Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റർനെറ്റ് ഓർമശക്തി നശിപ്പിക്കും

internet

ഓർമയുടെ പ്രധാന ഉറവിടം തലച്ചോറല്ല, ഇന്റർനെറ്റ് ആണെന്നു പറയേണ്ടിയിരിക്കുന്നു. കംപ്യൂട്ടറിനു ഹാർഡ്ഡിസ്ക് എന്നതുപോലെയാണ് നമുക്ക് ഇന്റർനെറ്റ്. എന്തിനെപ്പറ്റി അറിയണമെങ്കിലും നാം ഉടൻ ഇന്റർനെറ്റിനെ ആശ്രയിക്കും.

ഇന്റർനെറ്റ് വ്യാപകമായതോടെ നമുക്ക് ആവശ്യമായ വിവരങ്ങളെല്ലാം വളരെ പെട്ടെന്ന് ലഭ്യമാകുന്ന അവസ്ഥ വന്നു. ഇതു നമ്മുടെ ചിന്താശക്തിയെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള കഴിവിനെയും ഓർമിച്ചെടുക്കാനും പഠിക്കാനുമുള്ള കഴിവിനെയും ദോഷകരമായി ബാധിക്കുന്നുവെന്ന് പഠനം.

ഓർമിച്ചെടുക്കാൻ സഹായകമായ ഇന്റര്‍നെറ്റ് പോലുള്ളവയെ ആശ്രയിക്കാനുള്ള പ്രവണത ഓരോ ഉപയോഗശേഷവും കൂടുകയാണത്രേ. നാം കരുതിയിരുന്നത് ഓർമശക്തി എന്നത് തലയ്ക്കുള്ളിൽ നടക്കുന്ന എന്തോ ഒന്നാണെന്നാണ്. എന്നാൽ തലയ്ക്കു വെളിയിൽ ഏജന്റുകളുടെ സഹായത്താൽ സംഭവിക്കുന്ന ഒന്നായി ഇപ്പോൾ‌ അതു മാറിയിരിക്കുന്നു.

കലിഫോർണിയ സർവകലാശാലയിലെയും ഇല്ലിനോയ്സ് സർവകലാശാലയിലെയും ഗവേഷകരായ ബഞ്ചമിൻ സ്റ്റോം, സീൻ സ്റ്റോൺ, ആരോൺ ബഞ്ചമിൻ എന്നിവരാണു പഠനം നടത്തിയത്.

ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കംപ്യൂട്ടറിനെയോ സ്മാർട്ട് ഫോണിനെയോ എത്രമാത്രം ആശ്രയിക്കുന്നു എന്നറിയുകയായിരുന്നു പഠനോദ്ദേശം. പഠനത്തിൽ പങ്കെടുത്തവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. കഴിവു പരിശോധിക്കാനായി ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെട്ടു. ആദ്യഗ്രൂപ്പ് അവരുടെ ഓർമശക്തി ഉപയോഗിച്ചു. രണ്ടാമത്തെ ഗ്രൂപ്പ് ഗൂഗിളും. അവരവരുടെ ഇഷ്ടമനുസരിച്ച് എളുപ്പമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആവശ്യപ്പെട്ടു.

വിവരങ്ങൾ അറിയാൻ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നവർ ഓർമശക്തിയെ ആശ്രയിക്കാതെ ഗൂഗിളിന്റെ സഹായം തേടി. മുൻപ് ഇന്റര്‍നെറ്റിനെ ആശ്രയിച്ചിരുന്നവരിൽ 30 ശതമാനം പേർക്കും ലളിതമായ ചോദ്യങ്ങൾക്കുപോലും ഓർമയിൽനിന്ന് ഉത്തരം കണ്ടെത്താൻ സാധിച്ചില്ല.

ഓർമശക്തി മാറുകയാണ്. നാം ഇപ്പോൾ ഇന്റർനെറ്റിനെ കൂടുതൽ ആശ്രയിക്കുകയാണ്. മുൻപ് നമ്മൾ ആലോചിച്ച് സ്വയം ഉത്തരം കണ്ടെത്താൻ ശ്രമിക്കുമായിരുന്നു. സ്മാർട്ട്ഫോണുകളും മറ്റുള്ളവയും വഴി വിവരശേഖരണം വ്യാപകമായതോടെ ഇപ്പോൾ നാം അതിനു ശ്രമിക്കുന്നേയില്ല.

മനുഷ്യന്റെ ഓർമശക്തിയുടെ അപൂർണതയെക്കാൾ തീർച്ചയായും ആശ്രയിക്കാവുന്നതും വേഗതയുള്ളതും ഒതുക്കമുള്ളതുമാണ് ഇന്റർനെറ്റ്. അറിവിന്റെ ലോകം വിരൽത്തുമ്പിൽ ഉള്ളപ്പോൾ ചിന്തിക്കാൻ എവിടെ സമയം?

ഓൺലൈൻ വഴി അറിവു വളരെവേഗം ലഭ്യമാകും എന്നതിനാലും പ്രശ്നപരിഹാരത്തിന് ഇന്റർനെറ്റിനെ അമിതമായി ആശ്രയിക്കുന്നതിനാലും നമ്മുടെ ഓർമശക്തിയെ നാംതന്നെ നശിപ്പിക്കുകയാണെന്ന് ഈ പഠനഫലം വ്യക്തമായ സൂചന നൽകുന്നു.

ഒന്നും ഓർമിച്ചെടുക്കാൻ കഴിയാത്തവരായി മനുഷ്യർ മാറിക്കൊണ്ടിരിക്കുന്നുവെന്ന് മെമ്മറി ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു. 

Your Rating: