Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്തു കൗമാരക്കാരായ എച്ച്എവെി ബാധിതർ കൂടുന്നു

hiv-patients

സംസ്ഥാനത്ത് എച്ച്ഐവി ബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും കൗമാരക്കാരുടെഇടയിലെ എച്ച്ഐവി ബാധിതരുടെ എണ്ണം കൂടുന്നതായി പഠനം. 2011 മുതൽ 2014 വരെയുള്ള പഠനരേഖകളിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഇൗ രംഗത്തു ബോധവൽക്കരണ-പുനരധിവാസ പ്രവർത്തനം നടത്തുന്നവർ പറയുന്നു. സർക്കാർ ആശുപത്രികളിൽനിന്നു ലഭിക്കുന്ന എച്ച്ഐവി ബാധിതരുടെ പട്ടിക പ്രകാരമാണിത്. സ്വകാര്യ ആശുപത്രികളിലെത്തുന്നവരുടെ കണക്കുകൾ ലഭ്യമായിട്ടില്ല.

ലൈംഗിക അരാജകത്വം, ലഹരി ഉപയോഗം എന്നിവയാണു കൗമാരക്കാരെ എച്ച്ഐവി ബാധയിലേക്കു നയിക്കുന്നത്. ചെറുപ്പക്കാർക്കിടയിൽ ഇക്കാര്യത്തിൽ അവബോധമുണ്ടാകുന്നില്ല.

ഈ കാലയളവിൽ നടത്തിയ നിരീക്ഷണത്തിൽ 50 വയസ്സിനു മേലെയുള്ള എച്ച്ഐവി ബാധിതർ കൂടുതലും പുരുഷന്മാരാണെന്നു കണ്ടെത്തി. 14 വയസ്സിൽ താഴെയുള്ള എച്ച്ഐവി ബാധിതരിൽ ഏറെയും പെൺകുട്ടികളാണ്. ഇതിൽ ഭൂരിഭാഗത്തിലും അമ്മയിലൂടെ രക്തത്തിലേക്കു വൈറസ് പകർന്നു കിട്ടിയതാണ്.

വിവാഹിതരും അതേ സമയം സ്വവർഗരതിക്കാരുമായ എച്ച്ഐവി ബാധിതരുടെ എണ്ണവും കൂടുകയാണ്. പല കുടുംബങ്ങളിലും സ്ത്രീകൾക്കു വൈറസ് ബാധ ഉണ്ടാകുന്നതിനും ഇതു കാരണമാകുന്നുണ്ട്. എച്ച്ഐവി ബാധിതരിൽ 40% ഇത്തരക്കാരാണെന്നാണു കണക്ക്. പല ജില്ലകളിലും ആഘോഷവേളകളിലും മറ്റു ജില്ലകളിൽനിന്ന് ഇത്തരക്കാരെത്തുന്നു.

ഭിന്നലിംഗക്കാരുടെ എണ്ണത്തിലും വർധനയുണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്തയിടെ മലബാറിലെ ഒരു ജില്ലയിൽ ഇത്തരത്തിലുള്ള 39 പേരെ തിരിച്ചറിഞ്ഞിരുന്നു. ഇവരിൽ പലരും എച്ച്ഐവി ബാധിതരുമാണ്.

എച്ച്ഐവി വ്യാപനം തടയുന്നതിനും ബാധിതർക്കു ബോധവൽക്കരണത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന സിപികെ പ്ലസ് (കൗൺസിൽ ഓഫ് പീപ്പിൾ ലിവിങ് വിത്ത് എച്ച്ഐവി എയ്ഡ്സ് ഇൻ കേരള) സംസ്ഥാനമൊട്ടാകെ പ്രവർത്തിക്കുന്നുണ്ട്. ഏഴായിരത്തോളം പേർ ഇതിൽ അംഗങ്ങളാണ്. അലയൻസ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെയുള്ള വിഹാൻ കെയർ ആൻഡ് സപ്പോർട്ട് പ്രോഗ്രാമാണു നടപ്പാക്കുന്നത്.

കൗൺസലിങ് സേവനങ്ങൾ, ചികിൽസാ സേവനങ്ങൾ, വിദ്യാഭ്യാസ സഹായ സേവനങ്ങൾ, വരുമാനദായക പദ്ധതികൾ, അവഗണനയ്ക്കും വിവേചനത്തിനുമെതിരെയുള്ള പ്രവർത്തനങ്ങൾ, സാമൂഹിക സുരക്ഷാ പദ്ധതികൾ തുടങ്ങിയ പ്രവർത്തനങ്ങളിലായി സംസ്ഥാനത്തെ ഒൻപതു ജില്ലകളിൽ വിഹാൻ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നുണ്ട്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണു ഹെൽപ് ഡെസ്കുകൾ ഉള്ളത്.