Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളിലെ ശ്രവണ വൈകല്യങ്ങൾ നേരത്തേ കണ്ടെത്താം

hearing-problem

ശ്രവണ വൈകല്യങ്ങൾ എത്രയും നേരത്തെ കണ്ടെത്തുകയും പരിഹാരം കാണുകയും ചെയ്യേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നു വിദഗ്‌ധർ. ലോക ഫെഡറേഷൻ ഓഫ് ഡെഫ് (ഡബ്ല്യുഎഫ്ഡി) ഈ രോഗത്തിന്റെ പ്രാധാന്യവും പ്രതിരോധ മാർഗങ്ങളും ജനങ്ങളിലെത്തിക്കാൻ സെപ്റ്റംബർ അവസാന ആഴ്ച ബധിര വാരാചരണം സംഘടിപ്പിക്കുന്നത്.
കേൾവി ശക്തി നഷ്‌ടപ്പെടുന്നത് ഏറ്റവും ഉത്‌ക്കണ്‌ഠ ഉളവാക്കുന്ന കാര്യമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ചു ലോകത്തു മനുഷ്യന് ഏറ്റവും കൂടുതലായി നഷ്‌ടപ്പെടുന്ന ഇന്ദ്രിയ ശക്തി കേൾവിയാണ്. ലോക ജനസംഖ്യയുടെ അഞ്ചു ശതമാനത്തോളം (ഏതാണ്ട് 36 കോടി ആളുകൾ) കേൾവി നഷ്‌ടം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. എങ്കിലും ചികിത്സയിൽ ഇതിനു താഴ്‌ന്ന സ്ഥാനമാണ് ലഭിക്കുന്നത്.

ബധിരത സംബന്ധിച്ച കണക്കുകൾ അതിശയിപ്പിക്കുന്നതാണെങ്കിലും ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ബധിരത പരിഹരിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും തീർത്തും അജ്‌ഞതയാണ് നിലനിൽക്കുന്നത്. കേരളത്തിൽ ഏതാണ്ട ് 1,05,000 ആളുകൾ ശ്രവണ വൈകല്യമൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. എന്നാൽ മെഡിക്കൽ ടെക്‌നോളജിയുടെ വളർച്ച ഇവർക്കു സഹായകമായി എത്തിയിട്ടുണ്ട്. കോക്ലിയർ ഇംപ്ലാന്റ് വഴി കേൾവി ശക്തി തിരിച്ചുകൊണ്ടു വരാൻ സാധിക്കും. ഇത് അവരുടെ ജീവിതംതന്നെ മാറ്റിമറിക്കുകയും ചെയ്യുന്നു. ചെറിയൊരു മെഡിക്കൽ ഇലക്‌ട്രോണിക് ഉപകരണമാണ് കോക്ലിയർ ഇംപ്ലാന്റ്. ചെവിക്കുള്ളിലെ കേടായ ഭാഗത്തിനു പകരമായി ഇതു പ്രവർത്തിക്കുന്നു. മറ്റു ശ്രവണ ഉപകരണങ്ങൾ കൂടുതൽ ഉച്ചത്തിൽ ശബ്‌ദമുണ്ടാക്കുമ്പോൾ കോക്ലിയർ ഇംപ്ലാന്റ് ചെവിയുടെ ഉൾവശത്തെ കേടായ സെല്ലുകളെ മറികടന്ന് ശബ്‌ദസൂചികൾ തലച്ചോറിലേക്കു നൽകുകയാണ് ചെയ്യുന്നത്. ഇതു കേൾവി സുഗമമാക്കുന്നു.

ബധിരത കുറയ്‌ക്കുന്നതിനായി കേരള ഗവൺമെന്റ് മുൻകൈയെടുത്ത് നിരവധി നടപടികൾ നടപ്പാക്കിവരുന്നുണ്ട്. ‘ശ്രുതിതരംഗം’ പദ്ധതി വഴി അഞ്ചു വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യമായ കോക്ലിയർ ഇംപ്ലാന്റ് ചെയ്‌തു നൽകുന്നു. കേരളത്തിൽ പ്രതിവർഷം 600–ലധികം സൗജന്യ കൊക്ലിയർ ഇംപ്ലാന്റ് നടത്തുന്നുണ്ട ്. അതിൽ നൂറ്റമ്പതിലധികം കോഴിക്കോട് മെഡിക്കൽ കോളജിലാണ് നടത്തുന്നത്. കൂടാതെ ഗവൺമെന്റ് മറ്റ് പിന്തുണയും നൽകി വരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ ഒഡിറ്ററി വെർബൽ തെറാപ്പിക്ക് ഗവൺമെന്റ് 85 ലക്ഷം രൂപ ലഭ്യമാക്കിയിട്ടുണ്ട്.

കുട്ടികൾ ജനിച്ചു വീഴുന്ന അന്നുതന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ ബധിര പരിശോധന നടത്തുന്നുണ്ട്. ഭാവിയിൽ ശ്രവണശേഷി നഷ്‌ടപ്പെടാതിരിക്കാനായി മുണ്ടിനീര് (മംപ്‌സ്), മണ്ണൻ ( മീസൽസ്) തുടങ്ങിയവയ്‌ക്കെതിരേ നവജാത ശിശുക്കൾക്കു പ്രതിരോധ നടപടികളും എടുക്കുന്നു.

ജന്മനായുള്ള കേൾവിത്തകരാറുകൾ നേരത്തെ കണ്ടുപിടിക്കുന്നതിനും അതിനു പരിഹാരം കാണുന്നതിനും യൂണിവേഴ്‌സൽ ന്യൂബോൺ ഹിയറിങ് സ്‌ക്രീനിംഗ് ( യുഎൻഎച്ച് എസ്) പ്രധാനമാണ്. ചില ആശുപത്രികൾ സ്വമേധയാ ഇത്തരം പരിശോധനകൾ നവജാതശിശുക്കൾക്ക് ശുപാർശ ചെയ്യാറുണ്ട്. എങ്കിലും ഇതിനു മാതാപിതാക്കളിൽനിന്നുള്ള പ്രതികരണം ഇപ്പോഴും തീരെക്കുറവാണെന്നത് ആശാവഹമല്ലെന്നും വിദഗ്ധർ പറയുന്നു.

നവജാതശിശുക്കളിൽ ശ്രവണ വൈകല്യമുണ്ടായാൽ അതു ആറു മാസത്തിനുള്ളിൽ കണ്ടുപിടിക്കുകയും പരിഹരിക്കുകയും ചെയ്യണം. അല്ലെങ്കിൽ സമയം കഴിഞ്ഞുപോകും. വികസിത രാജ്യങ്ങളിൽ നവജാത ശിശുക്കളിലെ ശ്രവണ പരിശോധന സാധാരണമാണ്. എന്നാൽ ഇന്ത്യയിൽ അതില്ല. ഇന്ത്യയിൽ എല്ലാ നവജാത ശിശുക്കളിലും ശ്രവണപരിശോധന നടത്തുവാൻ സാധിക്കുന്ന വിധത്തിലുള്ള ലളിതമായ സംവിധാനങ്ങളും പ്രയോഗിക പ്രതിരോധ നടപടികളും വികസിപ്പിച്ചു നടപ്പിലാക്കേണ്ടിയിരിക്കുന്നുണ്ട്.
ഇന്ത്യൻ പീഡിയാട്രിക് അക്കാദമിയുടെ (ഐഎപി) കൊച്ചി ശാഖ 2003–ൽ നവജാത ശിശുക്കൾക്കുള്ള കേന്ദ്രീകൃത ശ്രവണ പരിശോധന എന്ന ആശയം മുന്നോട്ടു വച്ചിരുന്നു. 2013 മുതൽ എറണാകുളം ജില്ലയിലെ 78 ആശുപത്രികളും കേരളത്തിലെ 200–ലധികം ആശുപത്രികളും നവജാത ശിശുക്കളുടെ ശ്രവണ പരിശോധന നടപ്പാക്കി. നവജാത ശിശുക്കൾക്കുള്ള കേന്ദ്രീകൃത ശ്രവണ പരിശോധന പദ്ധതി നടപ്പാക്കിയിട്ടുള്ള ഏക നഗരവും കൊച്ചിയാണ്. ഈ പദ്ധതിക്ക് ലോകാരോഗ്യ സംഘടന അംഗീകാരം നൽകുകയുണ്ടായി.

ശ്രവണ ശേഷി സംബന്ധിച്ച പരിശോധന, അവയുടെ കണ്ടെത്തൽ, അവയുടെ മാനേജ്‌മെന്റ് തുടങ്ങിയവയിലുണ്ടാകുന്ന താമസം ഒരു വ്യക്തിയുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. ഭാഷ സ്വായത്തമാക്കൽ, സാമൂഹികമായും വൈകാരികമായുമുള്ള വളർച്ച, വിദ്യാഭ്യാസം, ജോലി സാധ്യത തുടങ്ങിയവയെയൊക്കെ ഇതു പ്രതികൂലമായി ബാധിക്കുന്നു.
ശ്രവണ പരിശോധനയിലൂടെ കേൾവി പ്രശ്‌നം കണ്ടെത്തുന്നില്ലെങ്കിൽ, മാതാപിതാക്കൾ കുട്ടിയുടെ കേൾവി നഷ്‌ടത്തെക്കുറിച്ച് അറിയുക ഭാഷ പഠിക്കാൻ തുടങ്ങുമ്പോഴാണ്. പക്ഷേ ഇതിനു കുറേ സമയം എടുക്കുകയും ചെയ്യും. ഇരുപത്തി നാലു മാസം വരെ കുഞ്ഞിന്റെ അറിവു നേടുന്നതിനുള്ള കഴിവ് വികസിക്കുന്ന സമയമാണ്. അപ്പോൾ ശ്രവണശേഷിയിലെ പ്രശ്‌നങ്ങൾ കണ്ടെത്താൻ വൈകുന്നതിനു കുഞ്ഞു നൽകേണ്ടി വരുന്ന വില വലുതാണ്. ശ്രവണ നഷ്‌ടം ഏറ്റവും നേരത്തെ കണ്ടെത്തുകയും അതിനു ചികിത്സിക്കുകയും ചെയ്യേണ്ടത് ഏറ്റവും ആവശ്യമാണ്. വളരെ നേരത്തെ ആവശ്യമായ സഹായം ലഭ്യമാക്കുന്നത് കുട്ടികളിൽ സാധാരണ ശ്രവണശേഷി വളർത്തിയെടുക്കുവാൻ സഹായിക്കും. അതുവഴി മെച്ചപ്പെട്ട ഭാഷാ പ്രാവീണ്യം ആർജിക്കുവാനും സമൂഹത്തിൽ സാധാരണപോലെ പ്രവർത്തിക്കുവാനും കുട്ടികളെ പ്രാപ്‌തരാക്കും.
വികസിത രാജ്യങ്ങളിൽ എല്ലാ നവജാത ശിശുക്കളിലും ശ്രവണശേഷി പരിശോധന (യുഎൻഎച്ച്‌എസ്) നിർബന്ധമാണ്. നവജാത ശിശുക്കൾക്കുള്ള നിർബന്ധിത പരിശോധനയിൽ ഇതും കൂടി ഉൾപ്പെടുത്തുന്നതിന് ഇന്ത്യ നടപടികൾ എടുത്തുവരുന്നുണ്ട്.

വിവരങ്ങൾക്ക്
ഡോ. പി മുരളീധരൻ നമ്പൂതിരി
ഇഎന്‍ടി വിഭാഗം മേധാവി
ഗവ മെഡിക്കൽ കോളജ്, കോഴിക്കോട്

ഡോ.എബ്രഹാം കെ.പോൾ
പ്രോഗ്രാം കൺവീനർ, ന്യൂബോൺ ഹിയറിംഗ് സ്‌ക്രീനിങ്
ഇന്ത്യൻ അക്കാദമി ഓഫ് പിഡിയാട്രിക്സ് (ഐഎപി)

ഡോ. സമീർ പൂത്തേരി
അസിസ്റ്റന്റ് പ്രഫസർ, ഓഡിയോളജി
ഗവ മെഡിക്കൽ കോളജ്, കോഴിക്കോട്