Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐറിന്റെ ജീവൻ സമ്മാനിച്ചതു സഹപാഠികൾ

irine ഐറിനും മാതാവ് നൈസി ടോമിയും ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോൺസൺ വാഴപ്പിള്ളി, ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ യൂറോളജിസ്റ്റ് ഡോ.സഞ്ജയ് ഭട്ട്, നെഫ്രോളജിസ്റ്റ് ഡോ.ജോസ് തോമസ് എന്നിവർക്കൊപ്പം.

സഹപാഠികളുടെ കൈത്താങ്ങിൽ ഐറിനു തിരികെ കിട്ടിയത് സ്വന്തം ജീവൻ. ഗുരുതരമായ വൃക്കരോഗമാണ് തങ്ങളുടെ കൂട്ടുകാരിക്ക് ബാധിച്ചിരിക്കുന്നതെന്ന് അറിഞ്ഞ ഇടുക്കി ഹോളി ക്യൂന്‍സ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്രധാന അധ്യാപിക ലിജിയുടെ സഹായത്തോടെ ശസ്ത്രക്രിയയ്ക്കാവശ്യമായ തുക സംഘടിപ്പിച്ചു നൽകുകയായിരുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിലേക്കു മടങ്ങിവന്ന ഐറിൻ ഏറ്റവുമധികം നന്ദി പറയുന്നതും തന്റെ കൊച്ചുകൂട്ടുകാർക്കുതന്നെ.

ശക്തമായ ശ്വാസംമുട്ടലിനെത്തുടർന്നാണ് ഐറിനെ ആഴുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് വൃക്കകൾക്കു സംഭവിച്ച തകരാറ് തിരിച്ചറിഞ്ഞത്. വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ഏക പരിഹാരം എന്നറിഞ്ഞതിനെത്തുടർന്ന് അതു നൽകാൻ അമ്മ തയാറായെങ്കിലും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക എവിടുന്നു കണ്ടെത്തുമെന്നറിയാത്ത അവസ്ഥയിലായിരുന്നു കുടുംബം. കൃഷിയിൽ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ആ കുടുംബം പുലർന്നു പോകുന്നത്. ഇതു മനസ്സിലാക്കിയ വിദ്യാർഥികൾ മുന്നോട്ടു വരികയായിരുന്നു. ഐറിന്റെ ചികിത്സകള്‍ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരും ഐറിനെ സഹായിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍ കളമശ്ശേരിയിലെ രാജഗിരി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒരു ലക്ഷം രൂപ സമാഹരിച്ചു. രാജകുമാരി ദേവമാതാ ഇടവക അംഗങ്ങളും നാട്ടുകാരും രാജഗിരി ആശുപത്രി ജീവനക്കാരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ പഠനത്തില്‍ എന്നും മുന്നിലുള്ള ഐറിന്റെ ശാസ്ത്രക്രിയ യാഥാര്‍ത്ഥ്യമായി.

രാജഗിരി ആശുപത്രിയിലെ പീഡിയാട്രിക്ക് യൂറോളജി വിഭാഗം ഡോ.സഞ്ജയ് ഭട്ട്, ഡോ.ബാലഗോപാലന്‍ നായര്‍, ഡോ.സന്ദീപ് ആര്‍, നെഫ്രോളജി വിഭാഗം ഡോ.ജോസ് തോമസ്സ്, അനസ്‌തേഷ്യവിഭാഗം ഡോ.ആനി തോമസ്സ്, പീഡിയാട്രിക്ക് ഇന്റന്‍സീവ് വിഭാഗം ഡോ.ബിബിന്‍ ജോസ്, എന്നിവരാണ് ഐറിന്റെ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ആരോഗ്യനില തൃപ്തികരമായതോടെ ഐറിന്‍ ആശുപത്രി വിട്ടു. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ താങ്ങായ സഹപാഠികളെ കാണാന്‍ കാത്തിരിക്കുകയാണ് ഈ പന്ത്രണ്ടുകാരി.

Your Rating: