Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അള്‍ട്രാവയലറ്റ് ശരീരത്തിലേറ്റാല്‍?

SUMMER

കേരളത്തിനു മുകളിൽ അൾട്രാവയലറ്റ് തീക്കുട. സൂര്യാതപം,  തിമിരം, ചർമാർബുദം എന്നിവയ്ക്കു കാരണമാകുന്ന അൾട്രാവയലറ്റ് വികിരണത്തിന്റെ തീവ്രത സംസ്ഥാനത്ത് ഏറ്റവും ഉയർന്ന തോതിൽ. വികിരണ തീവ്രതയും അപകട സാധ്യതയുമനുസരിച്ച് ഒന്നു മുതൽ 15 വരെയുള്ള നിരക്കിൽ ഏറ്റവും ഉയർന്ന 11 മുതൽ 15 വരെയുള്ള ഘട്ടത്തിലാണ് കേരളം. സംസ്ഥാനത്തെ 26 സ്ഥലങ്ങളിൽ പതിനെട്ടിടത്തും യുവി ഇൻഡക്സ് 15. മറ്റിടങ്ങളിൽ പതിനാലും.

തിരുവനന്തപുരം ടൗൺ, കോവളം, ചങ്ങനാശേരി, പുനലൂർ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കുമരകം, തൊടുപുഴ, എറണാകുളം, അതിരപ്പിള്ളി, തൃശൂർ, തൃശൂർ സ്വരാജ് റൗണ്ട്, കോഴിക്കോട്, മാനന്തവാടി, പുൽപ്പള്ളി, സുൽത്താൻ ബത്തേരി, കൽപറ്റ എന്നിവിടങ്ങളിലാണ് 15 രേഖപ്പെടുത്തിയത്. കൊല്ലം, ഇടുക്കി ടൗൺ, പാലക്കാട്, മലപ്പുറം, മണ്ണാർക്കാട്, മൂന്നാർ, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ പതിനാലും.

∙ ഓസോൺ ശോഷണം പ്രധാന കാരണം

അൾട്രാവയലറ്റ് രശ്മികളെ ഭൂമിയിലെത്തുന്നതിൽ നിന്നു ഫലപ്രദമായി തടയുന്ന ഓസോൺ പാളിയുടെ ശോഷണവും വിള്ളലുമാണ് അൾട്രാവയലറ്റ് ഇൻഡക്സ് ഉയർന്ന തീവ്രതയിലെത്തുന്നതിനു പ്രധാന കാരണം. മലയോര, തീരമേഖലകളിൽ ഉയർന്ന യുവി ഇൻഡക്സ് കാണിക്കാമെങ്കിലും കേരളത്തിൽ പലയിടത്തെയും തീവ്രത ഓസോൺ പാളിയുടെ ശോഷണത്തിന്റെ സൂചനയാണ് കാണിക്കുന്നത്.

uv

ഉദാഹരണം തൃശൂർ സ്വരാജ് റൗണ്ട്.  മാർച്ച് 12ന് സൂര്യൻ ഉച്ചസ്ഥായിയിലെത്തുന്ന 12 മുതൽ ഒന്നര വരെയുള്ള സമയത്തും പിറ്റേന്നാൾ തുടർനേരങ്ങളിലുമാണ് യുവി ഇൻഡക്സ് നിരീക്ഷിച്ചത്. ഫോറെക്ക വെതർ ചാനൽ അടിസ്ഥാനമാക്കി മൈക്രോസോഫ്റ്റ് രൂപപ്പെടുത്തിയ എംഎസ്എൻ വെതറാണ് ഇൻഡക്സ് രേഖപ്പെടുത്താൻ പ്രയോജനപ്പെടുത്തിയത്.

∙ യു വി ഇൻഡക്സ്

അന്തരീക്ഷത്തിലെത്തുന്ന സൂര്യപ്രകാശത്തിൽ 44 ശതമാനം ദൃഷ്ടിഗോചരമായ വെളിച്ചവും മൂന്നു ശതമാനം അൾട്രാവയലറ്റ് രശ്മികളും(സൂര്യന്റെ ഉച്ചസ്ഥായിയിൽ) ബാക്കി ഇൻഫ്രാറെഡുമായിരിക്കും. ഒന്നു മുതൽ 15 വരെയുള്ള ഇൻഡക്സിൽ അപകടസാധ്യതയും വികിരണ തീവ്രതയുമാണ് വിവിധ നിരക്കുകളുടെ മാനദണ്ഡം.

2.9 വരെ തീവ്രതയുള്ള അൾട്രാവയലറ്റ് വികിരണത്തിന് താരതമ്യേന കുറഞ്ഞ അപകട സാധ്യതയേയുള്ളൂ. ഇതിന്റെ സൂചകം പച്ചയാണ്. മൂന്നു മുതൽ 5.9 വരെ ഉയർന്ന അപകട സാധ്യതയുണ്ട്. നിറം മഞ്ഞ. ആറു മുതൽ 7.9 വരെ അപകട സാധ്യത വീണ്ടും കൂടുന്നു. നിറം ഓറഞ്ച്. എട്ടു മുതൽ 10.9 വരെ അപകട സാധ്യത വളരെ കൂടുതലാണ്. നിറം ചുവപ്പ്. 11 മുതൽ(എക്സ്ട്രീം റേഞ്ച്) ഏറ്റവും അപകടസാധ്യതയുണ്ട്. നിറം വയലറ്റ്.

∙ മുൻകരുതലുകൾ

ഇൻഡക്സ് മൂന്നിൽ കൂടുതലെങ്കിൽ സംരക്ഷണ ഉപാധികൾ സ്വീകരിക്കണം. എന്നാൽ 11ൽ കൂടുതലെങ്കിൽ സൂര്യന്റെ ഉച്ചസ്ഥായി സമയത്ത് (ഉച്ചയ്ക്ക് 11.30 മുതൽ രണ്ടര വരെ) വെയിൽ ഒഴിവാക്കണം. സൂര്യപ്രകാശ തീവ്രത കുറയ്ക്കുന്ന ലോഷനുകൾ ഉപയോഗിക്കാം. കുട ചൂടാം. ശരീരഭാഗങ്ങളിൽ വെയിലേൽക്കാത്തവിധത്തിലുള്ള വസ്ത്രങ്ങൾ, സൺഗ്ലാസ്, തൊപ്പി എന്നിവ ധരിക്കാം. ധാരാളം വെള്ളം കുടിക്കുക.

Your Rating: