Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റർനെറ്റ് രോഗമാ?

internet-disease

വിവിധ രാജ്യങ്ങളിൽ നിന്നു ലോക മനഃശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത ഡോക്ടർമാരുടെ കേസ് സ്റ്റഡികൾ പരിശോധിച്ചു ലോകരാജ്യങ്ങളിലെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ പുതുതായി പ്രകടമായ എട്ട് ആതുരാവസ്ഥകൾ കണ്ടെത്തി അവതരിപ്പിച്ചു...

ഇല്ലാത്ത മണിമുഴക്കം (ഫാന്റം റിങിങ് സിൻഡ്രോം)

മറ്റെന്തെങ്കിലും പ്രവർത്തികളിലേക്കു മനസ്സിരുത്തുമ്പോൾ ഫോൺബെല്ലടിക്കുന്നതുപോലുള്ള മിഥ്യാബോധം. പഠിക്കുമ്പോൾ ഫോൺ അടിച്ചെന്ന തോന്നലിൽ ശ്രദ്ധതിരിയുക, ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മൊബൈൽ ഫോൺ ഇരിക്കുന്നിടത്തേക്ക് ഓടി പോവുക, വണ്ടി ഓടിക്കുമ്പോൾ പോക്കറ്റിലേക്കു കൈയിട്ടു ഫോണെടുക്കുക, മുതിർന്നവരിൽ ഈ രോഗം കിടപ്പറയിൽ പോലും ഇടയ്ക്കു ഫോണിലേക്കു ശ്രദ്ധതിരിയുന്ന തരത്തിലേക്കു വളർന്നിട്ടുണ്ട്.

ഫോണില്ലെങ്കിൽ ഹൃദയം പോയ പോലെ (നൊമോ ഫോബിയ)

മൈബൈൽ ഫോൺ കൈവശമില്ലെങ്കിൽ ലോകത്തു നിന്നു വേർപെട്ടുപോയതു പോലുള്ള അസ്വസ്ഥതയും ആശങ്കയുമുണ്ടാവുന്ന അവസ്ഥ. നമ്മൾ അറിഞ്ഞിരിക്കേണ്ട എന്തൊക്കയോ വിവരങ്ങൾ അറിയാതെ പോവുന്നതായും അതു ജീവിതത്തിൽ വലിയ നഷ്ടമുണ്ടാക്കുമെന്നുമുള്ള ഭീതി –ഇതാണു നോ–മൊബൈൽ ഫോബിയ എന്ന നോമോ ഫോബിയ.

ഓക്കാനം വരുത്തുന്ന സൈബർ സിക്ക്നസ്

ത്രിമാന ഇന്റർനെറ്റ് ലോകത്ത് അകപ്പെടുമ്പോഴുണ്ടാകുന്ന സ്ഥലകാല വിഭ്രാന്തി. വിലകൂടിയ മൊബൈൽ ഫോണുകളിലെ ചെറിയ സ്ക്രീനിൽ കാണുന്ന ത്രിമാനദൃശ്യങ്ങളും ഐക്കണുകളും അസ്വാഭാവികമായി ചലിക്കുന്നതായി തോന്നിപ്പിക്കുന്ന തരത്തിലേക്ക് ഇത്തരം രോഗാവസ്ഥ വ്യാപിക്കാറുണ്ട്. ചിലർക്കു വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അനുഭവപ്പെടുന്നു ഛർദിക്കു സമാനമായ അവസ്ഥയാണിത്.

ഫെയ്സ്ബുക്ക് ഡിപ്രഷൻ

സാമൂഹ്യ മാധ്യമങ്ങളിലെ ‘ഇല്ലാത്ത’ സുഹൃത്തുക്കളുടെ പോസ്റ്റുകളിലൂടെ അവരുടെ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന ആനന്ദവും വ്യക്തിഗതമായ സമൃദ്ധിയും തനിക്കില്ലല്ലോ എന്ന തോന്നൽ ഉളവാക്കുന്ന വിഷാദം. ഒടുവിൽ താനും ഒട്ടും മോശക്കാരനല്ലെന്നു സുഹൃത്തുക്കളെ ധരിപ്പിക്കാൻ ചമയ്ക്കുന്ന ചെറിയ കള്ളത്തരങ്ങൾ അവയുണ്ടാക്കുന്ന നഷ്ടബോധം ഇതെല്ലാം കൂടിയുണ്ടാക്കുന്ന വിഷാദരോഗം.

ഇന്റർനെറ്റ് അഡിക്‌ഷൻ ഡിസോഡർ

ഇന്റർനെറ്റിലൂടെയല്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതി, വീടിനു തൊട്ടടുത്ത കടയിൽ ലഭിക്കുന്ന സാധനങ്ങളും അതേ വിലയ്ക്ക് ഓൺലൈനായി വാങ്ങിയാലേ തൃപ്തിവരൂ. അടുത്ത ബന്ധുക്കളോടു നേരിൽ സംസാരിക്കുന്നതിലും സംതൃപ്തി ലഭിക്കു ഓൺലൈൻ ചാറ്റിങ്ങിൽ. കുടുംബബന്ധങ്ങളെ പോലും ഇതു പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ടുണ്ട്.

ഓൺലൈൻ ഗേമിങ് അഡിക്‌ഷൻ

യഥാർഥ കളികളേക്കാൾ ഓൺലൈൻ ഗെയിമുകളിലേക്കു കുട്ടികളും യുവാക്കളും അടിമപ്പെടുന്ന അവസ്ഥ. ചെസ് ബോർഡും എതിരാളിയും പച്ചയ്ക്കു മുന്നിലുണ്ടെങ്കിലും കംപ്യൂട്ടറിനോടു ചെസ് കളിക്കാൻ കൂടുതൽ ഇഷ്ടം. ജീവിതത്തിൽ മറ്റൊരു മനുഷ്യനു മുന്നിൽ തോൽക്കാനുള്ള മനക്കരുത്ത് ഇല്ലാത്ത അവസ്ഥയാണ് ഇതു സൂചിപ്പിക്കുന്നത്.

സൈബർകോൺഡ്രിയ

ചെറിയ ശാരീരിക പ്രശ്നങ്ങളുടെ കാരണങ്ങൾ ഇന്റർനെറ്റിൽ സ്വയം പരതി കണ്ടെത്താൻ ശ്രമിച്ചു ഭീകരരോഗത്തിന് അടിമയാണെന്ന തോന്നൽ സ്വയമായുണ്ടാക്കുന്ന മാനസികാവസ്ഥ. ഒടുവിൽ ഡോക്ടർമാർ നേരിട്ടു പരിശോധിച്ചു രോഗമില്ലെന്നു പറയുമ്പോൾ അവരുടെ വാക്കുകൾ അവിശ്വസിച്ചു സ്വയം ചികിത്സിക്കാൻ തുടങ്ങി യഥാർഥ രോഗിയായി മാറുന്ന സ്ഥിതി. മിഥ്യാരോഗ ഭീതി( ഹൈപ്പോകോൺഡ്രിയ)യെന്ന മനോരോഗത്തിനു ബ്രോഡ്ബാന്റ് കണക്‌ഷൻ ലഭിച്ച അവസ്ഥയെന്നാണു മനോരോഗ വിദഗ്ധർ ഈ രോഗത്തെ വിശേഷിപ്പിക്കുന്നത്.

സേർച്ച് എൻജിൻ ഇഫക്റ്റ്

എല്ലാം ഇന്റർനെറ്റിലുണ്ടെന്ന ആശ്വാസത്തിൽ ഒരു അറിവും സ്വന്തം തലച്ചോറിൽ ശേഖരിക്കേണ്ടതില്ലെന്ന തോന്നലിലേക്ക് എത്തിചേരുന്ന അവസ്ഥ. ഒടുവിൽ ഓർമശക്തി കുറയുന്ന സ്ഥിതി. ഉദാഹരണമായി ഫോൺ നമ്പറുകൾ ഓർത്തിരിക്കാനുള്ള കഴിവു നഷ്ടപ്പെട്ടത്. കംപ്യൂട്ടറിൽ സ്പെൽ ചെക്ക് വന്നതോടെ വാക്കുകളുടെ സ്പെല്ലിങ് ശരിയായി ഓർക്കാൻ കഴിയാത്ത സ്ഥിതി. കാൽക്കുലേറ്റർ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഗുണനപട്ടിക മറന്നത്. അറിവുണ്ടാവുന്നതിനേക്കാൾ അറിവു തേടിപിടിക്കാനുള്ള കഴിവു കൂടുന്നതായും ആവശ്യം കഴിയുന്നതോടെ ഇത്തരം അറിവുകളെ തലച്ചോർ ‘ഡിലീറ്റ്’ ചെയ്യുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇന്റർനെറ്റിന് അടിമയായാൽ

ശാരീരിക പ്രശ്നങ്ങളായ പൊണ്ണത്തടി, ക്ഷീണം, പുറം വേദന, തലവേദന, കണ്ണിനുണ്ടാകുന്ന സ്ട്രെയിൻ എന്നിവയുണ്ടാകാം

ശ്രദ്ധക്കുറവ്, ഉന്മേഷക്കുറവ് എന്നിവയ്ക്കു കാരണമാകാം

വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ ചിലരിൽ കാണപ്പെടുന്നു

സാമൂഹികമായ ഒറ്റപ്പെടലിനും ആത്മവിശ്വാസക്കുറവിനും കാരണമാകുന്നു

കുട്ടികളെ നിയന്ത്രിക്കാം

പൂർണമായും വിദ്യാർഥികളെ ഇന്റർനെറ്റ് ഉപയോഗത്തിൽ നിന്നു വിലക്കുകയല്ല പരിഹാരം. അവരുടെ ഉപയോഗത്തിൽ നിയന്ത്രണമുണ്ടാക്കുകയാണു വേണ്ടത്.

കുട്ടികൾക്ക് ഉപകാരപ്പെടുന്ന വെബ്സൈറ്റുകൾ തിരഞ്ഞെടുത്തു നൽ‍കുക

ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനു സമയം അനുവദിക്കുക. അതു പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക

മൊബൈൽ ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുക

ഇന്റർനെറ്റ് പഠനപ്രവർത്തനത്തിനു സഹായകരമാകുന്ന ഒന്നെന്ന ബോധമുണ്ടാക്കുക

അതിലെ വിനോദ പരിപാടികളിൽ അധികം സമയം കളയില്ലെന്ന തീരുമാനം കുട്ടികളിൽ ഉണ്ടാക്കുക

കുട്ടികളുമായി നന്നായി സംസാരിക്കുക. അവർ ഇന്റർനെറ്റ് എങ്ങനെ ഉപയോഗിക്കുന്നു എന്നു ചോദിച്ചു മനസ്സിലാക്കുക

ഇന്റർനെറ്റിലെ വേണ്ട സൈറ്റുകൾ ഒഴിച്ചു ബാക്കിയുള്ളവ ലോക്ക് ചെയ്യാൻ പ്രോഗ്രാമുകൾ ഉപയോഗിക്കാം

ഇന്റർനെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ് ഡീറ്റെയിൽസ് എന്നിവ ഒരിക്കലും കുട്ടികൾക്ക് ഉപയോഗിക്കാൻ നൽകരുത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.