Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിക വൈറസ് വ്യാപനം തടയാനുള്ള മാർഗവുമായി ഗവേഷകർ

zika-virus

ആരോഗ്യമേഖലയെ ഭീതിയിലാഴ്‌ത്തിക്കൊണ്ടാണ് സിക വൈറസുകള്‍ രംഗപ്രവേശം ചെയ്തത്. ബ്രസീല്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച സിക നവജാത ശിശുക്കളുടെ തലച്ചോറിനു ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.

ചിക്കുൻഗുനിയ, ഡങ്കിപ്പനി തുടങ്ങിയവയ്ക്കു കാരണമായ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ വഴിയാണ് വൈറസുകൾ പകർന്നത്. സികയെന്ന മഹാമാരിയെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ കുഴങ്ങുകയായിരുന്നു ഗവേഷകർ. ഇപ്പോളിതാ സിക വൈറസുകൾ കൊതുകുകളിലൂടെ വ്യാപിക്കുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുന്ന പഠനവുമായി എത്തുകയാണ് ബ്രസീലിലെ മെഡിക്കൽ റിസേര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട്.

ഡെങ്കി പ്രതിരോധത്തിന്റ ഭാഗമായി ഓസ്ട്രേലിയ, ബ്രസീൽ, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ ബാക്ടീരിയ ഇന്‍ഫെക്ടഡ് കൊതുകുകളെ തുറന്നുവിട്ടിരുന്നു. ഇതേ മാര്‍ഗ്ഗം ചിക്കുന്‍ഗുനിയ, ഡെങ്കി വൈറസുകള്‍ക്ക് സമാനമായ സിക വൈറസ് പ്രതിരോധത്തിനും സഹായകമാകുമന്നാണ് സെല്‍ ഹോസ്റ്റ് ആൻഡ് മൈക്രോബ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

Wolbachia ബാക്ടീരിയം ബാധയുള്ള ഈഡിസ് ഈജിപ്തി കൊതുകുകളാണ് സിക വൈറസിനെതിരെ പ്രതിരോധം തീർത്തത്. Wolbachia ബാക്ടീരിയം ബാധിച്ച കൊതുകുകളെ ബ്രസീൽ പോലുള്ള സിക വ്യാപനഭീഷണിയുള്ള സ്ഥലങ്ങളിൽ തുറന്നുവിട്ട് നിയന്ത്രിക്കാമെന്ന് കരുതുകയാണ് ഗവേഷകർ. ഇവ മറ്റ് കൊതുകുകളുമായി ഇണചേര്‍ന്ന് സാവധാനം വൈറസ് പരത്തുന്ന കൊതുകുകളില്ലാതാവുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

നിലവിലെ ഭീതി ഇല്ലാതാക്കാനാവില്ലെങ്കിലും ഭാവിയിൽ അൽപ്പമെങ്കിലും പ്രതീക്ഷ പുലര്‍ത്താവുന്ന പരീക്ഷണമാവും ഇതെന്ന് ഗവേഷകർ പറയുന്നു. രോഗം തടയുന്നതിനേക്കാള്‍ വ്യാപനം തടയാനുള്ള മാർഗ്ഗമാണിതെന്നും ഇവർ പറയുന്നു.

അതിവേഗത്തില്‍ പകരുന്നതിനാല്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രോഗമായിരുന്നു സിക. വൈറൽ പനിയ്ക്കു സമാനമായ ലക്ഷണങ്ങൾ തന്നെയാണ് പ്രകടമാകുന്നത്. ശരീരവേദന, ശക്തമായ തലവേദന തുടങ്ങിയവ ഉണ്ടാകും. ഗർഭിണികൾ, പ്രായമായവർ തുടങ്ങി രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഇത് പെട്ടെന്ന് വ്യാപിക്കുന്നത്. 1947–ൽ ആഫ്രിക്കൻ രാജ്യമായ യുഗാണ്ടയിലെ കുരങ്ങുകളിലാണ് രോഗം കണ്ടെത്തിയത്. അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ ആദ്യമായി കണ്ടെത്തിയത് 2014ലുമാണ്.