Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക ഹെപ്പറ്റൈറ്റിസ് ദിനം

liver

മദ്യജന്യമല്ലാതെ തന്നെ കരളിൽ കൊഴുപ്പടിയുന്ന രോഗം വർധിച്ചു വരുന്നതായിട്ടാണ് കാണുന്നത്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരൾ നൂറുകണക്കിനു ധർമങ്ങളാണു നിർവഹിക്കുന്നത്. ഭക്ഷണ–പാനീയങ്ങളെ ദഹിപ്പിക്കുന്നതു മുതൽ രക്തത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുക, അണുബാധകളെ ചെറുക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുക, പ്രോട്ടീനുകളെയും ഹോർമോണുകളെയും നിർമിക്കുക എന്നിവയെല്ലാം ഇതിൽപ്പെടുന്നു.

ആരോഗ്യവാനായ ഏതൊരാൾക്കും സാധാരണയായി കരളിൽ അൽപം കൊഴുപ്പ് ഉണ്ടാകും. പക്ഷേ, കരളിന്റെ മൊത്തം ഭാരത്തേക്കാൾ അഞ്ച്–10% കൂടുതൽ കൊഴുപ്പു കാണപ്പെട്ടാൽ അതിനെ ഫാറ്റി ലിവൽ ഡിസീസ് ആയി കണക്കാക്കാം. അമിത മദ്യപാനികളിലാണു സാധാരണയായി ഫാറ്റി ലിവർ കാണപ്പെടുന്നത്. പ്രമേഹം, അമിതവണ്ണം മുതലായവ ഉള്ളപ്പോൾ മദ്യപരല്ലാത്തവരിലും കാണപ്പെടാറുണ്ട്.

എന്താണ് ഫാറ്റി ലിവർ?

കരളിലെ കോശങ്ങളിൽ അധികമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതുമൂലമാണ് ഫാറ്റി ലിവർ ഉണ്ടാകുന്നത്. ഭക്ഷണത്തിൽ കൂടി അനുവദനീയമായ അളവിൽ കൂടുതൽ കൊഴുപ്പു ലഭിക്കുമ്പോൾ അധിക കൊഴുപ്പ് കരളിൽ അടിഞ്ഞു കൂടുന്നു. മിതമായ നിലയിലുള്ള ഫാറ്റി ലിവർ കരളിനു കാര്യമായ തകരാറുണ്ടാക്കുന്നതല്ല. കൂടുതൽ കൊഴുപ്പ് അടിഞ്ഞു കൂടിക്കൊണ്ടിരുന്നാൽ അതു കരൾവീക്കത്തിലേക്കും ദ്രവിക്കലിലേക്കും ക്രമേണ സിറോസിസ് രോഗത്തിലേക്കും നയിക്കും.

ആർക്കാണ് ഫാറ്റി ലിവർ?

അമിതവണ്ണമുള്ളവരിലാണു കൂടുതലായും ഫാറ്റിലിവർ കണ്ടു വരുന്നത്. പ്രമേഹം, കൊളസ്ട്രോളിന്റെ ആധിക്യം, ട്രൈ–ഗ്ലിസറൈഡ് എന്നിവയും കാരണമാകാറുണ്ട്. അരക്കെട്ടിന്റെ വണ്ണത്തിലുണ്ടാകുന്ന വർധന ഫാറ്റി ലിവറിനു കാരണമാകുന്നുണ്ട്. പുരുഷന്മാരിൽ 40 ഇഞ്ചും സ്ത്രീകളിൽ 35 ഇഞ്ചും കവിഞ്ഞ് അരക്കെട്ടിനു വണ്ണമായാൽ അത് ഫാറ്റി ലിവറിനു വഴി തെളിക്കാൻ സാധ്യതയുണ്ട്. പാരമ്പര്യമായുള്ള കരൾത്തകരാറുകൾ, ചിലതരം മരുന്നുകൾ, വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ, ഭക്ഷണക്രമീകരണത്തിലൂടെ പെട്ടെന്നു ശരീരഭാരത്തിനുണ്ടാകുന്ന കുറവ് എന്നിവയും കാരണങ്ങളാകുന്നു. അപൂർവമായി, ഗർഭിണികളിലും കാണപ്പെടാറുണ്ട്. വളരെ ഗുരുതരമായ രോഗാവസ്ഥയാണിത്. സാധാരണയായി പ്രകടമായ രോഗലക്ഷണങ്ങൾ കാണപ്പെടാറില്ല. ക്രമാതീതമായ ക്ഷീണം, വയറിനു വലതുഭാഗത്ത് അനുഭവപ്പെടുന്ന വേദന മുതലായവയെ ലക്ഷണങ്ങളായി കാണാം.

രോഗം മൂർച്ഛിക്കുമ്പോൾ കരളിന്റെ പ്രവർത്തനം തടസ്സപ്പെടുന്നു. കണ്ണിൽ മഞ്ഞനിറം, കാലിൽ നീര്, രക്തം ഛർദ്ദിക്കുക എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. അമിതവണ്ണമുള്ളവരിൽ 75% ആളുകളിലും കരളിൽ കൊഴുപ്പുരോഗം കാണാറുണ്ട്. എന്നാൽ ഇവരിൽത്തന്നെ 25% പേർക്കു മാത്രമെ ഗുരുതരമായ കരൾ രോഗം പിടിപെടാറുള്ളു.

എങ്ങനെയാണ് രോഗാവസ്ഥ സ്ഥിരീകരിക്കുന്നത്?

വയറിന്റെ അൾട്രാസൗണ്ട് സ്കാൻ ആണ് ഏറ്റവും നല്ല പരിശോധനാ മാർഗം. കരളിന്റെ പ്രവർത്തനം അറിയാനുള്ള ലഘുവായ ചില രക്തപരിശോധനകൾ വഴിയും ഗുരുതരാവസ്ഥ നിർണയിക്കാം.

എന്താണ് ചികിൽസ?

ജീവിതശൈലി ചിട്ടപ്പെടുത്തുക എന്നതാണു പ്രധാനം. രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവുകൾ കൃത്യമായി നിലനിർത്തണം. അമിതവണ്ണം കുറയ്ക്കുക എന്നതും പ്രാധാന്യമർഹിക്കുന്നു. എന്നിരുന്നാലും ശരീരഭാരം അമിതവേഗത്തിൽ കുറച്ചാൽ അതു ഗുണത്തേക്കാൾ ദോഷത്തിലേക്കാണു വഴിവയ്ക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ പൗണ്ട് മാത്രം കുറയ്ക്കുക എന്നതാണ് അഭികാമ്യം. സ്ഥിരമായുള്ള വ്യായാമങ്ങൾ ഗുണം ചെയ്യും. മദ്യം തീർച്ചയായും വർജിക്കുകയും കരളിനെ ബാധിക്കുന്ന ഔഷധങ്ങൾ ഒഴിവാക്കുകയും വേണം. ആഹാരത്തിലെ കൊഴുപ്പും നിയന്ത്രിക്കേണ്ടതാണ്.

രോഗ ചികിൽസയ്ക്ക് ഉപകരിക്കുന്ന ചില ഔഷധങ്ങൾ ലഭ്യമാണ്. പക്ഷേ, ജീവിതശൈലീ നിയന്ത്രണം തന്നെയാണു കരൾ കൊഴുപ്പു രോഗത്തിനുള്ള ഏറ്റവും നല്ല പ്രതിവിധിയും ചികിൽസയും.

ഡോ. അജിത് കെ. നായർ കൺസൾട്ടന്റ് ആൻഡ് ചീഫ് ഓഫ് മെഡിക്കൽ ഗാസ്ട്രോഎന്ററോളജി കിംസ് ഹോസ്പിറ്റൽ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.