Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഷ്ഠവും ക്ഷയവും തിരിച്ചുവരുന്നു

leprosy

സംസ്ഥാനത്തെ ഇതര സംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കുഷ്ഠരോഗികളുടെ എണ്ണം കൂടുന്നതായി ആരോഗ്യവകുപ്പിന്റെ പരിശോദനാ റിപ്പോർട്ട്. 2005—ഓടെ കുഷ്ഠരോഗത്തെ ഇല്ലായ്മ ചെയ്തതായി ഭാരതം പ്രഖ്യാപിച്ചപ്പോൾ ഈ രോഗം ഇനിയൊരിക്കലും തിരിച്ചെത്തില്ലെന്നോർത്ത് നാം സമാധാനിച്ചു. പക്ഷേ... ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് കുഷ്ഠം, ക്ഷയം, മന്ത്, മലേറിയ രോഗങ്ങൾ ശക്തമായി തിരിച്ചു വരാനുള്ള സാധ്യത കൂടുതലാണെന്നാണ്.

രോഗം വരുംവഴി

ബാസില്ലസ് മൈക്കോ ബാക്ടീരിയം ലെപ്രേ എന്ന ബാക്ടീരിയയാണ് കുഷ്ഠരോഗത്തിനു കാരണം. വായുവിലൂടെയാണ് പ്രധാനമായും രോഗം പകരുന്നതെന്നതിനാൽ ആർക്കും രോഗം വരാം. രോഗിയുമായി അടുത്തു സഹവസിക്കുന്നവരിൽ രോഗിയുടെ മൂക്കിൽ നിന്നും വായിൽ നിന്നുമുള്ള ജലകണങ്ങൾ വഴിയും രോഗം പകരാം. എന്നിരുന്നാലും മറ്റു പകർച്ച വ്യാധികൾ പകരുന്നത്രയും വേഗതയിൽ ഇതു പകരാറില്ല.

രോഗാണുക്കൾ ഉള്ളിൽ കടന്ന് 20 വർഷം വരെ കഴിഞ്ഞാണ് ചിലരിൽ രോഗലക്ഷണം പ്രത്യക്ഷപ്പെടുക. ചർമ്മത്തെയും നാഡികളെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ആരംഭത്തിൽ തന്നെ ചികിത്സിച്ചാൽ കുഷ്ഠം പരിപൂർണമായി സുഖപ്പെടുത്താനാവും.

പ്രതിരോധശേഷി തീരെ കുറഞ്ഞവർക്ക് പകരുന്ന കുഷ്ഠരോഗമായ മൾട്ടിബാസില്ലറി വരാം. ആരംഭത്തിലെ ചികിത്സിച്ചാൽ 12 മാസം കൊണ്ട് രോഗം സുഖപ്പെടും. പകരാത്ത കുഷ്ഠമായ പോസി ബാസില്ലറി സുഖപ്പെടാൻ 6 മാസം മതി.

സമയത്ത് ചികിത്സിക്കാതെ രോഗം ഗുരുതരമായി അംഗവൈകല്യം വന്നവരുടെ ഭയാനകമായ അവസ്ഥയും രോഗം തൊട്ടാൽ പകരുമെന്ന ഭീതിയുമാണ് കുഷ്ഠരോഗിയെ അകറ്റിനിർത്താൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. എന്നാൽ, കുഷ്ഠരോഗത്തിനു മരുന്നു കഴിക്കുന്നവരെ പേടിക്കേണ്ട കാര്യമില്ല. ആദ്യഡോസ് മരുന്നു കഴിക്കുന്നതോടെ രോഗം പരത്താനുള്ള അവരുടെ ശേഷി ഇല്ലാതാകുമെന്നതാണു കാരണം.

അതിർത്തി കടന്ന് അണുക്കൾ

അന്യസംസ്ഥാനങ്ങളിൽ നിന്നു കേരളത്തിൽ ജോലി തേടു വരുന്നവരുടെ എണ്ണം കൂടിവരികയാണ്. സർക്കാർ തല ആരോഗ്യ പ്രവർത്തനങ്ങളൊന്നും ഇവരിലേക്കെത്തുന്നില്ല. ഇവരിലാരെങ്കിലും രോഗബാധിതരാണെന്നു കണ്ടെത്തിയാലും തുടർചികിത്സ അസാധ്യമാകുന്നു. ഇത് പരിധിവരെ കുഷ്ഠരോഗ വ്യാപനത്തിന് കാരണമാകുന്നുണ്ട്.

മൾട്ടിഡ്രഗ് റെസിസ്റ്റന്റ് ടി ബി തടയാം

ക്ഷയരോഗനിയന്ത്രണത്തിനു ധാരാളം പണം ചെലവഴിച്ചിട്ടും ഇന്നും കേരളം ക്ഷയരോഗവിമുക്തമല്ല. തന്നെയുമല്ല, സാധാരണ ടിബി മരുന്നുകൾ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാനാവാത്ത മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ടി ബി (MD- RTB) കൂടുതൽ വ്യാപകമാവുകയാണ്.

മരുന്നു കഴിക്കുന്നതിലുള്ള പാകപ്പിഴകളാണ് MDRTB — കാരണമാകുന്നതെന്ന് നെഞ്ചുരോഗവിദഗ്ദ്ധനും ടിബി സ്പെഷൽ ഓഫീസറുമായ ഡോ. സുനിൽ പറയുന്നു. ഇതിനു മൂന്നു കാരണങ്ങളാണുള്ളത്. 1. ആവശ്യത്തിനു മരുന്നുകളില്ലാതെ ചികിത്സ തുടങ്ങുക. 2. ചികിത്സ തുടങ്ങി രോഗലക്ഷണങ്ങൾ ഭേദമാകുന്നതോടെ ചികിത്സ സ്വയം നിർത്തുക. 3. ആദ്യ ആറു മാസത്തിനു ശേഷം മരുന്നു കൃത്യമായി കഴിക്കാതിരിക്കുക.

മൾട്ടിഡ്രഗ് റെസിസ്റ്റന്റ് ടിബിയേക്കാൾ ഗുരുതരമായ അവസ്ഥയാണ് എക്സ്റ്റൻസീവ് മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ടി ബി (XDRTB). ചികിത്സയിൽ വരുന്ന പാകപ്പിഴകളാണ് ഇതിനും കാരണം.

ഡോട്സ് പ്ലസ്

ലോകാരോഗ്യസംഘടനയുടെ ക്ഷയരോഗനിയന്ത്രണ പരിപാടിയാണ് ഡോട്സ് പ്ലസ്. ആരോഗ്യപ്രവർത്തകർ ആഴ്ചയിൽ മൂന്നു ദിവസം വീതം രോഗിയെ സന്ദർശിച്ച് കൃത്യമായി മരുന്നുകഴിക്കുന്നുണ്ടോ എന്നുറപ്പുവരുത്തുന്നതാണ് ഇതിന്റെ സവിശേഷത. ഈ രീതിയിൽ രോഗനിർണയവും മരുന്നുകളും സൗജന്യമാണ്.

പ്രത്യേകം ശ്രദ്ധിക്കാൻ

കുഷ്ഠരോഗം പൂർണായി ചികിത്സിച്ചു ഭേദമാക്കാവുന്ന അസുഖമാണ്. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഡോക്ടറെ സമീപിച്ച് വേണ്ട ചികിത്സ ചെയ്യണമെന്നു മാത്രം. രോഗം ഗുരുതരമായി അംഗവൈകല്യം സംഭവിച്ചാൽ പിന്നീട് സാധാരണ അവസ്ഥയിലേക്കു മടങ്ങാനാവില്ല എന്നോർക്കുക.

നിറം മങ്ങിയ, സ്പർശനശേഷി കുറഞ്ഞ പാടുകൾ ശരീരത്തിൽ കണ്ടാൽ ഡോക്ടറെ സമീപിക്കുക.

വേദന ഉള്ളതോ തടിച്ചതോ ആയ ഞരമ്പുകളും രോഗലക്ഷണമാകാം.

തൊലിപ്പുറത്തെ തടിപ്പുകൾ പോലെ ശ്രദ്ധിക്കേണ്ടതാണ് ചെവിയിലും മൂക്കിലും ഉണ്ടാകുന്ന തടിപ്പുകളും.