Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണുങ്ങളും പ്രസവിക്കും അധികം വൈകാതെ

pregnant-man-representative-image

ടെസ്റ്റ്യൂബ് ശിശു, ക്ലോണിങ്, ബീജദാനം, അണ്ഡശീതീകരണം...ജനനം സംബന്ധിച്ച് ശാസ്ത്രം ഇങ്ങനെ വിപ്ലവകരമായ നേട്ടങ്ങൾ കൊയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സിനിമാഡയലോഗ് കടമെടുത്തു പറയുകയാണെങ്കിൽ, മറ്റാരും ഇന്നേവരെ സഞ്ചരിക്കാത്ത വഴികളിലൂടെ പോയാണ് പല ഗവേഷകരും ഇത്തരം നേട്ടങ്ങൾ സ്വന്തമാക്കിയത്– പലതും പ്രകൃതിനിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന വിധത്തിൽ. അതിന്റെ ഏറ്റവും പുതിയ ഉദാഹരണവും എത്തിയിരിക്കുന്നു– ആണുങ്ങൾക്കും പ്രസവിക്കാനുള്ള അവസരം അഞ്ചു വർഷത്തിനകം സാധ്യമാകുമെന്നാണ് അമേരിക്കയിൽ നിന്നുള്ള വാർത്ത. നേരത്തെത്തന്നെ ആണുങ്ങൾ പ്രസവിച്ചുവെന്ന മട്ടിൽ വാർത്തകളും സിനിമകൾ പോലും പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ അതെല്ലാം ഒന്നുകിൽ സ്ത്രീകളോ അല്ലെങ്കിൽ വ്യാജപ്രചാരണമോ ആയിരുന്നു. ശാരീരികമായി ആണായി മാറിയെങ്കിലും ചില ഭിന്നലിംഗവിഭാഗക്കാർ(ട്രാൻസ്ജെൻഡർ) അവരുടെ സ്ത്രീലൈംഗികാവയവം നിലനിർത്തുകയും പിന്നീട് ഗർഭം ധരിക്കുകയും ചെയ്ത സംഭവങ്ങളും നടന്നിരുന്നു. അങ്ങനെയാണ് താടിയുള്ള ‘ഗർഭിണികൾ’ വാർത്തയായതും.

എന്നാൽ ഇത്തവണ യഥാർഥ പുരുഷന്മാർക്കു തന്നെ ഗർഭം ധരിക്കാനാകുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയയിലെ കെക്ക് സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ ഉറപ്പിച്ചു പറയുന്നത്. അതായത് ‘ബയോളജിക്കലി’ പുരുഷന്മാരായി ജനിക്കുന്നവർ തന്നെ. ഗർഭപാത്രം ഇല്ലാത്ത അവസ്ഥയുമായി ജനിക്കുന്ന സ്ത്രീകൾക്കായി ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകാതെ നടത്തുമെന്ന അമേരിക്കയിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ആൺഗർഭം സംബന്ധിച്ച റിപ്പോർട്ട്. രോഗബാധിതമായതോ ഗർഭം ധരിക്കാൻ സാധിക്കാത്തതോ ആയ ഗർഭപാത്രമുള്ളവർക്കു വേണ്ടി കൂടിയാണ് ക്ലീവ്‌ലാൻഡിലെ ശസ്ത്രക്രിയ. ഇത്തരത്തിലുള്ള ഗർഭപാത്രം വച്ചുപിടിക്കൽ ശസ്ത്രക്രിയ നേരത്തെത്തന്നെ ചൈന, സ്വീഡൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ന‍ടന്നിട്ടുണ്ട്. അതുവഴി കുട്ടികളും ഉണ്ടായിട്ടുണ്ട്. ഗർഭപാത്രം ഇത്തരത്തിൽ വച്ചുപിടിപ്പിക്കാമെങ്കിൽ പുരുഷന്മാർക്കും ഭിന്നലിംഗത്തിൽപ്പെട്ടവർക്കും സ്ത്രീകളെപ്പോലെ പ്രസവം സാധ്യമാകുന്ന അവസരമാണ് ഇനി വരാനിരിക്കുന്നതെന്നാണ് കെക്ക് സ്കൂൾ ഓഫ് മെഡിസിനിലെ ഫെർടിലിറ്റി പ്രിസർവേഷൻ പ്രോഗ്രാം ഡയറക്ടർ ഡോ.കറീയ്ൻ ചങ് പറയുന്നത്. ആൺ–പെൺ ശരീരഘടനയിൽ അത്രയ്ക്ക് സങ്കീർണമായ വ്യത്യാസങ്ങളൊന്നുമില്ലെന്നും ഇവരുടെ വാദം. ഏറിപ്പോയാൽ 5–10 വർഷം, ഒരുപക്ഷേ അതിലും നേരത്തെയും ഇത്തരമൊരു ശസ്ത്രക്രിയ ലോകത്ത് പ്രതീക്ഷിക്കാമെന്നും ഡോ.കറീയ്ൻ പറയുന്നു. ശാസ്ത്രലോകത്ത് അതിനായുള്ള അത്യാധുനിക സംവിധാനങ്ങൾ തയാറാവുന്നുണ്ട്.

ആണും പെണ്ണും മാത്രമേ കല്യാണം കഴിക്കൂ എന്നതിനെ തെറ്റിച്ച് ആണിനും ആണിനും കല്യാണം കഴിക്കാമെന്നത് പല രാജ്യങ്ങളും നിയമം മൂലം തന്നെ അനുവദിച്ചു കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഇത്തരമൊരു നീക്കത്തെ പിന്തുണയ്ക്കാനും ഒട്ടേറെപ്പേരുണ്ടാകുമെന്നാണ് പ്രതീക്ഷ. പിന്തുണയെന്നു പറഞ്ഞാൽ അപാരമായ മനഃസ്സാന്നിധ്യവും ധൈര്യവും ഒപ്പം വൻചെലവുമാണ് പ്രതീക്ഷിക്കേണ്ടത്. ആണിനെ പൂർണമായും പെണ്ണാക്കി മാറ്റിയാലേ പ്രസവം സാധ്യമാകൂ. അതിന് വൻതുക ചെലവുവരും. മാത്രവുമല്ല, സ്ത്രീകൾക്ക് സ്വാഭാവികമായിത്തന്നെ ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള എല്ലാ ശാരീരികാവസ്ഥകളുമുണ്ട്. ഗർഭം ധരിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക ഹോർമോൺ വ്യതിയാനം ഉൾപ്പെടെ പുരുഷന്മാരുടെ കാര്യത്തിൽ കൃത്രിമമായി സൃഷ്ടിക്കേണ്ടി വരും. ലൈംഗികാവയവങ്ങൾ മാറ്റുമ്പോഴുള്ള പ്രശ്നങ്ങൾ വേറെ. എന്നാൽ നിലവിൽ ഭിന്നലിംഗ വിഭാഗത്തിൽപ്പെട്ടവർക്കായി പല ഹോർമോൺ ചികിത്സകളുമുണ്ട്, അതുവഴി പുരുഷഹോർമോണുകളെ ‘അടിച്ചമർത്തി’ സ്ത്രീഹോർമോണുകൾ ഏറെ ഉൽപാദിപ്പിക്കാനുള്ള വഴികളുണ്ട്. സ്തനങ്ങളും മുലപ്പാലും വരെ അത്തരത്തിൽ രൂപപ്പെടുത്തിയെടുക്കാം. മാത്രവുമല്ല സംവേദനക്ഷമമായ neoclitoris–നോടു കൂടിയ യോനിയും പല ഭിന്നലിംഗക്കാരിലും വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പമാണ് ആണുങ്ങൾക്കും ഭ്രൂണത്തെ ഉൾക്കൊള്ളാനും വളർത്താനും പ്രസവിക്കാനുമെല്ലാമുള്ള അവസരത്തിനു വേണ്ടിയുള്ള ഗവേഷണങ്ങൾ ശാസ്ത്രലോകം ചൂടുപിടിപ്പിച്ചിരിക്കുന്നത്.

അതേസമയം, മറ്റേതൊരു ‘വച്ചുപിടിപ്പിക്കൽ’ ശസ്ത്രക്രിയയും പോലെത്തന്നെ ഒട്ടേറെ ഭീഷണികളാണ് പുതിയ പരീക്ഷണത്തിനു മുന്നിലുമുള്ളത്. അന്റിറിജക്‌ഷൻ മരുന്നുകളുൾപ്പെടെ ഗർഭകാലത്ത് കഴിക്കേണ്ടി വരും. ഇത് ഇൻഫെക്‌ഷനും മറ്റ് ശാരീരികപ്രശ്നങ്ങൾക്കുമിടയാക്കും, ഒരുപക്ഷേ ജീവനു പോലും ഭീഷണിയാകും. പക്ഷേ ലിംഗമാറ്റം സംബന്ധിച്ച് എന്തുസാഹസത്തിനും തയാറാകുന്നവർ ഇതൊരു പ്രശ്നമായിപ്പോലും കാണില്ലെന്നാണ് ഗവേഷകരുടെ നിഗമനം. ആണിനു ഗർഭം ധരിക്കണമെങ്കിൽ നേരിടേണ്ട വെല്ലുവിളികളുടെ വലിയൊരു പട്ടിക തന്നെ ശാസ്ത്രലോകത്തിനു മുന്നിലുണ്ട്. അവയിലോരോന്നായി പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. എത്രയൊക്കെ വെല്ലുവിളികളുണ്ടെങ്കിലും ആണിന് പ്രസവിക്കാനാകുമെന്ന കാര്യത്തിൽ ശാസ്ത്രലോകത്തിന് യാതൊരു സംശയവുമില്ല. അതിനൽപം കൂടി കാത്തിരിക്കണമെന്നു മാത്രം. കാത്തിരിക്കാം, പ്രസവിക്കാൻ സ്ത്രീക്കു മാത്രമല്ല ആണിനും കഴിയുമെന്ന് ശാസ്ത്രം വിളിച്ചുപറയുന്ന ആ നാളിന്...