Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്ഐവി ബാധിച്ചാൽ ജീവിതമെങ്ങനെ?

aids-day

എച്ച്ഐവി ബാധിച്ചയാൾ എത്രകാലം ജീവിച്ചിരിക്കുമെന്നതിനെപ്പറ്റി കൃത്യമായി പറയാനാകില്ല. എന്നാൽ, സാധാരണ ജീവിതം നയിക്കുന്ന ഒരാൾക്കുള്ള ആയു സ്സിന്റെ അനിശ്ചിതത്വമാണ് ഇവിടെയും കൂടുതൽ. എച്ച്ഐവി ബാധിച്ച് ഒന്നോ രണ്ടോ വർഷ മാകുമ്പോൾ മരണത്തിനു കീഴടങ്ങുന്നവരുണ്ട്. വൈറസ് ബാധിച്ച് ഇരുപതു വർഷമായിട്ടും കാര്യമായ പ്രശ്നങ്ങളില്ലാതെ ഇന്നും ജീവിക്കുന്നവരുമുണ്ട്. ചികിത്സ ലഭിക്കാത്തവർപോലും എച്ച്ഐവി ബാധിച്ചശേഷം ഏകദേശം പത്തു വർഷം ജീവിക്കാറുണ്ട്. കൂടുതൽ മെച്ചപ്പെട്ട മരുന്നുകൾ കണ്ടുപിടിക്കുകയും അവയ്ക്കായി ശ്രമം തുടരുകയും ചെയ്യുന്നതിനാൽ ഈ ആയുസ്സിന്റെ കണക്ക് ഇനിയുമേറെ നീളാം.

എയ്ഡ്സ് ആയി മാറാൻ വർഷങ്ങൾ

എച്ച്ഐവി ബാധ കണ്ടെത്തിയാലും എയ്ഡ്സ് ആയി രൂപാന്തരം പ്രാപിക്കാൻ പിന്നെയും വർഷങ്ങളെടുക്കും. ആ സമയത്തു പോഷകാഹാരം, വ്യായാമം, ചിട്ടയായ ജീവിതശൈലി എന്നിവയിലൂടെ രോഗിയുടെ ആരോഗ്യം നിലനിർത്തണം. മറ്റു രോഗങ്ങളൊന്നും വരാതെ നോക്കുകയും വേണം.

എച്ച്ഐവി ബാധിച്ചവർക്കു കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും പിന്തുണ അത്യാവശ്യമാണ്. രോഗം ഒരു തെറ്റായി കരുതുന്ന പ്രവണത അവസാനിപ്പിച്ചേ മതിയാകൂ. എച്ച്ഐവി ബാധ തിരിച്ചറിഞ്ഞാലുടൻ മരണത്തെ മുഖാമുഖം കാണുന്നു എന്ന ചിന്ത ഒഴിവാക്കാൻ രോഗിയെ സഹായിക്കണം. അണുബാധ തിരിച്ചറിയുമ്പോൾത്തന്നെ രോഗി കടുത്ത മാനസിക സംഘർഷത്തിലാകും. ഇവിടെ സഹായിക്കാൻ നല്ലൊരു കൗൺസലർ ഉണ്ടാകണം. ഉത്കണ്ഠയും ആശങ്കകളും പങ്കിടാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തയാറാകണം. രോഗിയെ പരിചരിക്കുന്നതിലൂടെയോ ഒന്നിച്ചു ജീവിക്കുന്നതിലൂടെയോ രോഗം പകരില്ല.

എച്ച്ഐവി ബാധിതരെ സമൂഹത്തിൽനിന്നു മാറ്റിനിർത്താനുള്ള പ്രവണത പൂർണമായി ഇല്ലാതാക്കണം. സാധാരണപോലെയുള്ള ജീവിതമാണ് അവർക്ക് ഏറ്റവും ആവശ്യം. അല്ലാത്തപക്ഷം ഇവർക്കു കടുത്ത മാനസിക സംഘർഷമുണ്ടാകാം. മാനസികവും ശാരീരികവും പാരിസ്ഥിതികവുമായ കാരണങ്ങളാണു പലപ്പോഴും രോഗം വഷളാക്കുക. രോഗിക്കു ജോലിയെടുത്തു ജീവിക്കാൻ കഴിയുന്ന അവസ്ഥ ഉണ്ടാകണം. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരിൽ എച്ച്ഐവി കണ്ടെത്തിയിട്ടുണ്ട്. മറ്റുള്ളവരെപ്പോലെതന്നെ അവരും അധ്വാനിച്ചു ജീവിക്കുന്നവരാണ്. രോഗാണുബാധ മാത്രമുള്ളവരിൽ വിശ്രമം ആവശ്യമില്ല. രോഗം വഷളായ ഘട്ടത്തിൽ മാത്രമേ കിടത്തിച്ചികിത്സ ആവശ്യംവരൂ.

എയ്ഡ്സ് ബാധിതരെ ശുശ്രൂഷിക്കുമ്പോൾ

എച്ച്ഐവി ബാധിതരായവർ എയ്ഡ്സ് രോഗത്തിലേക്കെത്തിയാൽ പല രോഗങ്ങളും ഇവർക്കുണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ രോഗിയെ ശുശ്രൂഷിക്കാൻ മറ്റുള്ളവരുടെ സേവനം ആവശ്യമായിവരും. രോഗിക്കു വരുന്ന പല രോഗങ്ങളും മറ്റുള്ളവരിലേക്കു പകരില്ല. അതിനാൽ രോഗിയെ ശുശ്രൂഷിക്കുന്നതിൽ തെല്ലും ഭയം വേണ്ട. മരുന്നു കൃത്യമായി കഴിക്കാൻ രോഗിയെ പ്രേരിപ്പിക്കുകയാണു ശുശ്രൂഷകന്റെ മുഖ്യ ചുമതല. രോഗിക്കു മാനസിക സമ്മർദമുണ്ടാകാതെയും മറ്റും നോക്കാനും ഇയാൾക്കു കഴിയണം.

എച്ച്ഐവി ബാധിതർ ഗർഭിണിയാകുമ്പോൾ

എച്ച്ഐവി ഒരാളിൽനിന്നു മറ്റുള്ളവരിലേക്കു പകരുന്നതിനു കാരണമായി പറയുന്ന ഒന്നാണ് ഗർഭിണിയായ അമ്മ എച്ച്ഐവി ബാധിതയെങ്കിൽ കുഞ്ഞിനു വൈറസ് ബാധ ഉണ്ടാകുന്നത്. ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടാകുന്ന പല രോഗങ്ങളും കുഞ്ഞിനു വരാം. എച്ച്ഐവിയും ഇതേ രീതിയിൽ പകരാം. എന്നാൽ, ഇന്ന് ഇത്തരത്തിലുള്ള രോഗപ്പ കർച്ച വളരെക്കുറവാണ്. കാരണം, ഗർഭത്തിൽവച്ചേ കുഞ്ഞിനെ സംരക്ഷിക്കാനായി അമ്മയ്ക്കു മരുന്നുകൾ നൽകുന്നു. സാധാരണ പ്രസവത്തിനു പകരം സിസേറിയൻ രീതിയായിരിക്കും ഇവിടെ ഡോക്ടർമാർ സ്വീകരിക്കുക.

എച്ച്ഐവി ബാധിച്ചവരുടെ ശവസംസ്കാരം

എയ്ഡ്സ് ബാധിച്ചു മരിച്ചയാളുടെ മൃതശരീരം കൈകാര്യം ചെയ്യുമ്പോൾ മറ്റു മൃതശരീരങ്ങളോടെന്ന പോലെയുള്ള മനോഭാവം മതി. കാരണം, മൃതശരീരത്തിലൂടെ രോഗം പകരുന്നില്ല. അടുത്തു പെരുമാറേണ്ടിവരുന്നവരുടെ കൈകളിലും മറ്റും മൃതശരീരത്തിലെ സ്രവങ്ങൾ പറ്റാനിടയുണ്ട്. അവർ ഉടൻ സോപ്പ് ഉപയോഗിച്ചു കൈകൾ വൃത്തിയാ ക്കുകയാണു ചെയ്യേണ്ടത്. സാധാരണ മൃതശരീരങ്ങളുടെ കാര്യത്തിലും ഇതേ രീതിതന്നെയാണല്ലോ നാം അനുവർത്തിക്കുന്നത്. അതിനാൽ എയ്ഡ്സ് ബാധിച്ചു മരിച്ചയാളുടെ ശവസംസ്കാരത്തിൽ പങ്കെടുക്കുന്നതിനു മടിക്കേണ്ടതില്ല. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.