Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾ പുകവലിച്ചാൽ?

ladies-smoking

പുകവലിയുടെ പുകിലുകള്‍ പറഞ്ഞതു തന്നെ വളരെയേറെയുണ്ട്. അതു നിങ്ങളെ രോഗിയാക്കും, വലിയ രോഗി എന്നു പരസ്യത്തില്‍ ആവര്‍ത്തിച്ചു പറയുന്നതു കേട്ടാലും വലി കുറയ്ക്കാത്തവരെ പിന്നെയും പേടിപ്പിക്കാന്‍ പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ്സെന്റ് ലൂയിസ് വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍. ഇത്തവണ പൊണ്ണത്തടിയുള്ള സ്ത്രീകള്‍ പുകവലിച്ചാലുള്ള അപകടത്തെപ്പറ്റിയാണ് മുന്നറിയിപ്പ്. ഇവര്‍ക്ക് മധുരവും കൊഴുപ്പിന്റെ സാന്നിധ്യവും തിരിച്ചറിയാനുള്ള ശേഷി കുറയുമെന്നും കഴിക്കുന്നതിന്റെ രുചി നാവിനു പിടിക്കാതെ പിന്നെയും പിന്നെയും കഴിച്ച് അപകടത്തില്‍ ചാടുമെന്നുമാണ് പഠനത്തില്‍നിന്നു വ്യക്തമാകുന്നതത്രേ.

21 മുതല്‍ 41 വരെ പ്രായമുള്ള സ്ത്രീകളെ നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം. അമിതവണ്ണമുള്ള പുകവലിക്കാര്‍, അമിതവണ്ണമുള്ള പുകവലിക്കാത്തവര്‍, സാധാരണ തടിയും തൂക്കവുമുള്ള പുകവലിക്കാര്‍, ഈ വിഭാഗത്തിലെ പുകവലിക്കാത്തവര്‍ എന്നിവരിലായിരുന്നു പഠനം. ഇവര്‍ക്ക് വ്യത്യസ്ത അളവില്‍ വാനില പുഡ്ഡിങ്ങുകള്‍ നല്‍കിയശേഷം അവയുടെ മധുരത്തിന്റെയും, കൊഴുപ്പിന്റെ സൂചികമായ ക്രീമിന്റെയും തോതു പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ പൊണ്ണത്തടിക്കാരായ പുകവലിക്കുന്ന സ്ത്രീകള്‍ക്ക് ഇതൊന്നും ഉള്ള അളവില്‍ തിരിച്ചറിയാനാവുന്നില്ലെന്നു വ്യക്തമായി. അതുകൊണ്ടുതന്നെ ഇവര്‍ക്ക് യഥാര്‍ത്ഥ രുചി തിരിച്ചറിയാനോ ഭക്ഷണം ആസ്വദിച്ചു കഴിക്കാനോ ഉള്ള ശേഷി കുറവാണെന്നും തെളിഞ്ഞു. ഇതുകാരണം പലപ്പോഴും ഇവര്‍ വീണ്ടും വീണ്ടും കഴിക്കുകയും ഇത് രോഗകാരണമാവുകയും ചെയ്യുന്നു എന്നാണു കണ്ടെത്തല്‍.

പുകവലി അമിതവണ്ണത്തെ നിയന്ത്രിക്കുമെന്നുള്ള ധാരണയുള്ളതിനാല്‍ ഇക്കാരണത്താല്‍ മാത്രം പുകവിലിക്കുന്ന സ്്ത്രീകളുണ്ടെന്ന് പഠനത്തില്‍ പറയുന്നു. എന്നാല്‍ ഇത് രുചി കുറച്ച് ആര്‍ത്തി കൂട്ടി അമിതമായി ഭക്ഷണം കഴിപ്പിച്ച് കാലറി കൂട്ടി പഴയതിലും വണ്ണം വയ്ക്കാനാണ് വഴിവയ്ക്കുകയെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു. പിന്നെ പുകവലിയുടെ സ്വാഭാവിക ഫലങ്ങളായ കാന്‍സര്‍ മുതല്‍ ഹൃദയാഘാതം വരെയുള്ള രോഗസാധ്യതയും. ആരും പുകവലിക്കേണ്ട, പൊണ്ണത്തടിക്കാര്‍ പ്രത്യേകിച്ചും എന്നു പറഞ്ഞ ശേഷം പൊണ്ണത്തടിയുള്ള സ്ത്രീകളാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട എന്നാണ് ഗവേഷകസംഘം വ്യക്തമാക്കുന്നത്.