Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുംബനത്തെ ‘കണ്ണടച്ച്’ വിശ്വസിക്കരുത്

kissing

ഇണകൾ ചുംബിക്കുമ്പോൾ ലോകം തന്നെ മാറി മറിയുമെന്നാണ്. ചുംബനം കൊണ്ട് ആത്മാവും ശരീരങ്ങളും പരസ്പരം കൊരുത്തെടുക്കുമ്പോൾ ശരീരങ്ങളിൽ ഇതളുകൾ വിരിയും. കുയിൽപ്പാട്ടു കേൾക്കും. മഞ്ഞു കണികകൾ ഉരുകിയൊഴുകും. പരസ്പരം എല്ലാം പറയാനും ചുറ്റുമുളള ലോകത്തിന്റെ നിറവും ശബ്ദവും മനോഹരമാകാനും ഇണകൾക്ക് ഒരു ചുംബനത്തിന്റെ നേരം മാത്രം മതി!

ചുണ്ടുകൊണ്ടുളള സ്നേഹപ്രകടനമോ ശരീരം പങ്കുവയ്ക്കുന്നതിന്റെ മുന്നൊരുക്കമോ മാത്രമല്ല ചുംബനം. ഒരൊറ്റ ലിപിയുളള ഒരു ശരീരഭാഷയാണിത്. സ്നേഹമറിയിക്കുന്നതു മുതൽ രതിലഹരികൾ നുരയിപ്പിച്ചെടുക്കുന്നവ വരെ അതിലുണ്ട്. ചുംബനങ്ങൾ തന്നെ എത്രയോ വിധം. കണ്ണടച്ചും കൺപീലികൾ കൊണ്ടുരസിയുമുളള ചുംബനങ്ങളുണ്ട്. ‘ബട്ടർഫ്ളൈ കിസ്, ഏയ്ഞ്ചൽ കിസ്’ എന്നു മൃദുവായി തുടങ്ങി ‘ടൈഗർ കിസ്, ഹിക്കി കിസ്’ എന്നുവരെയുളള വന്യതകളും ചുംബനങ്ങളിലുണ്ട്. രസികൻ വിളിപ്പേരുകളുമായാണ് പല ചുംബനങ്ങളും ചുണ്ടുകളിലുടെ സഞ്ചരിക്കുന്നത്. ഇങ്ങനെയുളള വിളിപ്പേരുകൾ മാത്രമല്ല ചില ചെല്ലപ്പേരുകളും പലതരം ചുംബനങ്ങൾക്കുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ചുംബനത്തെ വികാരപരമായി മാത്രം കണ്ടാൽ മതിയോ എന്നു കുടി ചിന്തിക്കേണ്ടിയിരിക്കുന്നു. ചുംബനത്തിൽ ചില ആരോഗ്യകാര്യങ്ങൾ കൂടിയുണ്ട്. അവയൊക്കെ കണ്ണുതുറന്നു തന്നെ കാണുകയും മനസിലാക്കുകയും വേണം. ഒരു ചുംബനത്തേയുംകണ്ണടച്ചു വിശ്വസിക്കേണ്ടെന്നു ചുരുക്കം.

പകരുന്നത് സ്നേഹവും രോഗവും
ചുംബനത്തിലുടെ പരസ്പരം പകരുന്നതു സ്നേഹവും വികാരവും മാത്രമല്ല രോഗങ്ങൾ കൂടിയായിരിക്കാം. ഫ്രഞ്ച് കിസ് പോലെയുളളവയിൽ ഇണകൾ നാവുകൾ കൊണ്ടും ചുണ്ടുകൾ കൊണ്ടും പരസ്പരം ഉളളിലേക്കു പ്രവേശിക്കാറുണ്ട്. ഈയവസരത്തിൽ രണ്ടുപേരുടെയും ഉമിനീർ പരസ്പരം കലരുന്നു. വായ് വഴി ഒട്ടനവധി രോഗങ്ങൾ പകരുന്നു.

ചുംബനത്തിലുടെ പകരുന്നവയാണെങ്കിൽ കൂടിയും ഇവയിൽ ചില രോഗങ്ങളെ ‘ സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഇൻഫക്ഷൻസ്’ അഥവാ എസ് റ്റി ഐ എന്ന വിഭാഗത്തിലാണുൾപ്പെടുത്തിയിരിക്കുന്നത്. ഉമിനീർ വഴി പകരുന്ന രോഗമായ ഇൻഫെക്ഷ്യസ് ‘മോണോന്യൂക്ലിയോസിസ്’ അറിയപ്പെടുന്നതു തന്നെ കിസിങ്ഡിസീസ് എന്നാണ്.

എസ് റ്റി ഐ വിഭാഗത്തിൽപ്പെട്ടവയെ രോഗമായി കാണാനാവില്ല. കാരണം ചിലപ്പോൾ ഇതു ബാധിച്ചവരിൽ ഒരു തരത്തിലുളള ലക്ഷണങ്ങളും കാണണമെന്നില്ല. ഒരു രോഗാണു വോ വൈറസോ ശരീരത്തിൽ പ്രവേശിച്ചാൽത്തന്നെ അയാൾക്ക് എസ് റ്റി ഐ ഉളളതായി പറയാം.

മിക്ക സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഇൻഫക്ഷനുകളും ലിംഗത്തിന്റെയും യോനിയുടെയും വായയുടേയും നേർത്ത സ്തരങ്ങൾ വഴി പകരുന്നവയാണ്. ചുണ്ടുകളിലും വായുടെ ഉൾവശത്തും ഇത്തരം നേർത്ത സ്തരങ്ങളുണ്ട്.

ലൈംഗിക സ്രവങ്ങൾ പോലെ തന്നെ ഉമിനീരിനും രോഗാണുക്കളെ വഹിക്കാനുളള കഴിവുണ്ട്. ലൈംഗികമായി പകരുന്ന പകർച്ചവ്യാധികൾ ഒരാളിൽ നിന്നു മറ്റൊരാളിലേക്കെത്താൻ ചുംബനം തന്നെവേണമെന്നില്ല. ചർമങ്ങൾ തമ്മിലുളള സ്പർശങ്ങൾ കൊണ്ടു പോലും അവ പകരും.

പ്രധാനമായും മൂന്നു രീതികളിലാണ് ഒരാളിൽ നിന്നു മറ്റൊരാളിലേക്കു രോഗം പകരുന്നത് . ഒന്ന്, പരസ്പരമുളള സാമീപ്യം കൊണ്ട്, ചുംബനം ഇതിൽപ്പെടുന്നു. രണ്ട്, ശരീരസ്രവങ്ങളിലുടെ. തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുളള സ്രവങ്ങൾ (ഡ്രോപ്ലെറ്റുകൾ ) മറ്റൊരാളിലേക്കു രോഗം പകർത്തും. ചുംബിക്കുമ്പോൾ ശരീരസ്രവങ്ങൾ ഇങ്ങനെ അന്യോന്യം പകരും. മൂന്ന് , വായു വഴി രോഗാണു വാഹകരായ കണങ്ങൾ വായുവിലൂടെ സഞ്ചരിച്ച് രോഗങ്ങൾ പകരുന്ന സാഹചര്യമുണ്ടാകാറുണ്ട്. വൈറസ്, ബാക്ടീരിയ തുടങ്ങിയ രോഗാണുക്കൾ ഒരാളിൽ നിന്നു മറ്റൊരാളിലേക്കെത്താൻ ചുംബനം മാധ്യമമായി തീരുന്നു.

ചുംബനം വഴി പകരുന്ന മിക്ക രോഗങ്ങളും രണ്ടുപേരുടെ ഉമിനീർ പരസ്പരം കലരുന്നതു വഴിയുണ്ടാകുന്നതാണ്. സാധാരണ പനി, ഫ്ളൂ,അപ്പർ റെസ്പിറേറ്ററി ഇൻഫെക്ഷൻസ്, മെനിഞ്ചറ്റിസ് (മസ്തിഷ്ക ജ്വരം) , മോണാന്യൂക്ലിലോസിസ് , സൈറ്റോമെഗലോ വൈറസ്, ഹെപ്പറ്റൈറ്റിസ്, പോളിയോ തുടങ്ങി നിരവധി രോഗങ്ങളും ഉമീനീർ കലരുന്നതു വഴി ഉണ്ടാകുന്നവയാണ്.

സാധാരണ പനി
മൂന്നു ദിവസം മുതൽ ഒരാഴ്ച വരെ നിലനിൽക്കുന്ന പനി ചുംബനം വഴി പകരാം, ചുംബിക്കുന്നവരുടെ ഉമിനീർ പരസ്പരം പകരുന്നതു വഴി വൈറസ്ബാധയുണ്ടാകുന്നതു കൊണ്ടാണ് ചുംബനം വഴി പനിയുണ്ടാകുന്നത്. സാധാരണയായി പികോർണോ, വൈറസ്, കൊറോണോ വൈറസ് തുടങ്ങിയവയാണ് വായ് വഴി പകരുന്നത്.

പികോർണോവൈറസിൽപ്പെട്ട ഒന്നായ റൈനോ വൈറസിന്റെ ആയിരത്തിലധികം ഇനങ്ങളുണ്ട്. ഇവയിലേതെങ്കിലും ഒന്നു മതി പനിയുണ്ടാകാൻ മൂക്കിനും തൊണ്ടയ്ക്കും ഇടയ്ക്കുളള ഭാഗത്തെ (നാസോഫാരിങ്സ്) കോശങ്ങളിൽ പ്രവേശിച്ചാണ് വൈറസ് രോഗമുണ്ടാകുന്നത്. വൈറൽ പനി (ഇൻഫ്ളുവൻസ) പോലുളളവ വായുവഴി പകരുന്ന രോഗങ്ങളാണ്. വൈറൽ പനിയുളള ഒരാളുടെ മൂക്കിൽ നിന്നോ വായിൽനിന്നോ വരുന്ന സ്രവങ്ങൾ മറ്റൊരാളിൽ രോഗങ്ങളുണ്ടാക്കും.

സാധാരണയായി പനിയല്ലാതെ അഞ്ചാം പനിയും ചുംബനത്തിലുടെ പകരാം. ചിക്കൻപോക്സും ഈ വിഭാഗത്തിൽപ്പെടുന്നു. വേരിസെല്ലാ സോസ്റ്റർ എന്ന ചിക്കൻ പോക്സിനു കാരണമാകുന്ന വൈറസ് വായു വഴി പകരും. ചുംബിക്കുമ്പോൾ വളരെപ്പെട്ടൈന്നു ശ്വാസകോശത്തിലേക്കു കടക്കുകയും രോഗം പിടിപെടുകയും ചെയ്യുന്നു. രോഗിയുമായി സമ്പർക്കം പുലർത്തി പത്തുമുതൽ 21 ദിവസത്തിനകമാണ് ചിക്കൻ പോക്സിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്.

ഒരാളുടെ മൂക്കിൽ നിന്നുളള സ്രവങ്ങൾ മറ്റൊരാളിലേക്കെത്താൻ ചുംബനം ഏറെ സാധ്യത നൽകുന്നു. ഇങ്ങനെ പകരുന്ന ധാരാളം രോഗങ്ങളുണ്ട്. കുഷ്ഠം(ലെപ്രസി) ഇതിൽപെടുന്ന രോഗമാണ്. ലെപ്രസിയുടെ രോഗാണുക്കൾ ഒരാളിൽ നിന്നും ഇങ്ങനെ മറ്റൊരാളിലേക്കു പകർന്നു കഴിഞ്ഞാൽ വർഷങ്ങൾ കഴിഞ്ഞു മാത്രമേ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയുളളു.

ട്യൂബർകുലോസിസ്(ക്ഷയം അഥവാ ടിബി) തുടങ്ങിയ രോഗങ്ങൾ ഡ്രോപ്ലെറ്റ് ഇൻഫക്ഷൻ കൊണ്ട് അതായത് വായിൽ നിന്നോ മൂക്കിൽ നിന്നോ ഉണ്ടാകുന്ന സ്രവങ്ങൾ വഴി പകരാം.

കിസിങ് ഡിസീസ്
ഈ രോഗത്തിന്റെ സാധാരണ ലക്ഷണം പനി തന്നെയായിരിക്കും. എന്നാൽ എല്ലാ പനികളും ഈ രോഗമായിരിക്കണമെന്നില്ല. അതിനാൽ രക്തം പരിശോധിച്ചു കൊണ്ടു മാത്രമേ ഇൻഫെക്ഷ്യസ് മോണോ ന്യൂക്ലിയോസിസ് തിരിച്ചറിയാൻ കഴിയൂ. മോണോന്യൂക്ലിയോസിസ് രക്തത്തിനുളളിൽ സിസ്റ്റുപോലെയാണു കാണപ്പെടുന്നത്.

പനി വന്നതിനുശേഷംഏറെനാൾ രോഗം കുറയാതെ നിലനിൽക്കുകയും ഇതുമൂലം രക്തത്തിലെ കോശങ്ങളിൽ മാറ്റങ്ങളുണ്ടാകുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. ചിലരിൽ മരുന്നുകൊണ്ടുളള ചികിത്സ കൂടാതെ തന്നെ ഈ രോഗം ഭേദപ്പെടാറുണ്ട്.

കിസിങ് അൾസർ എന്ന പേരിലുളള വ്രണമുണ്ടാകുന്ന ഒരു രോഗമുണ്ട്. രോഗത്തിന്റെ പേരിൽ ചുംബനമുണ്ടെങ്കിലും ഈ വ്രണമുണ്ടാകുന്ന അസുഖത്തിനു ചുംബനവുമായി യാതൊരു ബന്ധവുമില്ല. ഒരാളുടെ കൈവെളളയിലാണ് അൾസർ കാണപ്പെടുന്നത്. എങ്കിൽ ഇതു മറ്റൊരാളിലേക്കു പകരുമ്പോൾ അയാളിലും കൈവെളളയിൽ തന്നെയാകും വ്രണം പ്രത്യക്ഷപ്പെടുക. ചുംബിക്കുമ്പോൾ ശരീരങ്ങൾ തമ്മിലും ചേരുന്നു.

മെനിഞ്ജൈറ്റീസ് അഥവാ മസ്തിഷ്ക ജ്വരം
മസ്തിഷ്കത്തിലെ നേർത്ത സ്തരത്തെ ബാധിക്കുന്ന അണുബാധ മൂലമാണ് മസ്തിഷ്ക ജ്വരമുണ്ടാകുന്നത്.

ഹെർപിസ്
വായുവഴി പകരുന്ന ഹെർപിസ് പോലുളള രോഗങ്ങളും ചുംബനം വഴി പകരാം. ഹെർപിസ് സിംപ്ലക്സ് എന്ന വൈറസ് വളരെയെളുപ്പത്തിൽ ചുംബനം വഴി പകരുന്നതാണ്.

ഹെപ്പറ്റൈറ്റിസ്
ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുന്നതു വഴിയുണ്ടാക്കുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്. വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകൾ , മനംപിരട്ടൽ പനി, എന്നിവയാണു ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ മഞ്ഞപിത്തത്തിന്റെ ലക്ഷണങ്ങളും രോഗി കാണിച്ചു തുടങ്ങും.

പൂപ്പൽ ബാധകൾ
ടീനിയപോലുളള പൂപ്പൽ ബാധകൾ പകരുന്നതിനും ചുംബനം മാധ്യമമായി തീരാറുണ്ട്. ശരീരത്തിന്റെ ഏതു ഭാഗത്തുളള രോഗങ്ങളായാലും അവ പകരാൻ ചുംബനം കാരണമായി തീരാറുണ്ട്. കക്ഷങ്ങൾപോലുളള ശരീരഭാഗങ്ങളിൽ വെളളപ്പാടുകൾ കാണപ്പെടുകയാണ് ടീനിയ പോലുളള രോഗത്തിന്റെ ലക്ഷണങ്ങൾ. ഇതു വളരെയെളുപ്പത്തിൽ ഒരാളിൽ നിന്നു മറ്റൊരാളിലേക്കു പകരാവുന്നതാണ്.

ദന്തക്ഷയം
ദന്തക്ഷയത്തിനു കാരണമാകുന്ന ബാക്ടീരിയകൾ ഒരു രോഗിയിൽ നിന്നു മറ്റൊരാളിലേക്കു പകരുന്നതിൽ ചുംബനം കാരണക്കാരനാകാറുണ്ട്.

ടോൺസിലൈറ്റിസ്
വായിൽ ധാരാളം രോഗാണുക്കൾ കാണപ്പെടാറുണ്ട്. അതുപോലെ തന്നെ തൊണ്ടയിൽ നിന്നും ശ്വാസനാളം വരെ പോകുന്ന ഭാഗങ്ങളിൽ ധാരാളം രോഗാണുക്കൾ കാണപ്പെടുന്നു. ടോൺസിലൈറ്റിസ് പോലുളള രോഗങ്ങൾക്കു കാരണമാകുന്ന രോഗാണുക്കൾ ചുംബനത്തിലൂടെ ഒരാളിൽ നിന്നു മറ്റൊരാളിലേക്കു പകരുമെങ്കിലും അവരിൽ രോഗം പ്രത്യക്ഷപ്പെടണെമെങ്കിൽ അനുകൂലമായ മറ്റു ചില സാഹചര്യങ്ങൾ കൂടി ഉണ്ടാകണം. കൂടാതെ ഒരാളുടെ വായിൽനിന്നും രോഗാണുക്കൾ മറ്റൊരാളിലേക്കു പകരുമെങ്കിലും അയാളിൽ രോഗം പ്രത്യക്ഷപ്പെടുന്നത് അയാളുടെ രോഗപ്രതിരോധശേഷിയെ ആശ്രയിച്ചായിരിക്കും.

ഒഴിവാക്കാൻ എന്തു ചെയ്യണം?
പങ്കാളി ഏതെങ്കിലും രോഗങ്ങളുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ചുംബിക്കാതിരിക്കുക. അണുനാശിനികൾ ഉപയോഗിച്ച് വായ് വൃത്തിയായി സൂക്ഷിക്കുക. വായിൽ വ്രണമുളളപ്പോൾ, മൂക്കൊലിപ്പുളളപ്പോഴൊക്കെ ചുംബനത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. തൊണ്ടയിലോ മൂക്കിലോ എന്തെങ്കിലും തരത്തിലുളള അണുബാധയോ അസ്വസ്ഥതയോ അനുഭവപ്പെട്ടാൽ അതു പങ്കാളിയെ അറിയിക്കുക.

ചുംബനത്തിനു ഗുണവുമുണ്ട്
ഇങ്ങനെയൊക്കെയാണെങ്കിലും ചുംബനത്തെ ആരും ഭയക്കേണ്ടതില്ല. ചുംബനം വഴി ഒരു പാടു ഗുണങ്ങളും ശരീരത്തിനു ലഭിക്കുന്നുണ്ട്. വൈകാരികതയോട് ഇഴുകിച്ചേർന്ന് ദീർഘനേരം ചുംബിക്കുന്നതു വഴി മാനസികസംഘർഷം ലഘൂകരിക്കാനാകും. അതുപോലെ നന്നായി ചുംബിക്കുന്നവരുടെ ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളുടെ നിരക്ക് മറ്റുളളവരെ അപേക്ഷിച്ച് ഉയർന്നതായിരിക്കും. ഉമിനീർ ഒന്നാന്തരം അണുനാശിനിയാണ്. ആഴത്തിലുളള ചുംബനങ്ങൾ ഉമിനീർ കൂടുതൽ ഉത്പാദിപ്പിക്കുന്നതിനു കാരണമാകുന്നു. അതുപോലെ രോഗപ്രതിരോധശേഷി കൂട്ടാനും ചുംബനത്തിനു കഴിയും.

ചുംബനത്തിലൂടെ എയ്ഡ്സും പകരാം
സാധാരണ ചുംബനത്തിലൂടെ എയ്ഡ്സും പകരുകയില്ല. എന്നാൽ ഡീപ് കിസിങിലൂടെ രക്തം പരസ്പരം കലരുന്നതു വഴി എയ്ഡ്സ് പകരാനുളള സാധ്യത പൂർണ്ണമായും തളളിക്കളയാനാകില്ല.

ചുണ്ടുകളിൽ മുറിവുണ്ടാക്കിക്കൊണ്ടു നടത്തുന്ന ഹിക്കികിസ്, ദീർഘനേരം നീണ്ടുനിൽക്കും വിധം ചുംബിക്കുന്ന ഫ്രഞ്ച് കിസ് എന്നിവയിലുമെല്ലാം പങ്കാളികളുടെ രക്തം പരസ്പരം പകരാൻ സാധ്യതയുണ്ട്.

ചുംബനം വഴി രണ്ടുപേരുടെ ഉമിനീർ പരസ്പരം കലരും. ഉമിനീരിൽ എച്ച്. ഐ. വി രോഗാണുക്കൾ കാണപ്പെടാമെങ്കിലും രോഗം പിടിപെടാൻ തക്കവിധത്തിലുളള അളവിൽ രോഗാണുക്കളുടെ എണ്ണം കാണപ്പെടണമെന്നില്ല. ഉമിനീർ പരസ്പരം കലരുന്നതു വഴി എയ്ഡ്സ് ഒരിക്കലും പകരില്ല. എന്നാൽ എയ്ഡ്സ് രോഗിയായ ഒരാളുടെ രക്തം ഏതെങ്കിലും സാഹചര്യത്തിൽ മറ്റൊരാളുടേതുമായി കലരാൻ ഇടവന്നാൽ എയ്ഡ്സ് പകരാം.

ചുംബനം പലതരം!
ചുംബനം ഒരു തരമല്ല. പലതരമാണ്. നൽകുന്ന രീതിയിലും വാങ്ങുന്ന രീതിയിലും ഏതൊക്കെ ശരീരഭാഗങ്ങളിൽ ചുംബിക്കുന്നു എന്നതിനെയുമൊക്കെ ആശ്രയിച്ചാണ് ഈ തരം തിരിവ്. കൗതുകകരമായ പേരുകളും അവയ്ക്കു നൽകിയിട്ടുണ്ട്.

ബട്ടർഫ്ളൈകിസ്— ഇണയുടെ കണ്ണുകളിലോ കഴുത്തിലോ കൺപീലികൾ ചേർത്തു വെച്ചു കൊണ്ടു നൽകുന്ന ചുംബനമാണിത്. ചിത്രശലഭങ്ങൾ ചിറകുകൾ വിടർത്തിടയ്ക്കുന്നതു പോലുളള രീതിയാണിത്.
എസ്കിമോ കിസ്— ചുണ്ടുകളും മൂക്കും പരസ്പരം ഉരസികൊണ്ടുളള ചുംബനം. ആദ്യപ്രണയം പോലെ നിഷ്ക്കളങ്കമായ സ്നേഹപ്രകടനമാണിത്.
ഫ്രഞ്ച് കിസ്— നാവുകൊണ്ടുളള ചുംബനം. നാവുകൊണ്ടു ഇണയിലേക്കു പ്രവേശിക്കുകയും ചുണ്ടുകളെ രുചിക്കുകയും ചെയ്യുന്ന ചുംബനമാണിത്. ചുംബനത്തിലുടെ പങ്കാളിയുടെ ശരീരത്തിലേക്കാണ് ചുംബിക്കുന്നയാൾ ഇറങ്ങിച്ചെല്ലുന്നത്.
ഏയ്ഞ്ചൽ കിസ്— പ്രണയപൂർവം അടഞ്ഞമിഴികളിൽ ചുംബിക്കുന്നത്.
ഇയർലോബ് കിസ്— കാതോരം ചേർന്നുകൊണ്ട് നാവുകൊണ്ട് ഇക്കിളിയാക്കിയും മൃദുവായി കടിച്ചു കൊണ്ടും നടത്തുന്ന ചുംബനം. ലൈംഗികമായ ഉണർവ് പങ്കാളിയ്ക്കു പകരാൻ ഈ ചുംബനത്തിനു കഴിയും.
ഫുട്ട് കിസ്— ഇണയുടെ കാൽപ്പാദത്തിൽ വികാരങ്ങളുണ്ടാക്കും വിധം ചുംബിക്കുന്നതാണ് ഇത്. ചുംബനത്തോടൊപ്പം മൃദുവായി മസാജ് ചെയ്യുന്നതും ഇണയ്ക്കു രസം പകരും.
നെക്ക് കിസ്— ഇണയ്ക്കു അപ്രതീക്ഷിതമായി നൽകുന്നത്. പിന്നിലുടെ വന്ന് കഴുത്തിൽ നാക്കുകൊണ്ട് തഴുകിയും ഉരസിയും ഉത്തേജിപ്പിച്ചു കൊണ്ടു നൽകുന്ന ചുംബനം.
നിബിൾ കിസ് — ഇണയുടെ ചുണ്ടുകൾ നുണഞ്ഞിറക്കുകയെന്നതാണ് ഈ ചുംബനത്തിന്റെ പ്രത്യേകത.
ലവ് ബൈറ്റ് കിസ് — ഇണയുടെ കഴുത്തിൽ ദന്തക്ഷതങ്ങളേൽപ്പിച്ചു കൊണ്ടു മൃദുവായി നടത്തുന്ന ചുംബനം.
ടാക്കിങ് കിസ്— ഇണയുടെ ചുണ്ടിലേക്ക് സംഭാഷണങ്ങളുടെ മൃദുമന്ത്രണങ്ങളുമായി ചുംബിക്കുന്ന രീതി.
ടീസർ കിസ്— നെറ്റിയിൽ ചുംബിച്ച് താഴേക്കു വന്ന് ചുണ്ടുകളിൽ ഒരു ചെറുചുംബനം നൽകി താഴേയ്ക്കിറങ്ങുന്നു. ഇണയുടെ കൈകളിൽ ചുംബിച്ച് വീണ്ടും മുകളിലേക്ക്. മുഖത്തിനരികെത്തി വീണ്ടും ചുണ്ടിലേക്ക്.
ടൈഗർ കിസ് — നാടകീയമായി സമീപിക്കേണ്ട ചുംബനമാണിത്. കഴുത്തിന്റെ പിന്നിലേക്കു വന്ന് ദന്തക്ഷതങ്ങൾ ഏൽപ്പിക്കുന്ന ചുംബനമാണിത്.
സ്റ്റൊമെക് കിസ് — അവളുടെ മിനുസമുളള വയറിൽ നൽകുന്നത്. ചുണ്ടുകൾ കൊണ്ടുരസിയാണ് ഇതു നൽകുന്നത്. കുറച്ചുനേരം ഇതുതുടർന്നാൽത്തന്നെ സ്ത്രീകൾ ലൈംഗീകമായി ഉത്തേജിക്കപ്പെടും.
ഗോഡ്ലിയൻ കിസ് — ഫ്രഞ്ച് കിസിന്റെ മറ്റൊരു വകഭേദം. ഇതിൽ ഇണകൾ പരസ്പരം ചുണ്ടുകൾ കൊണ്ട് ദീർഘനേരം കൊരുത്തു നിൽക്കുന്നു.
ട്രിക്കിൾ കിസ് — ഇണകൾക്കിഷ്ടമുളള പാനിയം പങ്കാളികളിലൊരാൾ രുചിക്കുകയും അതിന്റെ രുചി ഇണയ്ക്ക് ചുംബനത്തിലുടെ കൈമാറുകയും ചെയ്യുന്ന രീതി.
ചീക്ക് കിസ് — പങ്കാളിയുടെ തോളുകളിൽ കൈവച്ച് കവിളുകളിൽ ചുണ്ടുകൾ കൊണ്ട് ഉരസുന്ന രീതിയാണിത്.
ഹിക്കി കിസ് — ഇത്തിരി അപകടം പിടിച്ച ചുംബനരീതിയാണിത്. കാരണം ചുണ്ടുകളിൽ ദന്തക്ഷതമേൽപ്പിച്ചു കൊണ്ടു നടത്തുന്നതാണിത്. മനപൂർവ്വവും അല്ലാതെയും മുറിവുണ്ടാകാനിടയുളള ചുംബനരീതിയായതിനാൽ ആരും അത്രയെളുപ്പത്തിൽ പരീക്ഷിക്കാനിടയില്ലാത്ത അതിസാഹസികമായ ചുംബനമാണിത്.
വേവ് കിസ്— ചുണ്ടുകൾ ചേർത്തു വച്ചു ചുംബിക്കുന്നതിനിടെ ഇണയുടെ വായിലേക്കു നാക്കു കടത്തി തിരമാലകളുടെ ചലനത്തിനു സമാനമായി ചലിപ്പിക്കുന്ന ചുംബന രീതിയാണിത്.
സ്പൈഡർമാൻ കിസ്— ഇരിക്കുകയോ കിടയ്ക്കുകയോ ചെയ്യുന്ന പങ്കാളിയ്ക്കു നേരെ വിപരീതദിശയിൽ (സ്പൈഡർമാൻ തലകീഴായി കിടക്കുന്നതുപോലെ ) ചുംബിക്കുന്നതാണിത്. കഴുത്തിൽ ചുംബിക്കുമ്പോൾ പങ്കാളിയുടെ ഉച്ഛ്വാസവായു കഴുത്തിൽ തഴുകുന്നത് അറിയാനാകും.
വേക് കിസ്— ഉറങ്ങികിടക്കുന്ന പങ്കാളിയെ ചുണ്ടിൽ ചുംബിച്ച് ഉണർത്തുന്ന രീതി.
ബ്രീത് കിസ്— ലൈംഗികമായി ഉണർന്നു കഴിഞ്ഞുളള നിമിഷങ്ങളിൽ ഇണയുടെ ചുണ്ടുകൾ ഉപയോഗിച്ചുതന്നെ വിടർത്തുക. ഇണയുടെ ശ്വാസം നുകരുക.

വിവരങ്ങൾക്കു കടപ്പാട് :
ഡോ.ജോസ് ജോസഫ്
ഡിപാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി മെഡിസിൻ
മെഡിക്കൽ കോളേജ്, കോട്ടയം.