Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊടി അലർജിയെ എങ്ങനെ പ്രതിരോധിക്കാം?

dust-allergy

മലയാളികളെ ഏറ്റവും വലയ്ക്കുന്ന പ്രശ്നമാണ് പൊടി അലർജി. ചെറുതായി അലർജി ഉണ്ടായാൽ പോലും തുമ്മലും ജലദോഷവും കാരണം നട്ടംതിരിയും. പൊടി അലർജി ഉള്ളവർ രോഗാവസ്ഥ പ്രതിരോധിക്കാനായി വീട്ടിലും യാത്രകളിലും ഓഫീസിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയുണ്ട്. നമുക്കു ചുറ്റുമുള്ള പൊടിപടലങ്ങളിൽ ലക്ഷക്കണക്കിന് ചെറുകണികകളുണ്ട്. ഈ കണികകളിൽ പലതും അലർജിക്കുള്ള കാരണങ്ങൾ അഥവാ അലർജനുകൾ ആണ്. നഗ്നനേത്രങ്ങൾക്കു കാണാനാകാത്ത ചെറുചെള്ളുകൾ, പൂമ്പൊടി, ഫംഗസുകള്‍, മൃഗങ്ങളുടെയും പക്ഷികളുടെയും രോമങ്ങൾ എന്നിവ പൊടിപടലങ്ങളിൽ കാ‌ണുന്ന അലർജനുകളാണ്. ഇങ്ങനെ ശ്വസിച്ച പൊടി പുറത്തുകളയാനുള്ള ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനമാണ് തുമ്മൽ. സാധാരണഗതിയിൽ ഒന്നോ ര‌‌‌‌‌‌‌‌‌‌‌‌‌ണ്ടോ തുമ്മൽ കൊണ്ട് ഇതു സാധിക്കും. അലർജി സാധ്യതയുള്ളവരിൽ ഈ അസ്വസ്ഥതകൾ ഏറെ നേരം നീണ്ടും നിൽക്കും.

വീട്ടിൽ പ്രത്യേകം മുറി

അലർജിയുള്ളവർ വീട്ടിൽ കിടക്കാനായി പ്രത്യേകം മുറി ഒരുക്കണം. ഈ മുറിയിൽ പുസ്തകങ്ങള്‍, തുണികൾ എന്നിവ ഒഴിവാക്കണം. മുറിയിലേക്ക് ചെരുപ്പും കയറ്റരുത്. മറ്റുള്ളവർ കയറിയിറങ്ങുന്ന സാഹചര്യവും ഒഴിവാക്കാം. കർട്ടനുകളും വേ‌‌‌‌‌ണ്ട. പ്ര‌ത്യേക മുറി എന്നത് പ്രായോഗികമല്ലെങ്കിൽ കിടക്കുന്ന മുറി വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കുക. തലയണ, മെത്ത എന്നിവ പ്ലാസ്റ്റിക് കവർ ആകുമ്പോൾ വൃ‌ത്തിയാക്കാനും എളുപ്പമാണ്. തുണിയിൽ വെള്ളം നനച്ച് ഇവ തുടയ്ക്കാം. കിട‌ക്കുന്നതിനു തൊട്ടു മുമ്പ് ബെഡ്ഷീറ്റും തലയണ കവറും പുതപ്പും ര‌ണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ മാറ്റാം. മുറിക്കുള്ളിൽ പൊടിയില്ലെങ്കിൽ ഫാൻ ഉപ‌യോഗിക്കുന്നതു കൊണ്ടു കുഴപ്പമില്ല. പൊടി ഏറ്റവുമ‌ധികം പറ്റിപ്പിടിച്ചിരിക്കുന്നത് ഫാനിലാണ്. ഫാൻ ഉപയോഗിക്കുന്നവർ ദിവസവും ഫാൻ തുടച്ചു വൃത്തിയാക്കണം. ഏ. സി ഉപയോഗിക്കാനാണെങ്കിൽ പൊടി ഫിൽറ്റർ ചെയ്യുന്ന തരത്തിലുള്ള മോഡൽ വാങ്ങുക.

ജനലും വാതിലും തുടയ്ക്കാം

മുറിയുടെ ജനലും വാതിലും നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ തുടച്ചു വൃ‌‌‌‌‌‌‌‌‌‌‌‌‌‌‌ത്തിയാക്കണം. പകല്‍ സമയം ജനലുകൾ തുറന്നിടാതിരിക്കുന്നതാണു നല്ലത്. അഥവാ തുറന്നിടുകയാണെങ്കിലും രണ്ട് മണിക്കൂറിലധികം വേണ്ട. മുറികളിൽ ചെടികൾ ഒഴിവാക്കാം. ഇവയിൽ പൂപ്പൽ ബാധ ഉണ്ടായാൽ അതു അലർജി‌‌‌യുള്ളവർക്ക് ദോഷം ചെയ്യും.

അലർജിയള്ളവർ മുറി വൃത്തിയാക്കാൻ ചൂലിനു പകരം വാക്വം ക്ലീനർ ഉപയോഗിക്കുന്നത് അഭികാമ്യം. മാത്രമല്ല വൃത്തിയാക്കുമ്പോൾ മൂക്കും വായും മൂടണം. കർട്ടനുകൾ ഉണ്ടെങ്കിൽ അവയിലെ പൊടിയും മറ്റും വൃത്തിയാക്കുകയും ആഴ്ചയിൽ ഒരിക്കലെങ്കിലും കഴുകി ഉണക്കിയെടുക്കുകയും വേണം.

യാത്ര ചെയ്യുമ്പോൾ

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. കാറിലാണ് സഞ്ചരിക്കുന്നതെങ്കിൽ ഗ്ലാസ് താഴ്ത്തി ഇടേണ്ട. പൊടിയും മറ്റും ഉള്ളിലേക്ക് കടക്കാതിരിക്കാനാണിത്. കാറിനുള്ളിലേക്ക് കടക്കുന്ന പൊ‌ടിപടലങ്ങൾ സീറ്റിലും മറ്റും പറ്റിപ്പിടിച്ചിരുന്ന് അലർജി രൂക്ഷമാകും. ഏസി പ്രവർത്തിപ്പിക്കാവുന്നതാണ്.

അലർജി ഉള്ളവർക്ക് ഓഫീസിലെ ഫയലുകൾ കൈകാര്യം ചെയ്യുന്നത് തുമ്മലും ജലദോഷവും കൂട്ടും. പൊടിപിടിച്ച ഫയലുകൾ എടുക്കാൻ സഹപ്രവർത്തകരുടെ സഹായം തേടാം. ആവശ്യമെങ്കിൽ മാസ്ക് ധരിക്കാം. സ്വന്തം ഇരിപ്പിടവും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

അലർജി പ്രശ്നമുള്ളവർ കമ്പിളികൊണ്ടുള്ള വസ്ത്രങ്ങൾ ഉപ‌‌‌യോഗിക്കരുത്. മൃഗ‌‌‌‌‌‌‌‌‌‌‌ങ്ങളുടെ തോൽ കൊണ്ടുള്ള വസ്ത്രങ്ങളും ഒഴിവാക്കണം. ഇക്കൂട്ടർക്ക് ശുദ്ധമായ കോട്ടൺ തുണിത്തരങ്ങളാണ് ഉത്തമം.

ഗുളികകളും സ്പ്രേകളും

അലർജി സൃഷ്ടിക്കുന്ന അന്തരീക്ഷത്തിൽ നിന്ന് മാറി നിൽക്കുകയാണ് ഏറ്റ‌വും നല്ലത്. അലർജി മൂലമുള്ള തുമ്മലിന് ആന്റിഹിസ്റ്റമിനുകള്‍ (Antihistamines), നാസനാളികളിൽ ഉപയോഗിക്കുന്ന സ്പ്രേ രൂപത്തിലുള്ള (nasal sprays) മരുന്നുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. ആസ്മ ലക്ഷണങ്ങൾ ഉള്ളവരിൽ ഇൻഹേലർ രൂപ‌‌‌ത്തിലുള്ള മരുന്നുകളാണ് നല്ലത്.

വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ. എം. ഹബീബ്
ചെസ്റ്റ് സ്പെഷലിസ്റ്റ്, ആലപ്പുഴ