Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറവിയെ ഇനി മറക്കാം

memory-loss

എന്തെങ്കിലും ഒന്ന് എടുക്കാനായി മുറിയിൽ കയറുന്നു. മുറിയിലെത്തിയപ്പോഴേക്കും അല്ല, ഞാനിപ്പോ എന്ത് എടുക്കാനാ വന്നേ എന്ന് ആലോചിച്ച് ഓർമ കിട്ടാതെ വിഷമിക്കുന്ന അവസ്ഥ നമ്മളിൽ മിക്കവരും അനുഭവിച്ചിട്ടുണ്ടാകും. തിരികെ പോയി തൊട്ടുമുമ്പു ചെയ്തിരുന്ന കാര്യങ്ങളിലേക്കു മടങ്ങിപ്പോകുമ്പോൾ മറന്ന കാര്യം പെട്ടെന്ന് ഓർമയിൽ എത്തുന്നതും പതിവാണ്. വാച്ചും പേഴ്സും കണ്ണടയുമൊക്കെ വെച്ച സ്ഥലം മറന്നു പോവുക... പേരുകൾ മറന്നു പോവുക.... ഇങ്ങനെ എല്ലാ മനുഷ്യരേയും മറവി ബാധിക്കാറുണ്ട്. മനുഷ്യപ്രകൃതത്തിന്റെ ഭാഗം തന്നെയാണ് മറവി. 35 വയസു കഴിഞ്ഞ് പ്രായം കൂടുന്നതനുസരിച്ച് കുറച്ചൊക്കെ മറവി കൂടുന്നതും സ്വാഭാവികം.

മറവി രോഗമാകുന്നത് എപ്പോൾ?

എന്നാൽ വളരെ പരിചയമുള്ള ഒരു വഴിയിലൂടെ വാഹനമോടിക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ ആ വഴി തീർത്തും അപരിചിതമായി തോന്നുക, ഒരേ സംഭാഷണത്തിൽ ഒരിക്കൽ പറഞ്ഞ കാര്യം, ഒന്നിലേറെ തവണ ആവർത്തിക്കൽ, കലാപരമോ സംഗീതാത്മകമോ ആയ ശേഷികൾ പെട്ടെന്ന് നഷ്ടപ്പെടുക, മുമ്പ് നിസാരമായി ചെയ്തിരുന്ന ചെറിയ കണക്കു കൂട്ടലുകൾ പോലും പിഴയ്ക്കുക.... തുടങ്ങിയ സാഹചര്യങ്ങളിൽ സാമാന്യത്തിലധികമായി മറവി ബാധിച്ചു തുടങ്ങിയെന്നു മനസിലാക്കാം.

മറവി ഉണ്ടായി എന്നു കരുതി അൽഷിമേഴ്സുപോലെ മാരകമായ മറവിരോഗമാണെന്നു കരുതി വിഷമിക്കേണ്ടതില്ല. കാരണം കേൾവിക്കുറവ്, കാഴ്ചക്കുറവ്, രക്താതിമർദം, വിഷാദം, തൈറോയ്ഡ് രോഗങ്ങൾ മുതൽ ശാരീരികവും മാനസികവുമായ ഏതാണ്ട് 70 ഓളം കാരണങ്ങൾ കൊണ്ട് മറവി വരാം. ഡോക്ടറെക്കണ്ട് അത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടാൽ അത്തരം മറവി മാറുകയും ചെയ്യും. വിഷാദരോഗങ്ങളുള്ളവർ അതിനു മരുന്നു കഴിക്കുമ്പോൾ വളരെ വേഗത്തിൽ മറവി മാറാറുണ്ട്. മറവിയെക്കുറിച്ചോർത്ത് ഉൽകണ്ഠപ്പെടുന്തോറും മറവി കൂടുകയേ ഉള്ളൂ.

മറവിക്കാർ പ്രത്യേകം വായിക്കാൻ

മറവിക്കുള്ള നല്ല മരുന്നാണ് ഉറക്കം. ആറു മണിക്കൂർ മുതൽ എട്ടു മണിക്കൂർ നന്നായി ഉറങ്ങുന്നത് മറവി കുറയ്ക്കും. മറവി കൂടുതലായി തോന്നുന്നവർ ഉറക്കമൊഴിയരുത്. താക്കോലുകളും കണ്ണടയുമൊക്കെ വെച്ച സ്ഥലം പതിവായി മറക്കുന്നവർ ഓരോന്നും സൂക്ഷിക്കാൻ പ്രത്യേക സ്ഥലങ്ങൾ മാത്രം തിരഞ്ഞെടുക്കുക.

ചെയ്യുന്ന കാര്യം ഉറക്കെ പറഞ്ഞു നോക്കൂ; പിന്നീടത് മറക്കില്ല. നമ്മൾ പറയുന്നത് നമ്മൾ തന്നെ കേൾക്കുന്നുണ്ട്. കേൾക്കുക കൂടി ചെയ്യുമ്പോൾ ഓർമയിൽ നിൽക്കാനുള്ള സാധ്യത ഇരട്ടിക്കും. ഉദാഹരണമായി ഫ്രിഡ്ജിനു മുകളിൽ കണ്ണട വെയ്ക്കുമ്പോൾ, ഞാൻ ഫ്രിഡ്ജിനു മുകളിൽ കണ്ണട വെയ്ക്കുകയാണ് എന്ന് അൽപം ഉച്ചത്തിൽ പറഞ്ഞു നോക്കൂ, പിന്നെ മറക്കില്ല. കാർ പാർക്കിങ് മുതൽ ഏതു കാര്യത്തിലും മറക്കാതിരിക്കാൻ ഈ വിദ്യ പ്രയോഗിക്കാം.

പരിചയപ്പെടുന്നവരുടെ പേരു മറക്കുന്നവർ, അവരുമായി സംസാരിക്കുമ്പോൾത്തന്നെ ഏതാനും തവണ അവരുടെ പേര് പറയാൻ ശ്രമിക്കുക. സംസാരിക്കുമ്പോൾ കൂടുതൽ സമയം അവരുടെ കണ്ണുകളിലേക്കു തന്നെ നോക്കാനും ശ്രദ്ധിക്കണം. അങ്ങനെ ചെയ്താൽ ആ വ്യക്തിയെ മറക്കാനുള്ള സാധ്യത കുറയും.

കടയിലോ മറ്റോ പോകുമ്പോൾ പലവിധ സാധനങ്ങൾ വാങ്ങാനുണ്ടാവും. അവയെല്ലാം ചേർത്ത് ഒരു കൊച്ചു കഥപോലെയാക്കിയാൽ പിന്നെ കുറിപ്പിന്റെ ആവശ്യം പോലും വരില്ല. ഇവയൊക്കെ പ്രയോഗിച്ചു നോക്കൂ, മറവിയെ മറികടക്കാം.