Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറ്റം കണ്ടെത്തും വൈദ്യം

medical-analysis

ഒരോ മരണവും–അത് ആത്മഹത്യയോ കൊലപാതകമോ അപകടമരണമോ ആകട്ടെ, ദൈവത്തിന്റെ അടയാളം പോലെ ഒരു തെളിവ് അവശേഷിപ്പിച്ചാണ് കടന്നു പോകുന്നത്.. എത്ര തേച്ചാലും മായ്ച്ചാലും ആ സത്യം ഇല്ലാതാകുന്നില്ല. പഞ്ചേന്ദ്രിയങ്ങളും തുറന്നുവച്ച് സത്യമന്വേഷിക്കുന്നവനു മുമ്പിൽ അത് ഒരു പൂർത്തിയാക്കിയ ജിഗ്സോപസിൽ പോലെ ചുരുളഴിയുന്നു.

പണ്ടൊക്കെ നാട്ടിലെവിടെയെങ്കില‍ും കൊലപാതകമോ അപകടമരണമോ നടന്നാൽ ആളുകൾ തമ്മിൽ തമ്മിൽ ചോദിക്കും. ആളെങ്ങനാ മരിച്ചത്? ശവം കീറിമുറിക്കാൻ പോകുവാന്നാ കേട്ടത്. അപ്പോഴറിയാം, കൊന്നതാണോ ചത്തതാണോ എന്നാകും മറുപടി.

ചാക്കോ വധക്കേസും അഭയ കേസും വന്നതോടെ ആളുകൾക്ക് പറയാൻ പുതിയാരു വാക്കുകിട്ടി. നാർക്കോ അനാലിസിസ് അഥവാ നുണപരിശോധന. മറ്റൊരു കുപ്രസിദ്ധമായ കൊലക്കേസിൽ പ്രതിയുടെ ശരീരത്തിലെ കുത്തിമുറിവിൽ നിന്നും എസ് ആകൃതിയുള്ള കത്തിയാണ് ഉപയോഗിച്ചതെന്ന് കുറ്റാന്വേഷകർ കണ്ടെത്തിയിരുന്നു.

ഫോറൻസിക് ഒഡന്റോളജി എന്ന പുതിയ പദം ലഭിച്ചത് പെരുമ്പാവൂരിലെ ജിഷ വധക്കേസിന്റെ അന്വേഷണസമയത്താണ്. ജിഷയുടെ ശരീരത്തിലുള്ള കടിപ്പാടിലെ പല്ലടയാളവും പ്രതിയുടെ പല്ലടയാളവും സമാനമാണോ എന്ന് ഈ സങ്കേതമുപയോഗിച്ചാണ് അന്വേഷിച്ചത്.

കൊന്നവനെ കിട്ടിയില്ലെങ്കിലും, കിട്ടിയവനെ പ്രതിയാക്കാനൊന്നും അങ്ങനെ പറ്റില്ലെന്നു ആളുകൾക്ക് വിശ്വാസം വന്നുതുടങ്ങിയത് ഇത്തരം ശാസ്ത്ര‍ീയ കുറ്റാന്വേഷണരീതികൾ വന്നതോടെയാണ്. ഉരുട്ടലും ചൂരലിനടിയും മാത്രമല്ല സൂപ്പർ ഇമ്പോസിഷനും ഡിഎൻഎ അപഗ്രഥനവും ഒക്കെയും ചേർന്നതാണ് കുറ്റാന്വേഷണമെന്നു ജനത്തിനിപ്പോഴറിയാം.

1762–ൽ പാരീസിൽ ആദ്യമായി നടന്ന പോസ്റ്റ്മോർട്ടം എന്ന മൃതദേഹപരിശോധനയിൽ നിന്നും വിരലടയാള പരിശോധനയും നാർക്കോ അനാലിസിസും പോളിഗ്രാഫ് പരിശോധനയും സൂപ്പർ ഇമ്പോസിഷൻ ടെക്നിക്കും കടന്ന് കുറ്റാന്വേഷണ വൈദ്യശാസ്ത്രം ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. ഒരു മുടിത്തുമ്പിൽ നിന്നോ വിരലടയാളത്തിൽ നിന്നോ കടിപ്പാടിൽ നിന്നോ നിസ്സാരമായി ഉപേക്ഷിച്ച കീറിയ വേഷത്തിൽ നിന്നോ പോലും കുറ്റവാളിയെ കണ്ടെത്താൻ വൈദ്യശാസ്ത്ര അറിവുകൾ ഉപ‍യോഗിക്കാമെന്ന‍ു നാം കണ്ടുകഴിഞ്ഞു.

പോസ്റ്റ്മോർട്ടത്തിൽ തെളിയും സത്യം

അസ്വാഭാവികമരണങ്ങളെയൊക്കെ മുൻവിധിയോടെയും സംശയത്തോടെയും കാണാനാണ് പൊതുജനത്തിന് താൽപര്യം. അവിവാഹിതയായ പെൺകുട്ടി തൂങ്ങിമരിച്ചാൽ അവൾക്കു ഗർഭമുണ്ടായതുകൊണ്ട് കൊന്നുകെട്ടിത്തൂക്കി എന്നാവും ജനസംസാരം. ഇങ്ങനെ ആരോപണങ്ങൾ ഉയരുമ്പോഴാണ് മൃതദേഹപരിശേ‍ാധന ആവശ്യമായി വരുന്നത്. പോസ്റ്റ്മോർട്ടത്തിനു മുമ്പേ ശരീരത്തിൽ ബാഹ്യമായുള്ള മുറിവുകളും പാടുകളും പരിശോധിച്ച് രേഖപ്പെടുത്തും മുടി, രക്തം, മറ്റ് ശരീരദ്രവങ്ങൾ പോലുള്ള സൂക്ഷ്മ തെളിവുകൾ ശേഖരിച്ചു സീൽ വയ്ക്കും. ശരീരം കീറിമുറിച്ച് ആന്തര‍ാവയവങ്ങളിലെ മുറിവുകളും മാറ്റങ്ങളും നിറഭേദങ്ങളും കണ്ടറിയും. വിഷം കഴിച്ച കേസുകളിൽ ആന്തരാവയവങ്ങൾ രാസപരിശോധനയ്ക്ക് ലാബിലേക്ക് അയയ്ക്കും.

ഒരോ തരം മരണങ്ങളിലും അതിനനുസൃതമായ മുറിവുകളും സൂക്ഷ്മ അടയാളങ്ങളും കാണും. ഉദാഹരണത്തിന് സ്വയം കുത്തിമരിക്കുന്നതിലും മറ്റെരാൾ കുത്തിക്കൊല്ലുന്നതിലും മുറിവാകൃതി വ്യത്യാസപ്പെടും. നൈലോൺ കയറുകൊണ്ട് കുരുക്കിട്ടു സ്വയം തൂങ്ങിച്ചത്താലുണ്ടാകുന്ന മുറിവ് കാഴ്ചയിൽ കത്തിക്ക് അരിഞ്ഞതു പോലിരിക്കും. മിടുക്കനായ ഒരു ഡോക്ടർക്ക് ഇത്തരം കാര്യങ്ങളിലെ നെല്ലും പതിരും വേർതിരിച്ച് കൊലപാതകമാമോ ആത്മഹത്യയാണോ എന്ന് ഏതാണ്ടൊക്കെ ഉറപ്പിച്ചു പറയാനാകും. അതുകൊണ്ട് തന്നെ മിക്കവാറും കേസുകളിലും പോസ്റ്റ്മോർട്ടത്തോടെ തന്നെ അന്വേഷണത്തിന്റെ ദിശയിൽ ഏതാണ്ടെക്കെ തീരുമാനമാകും.

മുടിയിൽ നിന്നും പല്ലിൽ നിന്നും പ്രായം

മൃതദേഹത്തിൽ നിന്നോ കൃത്യം നടന്ന സ്ഥലത്തുനിന്നോ ലഭിക്കുന്ന സൂക്ഷ്മമായ തെളിവുകളുണ്ട്. ഉദാഹരണത്തിന് രക്തക്കറകളിൽ നിന്നും ഗ്രൂപ്പ് നിർണയിച്ച് മരിച്ചയാളുടേതാണോ എന്നറിയാം. പ്രതിയെന്നു സംശയമുള്ള വരുടെ രക്തഗ്രൂപ്പുകളുമായി ഒത്തുനോക്കാം. മുടിയിൽ നിന്നും പ്രായവും സ്ത്രീയോ പുരുഷനോ എന്നതും കണ്ടെത്താം. ചർമത്തിന്റെ നിറഭേദങ്ങൾ മരണകാരണത്തെക്കുറിച്ച് ഏതാണ്ടൊരു ഊഹം നൽകും. ബലാത്സംഗക്കേസുകളിൽ ശുക്ലക്കറ പ്രധാനതെളിവാണ്.

സത്യം പറയും വിരലടയാളം

കുറ്റകൃത്യ പരിസരത്തു നിന്നു ലഭിച്ചേക്ക‍ാവുന്ന മറ്റൊരു വിലയേറിയ തെളിവാണ് വിരലടയാളങ്ങൾ. മനുഷ്യൻ കള്ളം പറഞ്ഞാലും വിരലടയാളങ്ങൾ കള്ളം പറയില്ല. കാരണം ലോകത്തിലാർക്കും ഒരേപോലുള്ള വിരലടയാളങ്ങളില്ല. തമ്മിൽ തിരിച്ചറിയാൻ വയ്യാത്ത ഇരട്ടകളിൽ പോലും വിരലടയാളങ്ങൾ വ്യത്യസ്തമായിരിക്കും. കേരള പൊല‍ീസിന്റെ കീഴിൽ സ്ഥിരം കുറ്റവാളികളുടെ ഒരു വിരലടയാള ബാങ്ക് തന്നെയുണ്ട്.

കൈവെള്ളയിലെ ചർമത്തിൽ കാണുന്ന വരമ്പുകൾ പോലുള്ള രേഖകളിൽ ധാരാളം വിയർപ്പു സുഷിരങ്ങളുണ്ട്. ഇവയാണ് കൈരേഖയായി നമുക്കു തോന്നുന്നത്. ഗർഭസ്ഥശിശുവായിരിക്കുമ്പോഴേ രൂപം കൊള്ളുന്ന വിരലടയാളങ്ങൾ ജീവിതാവസാനം വരെ മാറ്റമില്ലാതെ നിൽക്കും.

ഗ്ലൗസിട്ടും ത‍ുണിചുറ്റിയുമൊക്കെ വിരലടയാളങ്ങൾ ഇലാതിരിക്കുവാൻ കുറ്റവാളികൾ ശ്രമിക്കാറുണ്ട്, പക്ഷേ വിധിവൈപരീത്യമെന്ന പോലെ അതിനെയും മറികടക്കുന്ന വേറെന്തെങ്കിലും തെളിവ് അവരറിയാതെ അവശേഷിപ്പിച്ചിട്ടുണ്ടാകും.

തെളിവായി ഡിഎൻഎ

കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നു ലഭിക്കുന്ന രക്തക്കറകളും മുടിയും മരിച്ചയാളുടേതാണോ എന്നറിയാനും കുറ്റവാളിയെക്കുറിച്ച് എന്തെങ്കിലും ഊഹമുണ്ടെങ്കിൽ അതുറപ്പിക്കാനും ഡിഎൻഎ അപഗ്രഥനം സഹായിക്കും. വിരലടയാളം പോലെ ഡിഎൻഎ ‍തന്മാത്ര ഘടനയും ഒാരോരുത്തരിലും വ്യത്യസ്തമായതിനാൽ ഡിഎൻഎ വിരല‍ടയാള പരിശോധനയെന്നും ഈ രീതിയെ പറയാറുണ്ട്. രക്തം, ശുക്ലം, അസ്ഥി, തലമുടിയുടെ ചുവട്, വായിലെ ശ്ലേഷ്മസ്തരം മറ്റ് കലകൾ എന്നിവയിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാനാകും.

വളരെ ഫലപ്രദമായി പരിശോധനയാണെങ്കിലും സാമ്പിളുകൾ ശരിയായ ഊഷ്മാവിൽ സൂക്ഷിച്ചില്ലെങ്കിൽ ഡിഎൻഎ കണികകൾ ഭിന്നിക്കുകയും ശരിയായ അപഗ്രഥനം സാധ്യമല്ലാതെ വരുകയും ചെയ്യും.സാമ്പിളുകൾ നന്നായി സംരക്ഷിച്ചില്ലെങ്കിൽ സൂക്ഷ്മാണുക്കൾ കടന്നു നശിക്കാനും സാധ്യയതയുണ്ട്.

കോളിളക്കം സൃഷ്ടിക്കുന്ന ചില കേസുകളിൽ മറവുചെയ്ത മൃതദേഹം പുറത്തെടുത്ത് വീണ്ടും പരിശേ‍ാധിക്കേണ്ടതായി വരും. ഈ പ്രക്രിയയ്ക്ക് എക്സ്ഹ്യ‍ുമേഷൻ എന്നാണു പറയ‍ുക. പലപ്പോഴും അസ്ഥികൾ മാത്രമായിരിക്കും കുഴിയിലുണ്ടാവുക. പരേതന‍ാണോ ഈ പറയുന്ന അസ്ഥിമാത്ര ശരീരമെന്നു തിരിച്ചറിയേണ്ടത് പ്രധാനമാണ്. അസ്ഥികൾക്ക് വലിയ പഴക്കമില്ലെങ്കിൽ മജ്ജയിൽ നിന്നു ഡിഎൻഎ അപഗ്രഥനം ചെയ്യാനാകും. അസ്ഥി മനുഷ്യന്റേതാണോ, മരിച്ചത് സ്ത്രീയോ പുരുഷനോ തുടങ്ങി ഉയരവും പ്രായവും വരെ ഏകദേശമൊക്കെ അസ്ഥികളിൽ നിന്നും ഗണിച്ചെടുക്കാനാകും. ‌

തലയോടിൽ നിന്നും മുഖം സൃഷ്ടിക്കൽ

കേരളത്തെ നടുക്കിയ, സുകുമാരക്കുറ‍ുപ്പ് പ്രതിയായ, ചാക്കോ വധക്ക‍േസിൽ നേരിട്ട വലിയൊരു പ്രതിസന്ധിയായിരുന്നു മരിച്ചത് ചാക്കോയാണെന്നു തെളിയിക്കേണ്ടത്. ചാക്കോയുടേതന്നു സംശയിച്ചിരുന്ന ശവശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അതോടെ ഡിഎൻഎ പരിശോധനയുടെ സാധ്യതയടഞ്ഞു. തലയോടും കാലിന്റെ അസ്ഥിയുമായിരുന്നു അവശേഷിച്ചത്.

അങ്ങനെ സൂപ്പർ ഇമ്പോസിഷൻ ചെയ്യാൻ തീരുമാനിക്കുകയായ‍ിരുന്നു. ഫോട്ടോഗ്രഫിക് സ‍ൂപ്പർ ഇമ്പൊസിഷൻ എന്ന രീതിയിൽ മരിച്ചയാളുടെ യഥാർഥ വലുപ്പത്തിലുള്ള സമീപകാലഫോട്ടോയുമായി മൃതദേഹത്തിന്റെ തലയോട് താരതമ്യപ്പെടുത്തി അയാളാണോ എന്നു നിശ്ചയിക്കുകയാണ് ചെയ്യുന്നത്. ഒരാളുടെ മുഖാകൃതി എന്നു പറയുന്നത് മുഖത്തെ അസ്ഥികള‍ുടെ ഘടനയനുസരിച്ച‍ാണെന്നതാണ് ഈ ‍െടക്നിക്കിന്റെ ആധാരം. പക്ഷേ ആഫോട്ടോയിലെ തന്നെ മറ്റേതെങ്കിലും വസ്തുവിനെ ആധാരമാക്കി വേണം മുഖത്തിന്റെ യഥാർഥ വലുപ്പത്തിലുള്ള ചിത്രമൊരുക്കാൻ. അതിനാൽ അന്നത് ഏറെ പ്രയാസകരമായിരുന്നു. കംപ്യൂട്ടറുകൾ പ്രചാരത്തിലായതോടെ ഈ ടെക്നിക് പ്രത്യേക സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ചെയ്തുവരുന്നു.

എന്നാൽ, അടുത്തകാലത്തുള്ള ചിത്രമില്ലെങ്കിൽ ഈ ടെക്നിക് പ്രായോഗികമല്ല. അപ്പോൾ തലയോടിൽ നിന്നും മുഖത്തിന്റെ ഏക‍ദേശം രൂപം സൃഷ്ടിക്കുന്നു. ഈ മുഖരൂപത്തിലേക്ക് ക‍ണ്ണുകൾ, ചെവി, വായ എന്നിവ ചേർക്കും. തലമുടിയും ചേർക്കും. ഇതിന് അംഗീകരിക്കപ്പെട്ട ചില അളവുകോലുകളുണ്ട്. ഉദാ–വായു‌െട നീളമെന്നത് ഇരുവശത്തേയും ഒന്നാമത്തെ അണപ്പല്ലുകൾ തമ്മിലുള്ള അകലമായിരിക്കും. ചെവിയുടെ നീളമായിരിക്കും മൂക്കിന്

ന‍ുണയിൽ നിന്നും സത്യമറിയാം

ഒരാൾ കുറ്റകൃത്യം ചെയ്തുവെന്നതിന് ഏറ്റവും അസന്നിഗ്ധമായ തെളിവാണ് സ്വയം കുറ്റസമ്മതം. കുറ്റസമ്മതത്തിലേക്കെത്തിക്കാനുള്ള ശാസ്ത്രീയ ചോദ്യം ചെയ്യലിന്റെ പ്രധാന ഭാഗമാണ് നുണപരിശോധനകൾ. ലവലേശം ഭാവവ്യത്യാസമില്ലാതെ കള്ളം പറഞ്ഞാലും ശരീരം നമ്മെ ഒറ്റിക്കൊടുക്കാം. രക്തസമ്മർദ്ദവും നാഡീസ്പന്ദനവും വർധിക്കും. ശ്വാസോച്ഛ്വാസം വല്ലാതെ ഉയരുകയോ താഴുകയോ ചെയ്യാം, വിയർക്കും, പേശികളുടെ ചലനം പ്രത്യേക രീതിയിലാകും. പ്രത്യേകതരം ഉപകരണങ്ങൾ ശരീരത്തോടു ഘടിപ്പിച്ച് കള്ളം പറയുമ്പോഴുള്ള ഈ ശാരീരികമാറ്റങ്ങൾ നിരീക്ഷിച്ച് രേഖപ്പെ‌ടുത്തുകയാണ് പോളിഗ്രാഫ് എന്ന നുണപരിശോധനയിൽ ചെയ്യുന്നത്. പ്രത്യേക പരിശീലനം സിദ്ധിച്ചവരാണ് (ഫോറൻസിക് സൈക്കോഫിസിയോളജിസ്റ്റ്) ഈ ടെസ്റ്റ് നടത്തുന്നത്. എന്നാൽ പെരുങ്കള്ളനായ ഒരാൾക്ക് യാതൊരു വികാരവിക്ഷോഭവുമില്ലാതെ കള്ളം പറയാനാകും. അതേപോലെ മാനസികമായ പിരിമുറുക്കം ഉള്ളവരിലും തെറ്റായ ഫലം ലഭിക്ക‍ാം. അതിനാൽ കോടതി ഇതൊരു തെളിവായി സ്വീകരിക്കാറില്ല.

തലച്ചോറിന്റെ സാക്ഷ്യം

ഒാരോ കുറ്റകൃത്യത്തിന്റെയും മാസ്റ്റർ പ്ലാൻ റെഡിയാകുന്നത് കുറ്റവാളിയുടെ തലച്ചോറിലാണ്. ആരുമറിയുന്നില്ലെന്നു കരുതി നാം ചെയ്യുന്ന ഒാരോ കൃത്യത്തിന്റെയും സൂക്ഷ്മവിശദാംശങ്ങൾ പോലും തലച്ചോറിൽ രേഖപ്പെടുത്തപ്പെട്ടിരിക്കും. എല്ലാ സാക്ഷികളെയും നിഷ്പ്രഭനാക്കുന്ന തലച്ചോറെന്ന സാക്ഷിയുടെ വിസ്താരമാണ് ബ്രെയിൻ ഫിംഗർ പ്രിന്റിങ്. കുറ്റാരോപിതന്റെ തലയിൽ ഇലക്ട്രാഡുകൾ ഉറപ്പിച്ചിട്ട് ഒരു ഇലക്ട്രോഎൻകെഫലോഗ്രാഫ് (ഇഇജി) യന്ത്രവുമായി ബന്ധിപ്പിക്കുന്നു. ഈ യന്ത്രം മസ്തിഷ്കതരംഗങ്ങളെ രേഖപ്പെടുത്തുന്നു. കുറ്റാരോപിതന്റെ മുന്നിൽ വച്ചിരിക്കുന്ന കംപ്യൂട്ടർ സ്ക്രീനിൽ കുറ്റകൃത്യവുമായി ബന്ധമുള്ള ചിത്രങ്ങളും വിവിരങ്ങളും പ്രദർശിപ്പിക്കും. ഇടയ്ക്ക് കുറ്റകൃത്യവുമായി ബന്ധമില്ലാത്തവയും പ്രദർശിപ്പിക്കും. കുറ്റവുമായി ബ‍ന്ധപ്പെട്ട ചി‍ത്രങ്ങൾ കാണുമ്പോൾ അതുമായി ബന്ധമുള്ളയാളിൽ മെർ എന്ന തരംഗം ഉണ്ടാവും. നിരപരാധിയുടെ തലച്ചോറിൽ നിന്ന് ഇതു ലഭിക്കില്ല. വളരെ പെട്ടെന്നു നടത്തുന്നതും നൂറു ശതമാനം കൃത്യതയുള്ളതുമായ രീതിയാണിത്.

മനസ്സു വായിക്കും നാർക്കോ അനാലിസിസ്

കുറ്റാന്വേഷണചരിത്രത്തിലെ കുപ്രസിദ്ധ പര‍ിശോധനയാണ് നാർക്കോ അനാലിസിസ്. ഇതിൽ മയക്കാനുപയോഗിക്കുന്ന സോഡിയെ പെന്റൊതാൽ എന്ന മയക്കുമരുന്ന് അത്യന്തം അപകടകാരിയാണ്. ഇതു തലച്ചോറിനെയും ഹൃദയത്തെയും തകരാറിലാക്കും ഹൃദയത്തെ നിശ്ചലമാക്ക‍ാം, ശ്വാസക്കുഴലുകളെ ചുരുക്കാം. രക്തസമ്മർദം കുറയ്ക്കാനും ശ്വാസം നിലയ്ക്കാനും ഇടയാക്കാം. ജീവൻരക്ഷാ ഉപകരണങ്ങളുള്ളിടത്ത്, വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ മാത്രം നടത്തേണ്ട പരിശോധനയാണിത്. മരുന്നു നൽകുന്ന മയക്കത്തിൽ കുറ്റരോപിതന് മതിഭ്രമം ഉണ്ടാകാനും ചെയ്യാത്തത് ചെയ്തു എന്നു പറയാനുമുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മനുഷ്യാവകാശലംഘനമായി കണ്ട് മിക്ക രാജ്യങ്ങളും ഈ പ്രാകൃത പരിശേധന നിരോധിച്ചു കഴിഞ്ഞു.

പല്ലും ആയുധം

മനുഷ്യശരീരത്തിലെ കടുപ്പമേറിയ വസ്തുവാണ് പല്ലുകൾ. മൃതദേഹം ജീർണിച്ചാലും പല്ലുകൾ അവശേഷിക്കും പ്രകൃതിദുരന്തങ്ങളിലും വിമാനാപകടങ്ങളിലും മറ്റും മരിച്ച വരെ തിരിച്ചറിയാൻ ഇതു സഹായകമാകാറുണ്ട്. ഉളിപ്പല്ലുകളിൽ നിന്നും മൃതരായവരുടെ ഏകദേശപ്രായം അറിയാനാകും. കടിപ്പ‍‍ാടുകളും ഉമീനീർ അവശിഷ്ടങ്ങളും കുറ്റവാളിയിലേക്കുള്ള സൂചനകൾ നൽകാം. ഈ രീതിക്ക് ഫോറൻസിക് ഒഡന്റോളജി എന്നാണ് പറയാറ്.

ശാസ്ത്രം പറയുന്നത് എപ്പോഴും അവസാനവാക്ക് ആ കണമെന്നില്ല. പക്ഷേ, ചിലപ്പോഴെങ്കിലും അതു മറഞ്ഞിരിക്കുന്ന സത്യം കണ്ടെത്തുന്നതിനും നീതിപൂർവകമായി വിധി നടപ്പാക്കുന്നതിനും സഹായകമാകാം.

(കേരള പൊലീസിന്റെ മുൻ മെഡിക്കോലീഗൽ ഉപദേശകൻ ആണ് ലേഖകൻ)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.