Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്വാസകോശം സ്പോഞ്ച് പോലെയാണോ?

lungs

ശ്വാസകോശം സ്പോഞ്ച് പോലെയാണ്. ഇന്ന് കേരളം മുഴുവൻ മുഴങ്ങിക്കേൾക്കുന്ന വാക്കുകളാണിത്. പുകവലിയുടെ പൈശാചികരൂപത്തെ സമൂഹമധ്യത്തിലെത്തിക്കാൻ ദൃശ്യ—ശ്രവ്യ മാധ്യമങ്ങളിൽ വരുന്ന പരസ്യത്തിലെ ഈ വരികൾക്ക് കഴിഞ്ഞു.

ആരോഗ്യകരമായ ജീവിതശൈലി, വ്യായാമം, നല്ല ഭക്ഷണം എന്നിവ ശീലമാക്കുന്നതിനൊപ്പം പുകയില വർജിക്കുകയാണെങ്കിൽ ഹൃദ്രോഗങ്ങൾ 80 ശതമാനം വരെയും കാൻസർ 40 ശതമാനം വരെയും കുറയ്ക്കാമെന്ന് ലോകാരോഗ്യസംഘടന പറയുന്നു. ഇന്റർനാഷണൽ ടുബാക്കോ കൺട്രോൾ പ്രോജക്ട് നടത്തിയ പഠനത്തിൽ പറയുന്നത് ഇന്ത്യയിൽ 2020ഓടെ പുകയില കാരണമുള്ള മരണനിരക്ക് ഒരു വർഷം 1.5 ദശലക്ഷമായി ഉയരുമെന്നാണ്. ഇതിൽ നല്ലൊരു പങ്ക് മരണവും നിഷ്ക്രിയ പുകവലി കാരണവും. കൗമാരത്തിലേക്ക് കടക്കുംമുമ്പ് തന്നെ തുടങ്ങുന്ന പുകയിലയോടുള്ള വിധേയത്വം യൗവനാവസാനത്തോടെ വ്യക്തിക്ക് മാറാരോഗങ്ങൾ സമ്മാനിക്കുന്നു.

ശ്വാസകോശം സ്പോഞ്ച് ആണോ?

പരസ്യവാചകത്തിൽ പറയുന്നതുപോലെ ശ്വാസകോശം സ്പോഞ്ച് പോലെയാണോ? നമുക്ക് നോക്കാം. ട്രക്കിയ എന്ന മുഖ്യശ്വാസക്കുഴലിൽ നിന്ന് ഇടത്തേക്കും വലത്തേക്കും തറഞ്ഞിരിക്കുന്നതുപോലെയാണ് രണ്ട് ശ്വാസകോശങ്ങളുടെ ഇരിപ്പ്. ലളിതമായി പറഞ്ഞാൽ മരത്തിന്റെ തടിയിൽ നിന്ന് നിറയെ കമ്പുകളും ഇലകളുമുള്ള രണ്ട് വലിയ ചില്ലകൾ രണ്ടു എതിർ ദിശയിലേക്ക് നിൽക്കുന്നതുപോലെ. പക്ഷേ, മരം തലകീഴായി കിടക്കുമെന്നു മാത്രം. സാങ്കേതികമായി പറയുകയാണെങ്കിൽ ശ്വാസകോശം സ്പോഞ്ച് പോലെയാണ്. വായു കടക്കാത്ത ശ്വാസകോശം ചുരുങ്ങിയിരിക്കും. വായുകടക്കുമ്പോൾ ശ്വാസകോശം സ്പോഞ്ച് പോലെ വീർക്കും. സ്പോഞ്ചിൽ കാണുന്ന ചെറിയ ദ്വാരങ്ങളുടെ സ്ഥാനത്ത് നമ്മുടെ ശ്വാസകോശത്തിൽ ആൽവിയോളകൾ എന്നു പറയുന്ന ചെറിയ അറകളാണ് ഉള്ളത്. ഇനി പുകവലിക്കുന്നവരിലെ ശ്വാസകോശത്തിന്റെ പ്രത്യേകത എന്താണെന്ന് നോക്കാം.

സിഗരറ്റിൽ ഉള്ളത്

ഒരു സിഗരറ്റിൽ അടങ്ങിയിരിക്കുന്ന പ്രധാനഘടകങ്ങളാണ് കോൾട്ടാർ, കാർബൺമോണോക്സൈഡ്, നിക്കോട്ടിൻ എന്നിവ. സിഗരറ്റിൽ നാലായിരത്തോളം കെമിക്കൽ തന്മാത്രകൾ അടങ്ങിയിരിക്കുന്നു. വെറും 15 സിഗരറ്റിന് ഒരു മനുഷ്യന്റെ ജനിതകഘടനയിൽ വരെ മാറ്റം വരുത്താൻ കഴിയുമത്രേ. വർഷങ്ങളോളം പുകവലിക്കുന്ന ഒരു വ്യക്തി എത്രത്തോളം ഗുരുതരമായ ശാരീരികപ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടി വരുമെന്ന് ഊഹിക്കാമല്ലോ?

വലയുന്നത് ശ്വാസകോശം

പുകവലി ഏറ്റവും ദോഷകരമായി ബാധിക്കുന്ന അവയവമാണ്. ശ്വാസകോശം നമ്മുടെ ശരീരത്തിലെ ഏകദേശം എല്ലാ അവയവങ്ങളെയും പുകവലി ബാധിക്കുന്നുണ്ട്. സിഗരറ്റിൽ നിന്നുള്ള പുക പലതരത്തിലുള്ള അണുബാധ, നീർക്കെട്ട്, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകുന്നു. ശ്വാസകോശത്തിനു പുറത്തുള്ള ആവരണത്തിനു മുതൽ ഉള്ളിലുള്ള ആൽവിയോളകളിൽ വരെ ഘടനാപരമായ മാറ്റം വരുത്താൻ സിഗരറ്റ് പുകയ്ക്കു കഴിയും.

പുകവലി ശ്വാസകോശത്തിൽ പ്രധാനമായും മൂന്നു രോഗാവസ്ഥകൾക്കാണ് കാരണമാകുന്നത്.

1. ശ്വാസകോശ അർബുദം

2. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസോർഡർ (സിഒപിഡി)

3. ശ്വാസകോശ അണുബാധകൾ

ശ്വാസകോശ അർബുദം

ഇന്ന് ലോകത്തെ തന്നെ ഏറ്റവും മരണകാരണമായ രോഗമായി ശ്വാസകോശ അർബുദം മാറിയിരിക്കുന്നു. പുകവലിയിലൂടെ മാത്രമല്ല മറ്റുള്ളവരുടെ പുകവലി മൂലവും ശ്വാസകോശഅർബുദം വരാം. ശ്വാസകോശ കാൻസർ തുടക്കത്തിൽ ലക്ഷണങ്ങൾ പ്രകടമാക്കില്ല. എങ്കിലും വിട്ടുമാറാത്ത ചുമ, ശരീരഭാരം കുറയുക, ക്ഷീണം, ചുമയ്ക്കുമ്പോൾ രക്തം വരുക, ശ്വാസംമുട്ടൽ എന്നീ ലക്ഷണങ്ങൾ ശ്രദ്ധിക്കണം. മറ്റ് ശ്വാസകോശരോഗലക്ഷണങ്ങളും സമാനമാണ്. വിദഗ്ധ ഡോക്ടർക്കേ രോഗം തിരിച്ചറിയാൻ സാധിക്കൂ.

വൈകി അറിയുന്ന രോഗം

പലപ്പോഴും മറ്റ് ശ്വാസകോശരോഗങ്ങൾക്കായുള്ള നെഞ്ചിന്റെ എക്സ്റേയിലോ സ്കാനിങ്ങിലോ ആകാം അർബുദസാധ്യത കണ്ടെത്തുന്നത്. രോഗം സ്ഥിരീകരിക്കാൻ ബയോപ്സി വേണ്ടിവരും. ബ്രോങ്കോസ്കോപ്പി പരിശോധനയിലൂടെ അസുഖമുള്ള ഭാഗത്തു നിന്നും സാമ്പിൾ എടുത്ത് രോഗം സ്ഥിരീകരിക്കാം.

രോഗം ആദ്യഘട്ടത്തിലാണെങ്കിൽ ശസ്ത്രക്രിയയിലൂടെ കാൻസർ വന്നഭാഗം നീക്കം ചെയ്യാം. കീമോതെറപ്പിയും നൽകാം. അവസാനഘട്ടത്തിലാണ് കണ്ടെത്തുന്നതെങ്കിൽ സാന്ത്വനചികിത്സയായി കീമോതെറപ്പി നൽകി, രോഗിയുടെ പ്രയാസങ്ങൾ ലഘൂകരിക്കുകയും ജീവിതത്തിന്റെ ഗുണമേന്മ വർധിപ്പിക്കുകയും ചെയ്യാം. ശസ്ത്രക്രിയയിലൂടെ കാൻസർ നീക്കിയാലും അഞ്ച് വർഷം വരെ കൃത്യമായ ഇടവേളകളിൽ ഫോളോ അപ്പ് വേണം. കൂടാതെ പുകവലിയും പുകവലി ഉൽപന്നങ്ങളുടെ ഉപയോഗവും പൂർണമായും നിർത്തുക എന്നതാണ് പരമപ്രധാനം.

സിഒപിഡി

സിഒപിഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസോഡറിനു പിന്നിലെ പ്രധാന കാരണം പുകവലി തന്നെ. ദീർഘകാലം നീണ്ടുനിൽക്കുന്ന ഈ രോഗാവസ്ഥയിൽ ശ്വാസനാളികൾക്കും ശ്വാസകോശത്തിലെ കോശങ്ങൾക്കും ക്രമേണ കേടുവരും. ഇടയ്ക്കിടെ ചുമയും ശ്വാസതടസവും ബുദ്ധിമുട്ടിക്കാറുണ്ടെങ്കിൽ, നിങ്ങൾ പുകവലിക്കാരനും കൂടിയാണെങ്കിൽ ശ്വാസതടസങ്ങളുടെ തുടക്കമാകാം.

രണ്ടു തരത്തിൽ

ഈ രോഗങ്ങൾ പ്രധാനമായും രണ്ടു തരത്തിലാണ് കണ്ടുവരുന്നത്. ക്രോണിക് ബ്രോങ്കൈറ്റിസും എംഫിസീമയും. ക്രോണിക് ബ്രോങ്കൈറ്റിസിൽ ചുമയും കഫക്കെട്ടുമാണ് പ്രധാനലക്ഷണങ്ങൾ. എംഫിസീമയിൽ ശ്വാസംമുട്ടും. ക്രോണിക് ബ്രോങ്കൈറ്റിസിൽ ശ്വസനികളിൽ (ബ്രോങ്കൈ) നീർക്കെട്ട് ഉണ്ടാവുകയും അവ ചുരുങ്ങുകയും ചെയ്യുന്നു. ഇതു വായുവിന് ഇവയിലൂടെ കടന്നുപോകാൻ തടസം സൃഷ്ടിക്കും. എംഫിസീമയിൽ ശ്വാസകോശത്തിലെ ആൽവിയോളകൾ വികസിക്കുകയും കേടുവരുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ ആൽവിയോളകൾക്ക് ശ്വാസകോശത്തിലെ ഓക്സിജനെ രക്തത്തിലേക്ക് എത്തിക്കുന്ന പ്രവൃത്തി കാര്യക്ഷമമായി നിർവഹിക്കാൻ കഴിയില്ല.

അവഗണിക്കുന്ന ലക്ഷണങ്ങൾ

പലപ്പോഴും രോഗലക്ഷണങ്ങളെ എല്ലാവരും അവഗണിക്കാറാണ് പതിവ്. പലരും ഈ ലക്ഷണങ്ങളെ പ്രായമാകുന്നതിന്റെ ഭാഗമായോ, പുകവലി സംബന്ധമായ ചുമയായോ ധരിക്കും. വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശ്വാസംമുട്ടൽ എന്നിവയാണ് എംഫിസീമയുടെയും ക്രോണിക് ബ്രോങ്കൈറ്റിസിന്റെയും മുഖ്യലക്ഷണങ്ങൾ. പുരുഷന്മാരിലാണ് ഇതു കൂടുതലായി കാണുന്നതെങ്കിലും സ്ത്രീകളിലും ഇതു വിരളമല്ല. നെഞ്ചിൽ മുറുക്കം അനുഭവപ്പെടുക. ഇടയ്ക്കിടെയുള്ള പനി, ജലദോഷം എന്നീ ലക്ഷണങ്ങളും സിഒപിഡിയുള്ളവരിൽ കാണാറുണ്ട്. രോഗതീവ്രത കൂടുംതോറും ലക്ഷണങ്ങളുടെ കാഠിന്യവും കൂടും.

അമ്പതുവയസിനു മേൽ പ്രായമുള്ള പുകവലിക്കാരിൽ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ അത് അവഗണിക്കരുത്. സ്പൈറോമെട്രി എന്ന പരിശോധന വഴി രോഗം സ്ഥിരീകരിക്കാം. ശ്വാസകോശത്തിന്റെ സങ്കോചവികാസശക്തി കണ്ടുപിടിക്കാനുള്ള ഉപകരണമാണ് സ്പൈറോമീറ്റർ.

കൃത്യമായ ചികിത്സയിലൂടെ ഏറെക്കുറെ നിയന്ത്രിക്കാൻ കഴിയുന്ന രോഗമാണ് സിഒപിഡി. മരുന്നിനെക്കാൾ പ്രാധാന്യം മറ്റൊരു കാര്യത്തിനാണ്. പുകവലി ഒഴിവാക്കുക എന്നതിന്. പൊടിപടലങ്ങൾ, രാസവസ്തുക്കളിൽ നിന്നുള്ള പുക, മാലിന്യങ്ങൾ കത്തിക്കുമ്പോഴുണ്ടാവുന്ന പുക എന്നിവ ഒഴിവാക്കണം. മരുന്നുകളിലൂടെ രോഗം മൂർച്ഛിക്കുന്നത് തടയാനാകും. ഇൻഹേലറുകൾ വഴി മരുന്ന് എത്തിക്കുന്ന ചികിത്സാരീതി സിഒപിഡിക്ക് ഫലപ്രദമാണ്. ശ്വസനനാളികൾ വികസിക്കാൻ (ബ്രോങ്കോഡൈലേറ്റേഴ്സ്) സഹായിക്കുന്ന മരുന്നുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പലതരം ഇൻഹേലറുകൾ ഇന്ന് ലഭിക്കും.

അണുബാധകൾ ശ്രദ്ധിക്കുക

പുകവലി നിമിത്തം ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമതയിൽ കുറവു വരുന്നതുമൂലം പെട്ടെന്ന് അണുബാധയുണ്ടാകാം. ഒരു ചെറിയ വൈറൽ പനി പോലും മാരകമായ ന്യൂമോണിയ ആയിത്തീരാൻ കുറച്ചുസമയം മതി. അണുബാധ ഉണ്ടായാൽ വൈകാതെ ഡോക്ടറുടെ നിർദേശപ്രകാരം ആന്റിബയോട്ടിക് ചികിത്സ തുടങ്ങണം. ഇൻഫ്ളുവൻസാ, ന്യൂമോകോക്കസ് തുടങ്ങിയ അണുക്കൾക്കെതിരെ പ്രതിരോധകുത്തിവയ്പ്പ് എടുക്കാം.

നിഷ്ക്രിയ പുകവലി

ഒരു പുകവലിക്കാരന് ഏതെല്ലാം രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ടോ അതേ സാധ്യതകൾ സിഗരറ്റിന്റെ പുകയേൽക്കുന്ന വ്യക്തിക്കും ഉണ്ടാകുന്നു. പല തരത്തിലുള്ള ശ്വാസകോശരോഗങ്ങൾ, ഹൃദ്രോഗങ്ങൾ എന്നിവ നിഷ്ക്രിയ പുകവലി കാരണം ഉണ്ടാകാം. സിഗരറ്റ് പുക ഏൽക്കുന്ന കുഞ്ഞുങ്ങൾക്ക് ആസ്തമ, ശ്വാസമുട്ടൽ പോലുള്ള പ്രശ്നങ്ങൾ കാണുന്നുണ്ട്. കുട്ടികളുടെ സാന്നിധ്യത്തിൽ പുകവലി പാടില്ല. പുകവലിച്ചശേഷം വായ് വൃത്തിയാക്കിയശേഷം മാത്രം കുഞ്ഞുങ്ങളുടെ സമീപം ചെല്ലുക.

രോഗങ്ങൾ, കാൻസറുകൾ

പുകവലി ശ്വാസകോശകാൻസറിനു മാത്രമല്ല വായ്ക്കകത്തുൾപ്പെടെ പല കാൻസറുകൾക്കും കാരണമാകുന്നു. ശ്വസനക്രിയയിൽ ഉൾപ്പെട്ടിട്ടുള്ള അവയവങ്ങളായ മൂക്ക്, സൈനസുകൾ, സ്വനപേടകം, തൊണ്ട എന്നിവിടങ്ങളിൽ കാൻസർ വരാം. കൂടാതെ ദഹനേന്ദ്രിയം, മൂത്രാശയം എന്നിവിടങ്ങളിലും കാൻസർ വരാം. പുകവലി കാരണം സ്ട്രോക്ക്, ഹൃദയാഘാതം, അതിരോസ്ക്ലിറോസിസ്, രക്താതിമർദം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം.

പുകവലി നിർത്താൻ

വർഷങ്ങളായി പുകവലിക്കുന്നവർക്ക് ഈ ശീലം പെട്ടെന്നു നിർത്താൻ സാധിച്ചെന്നു വരില്ല. ഇത്തരക്കാരെ സഹായിക്കുന്നതിനായി പല ആശുപത്രികളിലും പുകവലി നിർത്താൻ സഹായിക്കുന്ന ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ക്ലിനിക്കുകളിൽ കൗൺസലർമാരുടെ സേവനവും ലഭിക്കും. സിഗരറ്റിലെ നിക്കോട്ടിനാണ് ആസക്തി ഉണ്ടാക്കുന്നത്. ഈ നിക്കോട്ടിനു പകരം വയ്ക്കുന്ന ച്യൂയിംഗ്ഗമ്മുകൾ, നിക്കോട്ടിൻ പാച്ചുകൾ (ത്വക്കിൽ ഒട്ടിക്കാവുന്നത്.) നിക്കോട്ടിൻ അംശം അടങ്ങിയ സ്പ്രേകൾ എന്നിവ നൽകും.

അലർജിയും ആസ്തമയും

പുകവലി പോലെ തന്നെ വില്ലൻ വേഷമണിഞ്ഞിരിക്കുന്ന മറ്റൊന്ന് മലിനീകരണമാണ്. പ്രത്യേകിച്ച് അന്തരീക്ഷ മലിനീകരണം. ഇതിനു കാരണമാകുന്നതാകട്ടെ വാഹനങ്ങളിൽ നിന്നുള്ള പുക, ഫാക്ടറികൾ പുറംതള്ളുന്ന മാലിന്യങ്ങൾ തുടങ്ങിയവയാണ്. ഇവ കാരണം പല വാതകങ്ങളുടെയും അളവ് വായുവിൽ വർധിക്കും. ഇതു പല ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾക്കും നെഞ്ചിലെ അണുബാധ, അലർജി, ആസ്തമ, കാൻസറിനു സാധ്യത എന്നിവയ്ക്കും കാരണമാകുന്നു.

പുക ഏതായാലും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അല്ലെങ്കിൽ അവ ശ്വാസകോശത്തെ തകർക്കുമെന്നതിൽ ഒരു സംശയവും വേണ്ട.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. അരുൺ ആർ. നായർ

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, കൊച്ചി.

Your Rating: