Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുങ്ങൾക്ക് നൽകണം, കരുതലിന്റെ കമ്പിളിപ്പുതപ്പ്

kids-disease

സ്വതവേ ദുർബല, ഇപ്പോൾ ഗർഭിണിയും എന്നു പറഞ്ഞപോലെയാണു തലസ്ഥാന നഗരത്തിലെ അന്തരീക്ഷ വായുവിന്റെ കാര്യം. സാധാരണ സമയത്ത് ഇന്ത്യൻ നഗരങ്ങളിൽ അന്തരീക്ഷ മാലിന്യത്തിന്റെ തോത് ഏറ്റവും കൂടുതലുള്ള നഗരങ്ങളിലൊന്നാണു ഡൽഹി. ഇത്തവണ മഴയുടെ അളവ് കുറഞ്ഞതിനാൽ മാലിന്യ തോത് പിന്നെയും കൂടി. ശ്വാസതടസ്സമുണ്ടാക്കുന്ന വസ്തുക്കളുടെ അളവ് കഴിഞ്ഞ മാസം 28 മുതൽ ഡൽഹിയിലെ അന്തരീക്ഷത്തിൽ ക്രമാതീതമായി കൂടുകയാണെന്നാണു പഠനങ്ങൾ പറയുന്നത്. ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗങ്ങൾ വർധിക്കാൻ ഇതു കാരണമാകാം. കുട്ടികളിൽ സാധാരണയായി കാണുന്ന ചില ശ്വാസകോശ രോഗങ്ങളും കാരണങ്ങളും മുൻകരുതലും പരിചയപ്പെടാം.

ജലദോഷം, മൂക്കൊലിപ്പ്

ശ്വാസകോശത്തിന്റെ മുകൾഭാഗത്തെ വൈറസ് അണുബാധയാണ് കാരണം. തണുത്ത അന്തരീക്ഷം, പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം, രോഗബാധിതരുമായുള്ള സഹവാസം എന്നിവ കാരണമാകാം. തുമ്മലിലൂടെ ഇതു പകരും.

ലക്ഷണങ്ങൾ

പനി, മൂക്കൊലിപ്പ്, അനാവശ്യ വാശി കാണിക്കൽ. അപൂർവമായി കഴുത്തിലെ ഗ്രന്ധിവീക്കവുമുണ്ടാകാം. ചിലർക്ക് ചെവി കൊട്ടിയടപ്പ്, ചെവി പൊട്ടിയൊലിക്കൽ എന്നിവയുമുണ്ടാകാം. തൊണ്ട കാറൽ മൂലമുള്ള കടുത്ത ചുമയും കണ്ണുനീർ ഗ്രന്ഥിയിലെ അണുബാധ കാരണം കണ്ണീരൊലിക്കുന്നതും ലക്ഷണങ്ങളാണ്. സാധാരണഗതിയിൽ മൂന്നു ദിവസം വരെ വിശ്രമിച്ചാൽ ഇതു സ്വയം മാറും. ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണണം.

മുൻകരുതൽ

തണുത്ത അന്തരീക്ഷം, തണുത്ത ഭക്ഷണം, രോഗം മാറുന്നതുവരെ മറ്റുള്ളവരുമായുള്ള സഹവാസം എന്നിവ പരമാവധി ഒഴിവാക്കുക. പുകയുള്ള അന്തരീക്ഷം ഒഴിവാക്കുക. കുട്ടികളുമായി പെരുമാറുന്നവരുടെ ശുചിത്വം പരമപ്രധാനമാണ്.

ചുമ

കുട്ടികളിൽ സാധാരണമായി വരുന്ന ചുമ ചിലപ്പോൾ നല്ല ലക്ഷണമാണ്. ‌അണുബാധയേറ്റ കഫം പുറത്തേക്കു പോകുന്നതിന് ചുമ സഹാ‌യിക്കും. അതിനാൽ, ചെറിയ കുട്ടികളിൽ കൃത്രിമ മാർഗങ്ങളിലൂടെ ചുമയെ നിയന്ത്രിക്കരുത്. ഇത് അണുബാധയേറ്റ കഫം ശ്വാസകോശത്തിൽ തങ്ങിനിൽക്കാൻ കാരണമാകും. ആഹാര രീതിയേയും ഉറക്കത്തേയും ബാധിക്കുന്ന രീതിയിൽ ചുമയുണ്ടെങ്കിൽ ഡോ‌ക്ടറെ കാണണം.

ലക്ഷണങ്ങൾ

ജലദോഷം, അലർജി, ആസ്മ, ന്യുമോണിയ, അഞ്ചാം പനി, വില്ലൻ ചുമ, തൊ‌ണ്ടയിൽ എന്തെങ്കിലും വസ്തു കുടുങ്ങൽ എന്നിവ ചുമയ്ക്കു കാരണമാകാം. ‌ശ്വാസകോശ ക്ഷതം, ജന്മനാ വൈകല്യം, മാനസിക പിരിമുറുക്കം എ‌ന്നിവയും കാരണമാണ്. അ‌ന്തരീക്ഷ മലിനീകരണം, പൊടി ‌എന്നിവയും സൂക്ഷിക്കണം. ‌പ്രായം, ചുമയുടെയും കഫത്തിന്റെയും സ്വഭാവം, കാലാവസ്ഥ, ആരോഗ്യസ്ഥിതി, കൈവിരൽ അഗ്രം തടിക്കൽ, ശബ്ദത്തോടെയുള്ള ശ്വസോച്ഛാസം എ‌‌‌ന്നീ ഘട‌കങ്ങളിലൂടെ രോഗ തീവ്രത മനസ്സിലാക്കാം.

ശ്വാസം മുട്ടൽ (ആസ്മയല്ല)

ശ്വാസമെടുക്കാനുള്ള വൈഷമ്യം കുട്ടികളിൽ സാധാരണമാണ്. ബ്രോങ്കോലൈറ്റിസ്, ആസ്മ, ന്യുമോണിയ, ശ്വാസകോശത്തിൽ വെള്ളംകെട്ടൽ, ഹൃദയസംബന്ധ രോഗങ്ങൾ എന്നിവയുടെ ലക്ഷണമാകാം. കടുത്ത ജോലിയും കാരണമാണ്. ‌

കിറുകിറുപ്പ്

ഉച്ഛത്തിലും ചൂളമടിക്കുന്ന ശബ്ദത്തോടെയും കൂടിയുള്ള ശ്വാസോ‌ച്ഛ്വാസമാണു പ്രധാന ലക്ഷണം. തണുത്ത അന്തരീക്ഷത്തോടുള്ള പ്രതികരണം,‌ ബ്രോങ്കോലൈറ്റിസ്, ബ്രോങ്കിയൽ ആസ്മ എ‌ന്നിവയും ഇതിനു കാര‌ണമാകാം.

തൊണ്ടകാറൽ

ടോൺസിലൈറ്റിസ്, സൈനസൈറ്റിസ് എന്നിവയ്ക്കൊപ്പം തൊണ്ടകാറലുണ്ടാകാം. അഞ്ചാംപനിയുടെയോ ജർമൻ മീസിൽസിന്റെയോ ലക്ഷണമായും ഇതു കാണാം. തൊ‌ണ്ട വീക്കം കൂടിയുണ്ടെങ്കിൽ വാതപ്പനിയുടെ ലക്ഷണമായും സംശയിക്കാവുന്നതാണ്.

ലക്ഷണങ്ങൾ

പനി, ശരീര വേദന, തലവേദന, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്. കടുത്ത പനി‌യും കഴുത്തിലെ ഗ്രന്ഥിവീക്കവും പെട്ടെന്നുള്ള രോഗലക്ഷണങ്ങളും ക‌ണ്ടാൽ കൂ‌ടുതൽ ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കാനുള്ള വിസമ്മതം ഇതിന്റെ ലക്ഷണമാണ്. ഉടൻ ഡോക്ടറെ കാണണം. സ്വയം ചികിൽസ അരുത്.

മുൻ കരുതൽ

ഇളം ചൂട് വെള്ളത്തിൽ തൊണ്ട കഴുകുക, ഇളം ചൂട് ഭക്ഷണം ‌മാത്രം നൽ‌‌കുക, ചൂട് കഞ്ഞിവെള്ളം ധാരാളമായി കുടിക്കുക, വിശ്രമം.

ബ്രോങ്കോലൈറ്റിസ്

തണുപ്പ് കാലത്തും വസന്തകാലത്തും രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളി‌ൽ സാ‌ധാരണം. അണുബാധയെത്തുടർന്നുള്ള നീർവീഴ്ചയും പഴുപ്പ് കെട്ടലും ‌ശ്വാസകോശത്തിലെ കോച്ചിപ്പിടിത്തവും രോഗത്തെ സങ്കീർണമാക്കുന്നു. ശ്വാസകോശം പൂർണമായി അടയുന്നത് അപകടകരമാക്കും. രക്തത്തിലെ ഓക്സിജൻ കുറയുകയും കാർബൺ ഡൈയോക്സൈഡ് കൂ‌ടുകയും ചെ‌യ്യും.

ലക്ഷണം

സാധാരണ ശ്വാസകോശ രോഗ ലക്ഷണങ്ങൾക്കൊപ്പം, തൊണ്ടക്കുഴിയുടെ അമിത ഉയർച്ചതാഴ്ച, വലിവ്, കടുത്ത പനി. ശരിയായ ചികിൽസ ലഭിച്ചാൽ മൂന്നു ദിവസം മുതൽ ഒരാഴ്ചവരെ സമയം കൊണ്ട് ഭേദമാകും. കടുത്ത ലക്ഷണങ്ങളുള്ളവരിൽ പോലും മരണനിരക്ക് ഒരു ശതമാനം മാത്രം.

മുൻകരുതൽ നടപടികൾ

30 മുതൽ 40ഡിഗ്രിവരെ തലയുയർത്തിക്കിടത്തുക, ഈർപ്പമുള്ള അന്തരീക്ഷത്തിൽ ഇരുത്തുക, അവശ്യഘട്ടങ്ങളിൽ ഓക്സിജൻ തെറപ്പി എന്നിവ സഹായിക്കും.