Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയയുടെ ആശുപത്രിയിലെ ആ 75 ദിനങ്ങൾ ഇങ്ങനെ

jaya-hospital

അപ്പോളോ ആശുപത്രിയിൽ ജയലളിത പിന്നിട്ടത് തീവ്രചികിൽസയുടെ 75 ദിനങ്ങൾ. ഏറെക്കാലമായുള്ള രോഗങ്ങളുടെ തുടർച്ചയാണു രൂക്ഷമായ അണുബാധയിലേക്കു നയിച്ചതെന്നു വിദഗ്ധർ അഭിപ്രായപ്പെട്ടതോടെയാണു ജയയുടെ ആരോഗ്യം തുറന്ന ചർച്ചയായത്. അതുവരെ അസുഖങ്ങളെക്കുറിച്ച് അഭ്യൂഹങ്ങൾ മാത്രമാണു പ്രചരിച്ചത്. എൺപതുകളുടെ തുടക്കത്തിൽ അമിതവണ്ണത്തിനു ജയ യുഎസിൽ ചികിൽസ തേടിയിരുന്നു. അവർക്കു‌ണ്ടായിരുന്ന രോഗത്തിന്റെയോ കഴിച്ച മരുന്നുകളുടെയോ പാർശ്വഫലമായിട്ടാകാം പെട്ടെന്നു വണ്ണം കൂടിയതെന്നാണു നിഗമനം. രാഷ്ട്രീയത്തിൽ സജീവമായി തുടങ്ങിയ നാളുകളിൽ കടുത്ത നടുവേദനയെ തുടർന്നു ശസ്ത്രക്രിയ നടത്തിയതായും വാർത്തകൾ വന്നിരുന്നു.

പിന്നീടു വർഷങ്ങൾക്കു ശേഷം, പ്രമേഹമല്ലാതെ ജയയുടെ മറ്റു രോഗങ്ങളെക്കുറിച്ചു പുറംലോകമറിയുന്നതു 2014ലെ ബെംഗളൂരു ജയിൽവാസ കാലത്താണ്. പലയിനം മരുന്നുകൾ കഴിക്കാനുണ്ടെന്നും ആരോഗ്യസ്ഥിതി മെച്ചമല്ലെന്നും ചൂണ്ടിക്കാട്ടിയാണു ജാമ്യം തേടിയത്. ജയിലിൽ നിന്നിറങ്ങിയ ജയയെ എട്ടുമാസം പുറത്തുകണ്ടില്ല. സന്ദർശകരെ അനുവദിച്ചുമില്ല. അവശനിലയിലാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ മാത്രം പ്രചരിച്ചു. കുറ്റവിമുക്തയാക്കിയ വിധി വന്നപ്പോഴും ആഹ്ലാദപ്രകടനവുമായി ജയ പ്രത്യക്ഷപ്പെട്ടില്ല. പ്രതികരണം ഒറ്റവാചകത്തിൽ ഒതുങ്ങി. വീണ്ടും ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചു തുടങ്ങിയപ്പോൾ ‘അമ്മ’ ഉഷാറായെന്നു തമിഴ്മക്കളും കരുതി.

എന്നാൽ, ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജയയുടെ അവശത മറനീക്കി പുറത്തുവന്നു. പതിവു തീപ്പൊരി പ്രസംഗങ്ങൾ കണ്ടില്ല. ചരിത്രവിജയം സ്വന്തമാക്കി മുഖ്യമന്ത്രി പദത്തിൽ തുടർന്നപ്പോഴും അതിരുവിട്ട ആവേശമില്ല. സെപ്റ്റംബർ 22നു ദരിദ്രയുവതികൾക്കുള്ള ‘താലിക്കു തങ്കം’ പദ്ധതി ഉദ്ഘാടനം ചെയ്തതാണ് അവസാന പൊതുപരിപാടി. അന്നുരാത്രി ആശുപത്രിയിലായി.

JAYA-GRAPH

യുകെയിൽനിന്നുള്ള അണുബാധ ചികിൽസാ വിദഗ്ധൻ ഡോ. റിച്ചാർഡ് ജോൺ ബീൽ അപ്പോളോയിൽ എത്തിയതോടെയാണു ഗുരുതരാവസ്ഥ പുറത്തറിഞ്ഞത്. രക്തത്തിലെ അണുബാധയെ (സെപ്റ്റിസീമിയ) തുടർന്നു വിവിധ അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുന്നതിലേക്കു (സെപ്സിസ്) സ്ഥിതി വഷളായിരുന്നു. ശ്വസനം സുഗമമാക്കാൻ ശ്വാസനാളത്തിലൂടെ ട്യൂബ് ഇട്ടു.ശാരീരിക പ്രവർത്തനങ്ങൾ നിലച്ചു തുടങ്ങിയതോടെ വെന്റിലേറ്ററിലേക്കു മാറ്റി.

പിന്നീട്, വെന്റിലേറ്റർ സംവിധാനം നീക്കുകയും ശ്വസനസഹായി ഇടയ്ക്കുമാത്രമായി ചുരുക്കുകയും ചെയ്യാനായി. അതിനിടെയാണ് അപ്രതീക്ഷിത ഹൃദയസ്തംഭനം. ഉടൻ ശസ്ത്രക്രിയ നടത്തുകയും ‘എക്മോ’ സംവിധാനം ഘടിപ്പിക്കുകയും ചെയ്തു. ഹൃദയത്തിനും ശ്വാസകോശത്തിനും പ്രവർത്തിക്കാൻ കഴിയാതെവന്ന സാഹചര്യത്തിൽ ഇവയുടെ ധർമം യന്ത്രസഹായത്തോടെ ചെയ്യുന്നതിനാണ് അവസാനശ്രമമെന്ന നിലയിൽ എക്സ്ട്രകോർപോറിയൽ മെംബ്രേൻ ഓക്സിജനേഷൻ (എക്മോ) ഏർപ്പെടുത്തിയത്. സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ടെങ്കിൽ ശരീരം ക്രമേണ പ്രവർത്തന ശേഷി വീണ്ടെടുക്കും. ഇല്ലെങ്കിൽ എക്മോ മാറ്റുന്നതോടെ പൂർണമായി പ്രവർത്തനം നിലയ്ക്കും.

എക്മോ സംവിധാനം

∙ ഹൃദയത്തിലെ രക്ത ധമനികളിലേക്കു പ്രത്യേക ട്യൂബുകൾ ഘടിപ്പിച്ചു

∙ ഇതുവഴി ഹൃദയത്തിൽ നിന്നു പ്രത്യേക പമ്പിന്റെ സഹായത്തോടെ രക്തം ഓക്സിജനേറ്റർ മെഷീനിലേക്ക് നൽകി.

∙ തുടർന്നു രക്തത്തിലെ കാർബൺ ഡൈ ഓക്സൈഡ് മാറ്റി. രക്തത്തിലേക്ക് ഓക്സിജൻ നൽകുകയും ചെയ്തു.

∙ രക്തത്തിന്റെ ഊഷ്മാവ് ശരീരതാപനിലയ്ക്കനുസരിച്ചു ക്രമീകരിച്ചു. പിന്നീട് മറ്റൊരു ട്യൂബിലൂടെ തിരികെ ശരീരത്തിലേക്കു പ്രവേശിപ്പിച്ചു

Your Rating: