Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്കു ബ്ലോക്കുണ്ടോ, സത്യമാണോ?

chest-pain

എക്സിക്യൂട്ടീവ് ചെക്കപ്പിനാണ് ആ ബിസിനസുകാരനായ യുവാവ് ആശുപത്രിയിലെത്തിയത്. അതിന്റെ ഭാഗമായി ട്രെഡ്മിൽ ടെസ്റ്റ് നടത്തി. നേരിയ ഒരു വേരിയേഷനുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ഹൃദയധമനിയിൽ ബ്ലോക്കുണ്ടോ എന്നറിയാൻ ഒരു ആൻജിയോഗ്രാം നടത്തി നോക്കാം. ധമനിക്കുള്ളിൽ കതീറ്റർ കടത്തി ചെയ്യുന്ന ആ പരിശോധനയ്ക്കിടയിൽ ഡോക്ടർ കാത്ലാബിൽ നിന്നും പുറത്തു വന്ന് രോഗിയുടെ ബന്ധുക്കളോടു പറഞ്ഞു, മൂന്നു ബ്ലോക്കുണ്ട്. അറ്റാക്കു വരാതിരുന്നതു ഭാഗ്യം. നമുക്ക് ആൻജിയോപ്ലാസ്റ്റി നടത്തി സ്റ്റെന്റ് (ധമനിയിലെ ബ്ലോക്ക് തുറക്കാനുള്ള ലോഹവലയം) ഇട്ടുകളയാം. പിന്നെ പേടിക്കാനില്ല. എത്രയും വേഗം ചെയ്യുന്നുവോ അത്രയും നല്ലത്. നിങ്ങൾ തീരമാനിക്കൂ എന്നു പറഞ്ഞു ഡോക്ടർ തിരിച്ചു പോകുന്നു.

രോഗിയുടെ ബന്ധുക്കൾ അമ്പരന്നുപോയി. അവർ എല്ലാവരും കടുത്ത സമ്മർദത്തിലായി. ജീവന്റെ പ്രശ്നമാണ്. കൂടുതൽ ആലോചിക്കാൻ നിന്നില്ല. ഡോക്ടറോട് അവർ സമ്മതം അറിയിക്കുന്നു. ഉടൻ ഡോക്ടർ പറയുന്നു ബ്ലോക്ക് തുറക്കാനുള്ള സ്റ്റെന്റ് പല വിലയ്ക്കും ഗുണത്തിലുമുള്ളതുണ്ട്. ഇരുപതിനായിരത്തിന്റേതുണ്ട്, അമ്പതിനായിരത്തിന്റേതുണ്ട്, തൊണ്ണൂറായിരത്തിന്റേതുണ്ട്... ഏതുവേണം? ഓരോന്നിന്റെയും ഗുണദോഷങ്ങൾ ഡോക്ടർ വിവരിക്കുമ്പോൾ മൂന്നു ബ്ലോക്കിലും അതു ചെയ്യുമ്പോഴുള്ള സാമ്പത്തിക ഗുണനപട്ടികയായിരിക്കും ബന്ധുക്കളുടെ മനസിൽ. ഒടുവിൽ സാമ്പത്തികശേഷി അനുസരിച്ച് എത്ര സ്റ്റെന്റ് എന്നും എന്തുവിലയ്ക്കുള്ളതെന്നും തീരുമാനിക്കുന്നതോടെ ആൻജിയോപ്ലാസ്റ്റി നടക്കുകയായി.

ഒരു കുഴപ്പവുമില്ലാതെ ആശുപത്രിയിൽ വന്ന തനിക്ക് സത്യത്തിൽ ബ്ലോക്കുണ്ടായിരുന്നോ? ആൻജിയോപ്ലാസ്റ്റി വേണമായിരുന്നോ? ഹൃദയധമനിക്കുള്ളിൽ വച്ചു പിടിപ്പിച്ച സ്റ്റെന്റ്, പറഞ്ഞ വിലയ്ക്കു തന്നെയുള്ളതായിരിക്കുമോ? ഇത്തരം സംശയങ്ങൾ സ്വയം ചോദിക്കുന്ന രോഗികളുടെ എണ്ണം ഇന്നു നമ്മുടെ നാട്ടിൽ കൂടി വരുന്നു. ചിലർ ഡോക്ടറിൽ വിശ്വസിച്ച് ആശ്വാസം കൊള്ളുന്നു. മറ്റു ചിലർ ഡോക്ടറേയും ആശുപത്രിയേയും തട്ടിപ്പുകാരെന്നു മുദ്രകുത്തി പോകുന്നു.

ഹൃദയാഘാതകാരണമായ ധമനിയിലെ ബ്ലോക്കിന് അലോപ്പതിയിൽ മൂന്നു സാധ്യതകളാണുള്ളത്. ഒന്ന് മരുന്നു ചികിത്സ. രണ്ട് ആൻജിയോപ്ലാസ്റ്റി. മൂന്ന് ബൈപാസ് സർജറി. ഇതിൽ കൃത്യമായി ഏതുവേണം എന്നത് രോഗിയുടെ രോഗാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ, ഇക്കാര്യത്തിൽ ഡോക്ടർമാരുടെ നിഗമനങ്ങളിലും പലപ്പോഴും കാര്യമായ വ്യത്യാസം വരുന്നു. ഒരു ഹൃദ്രോഗചികിത്സകനും ആൻജിയോപ്ലാസ്റ്റി വിദഗ്ധനും സർജനും ഒരേ ബ്ലോക്കുകളുടെ കാര്യത്തിൽ മൂന്നഭിപ്രായത്തിൽ നിൽക്കുമ്പോൾ രോഗികൾ കുടുങ്ങിയതു തന്നെ. ആൻജിയോഗ്രാം എന്ന പരിശോധന തന്നെ അനാവശ്യമായി ചെയ്യുന്നുവെന്നും ആക്ഷേപമുണ്ട്. എന്നാൽ, ഹൃദയാഘാതമുണ്ടായാൽ എത്രയും വേഗം ധമനിയിലെ തടസം നീക്കി ഹൃദയപേശികൾക്കു രക്തമെത്തിക്കുന്നതാണ് ഏറ്റവും നല്ല ചികിത്സ. ഇക്കാര്യത്തിൽ മരുന്നു ചികിത്സയേക്കാളും ശസ്ത്രക്രിയയേക്കാളും ഏറ്റവും ഫലപ്രദം പ്രൈമറി ആൻജിയോപ്ലാസ്റ്റി തന്നെയാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.

തീരുമാനമെടുക്കുമ്പോൾ

മിക്കപ്പോഴും രോഗികൾ ഹൃദ്രോഗ ചികിത്സകന്റെ അടുക്കലെത്തുന്നത് നെഞ്ചുവേദനയും ശ്വാസംമുട്ടലും ഉൾപ്പെടെയുള്ള വൈഷമ്യങ്ങളുമായാണ്. ഹൃദയപേശികൾക്കു രക്തം നൽകുന്ന കൊറോണറി ധമനികളിലെ തടസം മൂലമാണ് ഈ പ്രശ്നമെന്നു ഡോക്ടർക്കു സംശയം തോന്നുകയും ഇസിജിയും മറ്റും അതു സാധൂകരിക്കുകയും ചെയ്താൽ ആൻജിയോഗ്രാം പരിശോധനയ്ക്കായി രോഗിയെ അയയ്ക്കുന്നു. ധമനിയിൽ എത്ര ബ്ലോക്കുണ്ട്? എത്രത്തോളം അടവുണ്ട്? അത് സങ്കീർണമാണോ എന്നീ മൂന്നു ചോദ്യങ്ങളുടെ ഉത്തരമാണ് ഈ പരിശോധനയിൽ നിന്നും ലഭിക്കേണ്ടത്. ഈ ഉത്തരങ്ങളുടെ അടിസ്ഥാനത്തിലാണ് ചികിത്സയ്ക്ക് മരുന്നു മതിയോ, ആൻജിയോപ്ലാസ്റ്റി വേണോ, അതോ ശസ്ത്രക്രിയ തന്നെ വേണ്ടിവരുമോ എന്നു നിശ്ചയിക്കേണ്ടതെന്നു പ്രശസ്ത ഹൃദ്രോഗവിദഗ്ധനും തിരുവനന്തപുരം കിംസ് ഹോസ്പിറ്റൽ വൈസ് ചെയർമാനുമായ ഡോ. ജി. വിജയരാഘവൻ പറയുന്നു.

വലിയൊരു രോഗം ഒന്നൊന്നരമണിക്കൂറു കൊണ്ടു പരിഹരിച്ച് രോഗിയുടെ വൈഷമ്യം മാറ്റുന്ന ആൻജിയോപ്ലാസ്റ്റിയും സ്റ്റെന്റിങ്ങും മെഡിക്കൽ സയൻസിലെ വലിയൊരു സംഭാവനയാണ്. എന്നാൽ നീണ്ടതും സങ്കീർണവുമായ ബ്ലോക്കുകൾ, രക്തക്കുഴൽ തുടങ്ങുന്ന ഭാഗത്തുള്ളവ, 100 ശതമാനം അടഞ്ഞുപോയവ, തുടങ്ങിയ സാഹചര്യങ്ങളിൽ ആൻജിയോപ്ലാസ്റ്റികൊണ്ട് പരിമിതമായ പ്രയോജനമേ കിട്ടുന്നുള്ളൂ. ഈ ഘട്ടത്തിൽ കൂടുതൽ പ്രസക്തമാകുന്നത് ബൈപാസ് ശസ്ത്രക്രിയയാണ്—പ്രത്യേകിച്ചും പ്രായം കുറഞ്ഞവരിൽ ഡോക്ടർ പറയുന്നു.

തെറ്റായ പ്രവണത കൂടുന്നു

പന്ത്രണ്ടു പതിനഞ്ചു വർഷം മുമ്പ് കേരളത്തിൽ ആൻജിയോപ്ലാസ്റ്റി വളരെ കുറവായിരുന്നു. ബൈപാസ് കൂടുതലും അന്ന് ആൻജിയോപ്ലാസ്റ്റിയെ വിമർശിച്ച പല ഡോക്ടർമാരും ഇന്ന് ആൻജിയോപ്ലാസ്റ്റി വിദഗ്ധരാണ്. ഇന്നു കൂടുതൽ ഡോക്ടർമാർ അതിൽ വൈദഗ്ധ്യം നേടിയപ്പോൾ ആൻജിയോപ്ലാസ്റ്റിയുടെ എണ്ണം ബൈപാസിനെ പിന്തള്ളി മുന്നോട്ടു പോയി— ഇന്റർവെൻഷണൽ കാർഡിയോളജി വിദഗ്ദനായ ഡോ. എൻ പ്രതാപ്കുമാർ പറയുന്നു. 100 ശതമാനം അടവുണ്ടാക്കുന്ന ബ്ലോക്കുകളുടെ കാര്യത്തിലാണ് ഏതാണ്ട് 70 ശതമാനം കാർഡിയോളജിസ്റ്റുകളും ബൈപാസ് നിർദേശിക്കുന്നത്. അത്തരം ബ്ലോക്കുകൾ ആൻജിയോപ്ലാസ്റ്റിയിലൂടെ തുറക്കാൻ കഴിവുള്ളവർ കേരളത്തിൽ വളരെ കുറച്ചേയുള്ളൂ. കൂടുതൽ ഡോക്ടർമാർ ആ കഴിവു നേടുമ്പോൾ 100 ശതമാനം ബ്ലോക്കുകൾ ബൈപാസിന് അയയ്ക്കുന്നതും കുറയും.

പക്ഷേ കേരളത്തിന്റെ ആൻജിയോപ്ലാസ്റ്റി ചികിത്സാമേഖലയിൽ തെറ്റായ പല പ്രവണതകളും വളർന്നു വരുന്നത് ഈ ചികിത്സയുടെ ഗുണമേന്മയെ ബാധിക്കുന്നുണ്ട്. മൂന്നു പ്രശ്നങ്ങളാണ് ഡോ. പ്രതാപ്കുമാർ ഉന്നയിക്കുന്നത്. ഒന്ന് വേണ്ടത്ര പരിശീലനമില്ലാത്ത വൈദഗ്ധ്യം കുറഞ്ഞ ഡോക്ടർമാരുടെ എണ്ണം ഈ ചികിത്സാരീതിയിൽ കൂടിവരുന്നു. രണ്ട്, കുറഞ്ഞ വിലയ്ക്കുള്ള ഗുണമേന്മ കുറഞ്ഞ സാങ്കേതികവിദ്യയും സൗകര്യങ്ങളുമുള്ള കാത്ലാബുകൾ കേരളത്തിൽ കൂടുന്നു. മൂന്ന് ആൻജിയോപ്ലാസ്റ്റിക് നിലവാരം കുറഞ്ഞ ബലൂൺ, സ്റ്റെന്റ്, വയർ തുടങ്ങിയവയുടെ ഉപയോഗം വർധിക്കുന്നു. ഈ മൂന്നു കാരണങ്ങളാലും ആൻജിയോപ്ലാസ്റ്റിയെന്ന ചികിത്സയുടെ ഗുണമേന്മ കുറയാനും അതിനെതിരെയുള്ള വിമർശനങ്ങൾ കൂടാനും കാരണമാകുന്നു. കാർഡിയോളജിയിൽ സൂപ്പർസ്പെഷാലിറ്റി യോഗ്യതയുള്ളവരും ഒരു വിദഗ്ധന്റെ കീഴിൽ നിശ്ചിത എണ്ണം ആൻജിയോപ്ലാസ്റ്റി പൂർത്തിയാക്കിയവരും മാത്രമേ ഇതു ചെയ്യാവൂ എന്ന അവസ്ഥ വരണമെന്നും ഡോ. പ്രതാപ് കുമാർ പറയുന്നു.

ബൈപാസിന്റെ മേന്മ

ശസ്ത്രക്രിയയോടുള്ള ഭയവും അതിന്റെ ഗുണങ്ങൾ വേണ്ടവിധം രോഗിക്കു മനസിലാക്കുകൊടുക്കുന്നതിലുള്ള പരാജയവുമാണ് പലപ്പോഴും ബൈപാസ് വേണ്ടിടത്തുപോലും അതിനു ശ്രമിക്കാതെ പോകുന്നത്. മരുന്നു പുരട്ടിയ സ്റ്റെന്റുകൾ നടപ്പിലാകുന്നതുവരെ ആൻജിയോപ്ലാസ്റ്റിയുടെ പരാജയസാധ്യത കൂടുതലായിരുന്നു. എന്നാൽ മരുന്നു പുരട്ടിയ ഡ്രഗ് അല്യൂട്ടിങ് സ്റ്റെന്റ് (വിലയേറിയവ) വന്നതോടെ വലിയ മാറ്റമാണ് ഉണ്ടായത്. ആൻജിയോപ്ലാസ്റ്റിയിലെ നൂതനമായ ശേഷികളെ പഴയകാല ബൈപാസ് ശസ്ത്രക്രിയാ രീതികളുമായി താരതമ്യം ചെയ്താണ് പലരും ആൻജിയോപ്ലാസ്റ്റിക്ക് കൂടുതൽ മേന്മ അവകാശപ്പെടുന്നത് എന്ന് മുൻനിര ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപുറം പറയുന്നു.

ഹാർട്ട്ലങ് മെഷീനിന്റെ സഹായത്തോടെ ഹൃദയത്തിന്റെ പ്രവർത്തനം നിർത്തി, കാലിൽ നിന്നെടുക്കുന്ന ധമനി ഉപയോഗിച്ചായിരുന്നു ബൈപാസ് നടത്തിയിരുന്നത്. അത്തരം ശസ്ത്രക്രിയയുടെ പരാജയസാധ്യത ആദ്യകാല സ്റ്റെന്റിങ്ങിനു തുല്യമായിരുന്നു. എന്നാൽ തുടിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തിൽ, നെഞ്ചിൽ നിന്നുതന്നെയെടുക്കുന്ന ധമനികൾ കൊണ്ടുചെയ്യുന്ന ബൈപാസ് ശസ്ത്രക്രിയയുടെ മേന്മ സ്റ്റെന്റിങ്ങിനേക്കാൾ കൂടുതലാണെന്നും ആൻജിയോപ്ലാസ്റ്റിയേക്കാൾ കൂടുതൽ കാലം ഒരു കുഴപ്പവും കൂടാതെ മുന്നോട്ടു പോകാനാകുമെന്നും ഡോ. ജോസ് ചാക്കോ പെരിയപുറം പറയുന്നു. മാത്രമല്ല കൂടുതൽ സങ്കീർണമായ ബ്ലോക്കുകൾ ആൻജിയോപ്ലാസ്റ്റിയിലൂടെ തുറക്കാൻ കൂടുതൽ പേർ ശ്രമിക്കുന്നു. .പക്ഷേ, ഇത്തരത്തിലുള്ള പല കേന്ദ്രങ്ങളിലും ഒരു അടിയന്തിര സാഹചര്യമുണ്ടായാൽ ശസ്ത്രക്രിയ ലഭ്യമാക്കാനുള്ള സൗകര്യമില്ലാത്തവയാണെന്ന വസ്തുതയെ കരുതലോടെ കാണണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വേദനയില്ലാത്ത ബ്ലോക്ക്

ലക്ഷണങ്ങൾ ഇല്ലാതെ വരുന്ന രോഗിക്ക് ബ്ലോക്കുണ്ടോ എന്നു സംശയം സ്വാഭാവികം. എന്നാൽ ഹൃദയധമനിയിലെ എല്ലാ തടസങ്ങളും ഒരുപോലെ വേദനയുണ്ടാക്കുന്നില്ല എന്നതാണ് സത്യമെന്ന് ആൻജിയോപ്ലാസ്റ്റി വിദഗ്ധൻ ഡോ. സി. സോമനാഥൻ പറയുന്നു. ഇതേക്കുറിച്ചു രോഗി ബോധവാനാകണം.

ആൻജിയോഗ്രാം പരിശോധനയ്ക്കും ആൻജിയോപ്ലാസ്റ്റിക്കുമായുള്ള കാത്ലാബുകൾ ഏറ്റവും കൂടുതലുള്ളതു കേരളത്തിലാണ്. ഇതൊരു ഭാഗ്യമാണ്. കാരണം, ഹൃദയാഘാതമുണ്ടായാൽ എത്രയും വേഗം ആ തടസം തുറന്ന് രോഗിയെ രക്ഷിക്കാനാകും. ആൻജിയോ പ്ലാസ്റ്റിയിൽ ഉപയോഗിക്കുന്ന സ്റ്റെന്റുകൾ രോഗി ആവശ്യപ്പെട്ടതു തന്നെയാണോ എന്നറിയാൻ രോഗിക്കും ബന്ധുക്കൾക്കും അവകാശമുണ്ട്. സ്റ്റെന്റിനൊപ്പം ലഭിക്കുന്ന അതിന്റെ വിശദാശം അടങ്ങിയ സ്റ്റിക്കർ രോഗിയുടെ ഫയലിൽ പതിപ്പിക്കാറുണ്ട്. ഉയർന്ന സ്റ്റെന്റിന്റെ വിലയ്ക്ക് കുറഞ്ഞ സ്റ്റെന്റ് നിക്ഷേപിക്കാനുള്ള സാധ്യത അതുവഴി ഇല്ലാതാകുന്നു— ഡോ. സോമനാഥൻ പറയുന്നു.

ഒഴിവാക്കാനാകുന്ന 30 ശതമാനം

നെഞ്ചുവേദന ഏതുതരത്തിലുള്ളതായാലും ആൻജിയോഗ്രാം പരിശോധനയ്ക്കയക്കുന്ന പ്രവണത കൂടുകയാണെന്ന് കാർഡിയോതൊറാസിക് സർജനായ ഡോ. നാസർ യൂസഫ് പറയുന്നു. ചിലപ്പോൾ ശ്വാസകോശത്തിലെ മുഴ മുതൽ അസ്ഥിയിലെ കാൻസർ വരെ എന്തുമാകാം നെഞ്ചുവേദനയെന്ന ലക്ഷണവുമായി എത്തി ആൻജിയോഗ്രാമിനു വിധേയമാകുന്നത്. ഇത്തരം സംഭവങ്ങൾ അത്ര വിരളവുമല്ല— ഡോക്ടർ പറയുന്നു.

ആൻജിയോഗ്രാം ചെയ്തപ്പോൾ ബ്ലോക്ക് കാണുന്നു. അപ്പോൾ ഡോക്ടർ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ഈ ബ്ലോക്കുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ? പിന്നീട് അറ്റാക്കു വരുമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം അതെയെന്നാണെങ്കിൽ മാത്രമല്ലേ ആൻജിയോ പ്ലാസ്റ്റിയിലേക്കോ ശസ്ത്രക്രിയയിലേക്കോ നീങ്ങേണ്ടതുള്ളൂ. ഹൃദയധമനിയിൽ കാണുന്ന എല്ലാതരം ബ്ലോക്കുകൾക്കും സ്റ്റെന്റിങ്ങിന്റെ ആവശ്യമില്ലെന്നു വിപുലമായ പഠനങ്ങൾ (കറേജ് സ്റ്റഡി) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആൻജിയോ ഗ്രാമിനൊപ്പം ചെയ്യുന്ന മറ്റൊരു പരിശോധനയാണ് ഫ്രാക്ഷണൽ ഫ്ലോ റിസർവ് (എഫ് എഫ് ആർ). നമ്മുടെ നാട്ടിൽ ഇതു പ്രചാരത്തിലായിത്തുടങ്ങിയിട്ടുണ്ട്. ബ്ലോക്കിന്റെ മുന്നിലും പിന്നിലുമുള്ള രക്തത്തിന്റെ മർദം അളക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ബ്ലോക്കിന് അപ്പുറമുള്ള എഫ്എഫ്ആർ 0.7ലും കുറവാണെങ്കിൽ മാത്രമേ സ്റ്റെന്റുകൊണ്ടു പ്രയോജനം ലഭിക്കൂവെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. എഫ്എഫ്ആറിന്റെ അടിസ്ഥാനത്തിൽ നടന്ന പഠനങ്ങളിൽ (ഫേം സ്റ്റഡി) നിന്നും ഏതാണ്ട് 30 ശതമാനം ആൻജിയോപ്ലാസ്റ്റിയും ഒഴിവാക്കാമായിരുന്നവയാണ് എന്നാണ് തെളിയിക്കുന്നത്. അതുപോലെ എവെസ് പരിശോധനയും സ്റ്റെന്റിങ്ങിന്റെ ആവശ്യകത ഉറപ്പാക്കാൻ സഹായിക്കും.

മരുന്നു ചികിത്സ മികച്ചതല്ലെന്നോ?

ശരീരത്തിന് ആയാസമുണ്ടാകുമ്പോൾ വേദന ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ മാറുകയും ചെയ്യുന്ന നെഞ്ചുവേദനയാണ് സ്റ്റേബിൾ ആഞ്ചൈന. ഇത്തരത്തിലുള്ള നെഞ്ചുവേദന അനുഭവിക്കുന്ന രോഗികളുടെ ഹൃദയധമനിയിൽ സ്റ്റെന്റു നിക്ഷേപിച്ചാലും മരുന്നുചികിത്സയേക്കാൾ കൂടുതലായ ഗുണം കിട്ടില്ലെന്നു വിപുലമായ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇംഗ്ലണ്ടിലെ കാർഡിയോളജിസ്റ്റും മലയാളിയുമായ ഡോ. ഏബ്രഹാം ചാക്കോ പറയുന്നു. ഇത്തരത്തിലുള്ള രോഗിയിൽ സ്റ്റെന്റിങ് നടത്തിയാൽ ഹൃദയാഘാതം തടയാമെന്നും ആയുർദൈർഘ്യം കൂട്ടാമെന്നുമുള്ള വലിയ തെറ്റിദ്ധാരണ രോഗികൾക്കിടയിലും ചില ഡോക്ടർമാർക്കിടയിലും ഇപ്പോഴുമുണ്ട്. ആൻജിയോഗ്രാമിന്റെ അടിസ്ഥാനത്തിൽ രോഗിയുടെ ലക്ഷണങ്ങളും അതുവരെ നൽകിയ മരുന്നു ചികിത്സയുടെ ഫലവുമൊക്കെ ചേർത്തുവെച്ചുവേണം ആൻജിയോപ്ലാസ്റ്റി തീരുമാനിക്കാൻ. ഹൃദയപേശികൾക്കു രക്തമെത്തിക്കുന്ന മൂന്നു പ്രധാന ധമനികളും ഇടുങ്ങിപ്പോയാൽ ബൈപാസു തന്നെ വേണ്ടിവന്നുവെന്നും വരാം.

പൂർണമായ ബ്ലോക്കിനും മരുന്നു നൽകി രക്തക്കട്ട അലിയിച്ചുകളയുന്ന ത്രോംബോലിറ്റിക് ചികിത്സയാണ് പതിറ്റാണ്ടുകളായി ചെയ്യുന്നത്. ഇതിനു പകരം അടിയന്തിര ആൻജിയോപ്ലാസ്റ്റിയിലൂടെ പെട്ടെന്നുതന്നെ തടസം നീക്കി ഹൃദയപേശിയിലേക്കുള്ള രക്തമൊഴുക്ക് പുനസ്ഥാപിക്കുന്നു. പ്രൈമറി ആൻജിയോപ്ലാസ്റ്റി എന്ന ഈ രീതി ഏറെ ഫലപ്രദമാണ്. എന്നാൽ ഹൃദയാഘാതം വന്നു നിശ്ചിതസമയം കഴിഞ്ഞശേഷം സ്റ്റെന്റ് ഇട്ടതുകൊണ്ടു വലിയ പ്രയോജനവുമില്ല— ഡോ. ഏബ്രഹാം ചാക്കോ പറയുന്നു.

തീരുമാനം ആരുടേത്?

ഹൃദയാഘാത ചികിത്സയിൽ സാധിക്കുന്ന സാഹചര്യങ്ങളിൽ ഒരു രണ്ടാം അഭിപ്രായത്തിന്റെ സാധ്യതകൾക്ക് ഏറെ പ്രസക്തിയുണ്ടെന്നാണ് ഈ അന്വേഷണത്തിൽ തെളിഞ്ഞുവരുന്നത്. ആൻജിയോഗ്രാമിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിൽ അതു നടത്തിയ ഇന്റർവെൻഷണൽകാർഡിയോളജിസ്റ്റുമായി ഹൃദ്രോഗചികിത്സകൻ നടത്തുന്ന ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ വേണം ആൻജിയോപ്ലാസ്റ്റി വേണോ ശസ്ത്രക്രിയ വേണോ മരുന്നു ചികിത്സ മതിയോ എന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത്. അതിലൂടെ അനാവശ്യമായ ആശങ്കകളും ചെലവും കുറയ്ക്കാനാകുമെന്നു തന്നെയാണ് പൊതുവെ വിദഗ്ധരുടെ അഭിപ്രായം. അനാവശ്യമായ പരിശോധനകളും ആൻജിയോപ്ലാസ്റ്റിയുമൊക്കെ ഒഴിവാക്കേണ്ടത് രോഗികളുടെയും ബന്ധുക്കളുടെയും മാത്രമല്ല പൊതുസമൂഹത്തിന്റെ ആവശ്യമാണെന്നു വൈദ്യസമൂഹം തിരിച്ചറിയണം.