Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെയ്റ്റ്ലിന്റെ മൂക്ക് തുമ്മിയാൽ തെറിക്കില്ല!

sneezing-lady

തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ തെറിക്കട്ടെ എന്ന് ആർക്കും പറയാം. എന്നാൽ ടെക്സസ് സ്വദേശി കെയ്റ്റ്ലിൻ തോൺലെയ്ക്ക് അങ്ങനെ പറയാനാവില്ല. ഒരാൾ വല്ലപ്പോഴും തുമ്മുമ്പോൾ തന്നെ അസഹ്യമായി (ചുറ്റുമുള്ളവർക്കും) തോന്നുമ്പോൾ പന്ത്രണ്ട് വയസുകാരി കെയ്റ്റ്ലിൻ തുമ്മുന്നത് മിനിറ്റിൽ 20 തവണ! കേട്ടിരിക്കുന്നവർക്ക് കൗതുകമായി തോന്നുമെങ്കിലും ഒരു ദിവസം പന്ത്രണ്ടായിരത്തിലേറെ തവണയാണ് കാറ്റ്ലിൻ തുമ്മുന്നത്. അപൂർവ തുമ്മൽ രോഗത്തിന്റെ മുൻപിൽ ഡോക്ടറന്മാരും സുല്ലിട്ടു കഴിഞ്ഞു.

സംഗീതത്തെ ജീവനുതുല്യം സ്നേഹിക്കുന്ന കെയ്റ്റ്ലിൻ നല്ലൊരു ക്ളാരനറ്റ് വാദകയാണ്. ''മാരത്തൺ തുമ്മൽ'' സാധാരണ കുട്ടികളെ പോലെ കളിച്ചു ചിരിച്ചു നടന്ന കെയ്റ്റ്ലിന്റെ ജീവിത താളം തെറ്റിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരു ക്ളാരനറ്റ് ക്ളാസിൽ പങ്കെടുത്തതിനു ശേഷമാണ് തുമ്മൽ രോഗം പിടികൂടിയെന്നതാണ് കെയ്റ്റ്ലിന്റെ മാതാപിതാക്കളുടെ പക്ഷം. മാനസിക പിരിമുറക്കമാവാം തുമ്മൽ രോഗത്തിന്റെ പിന്നിലെന്ന് ഡോക്ടർമാരും പറയുന്നു.

നിരന്തരം തുമ്മുന്നത് കൊണ്ട് നേരെ ഭക്ഷണം കഴിക്കാൻ പോലും കെയ്റ്റ്ലി‌നു കഴിയുന്നില്ല. തുമ്മൽ സമ്മാനിക്കുന്ന ശരീരവേദനയും ക്ഷീണവും ഒപ്പം ഭക്ഷണക്കുറവും കെയ്റ്റ്ലിന്റെ ഉറക്കം നേരത്തെയാക്കും. ഹാവൂ... ഉറക്കത്തിലെങ്കിലും കാറ്റ്ലിനു സ്വസ്ഥത കിട്ടുമല്ലോ എന്നാണോ കരുതിയത്? എന്നാൽ തെറ്റി.. സ്വപ്നത്തിൽ പോലും തുമ്മാറുണ്ടെന്ന് കെയ്റ്റ്ലിൻ!!

തുമ്മലിനു പിന്നിൽ അലർജി മുതൽ ആസ്‌മ വരെ

അലർജി

അണുബാധ കാരണമുള്ള രോഗങ്ങൾ കുറയുകയും അലർജി രോഗങ്ങൾ കൂടുകയും ചെയ്യുന്നതാണ് ഇപ്പോൾ പൊതുവേയുള്ള പ്രവണത. പരാഗരേണുക്കളും മറ്റു പൊടികളും സാധാരണ തൊണ്ടയിൽക്കൂടി വയറ്റിൽപ്പോയി ദഹിക്കുകയാണു ചെയ്യുന്നത്. പക്ഷേ, മൂക്കിനുള്ളിലെ പ്രശ്‌നങ്ങളോ അലർജി രോഗമോ കാരണം പൊടി മൂക്കിൽത്തന്നെ കൂടുതൽ നേരം കിടക്കുന്നു. ഇതു ശരീരത്തെ അമിതമായി പ്രതികരിക്കാൻ ഇടയാക്കും. അങ്ങനെ രാസവസ്‌തുക്കൾ ഉണ്ടാവുകയും ഇത് അലർജിക്കു കാരണമാവുകയും ചെയ്യും. ഹിസ്‌റ്റമിൻ എന്ന രാസവസ്‌തു കൂടുതലായി ഉൽപാദിപ്പിക്കപ്പെടും. ഇതു മൂക്കടപ്പിനു കാരണമാകുന്നു. രക്‌തക്കുഴൽ കൂടുതൽ വികസിക്കുകയും മൂക്കിനകത്തെ ഗ്രന്ഥികൾ കൂടുതൽ ദ്രവങ്ങൾ ഉൽപാദിപ്പിക്കുകയും ചെയ്യും. ഇതു ശ്വാസകോശത്തെ ബാധിക്കാം. ആസ്‌മയ്‌ക്കും കാരണമാകുന്നു.

അലർജിക്കു സാധാരണ ആന്റി ഹിസ്‌റ്റമിൻ മരുന്നുകളാണു നൽകുന്നത്. പക്ഷേ, ഈ മരുന്നുകൾക്ക് കഴിക്കുമ്പോൾ മാത്രമേ പ്രയോജനമുള്ളു എന്നൊരു പ്രശ്‌നമുണ്ട്. മാത്രമല്ല, തൊണ്ടവരൾച്ച, മയക്കം, മൂത്രതടസ്സം, പുരുഷന്മാരിൽ പ്രോസ്‌ട്രേറ്റ് എൻലാർജ്‌മെന്റ് തുടങ്ങിയ പാർശ്വഫലങ്ങളുമുണ്ട്. സ്‌റ്റിറോയ്‌ഡ് നേസൽ സ്‌പ്രേ മരുന്നുകളാണു കൂടുതൽ ഫലപ്രദം. ഇതിന് ഓറൽ സ്‌റ്റിറോയ്‌ഡ് ഗുളികകളുടെ പാർശ്വഫലങ്ങളുമില്ല. വളരെക്കുറച്ചു ഡോസ് മരുന്നേ വേണ്ടിവരുന്നുള്ളു എന്നതും പ്രത്യേകതയാണ്. പാർശ്വഫലങ്ങൾ വളരെ കുറവാണ്. ഇമ്യൂൺ മോഡുലേറ്റേഴ്‌സ് എന്നൊരു പുതിയ വിഭാഗം മരുന്നുകളും ഇപ്പോൾ അലർജിക്കു ഫലപ്രദമായി ഉപയോഗിക്കുന്നു. പ്രതിരോധ വ്യവസ്‌ഥ മെച്ചപ്പെടുത്താനുള്ള മരുന്നുകളാണ് ഇവ. പാർശ്വഫലങ്ങൾ വളരെ കുറവാണ്. പക്ഷേ, ദീർഘനാൾ ഉപയോഗിക്കേണ്ടിവരും.

ആസ്‌മ

ഭൂരിപക്ഷംപേർക്കും ആസ്‌മയുടെ തുടക്കം മൂക്കിലെ അലർജിയിൽനിന്നാണ്. പക്ഷേ, മൂക്കിൽ അലർജിയുള്ള എല്ലാവർക്കും ആസ്‌മ ഉണ്ടാവണമെന്നില്ല. അതിനാൽ മൂക്കിൽ എന്തെങ്കിലും പ്രശ്‌നങ്ങളുള്ളവർ കാലേകൂട്ടി ചികിൽസ തേടണം.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. ജോൺ പണിക്കർ (ഇഎൻടി കൺസൽട്ടന്റ്, സാന്ത്വന ഹോസ്‌പിറ്റൽ, തിരുവനന്തപുരം).

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.