Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാക്കണം കരളിനെ, കരളലിവോടെ

liver-care

എന്റെ കരളേ എന്നു സ്നേഹത്തിൽ മുക്കിയെടുത്തു പറയാൻ പിശുക്കു കാട്ടില്ലെങ്കിലും കരളിന്റെ ആരോഗ്യകാര്യത്തിൽ മലയാളി ഇപ്പോഴും വലിയ ശ്രദ്ധ കൊടുക്കാറില്ല. കേരളത്തിൽ കരൾ രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവമായ കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാൽ ജീവിതത്തിന് പൂർണവിരാമാവും. അമിത മദ്യപാനം, വര്‍ദ്ധിച്ചുവരുന്ന ജീവിത ശൈലി രോഗങ്ങള്‍, മലിനമായ അന്തരീക്ഷവും വൃത്തിഹീനമായ ജീവിത ചുറ്റുപാടുകളുമാണ് കരൾ രോഗത്തിന്റെ പ്രധാന കാരണങ്ങൾ.

കരള്‍ രോഗം ബാധിച്ച് കരളിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നശിക്കുകയും അതോടൊപ്പം മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ഡോക്ടര്‍മാര്‍ കരള്‍ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുന്നത്. അസുഖം ബാധിച്ച കരളിന്റെ സ്ഥാനത്ത് മറ്റൊരാളുടെ കരള്‍ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് കരള്‍ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ. കരള്‍ വീക്കം, ചില മരുന്നുകളുടെ ദൂഷ്യഫലങ്ങള്‍, ദീര്‍ഘനാളായി ഉള്ള ഹെപ്പെറ്റൈറ്റീസ് അണുബാധ, ജനിതക രോഗങ്ങള്‍, പിത്തനാളികളിൽ ഉണ്ടാകുന്ന തകരാറുകള്‍ എന്നിവയാണ് കരളിന്റെ പൂര്‍ണ്ണമായ നാശത്തിനു കാരണം. കരളിന്റെ പൂര്‍ണ്ണമായ നാശം സംഭവിച്ചു കഴിഞ്ഞാൽ തുടർന്ന് ജീവന്‍ നിലനിര്‍ത്തുക തീര്‍ത്തും അസാധ്യമാണ്.

കരളിന്റെ ലഭ്യത അനുസരിച്ച് കരള്‍ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ രണ്ടായി തരം തിരിക്കാം. ജീവിച്ചിരിക്കുന്ന ആളിൽ നിന്നു കരള്‍ സ്വീകരിക്കുന്നതിനെ ലൈവ് ട്രാന്‍സ്പ്ളാന്റ് എന്നും, മസ്തിഷ്ക മരണം സംഭവിച്ച ആളിൽ നിന്നു അവയവം സ്വീകരിക്കുന്നതിനെ കടാവര്‍ ട്രാന്‍സ്പ്ളാന്റ് എന്നും പറയുന്നു. കരള്‍ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യേണ്ട രോഗി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാരിന്റെ അവയവദാന പദ്ധതി ആയ മൃതസഞ്ജീവനിയിൽ പേര് റജിസ്റ്റര്‍ ചെയ്യണം.

അതിസങ്കീർണമായ കരള്‍ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിച്ചതായി കണക്കാക്കണമെങ്കിൽ രണ്ടു കടമ്പകൾ കൂടി രോഗി കടക്കണം. സ്വീകരിക്കപ്പട്ട അവയവത്തെ ശരീരം പുറന്തള്ളാനുള്ള സാധ്യത മരുന്നുകളുടെ സഹായത്തോടെ കുറയ്ക്കേണ്ടതാണ് ഒന്നാമത്തെ കടമ്പ. ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യ ദിനങ്ങളിൽ മറ്റ് അണുബാധകള്‍ ശരീരത്തിൽ കടന്നുവരാതെയും ശ്രദ്ധിക്കേണ്ടതാണ് രണ്ടാമത്തെ കടമ്പ. പ്രത്യേകം ക്രമീകരിക്കപ്പെട്ട ഐസിയുവിൽ രോഗിയെ പാർപ്പിച്ചാണ് അണുബാധയുടെ സാധ്യതകൾ ഒഴിവാക്കുന്നത്. ആരോഗ്യം വീണ്ടെടുത്ത ശേഷം ആശുപത്രി വിട്ടാലും ഡോക്ടർമാർ നിർദേശിക്കുന്ന ജീവിതരീതിയും സമയാസമയമുള്ള പരിശോധനകളും വീഴ്ച കൂടാതെ പാലിച്ചാൽ ആയുസിന്റെ ദൈർഘ്യം കൂട്ടാം.

കരളിനെ അടുത്തറിയാം

ശരീരത്തിൻറെ ഏറ്റവും വലിയ ഗ്രന്ഥിയാണ് 1500 ഗ്രാം ഭാരമുള്ള കരൾ.

വളരെയേറെ പ്രവർത്തനശേഷിയുള്ള കരളിൻറെ എൺപതുശതമാനം പ്രവർ‌ത്തനരഹിതമായാലും കരളിൻറെ സാധാരണ പ്രവർത്തനങ്ങൾ നിർവഹിക്കാനാകും.

പെട്ടെന്നു വളരുന്ന കരളിൻറെ മുക്കാൽ ഭാഗം നീക്കംചെയ്താലും ആറു മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ പൂർവസ്ഥിതി പ്രാപിക്കും.

അനവധി ശാരീരിക ധർമ്മങ്ങൾ നിർവഹിക്കുന്ന കരളിനെ ശരീരത്തിലെ കെമിക്കൽ ഫാക്ടറി എന്നാണ് വിളിക്കുന്നത്.

കൊഴുപ്പിന്റെ ദഹനാഗിരണത്തെ സഹായിക്കുന്ന പിത്തനീര് (ബൈൽ) കരളാണ് ഉൽപാദിപ്പിക്കുന്നത്.

ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുക (ഗ്ലൈക്കോജനിസിസ് ) ഗ്ലൈക്കോജനിൽ നിന്ന് ഗ്ലൂക്കോസിനെ ഉൽപാദിപ്പിക്കുക (ഗ്ലൈാജിനോലൈസിസ്) അന്നജേതര പദാർഥങ്ങളിൽ നിന്ന് ഗ്ലൂക്കോസിനെ ഉൽപാദിപ്പിക്കുക. (ഗ്ലൈക്കോജിനൊലൈസിസ് ) തുടങ്ങി കാർബോ ഹൈഡ്രേററ്റിൻറെ സുപ്രധാന ഉപാപചയ പ്രവർത്തനങ്ങളെ കരളാണ് നിയന്ത്രിക്കുന്നത്.

കൊഴുപ്പിൻറെ ദഹനം കൊളസ്ട്രോളിന്റെ ഉൽപാദനം, ആൽബുമിൻറെ ഉൽപാദനം, ഒട്ടേറെ മരുന്നുകളുടെ വിഘടനം തുടങ്ങിയവും കരളിൻറെ ധർമ്മങ്ങളിൽ പെടുന്നു. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഘടകങ്ങളായ ഫ്രൈബ്രിനോജർ, ഫാക്ടർ V,VII IX, X എന്നിവയുടെ ഉൽപാദനവും കരളിൽ വച്ചാണു നടക്കുന്നത്.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ബി. വേണുഗോപാൽ

സീനിയര്‍ കണ്‍സള്‍ട്ടന്റ് & ചീഫ് ഓഫ് ലിവര്‍ ട്രാന്‍സ്പ്ളാന്റ് സര്‍ജറി

കിംസ് ഹോസ്പ്പിറ്റൽ, തിരുവനന്തപുരം