവസം പത്രത്തിൽ വന്നിരുന്നു. ചികിൽസാ പദ്ധതിയെ ജനകീയമാക്കാൻ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഒരു ചെറിയ പതിപ്പ് ഉമ്മൻചാണ്ടി സർക്കാരിനു കേരളത്തിൽ തുടങ്ങി വയ്ക്കാൻ കഴിയും. ലോകമെങ്ങും ആരോഗ്യമേഖല നിലനിൽക്കുന്നത് ഹതഭാഗ്യരായ രോഗികളുടെ പണം കൊണ്ടാണ്. ആരോഗ്യ സുരക്ഷയ്ക്കായി സർക്കാർ വകയിരുത്തുന്ന ഫണ്ട് പുതിയ രീതിയിൽ ഉപയോഗപ്പെടുത്തുന്ന നൂതനമായ ഒരു ചിന്താ പദ്ധതി അവതരിപ്പിക്കുകയാണിവിടെ. ആരോഗ്യ മേഖലയിലെ സേവനങ്ങൾ ഒരു വ്യവസായമായി അംഗീകരിക്കണമെന്ന ആവശ്യത്തോടൊപ്പം ആശുപത്രി വ്യവസായത്തിലെ ലാഭക്ഷമത ഹോട്ടൽ വ്യവസായത്തിലെ ലാഭക്ഷമതയ്ക്കു തുല്യമായിരിക്കണം എന്ന മനുഷ്വത്വ പരമായ സമീപനമാണ് ഈ ചിന്താധാരയുടെ അടിസ്ഥാനം. ആശുപത്രി സംവിധാനത്തെ നിലനിർത്തേണ്ട ചുമതല പാവം രോഗികളുടെ മാത്രമായിരുന്നു.ഈ സ്ഥിതി മാറണം. ചികിൽസ ഒരു രാജ്യത്തിന്റെ മൊത്തം ഉത്തരവാദിത്വമായി മാറണം. ഭാരതീയ സങ്കൽപ്പത്തിൽ ഗുരുവും വൈദ്യനും നന്മയുടെ പ്രതീകങ്ങളാണ്. ഈ അർഥത്തിൽ ഭാരതീയ പാരമ്പര്യത്തിന്റെ പുനർവിളംബരമാണ് ഈ പദ്ധതി.

ആശുപത്രിയുമായി ബന്ധപ്പെട്ട ചെലവുകളെ മൂന്നായി തിരിക്കാം: ശമ്പളം, ഉപകരണം, മരുന്നും ചികിൽസാ വസ്തുക്കളും. ഇനി ഇങ്ങനെയൊന്നു സങ്കൽപ്പിച്ചു നോക്കുക. ഡോക്ടർമാരുടെ ഉൾപ്പെടെ ശമ്പളം ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിക്കു വേണ്ടി കേന്ദ്ര സർക്കാർ നീക്കി വയ്ക്കുന്ന തുകയിൽ നിന്നു നൽകുക. ഉപകരണങ്ങൾക്കുള്ള തുക സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളിലൂടെ നൽകുന്നു. രോഗികളുടെ ചികിൽസ ഇൻഷുറൻസ് എന്ന സങ്കൽപ്പത്തിന്റെ സകല നന്മകളും ഉപയോഗിച്ച് നടപ്പാക്കുന്നു. ദേശീയ തലത്തിൽ ഇതു നടപ്പാക്കുകയാണങ്കിൽ ഈ മൂന്നാം ഭാഗത്തിൽ ഒരാൾക്ക് 1,000–1,500 രൂപയുടെ ഇൻഷുറൻസ് മതിയാകും. 120 കോടി ജനങ്ങളെ ഉൾപ്പെടുത്തി ഉണ്ടാക്കുന്ന ഇത്തരമൊരു ഇൻഷുറൻസിന്റെ പ്രീമിയം തുക വർഷം തോറും ഒരു ലക്ഷത്തി ഇരുപതിനായിരം കോടി രൂപ മുതൽ ഒരു ലക്ഷത്തി എൺപതിനായിരം കോടി രൂപ വരെയാണ്.

ഒരു ചോദ്യം ഉയരാം. ഇതൊരു സ്വകാര്യ ആശുപത്രിയാണെങ്കിൽ മാനേജുമെന്റിനു എന്തു ലാഭമുണ്ടാകും? ഇവിടെയാണ് ഈ പദ്ധതിയുടെ ഏറ്റവും നിർണായകമായ വശം നാം കാണുന്നത്. ആശുപത്രി നടത്തുന്നവർക്ക് ഒരു ഹോട്ടൽ ഉടമയ്ക്ക് ലഭിക്കുന്ന എല്ലാ ലാഭവും ലഭിച്ചിരിക്കണം. അതായത് ആശുപത്രി മുറി വാടക, ഭക്ഷണചെലവ് തുടങ്ങിയവ ഇൻഷുറൻസ് പരിധിയിൽ വരുന്നില്ല.

ഈ പദ്ധതിക്കു വേണ്ടി കേന്ദ്ര സർക്കാരിനു വർഷം തോറും ഒരു ലക്ഷം കോടി രൂപ മാറ്റിവയ്ക്കാൻ കഴിയുമോ..? 40,000 കോടി രൂപ തൊഴിലുറപ്പു പദ്ധതിക്കും ഒരു ലക്ഷം കോടി രൂപ ഭക്ഷ്യ സുരക്ഷാ പദ്ധതിക്കും മാറ്റിവയ്ക്കാമെങ്കിൽ തീർച്ചയയായും കഴിയും. വർഷം തോറും നമ്മുടെ സമ്പദ്ഘടന വളരുന്നുമുണ്ട്. ഏഴാം ശമ്പളക്കമ്മീഷൻ പരിഷ്കരണം നടപ്പാക്കാൻ 2016 മുതൽ കേന്ദ്ര സർക്കാർ അധികമായി മുടക്കേണ്ടത് വർഷം തോറും ഒരു ലക്ഷത്തി രണ്ടായിരം കോടി രൂപയാണ്. ഇതിന്റെ ഗുണഭോക്താക്കൾ 47 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരും 52 ലക്ഷം വരുന്ന പെൻഷൻകാരും ആണ്.

കേന്ദ്രം ആരു ഭരിച്ചാലും നികുതി വരുമാനം ഒരു ലക്ഷം കോടി രൂപ ഓരോ വർഷവും അധികമായി ല‌ഭിക്കുന്നു. ജിഡിപി അഞ്ചു ശതമാനത്തിലേറെ വളർന്നുകൊണ്ടിരുന്നാൽ വരും വർഷങ്ങളിലും ഇതു തുടരും. ഈ സാഹചര്യത്തിൽ ജനങ്ങളോടു പ്രതിബദ്ധതയും നിശ്ചല ദാർഢ്യവുമുള്ള ഒരു സർക്കാരിന് ഈ പദ്ധതി നടപ്പാക്കാൻ കഴിയും. വേണ്ടത് രാജ്യാന്തര ഇൻഷുറൻസുകാരുടെയും കോർപറേറ്റ് ആശുപത്രി ഭീമൻമാരെയും മറികടക്കാനുള്ള മനക്കരുത്താണ്.‌ തുടക്കമെന്ന നിലയിൽ കേരള മുഖ്യമന്ത്രിക്ക് ഒരു സി ഗ്രേഡ് ആശുപത്രിയിലും ബി ഗ്രേഡ് ആശുപത്രിയിലും ഇതു തുടങ്ങി വയ്ക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക്: http://www.alternative2nationalhealthmissionindia.com/

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.