Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളുടെ പ്രതിരോധശക്തി നശിപ്പിക്കുന്ന അഞ്ചു കാര്യങ്ങള്‍

immunity

നിത്യജീവിതത്തില്‍ ചെയ്യുന്ന പല പ്രവൃത്തികളും നമ്മുടെ പ്രതിരോധശക്തിയെ ബാധിക്കുന്നതാണെന്ന് എത്ര പേർക്കറിയാം? അത് ഒടുവില്‍ പല രോഗങ്ങള്‍ ഉണ്ടാക്കാനും ഇടയാക്കും. ശരീരത്തെ ഇന്‍ഫെക്‌ഷനുകളില്‍ നിന്ന് രക്ഷിക്കുന്നതിലും പ്രതിരോധശക്തിക്ക് കാര്യമായ പങ്കുണ്ട്. ചില കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ പ്രതിരോധശക്തിയ്ക്ക് കരുത്തുപകരാന്‍ കഴിയും. അവയില്‍ പ്രധാനപെട്ട 5 കാര്യങ്ങളാണ്‌ ഇനി പറയുന്നവ

മാനസിക സമ്മർദം
അതേ, മാനസിക സമ്മർദം മനസ്സിനെ മാത്രമല്ല ശരീരത്തിന്‍റെ പ്രതിരോധശക്തിയെയും ബാധിക്കും. ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന ടെന്‍ഷനുകള്‍ ഉൽപാദിപ്പിക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ആണ് ഇവിടെ വില്ലന്‍. ഈ ഹോര്‍മോണ്‍ ഇൻഫെക്‌ഷന് എതിരെ പൊരുതുന്ന ‘ടി’ കോശങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. സ്ഥിരമായി ടെന്‍ഷന്‍ അനുഭവിക്കുന്നവരുടെ ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമാകാന്‍ ഇത് ഇടയാക്കും.

ഉറക്കകുറവ്
പ്രതിരോധശക്തിയെ ദുർബലപ്പെടുത്തുന്ന പ്രധാനപെട്ട ഘടകമാണ്‌ കൃത്യമല്ലാത്ത ഉറക്കം. കീടാണുക്കള്‍ക്കെതിരെ പൊരുതാന്‍ ശേഷിയുള്ള കോശങ്ങളുടെ അളവ് ഉറക്കം കുറയുന്നതിനനുസരിച്ച് കുറയും. ഷിക്കാഗോ സര്‍വകലാശാലാഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടുപിടിത്തം നടന്നത്. എട്ടു മണിക്കൂര്‍ ഉറങ്ങിയിരുന്നവരുടെ ഉറക്കം പഠനാവശ്യത്തിനായി ഒരാഴ്ചകാലത്തേക്ക് ദിവസേന നാലു മണിക്കൂര്‍ ആയി പരിമിതിപ്പെടുത്തിയപ്പോള്‍ രോഗങ്ങള്‍ക്കെതിരെ പൊരുതാനുള്ള ശരീരത്തിന്റെ ശക്തിയില്‍ കാര്യമായ ഇടിവ് സംഭവിച്ചു. പകര്‍ച്ചപ്പനിക്കെതിരെ പൊരുതുന്ന ആന്റിബോഡികളുടെ അളവ് നേര്‍പകുതിയായികുറഞ്ഞതായി ഗവേഷകര്‍ നിരീക്ഷിച്ചു. അതുകൊണ്ടു തന്നെ കൃത്യമായി ഉറങ്ങുന്നതില്‍ വീഴ്ച വരുത്തരുത്.

മദ്യം
അമിതമായി മദ്യപിക്കുന്നതും നമ്മുടെ പ്രതിരോധശക്തിയെ ബാധിക്കും. ആക്രമിക്കുന്ന രോഗാണുക്കള്‍ക്ക് എതിരെ പൊരുതാനുള്ള ശരീരത്തിന്‍റെ പ്രതികരണശേഷി മദ്യം കുറയ്ക്കും. അതുകൊണ്ടുതന്നെ വൈറസ്‌, ബാക്ടീരിയ എന്നിവ മൂലമുണ്ടാകുന്ന അണുബാധ വളരെ പെട്ടന്ന് അമിതമദ്യപാനികളെ ബാധിക്കും.

മോശം ഭക്ഷണക്രമം
ജങ്ക്ഫുഡ് ആണ് ഈ ഇനത്തിലെ പ്രധാനവില്ലന്‍. എന്നാല്‍ അതു മാത്രമല്ല അമിതമായ അളവിലുള്ള പഞ്ചസാരയുടെ ഉപയോഗം, ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍, കീടനാശിനികള്‍, കൃത്രിമനിറങ്ങള്‍ ഇവയെല്ലാം ശരീരത്തെ പ്രതികൂലമായി ബാധിക്കും. പ്രതിരോധശക്തിയുടെ കരുത്താണ് രക്തത്തിലുള്ള ശ്വേതരക്താണുക്കള്‍. നൂറുഗ്രാം പഞ്ചസാര ശരീരത്തിനുള്ളില്‍ ചെല്ലുന്നതുതന്നെ ഇവയെ ദുര്‍ബലപ്പെടുത്തുമെന്ന് അമേരിക്കന്‍ പൊതുആരോഗ്യവിഭാഗം നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

അമിതവണ്ണം
അമിതവണ്ണം നിരവധി ജീവിതശൈലീരോഗങ്ങള്‍ക്ക് ഇടവരുത്തുക മാത്രമല്ല രോഗങ്ങള്‍ക്കെതിരെ പൊരുതാനുള്ള ശരീരത്തിന്‍റെ ശേഷിയും കുറയ്ക്കും. പെരുകാനുള്ള ശ്വേതരക്താണുക്കളുടെ ശേഷിയെ അമിതവണ്ണം പ്രതികൂലമായി ബാധിക്കും. അണുബാധയ്ക്കെതിരെ പൊരുതുന്ന കോശങ്ങളുടെ പ്രവര്‍ത്തനക്ഷമതയും കുറയ്ക്കും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.