Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലിയോട് അമിതാവേശം കാണിച്ചാൽ?

job

ഞാനൊരു ജോലിഭ്രാന്തനാണ് അല്ലെങ്കില്‍ ഭ്രാന്തിയാണെന്ന് പലരും ആവേശത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ അഭിമാനം കൊള്ളുന്നതിനൊപ്പം അല്‍പ്പം ആശങ്കപ്പെടുന്നതും നല്ലതായിരിക്കും. കാരണം ജോലിയില്‍ അമിതാവേശം കാണിക്കുന്നത് മാനസികമായുള്ള ചില പ്രശ്നങ്ങളുടെ സൂചനയാണെന്ന് തെളിയിച്ചിരിക്കുന്നു പുതിയ പഠനം. നോര്‍വെയിലെ ബോര്‍ഗെന്‍ സര്‍വ്വകലാശാലയിലെ സൈക്യാട്രി വിഭാഗത്തിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്.

16,426 വ്യക്തികളില്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഗവേഷകര്‍ ഈ പഠനം തയ്യാറാക്കിയത്. അതും യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി. ഇവരില്‍ ഇന്ത്യ, ചൈന, അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കുടിയേറിയവരും ഉള്‍പ്പെടും. പഠനം നടത്തിയവരില്‍ ജോലിയോട് അമിതാസക്തിയുള്ള വ്യക്തികളില്‍ മാനസികരോഗത്തിന്‍റെയും പ്രശ്നങ്ങളുടെയും സൂചനകള്‍ ഉയര്‍ന്ന അളവില്‍ കണ്ടെത്തി. ഈ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ജോലിയില്‍ അമിതാവേശം ഇല്ലാത്തവരേക്കള്‍ കൂടുതലാണ് അമിതാവേശം കാട്ടുന്നവരില്‍ കണ്ടെത്തിയത്.

ജോലിയോട് അമിതാവേശം ഉള്ളവരില്‍ 32.7 ശതമാനം പേര്‍ക്ക് എഡിഎച്ച്എഡി (ADHD )ഉണ്ടെന്ന് സ്ഥിരീകരിച്ചപ്പോള്‍ അമിതാവേശം ഇല്ലാത്തവരില്‍ 12.7 ശതമാനം പേരില്‍ മാത്രമാണ് ഇതിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്താനായത്. ജോലിഭ്രാന്ത് ഉള്ളവരില്‍ 25.6 ശതമാനത്തിന്  ഒബ്സസീവ് കംപല്‍സറി ഡിസോര്‍ഡര്‍ (OCD )ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് 8.3 ശതമാനം മാത്രമാണ്. 33.8 ശതമാനം പേരില്‍ അമിത ആശങ്ക മൂലമുള്ള പ്രശ്നങ്ങള്‍ കണ്ടെത്തി.

8.9 ശതമാനം പേര്‍ ജീവിതത്തില്‍ കടുത്ത നിരാശ അനുഭവിക്കുന്നവരാണ്. ജോലിയോട് അമിത ആസക്തി ഇല്ലാത്തവരില്‍ ഇത് 0.9 ശതമാനം മാത്രമാണ്.
കണക്കുകള്‍ പരിശോധിച്ചാല്‍ ഏതാണ്ട് 90 ശതമാനം ജോലിയോട് അമിതാസക്തി ഉള്ള ആളുകള്‍ക്കും മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് വ്യക്തം. വിഷയം അതീവ ഗൗരവമേറിയതാണെന്ന് ഗവേഷകര്‍ പറയുന്നു. അതു കൊണ്ട് തന്നെ ഈ പ്രശ്നങ്ങള്‍ എങ്ങനെ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെയും ശാരീരികമായ മറ്റ് വിഷമങ്ങളെയും ബാധിക്കുമെന്നതിനെ കുറിച്ച് മറ്റ് ഡിപ്പാര്‍ട്ട്മെന്‍റുകളുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് ഒരുങ്ങുകയാണ് ഈ ഗവേഷകർ. 

Your Rating: