Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയാരോഗ്യവും കൊളസ്ട്രോളും

heart-cholesterol

കൊളസ്ട്രോൾ കൂടിയാൽ എന്താണു പ്രശ്നമെന്നു ചോദിച്ചാൽ ആരും പറയും— അറ്റാക്ക് വരുമിഷ്ടാ... അത്രമാത്രം കൊളസ്ട്രോളും ഹൃദ്രോഗവുമായുള്ള ബന്ധത്തെക്കുറിച്ച് നമുക്കെല്ലാവർക്കും ബോധ്യമുണ്ട്. ഉയർന്ന കൊളസ്ട്രോളിന്റെ ഏറ്റവും പ്രകടവും പ്രധാനവുമായ പ്രത്യാഘാതമാണ് കൊറോണറി ധമനീരോഗങ്ങളും ഹൃദയാഘാതവും. ഹൃദ്രോഗകാരണങ്ങളേയും ഉദ്ദീപനഘടകങ്ങളേയും ആധാരമാക്കി നടത്തിയ ഗവേഷണങ്ങൾ എല്ലാം തന്നെ ഹൃദ്രോഗത്തിന് ഒരു പ്രധാന കാരണം ഉയർന്ന കൊളസ്ട്രോൾ ആണെന്നു വെളിപ്പെടുത്തി.

ചീത്ത കൊളസ്ട്രോൾ ഒരു ശതമാനം കൂടുമ്പോൾ ഹൃദ്രോഗസാധ്യത മൂന്നു ശതമാനം വർധിക്കുന്നു. അതുപോലെ രക്തത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവു കുറച്ചപ്പോൾ ഹൃദ്രോഗസാധ്യതയും കുറയുന്നതായി കണ്ടെത്തി. കൊളസ്ട്രോളും ഹൃദയപ്രശ്നങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സംശയങ്ങളും വിദഗ്ധ മറുപടിയുമാണ് ചുവടെ.

കൊളസ്ട്രോളും പൂരിത കൊഴുപ്പും ഹൃദ്രോഗത്തിനു കാരണമാകുമെന്ന ധാരണ തെറ്റാണെന്നു ചില ഗവേഷകർ പറയുന്നുണ്ട്. വാസ്തവമാണോ?

കൊളസ്ട്രോളും പൂരിതകൊഴുപ്പും ഹൃദ്രോഗത്തിനു കാരണമാകുമെന്ന ധാരണ തെറ്റാണെന്ന് ഏതെങ്കിലും പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടോയെന്നു തോന്നുന്നില്ല. ഇനി അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അതു തെറ്റായ പ്രസ്താവനയുമാണ്. ലോകത്ത് ഇന്നേവരെ നടത്തിയിട്ടുള്ള എല്ലാ പ്രഖ്യാത പഠനങ്ങളും പൂരിതകൊഴുപ്പും കൊളസ്ട്രോളും രക്തത്തിൽ കുമിഞ്ഞുകൂടുമ്പോഴുണ്ടാകുന്ന അപകടസാധ്യതകളെപ്പറ്റി താക്കീതു നൽകിയിട്ടേയുള്ളൂ. പ്രഖ്യാതമായ ഫ്രാമിങ്ങാം ഹാർട്ട് സ്റ്റഡിയാണ് ആദ്യമായി വർധിച്ച കൊളസ്ട്രോളും ഹൃദ്രോഗസാധ്യതയും സംബന്ധിച്ച കൃത്യവും വിശദവുമായ വെളിപ്പെടുത്തലുകൾ നടത്തിയത്.

അതിനുശേഷം സെവൻ കൺട്രീസ് സ്റ്റഡി, മോനിക്കാ സ്റ്റഡി, നി—ഹോൺസാൻ പഠനം, മെർഫിറ്റ് ട്രയൽ തുടങ്ങിയ ബൃഹത്തായ ഗവേഷണങ്ങളെല്ലാം, കൊളസ്ട്രോളും കൊഴുപ്പുഘടകങ്ങളും രക്തത്തിൽ ക്രമാതീതമാകുമ്പോൾ ഹൃദയധമനികളിൽ ജരിതാവസ്ഥയും തുടർന്നു ഹാർട്ടറ്റാക്കും ഉണ്ടാകുമെന്നു സ്ഥിരീകരിക്കുകയുണ്ടായി.

കൊളസ്ട്രോൾ എങ്ങനെയാണ് ഹൃദ്രോഗത്തിനു കാരണമാകുന്നത്?

പൊതുവായ കൊളസ്ട്രോളിന്റെ മുഖ്യഉപഘടകമായ (75 ശതമാനം) സാന്ദ്രത കുറഞ്ഞ എൽഡിഎൽ ആണു വില്ലൻ. ഓക്സീകരണം സംഭവിച്ച എൽഡിഎൽ ആണ് ഏറെ അപകടകാരി. ഇതു ധമനികളുടെ ഉൾപ്പാളിയായ എന്റോത്തീലിയൽ കോശനിരകളിൽ ഘടനാപരമായ വൈകല്യങ്ങളുണ്ടാക്കും. രക്തക്കുഴലുകളുടെ ഉള്ളിലുള്ള നേർത്ത സ്തരപാളിയായ എന്റോത്തീലിയത്തിൽ കൊഴുപ്പു പറ്റിപ്പിടിച്ചു തുടങ്ങുന്നതോടെ ജരിതാവസ്ഥയുടെ ആരംഭമായി. കൂടാതെ, ശ്വേതരക്താണുക്കൾ, ഫൈബ്രിൻ തുടങ്ങിയ ഘടകങ്ങളും കൂടി ജരിതാവസ്ഥ വഷളാകുന്നു. അങ്ങനെയാതടിപ്പു കാലക്രമേണ വർധിച്ച് ഒരു പ്ലാക്ക് ഉണ്ടാകുന്നു. പലപ്പോഴും വളരെ പതുക്കെയാണ് ഈ ഘടനാപരിവർത്തനം ഉണ്ടാകുന്നതെന്നോർക്കണം. ധമനിയുടെ ഉൾവ്യാസത്തിന്റെ 50—70 ശതമാനം ഈ പ്ലാക്ക് ഉണ്ടാകുമ്പോൾ സുഗമമായ രക്തപ്രവാഹത്തിനു വിഘ്നം സംഭവിക്കുന്നു. ഹൃദയധമനികളായ കോറോണറിയിൽ ഈ പ്ലാക്ക് കുമിഞ്ഞുകൂടുമ്പോൾ രക്തസഞ്ചാരം അപര്യാപ്തമായി ഹൃദയപേശികൾക്ക് ആവശ്യാനുസരണം രക്തം ലഭിക്കാതെ വരുന്നു. ഇതു തന്നെയാണു ഹൃദ്രോഗത്തിന്റെ തുടക്കം.

കൊളസ്ട്രോൾ ഹൃദയത്തെ ദോഷകരമായി ബാധിച്ചു തുടങ്ങിയാൽ ഹൃദയവുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ എന്തെങ്കിലും ലക്ഷണം കാണുമോ?

വർധിച്ച കൊളസ്ട്രോൾ മൂലം ഹൃദയധമനികളിൽ ബ്ലോക്കുകൾ ഉണ്ടാക്കുമ്പോൾ, ഹൃദയകോശങ്ങൾക്ക് ഉപാപചയപ്രവർത്തനങ്ങൾ നടത്താൻ അനിവാര്യമായ പ്രാണവായുവും പോഷകപദാർഥങ്ങളും ലഭിക്കാതെ വരുന്നു. ഈ അവസരത്തിൽ ലാക്റ്റിക് അമ്ലവും മറ്റു ഘടകങ്ങളും കോശങ്ങളിൽ കുമിഞ്ഞുകൂടി അൻജൈന ഉണ്ടാകുവാൻ കാരണമാകുന്നു. അങ്ങനെയുണ്ടാകുന്ന നെഞ്ചുവേദന ദുസ്സഹമാകുന്നു. ഈ അവസ്ഥ അതിക്രമിച്ചാൽ അതു ഹാർട്ടറ്റാക്കിനു കാരണമാകുക തന്നെ ചെയ്യും. അപ്പോൾ മരണഭീതിയുളവാക്കുന്ന നെഞ്ചുവേദനയാണ് ഉണ്ടാകുക.

ഉയർന്ന കൊളസ്ട്രോൾ ഉള്ള ആളുകൾക്കു വരുന്ന ഹൃദ്രോഗങ്ങൾ ഏതൊക്കെയാണ്?

ഹൃദ്രോഗങ്ങൾ പ്രധാനമായി മൂന്നു വിധമാണുള്ളത്. ജന്മജാതഹൃദ്രോഗം, വാതപ്പനിമൂലമുള്ള സ്വയാർജിതഹൃദ്രോഗം, പിന്നെ ഹൃദയധമനികളിൽ അതീറോസ്ക്ലീറോസിസ് ഉണ്ടായി ഹാർട്ടറ്റായ്ക്ക് ഉണ്ടാകുന്ന ഹൃദയാഘാതം. ഇതിൽ ഹൃദയധമനികളിൽ അതിറോസ്ക്ലീറോസിസ് ഉണ്ടാക്കുകയാണു കൊളസ്ട്രോൾ ചെയ്യുന്നത്. ജന്മജാതഹൃദ്രോഗം ജനിതക—പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടുണ്ടാക്കുന്നതാണ്. നവജാതരിലുണ്ടാകുന്ന ഈ ഹൃദ്രോഗത്തിനുള്ള പരിഹാരം മിക്കവാറും ശസ്ത്രക്രിയയാണ്. 5—15 വരെയുള്ള കുട്ടികളിൽ റുമാറ്റിക് ഫീവർ മൂലം ഹൃദയ വാൽവുകൾക്കുണ്ടാകുന്ന അപചയമാണു സ്വയാർജിത ഹൃദ്രോഗങ്ങൾ.

കൊളസ്ട്രോൾ ഉയർന്നു നിൽക്കുന്ന എല്ലാവരിലും ഹൃദയാഘാതം വരണമെന്നുണ്ടോ?

ഹൃദ്രോഗമുണ്ടാക്കുന്ന മുഖ്യവില്ലൻ കൊളസ്ട്രോളാണെങ്കിലുംഹാർട്ടറ്റാക്കുണ്ടാകുന്ന 40—50 ശതമാനം രോഗികളിലും കൊളസ്ട്രോളിന്റെ അളവു സാധാരണയിൽ കുറവായിട്ടാണു കണ്ടുവരുന്നത്. അതായതു ഹാർട്ടറ്റാക്കുണ്ടാക്കുന്ന പല ആപത്ഘടകങ്ങളിൽ ഒന്നു മാത്രമാണു കൊളസ്ട്രോൾ എന്നു സാരം. കൊളസ്ട്രോളിന്റെ അളവു സാധാരണനിലയിൽ കാണുന്നവരിൽ മറ്റ് ആപത്ഘടകങ്ങളായ പുകവലി, ഉയർന്ന രക്തസമ്മർദം, പ്രമേഹം, അമിതവണ്ണം, വ്യായാമക്കുറവ്, സ്ട്രെസ്, ജനിതക പ്രവണതഎന്നിവകളുടെ അതിപ്രസരം ഹൃദ്രോഗത്തിലേക്കുള്ള ചവിട്ടുപടി തന്നെ. അതുപോലെ കൊളസ്ട്രോളിന്റെ അളവു കൂടുതൽ കാണുന്നവരിൽ ഹാർട്ടറ്റാക്കുണ്ടാകാത്ത സാഹചര്യങ്ങളും ഉണ്ട്. ഇവിടെ ശരീരത്തിലെ മറ്റു പല അനുകൂലഘടകങ്ങളും കൊളസ്ട്രോളിന്റെ അപകടാവസ്ഥയ്ക്കെതിരെ പ്രവർത്തിക്കുന്നു.

പാരമ്പര്യമായി ഹൃദ്രോഗസാധ്യതയുള്ളവരിൽ കൊളസ്ട്രോൾ അളവു കൂടുന്നത് കൂടുതൽ അപകടകരമാണോ?

ഹൃദ്രോഗമുണ്ടാകാനുള്ള 50 ശതമാനം സാധ്യതയും ജനിതകപരമാണെന്നു നൂതന ഗവേഷണഫലങ്ങൾ തെളിയിക്കുന്നു. മനുഷ്യശരീരത്തിലെ എല്ലാ രോഗങ്ങളും ജനിതകപരവും പരിസ്ഥിതി സംബന്ധവുമായ ഘടകങ്ങളുടെ ഒത്തുചേരലുകൾ കൊണ്ടാണ് ഉണ്ടാകുന്നത്. ജനിതകഘടകങ്ങളും പാരമ്പര്യശീലങ്ങളും പരിസ്ഥിതി പ്രേരണകളും സമന്വയിക്കുമ്പോൾ ഹൃദ്രോഗസാധ്യത പതിന്മടങ്ങാകുന്നു. ഇക്കൂട്ടരിൽ കൊളസ്ട്രോൾ കൂടുന്നത് ഹൃദ്രോഗത്തിലേക്കുള്ള ചവിട്ടുപടിതന്നെ.

ചീത്ത കൊളസ്ട്രോളിന്റെ അളവു കൂടുന്നതാണോ നല്ല കൊളസ്ട്രോളിന്റെ അളവു കുറയുന്നതാണോ ഹൃദയത്തിനു കൂടുതൽ ദോഷകരം?

ചീത്ത കൊളസ്ട്രോളായ എൽഡിഎൽന്റെ അളവുകൾ അതിക്രമിക്കുന്നതു ഗുരുതരം തന്നെ. എന്നാൽ എച്ച്ഡിഎൽന്റെ ഏറ്റക്കുറച്ചിലുകൾ ഇതിന്റെ ശൗര്യത്തെ പ്രതികൂലമോ അനുകൂലമോ ആയി ബാധിക്കുന്നു. പ്രഖ്യാതമായ ഫ്രാമിങ്ങാം ഹാർട്ട് സ്റ്റഡിയിൽ, അപകടകാരിയായ എൽഡിഎൽ വർധിച്ചു കാണാത്തവരിലും എച്ച്ഡിഎൽ കുറഞ്ഞുപോയതുകൊണ്ടു ഹൃദ്രോഗസാധ്യത അധികരിച്ചതായി കണ്ടു. അതുപോലെ എൽഡിഎൽ ക്രമാതീതമായി വർധിച്ചു കണ്ടവരിൽ എച്ച്ഡിഎൽ കൂടുതലുണ്ടായിരുന്നതുകൊണ്ടു ഹൃദ്രോഗസാധ്യത സാരമായി കുറഞ്ഞു കണ്ടു.അപ്പോൾ എച്ച്ഡിഎൽന്റെ അളവു ഹൃദ്രോഗത്തിന്റെ ഉദ്ദീപനത്തിൽ പ്രധാന പങ്കുവഹിക്കുന്നു.

എൽഡിഎല്ലിൽ എത്ര വർധനവു കണ്ടാലാണ് ഹൃദയാരോഗ്യത്തിനു ദോഷം വരാൻ സാധ്യത?

എൽഡിഎൽ കൊളസ്ട്രോൾ 100 മി.ഗ്രാം ശതമാനത്തിൽ കുറഞ്ഞുനിൽക്കുന്നതാണ് അഭികാമ്യം. ഇനി ഹൃദ്രോഗമുണ്ടെന്നു തെളിഞ്ഞിട്ടുള്ളവരിൽ ഈ അളവു 70—ൽ കുറഞ്ഞിരിക്കണം. ഇത് 100—129 വരെ സാധാരണയിൽ കൂടുതലാണ്. 130—159 വരെ താരതമ്യേന കൂടുതലാണ്. 160—189 വരെ വളരെ കൂടുതലാണ്. 190—ൽ കൂടിയാൽ ഗുരുതരമായ രീതിയിൽ വർധിച്ചിരിക്കുന്നു.

ഹൃദയാരോഗ്യത്തിനു ഗുണം ചെയ്യുന്ന കൊളസ്ട്രോൾ കുറഞ്ഞ ഭക്ഷണങ്ങൾ എന്തൊക്കെയാണ്?

കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന്റെ കാര്യത്തിൽ ഏറ്റവും പ്രധാനം എണ്ണയുടെ ഉപയോഗം നിയന്ത്രിക്കുകതന്നെ. വറുത്തതും പൊരിച്ചതും വർജിക്കണം. ഇറച്ചിയും മീനും എണ്ണ തീരെ കുറച്ചു കറിവച്ചു കഴിക്കുക. കടൽമത്സ്യമാണ് ഏറ്റവും ഉത്തമം. ഇതിലടങ്ങിയിരിക്കുന്ന ഒമേഗാ—3 ഫാറ്റി അമ്ലങ്ങൾ കൊളസ്ട്രോൾ കുറയ്ക്കുവാൻ സഹായിക്കുന്നു. മത്തിയാണ് ഏറെ മെച്ചം. മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം. നാരുകൾ സുലഭമായുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുക. കൊളസ്ട്രോളിനെ ആഗിരണം ചെയ്തു കുറയ്ക്കുവാൻ ഇവ സഹായിക്കുന്നു. അധികം വേവിക്കാത്ത സാലഡുകൾ കൂടുതൽ കഴിക്കുക. ഭക്ഷണക്രമത്തെപ്പറ്റി പറയുമ്പോൾ ഒലിവെണ്ണയുള്ള മെഡിറ്ററേനിയൻ ഡയറ്റ് തന്നെ കൂടുതൽ പ്രയോജനകരം. മധുരപലഹാരങ്ങൾ ഒഴിവാക്കുക, മാംസാഹാരം കുറയ്ക്കുക, ഗ്രീൻ ടീ പതിവായി കുടിക്കുക.

ജന്മനാ കൊളസ്ട്രോൾ ഉയർന്നു നിൽക്കുന്നവരിൽ നിശ്ചയമായും ഹൃദയപ്രശ്നങ്ങൾ ഉണ്ടാകുമോ?

ഫമീലിയൽ ഹൈപ്പർ ലൈപ്പിഡേമിയ അഥവാ പാരമ്പര്യമായി കൊളസ്ട്രോൾ ഘടകങ്ങൾ കൂടുതലുള്ളവർ അതീവ ജാഗ്രതയുള്ളവരായിരിക്കണം. ഇക്കൂട്ടർക്ക് 45—50 വയസ്സിനു മുമ്പ് ഹാർട്ടറ്റാക്കുണ്ടാകാനുള്ള സാധ്യത വളരെയേറുന്നു. അമേരിക്കയിൽ 10—12 വയസ്സുള്ള കുട്ടികൾ വരെ കൊളസ്ട്രോൾ കുറയാനുള്ള മരുന്നുകളെടുക്കുന്നു. ഇക്കൂട്ടരുടെ രക്തത്തിലെ സിറം ഏതാണ്ടു പാലിന്റെ നിറമുള്ളതാകുന്നു. പ്രത്യേകിച്ച് അമിതവണ്ണമുള്ളവരിലെയും പാരമ്പര്യമായി ഹൃദ്രോഗസാധ്യതയുള്ളവരിലെയും കുട്ടികളിൽ കൊളസ്ട്രോളിന്റെ അളവുകൾ കാലേക്കൂട്ടി പരിശോധിച്ചു നിയന്ത്രണവിധേയമാക്കണം.

അതിരോസ്ക്ലീറോസിസിൽ സംഭവിക്കുന്നത്

ഹൃദയത്തിലേക്കുള്ള ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി പ്രാണവായുവും രക്തസഞ്ചാരവും ഇല്ലാതായാണു ഹൃദയാഘാതം നടക്കുക. ഇങ്ങനെ സംഭവിക്കുന്നതിനു പിന്നിൽ അതിരോസ്ക്ലീറോസിസ് എന്ന പ്രതിഭാസമുണ്ട്.

ആദ്യഘട്ടം

ധമനീഭിത്തിയിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന രാസമാറ്റങ്ങളുടെ ഫലമായി എൻഡോതീലിയൽ കോശങ്ങൾ പ്രതിരോധകോശങ്ങളായ ശ്വേതരക്താണുക്കളോട് ഒട്ടിചേരും. ഫലമായി ധമനികളിൽ നീരു വീക്കം ഉണ്ടാകും. തുടർന്ന് പ്രതിരോധ കോശങ്ങൾ കൊഴുപ്പടിഞ്ഞ ഫോം കോശങ്ങളാകും.

ഫൈബ്രസ് പ്ലാക്ക്

പ്ലാക്കിന്റെ ഒരു ചെറിയ ആവരണം രക്തധമനികൾക്കുള്ളിൽ രൂപപ്പെട്ടു തുടങ്ങുന്നു. ഇതാണ് അതിരോസ്ക്ലീറോസിസ് പ്ലാക്കിന്റെ ആദ്യഘട്ടം.

തുടർന്ന് ഫൈബ്രിൻ പോലുള്ള ഘടകങ്ങളും ചേർന്ന് ഈ പ്ലാക്ക് കൂടുതൽ വലുതായി അതിനൊരു നാരു കവചം (ഫൈബ്രസ് ക്യാപ്) രൂപപ്പെടുന്നു.

അതിറോസ്ക്ലീറോസിസ്

അടുത്ത ഘട്ടത്തിൽ ഫോം കോശങ്ങളിൽ നിന്നു പുറപ്പെടുന്ന പദാർഥങ്ങൾ ഈ കവചത്തെ ശിഥിലീകരിച്ച്, അത് പൊട്ടാൻ ഇടയാക്കുന്നു.

ഇതു പൊട്ടിയതിനെ തുടർന്നുണ്ടാകുന്ന രക്തക്കട്ട ധമനികളിലെ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തി ഹൃദയാഘാതത്തിന് ഇടയാക്കാം.

അറ്റാക്കു വന്നവർ ശ്രദ്ധിക്കാൻ

ഒരിക്കൽ അറ്റാക്ക് വന്നവർ കൊളസ്ട്രോൾ നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കണോ? അവർക്ക് ഗുണകരമായ കൊളസ്ട്രോൾ അളവുകൾ എത്രയാണ്? അറ്റാക്കുണ്ടായവരിൽ പൊതുവായ കൊളസ്ട്രോളിന്റെയും ഉപഘടകങ്ങളുടെയും അളവുകൾ അതിക്രമിച്ചിട്ടുണ്ടെങ്കിൽ അതു നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കേണ്ടതാണ്. അതുവഴി തുടർന്നും അറ്റാക്കുണ്ടാകാനുള്ള സാധ്യത കുറയ്ക്കാം. ഇക്കൂട്ടരിൽ പൊതുവായ കൊളസ്ട്രോൾ (ടോട്ടൽ കൊളസ്ട്രോൾ) 200ൽ (പറ്റുമെങ്കിൽ 170ൽ) താഴെ നിൽക്കണം. അപകടകാരിയായ എൽഡിഎൽ 100ൽ (പറ്റുമെങ്കിൽ 70ൽ) കുറഞ്ഞു നിൽക്കണം. ട്രൈഗ്ലിസറൈഡുകൾ 150ൽ താഴെയായിരിക്കണം. നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ 60ൽ കൂടി നിൽക്കുന്നതാണ് ഉത്തമം. അളവുകളെല്ലാം മി.ഗ്രാം ശതമാനത്തിൽ. ഇതിനായി ജീവിത—ഭക്ഷണക്രമീകരണത്തോടൊപ്പം വേണ്ടി വന്നാൽ ഔഷധങ്ങളും ഉപയോഗിക്കുക.

ഇന്ത്യക്കാരും ഹൃദ്രോഗവും

ഇന്ത്യക്കാരിലെ കൊളസ്ട്രോളിന്റെ അളവ് വെള്ളക്കാരോടൊപ്പമുണ്ട്. മറ്റ് ഏഷ്യക്കാരേക്കാൾ വളരെ കൂടുതലുമാണ്. ഒരേ അളവ് കൊളസ്ട്രോളുള്ള ഇന്ത്യക്കാരേയും മറ്റു രാജ്യക്കാരേയും താരതമ്യപ്പെടുത്തി നോക്കിയാൽ ഹൃദ്രോഗസാധ്യത ഇന്ത്യക്കാർക്ക് ഇരട്ടിയാണ്. അതായത് 200 മി.ഗ്രാം കൊളസ്ട്രോളുള്ള ഇന്ത്യക്കാർക്ക് 300 മി.ഗ്രാം കൊളസ്ട്രോളുള്ള വെള്ളക്കാരോട് ഒപ്പം ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയുണ്ട്.

ഉത്തരങ്ങൾ തയാറാക്കിയത്

ഡോ. ജോർജ് തയ്യിൽ

ലൂർദ് ഹോസ്പിറ്റൽ,കൊച്ചി

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.