Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷേവിങ് പ്രശ്നങ്ങൾ മുതൽ പ്രോസ്റ്റേറ്റ് കാൻസർ വരെ, നിസ്സാരമാക്കരുത് ഈ ലക്ഷണങ്ങൾ

492393700

പുരുഷൻമാർക്കു മാത്രമായും പലവിധം ആരോഗ്യപ്രശ്നങ്ങളുണ്ട്. സാധാരണ ഷേവിങ് അലർജി മുതൽ പ്രോസ്റ്ററ്റ് കാൻസർ വരെ അക്കൂട്ടത്തിലുണ്ട്. അവയെക്കുറിച്ച് കൂടുതലറിയാം.

ഷേവിങ് കഴിഞ്ഞാൽ അടുത്ത ദിവസം ആ ഭാഗത്ത് കുരുക്കളാണ്? ചിലപ്പോൾ‌ ചൊറിച്ചിലും. ഈ അലർജി എങ്ങനെ തടയാം?

പുരുഷ സൗന്ദര്യസംരക്ഷണമാർഗങ്ങളിൽ പ്രധാനമാണ് ഷേവിങ്. രാവിലെ എഴുന്നേറ്റാൽ ചർമം സ്വാഭാവികരീതിയിലാകാൻ അല്പം സമയം ആവശ്യമാണ്. അതിനാൽ ഇളം ചൂടുവെള്ളം ഉപയോഗിച്ചും ചർമം മൃദുലമാക്കിയ ശേഷം ഷേവിങ് ചെയ്യുന്നതാണ് നല്ലരീതി. ഷേവിങ് ക്രീം ഉപയോഗിച്ചു മാത്രം ഷേവിങ് ചെയ്യുക. സോപ്പ് ഉപയോഗിക്കുന്നവരുണ്ട് അത് ഷേവിങ്ങിനു നന്നല്ല.

തിരക്കുപിട‍ിച്ചു ഷേവിങ് ഒഴിവാക്കുക. ഇതു ചർമം കേടുവരുത്തുകയും മുറിവുണ്ടാക്കുകയും ചെയ്യുന്നു. രോമങ്ങളുടെ വളർച്ചയുടെ അതേ ദിശയിൽ (താഴേക്ക്) ഷേവും ചെയ്യുന്നത് ഉത്തമം. ശേഷം തണുത്തവെള്ളത്തിൽ മുഖം കഴുകി ടൗവൽ ഉപയോഗിച്ച് ഒപ്പിയെടുക്കുക. ചിലർക്ക് ആഫ്റ്റർ ഷേവ് ലോഷന‍ുകൾ മാത്രമായി തന്നെ അലർജിയുണ്ടാക്കാറുണ്ട്. അതിനാൽ ഷേവിങ് അലർജി വഷളാക്കാറുണ്ട്. രൂക്ഷമായ അലർജി പ്രശ്നമുള്ളവർ ചർമരോഗവിദഗ്ധന്റെ സഹായം തേ‌ടണം.

30 വയസ്സുള്ള പുരുഷനാണ് സ്തനങ്ങൾ വല്ലാതെ വളർന്നിട്ടുണ്ട് എങ്ങനെ പരിഹരിക്കാം?

ഒരു സാധാരണ വളർച്ചാപ്രതിഭാസമാണ് പുരുഷസ്തനവളർച്ച അല്ലെങ്കിൽ ഗൈനക്കോമാസ്റ്റിയ. ആൺകുട്ടികളുടെ യൗവനാരംഭത്തിൽ അതായതു ലൈംഗികപക്വത എത്തുന്ന ഘട്ടത്തിലാണ് കൂടുതലായി കാണുക. പുരുഷഹോർമോണുകളുടെ കുറവും സ്ത്രീ ഹോർമോണുകളുടെ വർധനവും മൂലം പുരുഷസ്തനവളർച്ചയും വീക്കവും ഉണ്ടാവാം. ഈ അവസ്ഥ മുതിർന്നവര‍ിലും ചില മരുന്നുകളുടെ പാർശ്വഫലത്താലും വരാം.

എങ്ങനെ തിരിച്ചറിയാം?

∙ പുരുഷമുലഞെട്ടുകളിൽ ആരംഭിക്കുന്ന തടിപ്പിന് കാലക്രമേണ വളർച്ചയുണ്ടാകുന്നു. ‌
∙ പുരുഷമുലഞെട്ടുകളിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നു..
∙ മുലഞെട്ടുകളുടെ ചുറ്റിലും അടിയിലും കട്ടിയുള്ള മുഴ കാണപ്പെടുന്നു. ‌

എന്നാൽ എല്ലാം സ്തനവളർച്ചയും ഈ ഗണത്തിൽപ്പെടുന്നതല്ല. പൊണ്ണത്തടിയുള്ള ചില പുരുഷന്മാരിലും ശുദ്ധമായ കൊഴുപ്പു മാത്രം അടിഞ്ഞുകൂടുന്നതുമൂലവും സ്തനവളർച്ച ഉണ്ടാകാറുണ്ട്. മാത്രമല്ല കാൻസർ സാധ്യതയുള്ളതിനാൽ വിദഗ്ധ പരിശോധനയും ആവശ്യമാണ്.

ചൂടുവെള്ളത്തിൽ കുളിക്കുകയും പതിവായി ബൈക്കിൽ യാത്രയും ചെ‍യ്യുന്ന യുവാവാണ്. ഇതു വന്ധ്യതാ കാരണമാകുമോ?

ഉയർന്ന താപനില ബീജോൽപാദനത്തേയും ബീജങ്ങളുടെ ചലനശേഷിയെയും കുറയ്ക്കുന്നു. ഇതു സംബന്ധിച്ചു വളരെ കുറച്ചു പഠനങ്ങൾ മാത്രമേ നടത്തിയിട്ടുള്ളൂ. സ്റ്റീം ബാത് ഉപയോഗിക്കുന്നതും ബാത് ടബ്ബിൽ ചൂട‍ുവെള്ളം നിറച്ചു കുളിക്കുന്നതും ബീജോൽപാദനത്തെ താൽക്കാലികമായി തടസ്സപ്പെടുത്തുന്നു.

ഇറുകിയ വസ്ത്രം അണിയുന്നതും ദീർഘസമയം മടിയിൽ വച്ചു ലാപ്ടോപ് ഉപയോഗിക്കുന്നതും ദീർഘദൂര ബൈക്ക് യാത്ര മൂലമുള്ള സമ്മർദം രക്തക്കുഴലുകൾക്കും നാഡിഞരമ്പുകൾക്കും ക്ഷതമേല്പിക്കുന്നു. ഇതും ഉദ്ധാരണക്കുറവിനു കാരണമാകാം. ബൈക്കിന്റെ സീറ്റിന്റെ ആക‍ൃതിയും ഉയരവും ആഘാതം കുറയ്ക്കാൻ അനുയോജ്യമാക്കുക.

വെരിക്കോസ‍ീൽ എന്താണ്? വന്ധ്യതയ്ക്ക് കാരണമാണോ?

രക്തയോട്ടം തടസ്സപ്പെടുന്ന വിധം വൃക്ഷണസഞ്ചിയിലെ ഞരമ്പുകളിലുണ്ടാകുന്ന വീക്കമാണ് വെരിക്കോസീൽ. വന്ധ്യതാ പരിശോധന നടത്തുന്ന 40% പുരുഷന്മാരിലും വെരിക്കോസീൽ കണ്ടുവരുന്നു. മൊത്തം ജനസംഖ്യ കണക്കാക്കിയാൽ 15% പുരുഷന്മാരിൽ ഇതു കണ്ടുവരുന്നു ഇതു വൃക്ഷണങ്ങളിൽ (ബീജസഞ്ചി) താപനില കൂട്ടുകയും ബീജോൽപാദനത്തെയും ബീജത്തിന്റെ ചലനശേഷിയെയും ബാധിക്കുന്നു.

ലക്ഷണങ്ങൾ

∙ വൃക്ഷസഞ്ചിയിലുണ്ടാകുന്ന വീക്കം
∙ മുഴ
∙ വ്യഷണസഞ്ചിയിലെ ഞരമ്പുകൾ വ്യക്തമായി തെളിഞ്ഞുവരിക
∙ അടിക്കടി ഉണ്ടാകുന്ന വേദന

ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു യൂറോളജിസ്റ്റിനെ സമീപിക്കുകയും ചിക്ത്സ തേടേണ്ടത് ആവശ്യവുമാണ്. ഒാപ്പറേഷനു വിധേയമാകുകയോ ഇതര ചികിത്സാരീതി തേടുകയോ ആകാം.

വൃഷണവീക്കത്തിനു ശസ്ത്രക്രിയ വേണ്ടിവരുമോ?

വൃക്ഷണങ്ങൾക്കു ചുറ്റും നീർക്കെട്ടുണ്ടാകുന്നതിനെയാണ് ഹൈഡ്രോസീൽ അഥവാ വൃക്ഷണവീക്കം എന്നു പറയുന്നത്. പൊതുവെ വലിയ ബുദ്ധിമുട്ടുകളോ വേദനോ പ്രകടമാകാറില്ല. എന്നാൽ ചിലരിൽ വേദനയും വീക്കവും ചുവപ്പുനിറവും കാണാറുണ്ട്.

ഹൈഡ്രോസീലുകൾക്കു ചെറുപ്പക്കാരിൽ ചികിത്സയൊന്നും വേണ്ടിവരാറില്ല. തനിയെ നീർക്കെ‌ട്ടിന്റെ അളവു കുറയാറുണ്ട്. എന്നാൽ പ്രായം കൂടുന്നതനുസരിച്ചു തനിയെ ഭേദപ്പെ‌ടാനുള്ള സാധ്യത കുറയുകയും നീർക്കെട്ട് കുത്തിയെടുത്ത് നീക്കം ചെയ്യേണ്ടതായും വരാറുണ്ട്. ഒന്നിൽ ക‍ൂടുതൽ തവണ കുത്തിയെടുത്തു നീക്കം ചെയ്യേണ്ടിവരുന്ന വ്യക്തികൾക്ക് ശസ്ത്രക്രിയയാണ് ഫലപ്രദമായ ചികിത്സ. ക്രമാതീതമായ വീക്കമാണെങ്കിലും ശസ്ത്രക്രിയയാണ് ശരിയായ ചികിത്സ.

സെക്സിൽ താൽപര്യം ഉണ്ടെങ്ക‍ിലും ഉദ്ധാരണം നടക്കുന്നില്ല. എന്തു ചെയ്യും?

ശാരീരികമായ പല കാരണങ്ങളാലും പുരുഷന്മാരിൽ ഉദ്ധാരണക്കുറവു സംഭവിക്കാം. പ്രധാന കാരണങ്ങളായി പറയപ്പെടുന്നത്.
∙ ഹൃദ്രോഗം
∙ രക്തക്കുഴലുകളിൽ വരുന്ന തടസ്സം
∙ ഉയർന്ന തോതിലുള്ള കൊളസ്ട്രോൾ
∙ രക്താതിസമ്മർദം
∙ പ്രമേഹം
∙ പെ‍ാണ്ണത്തടി
∙ ലഹരിവസ്തുക്കളുടെ ഉപയോഗം
∙ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വരുന്ന അസുഖങ്ങൾ
∙ പുകവലി
∙ ഉറക്കക്കുറവ്

മാനസിക കാരണങ്ങൾ
∙ വിഷാദരോഗം, അമിതമായ ഉത്കണ്ഠ
∙ അമിതമായ സമ്മർദം
∙ വിക്തിബന്ധങ്ങളിൽ വരുന്ന പ്രശ്നങ്ങൾ–പരസ്പര ധാരണയില്ലായ്മ, സങ്കുചിതചിന്തകൾ.

ശരീരികമായതോ മാനസികമായതോ ഏതാണ് കാരണമെന്നു കണ്ടെത്തി മാനസികവും ശാര‍ീരികവുമായ ചികിത്സ തേടുകയാണ് വേണ്ടത്.

മദ്യപാനാസകിതിയിൽ നിന്നും മോചനം നേടാൻ എന്തുചെയ്യണം?

മദ്യലഹരിയിൽ നിന്നും മോചനം നേടുകയെന്നത് ശ്രമകരമാണ്. പക്ഷേ സാധ്യമായ ഒന്നുതന്നെയാണ്.

∙ മദ്യത്തോടുള്ള ആസക്തി ഹ്രസ്വനേരം മാത്രം നീണ്ടുനിൽക്കുന്നതാണ്. ഈ അവസ്ഥ തരണം ചെയ്യുന്നതിനായി ധ്യാനത്തിൽ ഏർപ്പെടുകയോ ശ്രദ്ധ മറ്റു പ്രവൃത്തികളിൽ കേന്ദ്രീകരിക്കുകയോ ചെയ്യാം
∙ ചി‌ട്ടയായ ജീവിതക്രമവും കൃത്യമായ വ്യായാമരീതിയും നല്ലത്.
∙ ധാരാളം വെള്ളം കുടിക്കുക, ച‍‍ിട്ടയായ ആഹാരക്രമം രൂപപ്പെടുത്തുക ഇവൊക്കെ മദ്യപാനശീലമുണ്ടാക്കിയ പോഷകക്കുറവുകളെയും അകറ്റും.
∙ ടോപ്പിറമേറ്റ്, ബാക്ല‍ോഫെൻ നാൽട്രിക്സോൺ പോലെയുള്ള മരുന്നുകൾ മദ്യലഹരിയിൽ നിന്നും മുക്തിനേടാനായി ഉപയോഗിക്കുന്നവയാണ്, എന്നാൽ ഇവ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ.

കഷണ്ടിക്കു മരുന്നുണ്ടോ? അവ എത്രമാത്രം സുരക്ഷിതമാണ്?

കഷണ്ടിക്കു ചികിത്സ ലഭ്യമാണ്. കഷണ്ടിയുടെ കാരണത്തെ അടിസ്ഥാനപ്പെടുത്തി മാത്രമേ ചികിത്സ ഫല പ്രദമാണോ എന്നു തീരുമാനിക്കാൻ സാധിക്കുകയുള്ളൂ. പുര‍ുഷന്മാരിൽ സാധാരണയായി കണ്ടുവരുന്ന കഷണ്ടി അലോപീഷ്യ (androgenic alopecia) എന്ന് അറിയപ്പെട‍ുന്നു. തലയോട്ടിയുടെ മുൻഭാഗത്ത് അല്ലെങ്കിൽ പുറംഭാഗത്തു നിന്നും തുടങ്ങുന്ന കഷണ്ടി ഈ ഗണത്തിൽപ്പെടുന്നു. ഡോക്ടറുടെ ഉപദേശപ്രകാരം ഉപരിതലത്തിൽ പുരട്ടുന്ന മരുന്നുകൾ ചിക‍‍ിത്സയ്ക്കായി ഉപയോഗിക്കുന്നു.

മറ്റൊരു രീതി ഹെയർ ട്ര‍ാൻസ്പ്ലാന്റേഷൻ (Hair transplatation) ആണ്. ലേസർ തെറ‍ാപ്പി പോലുള്ള ആധുനിക ചികിത്സാരീതികളും ഇന്നു നിലവിലുണ്ട്. ഇങ്ങനെയുള്ള ചികിത്സാരീതികൾ ലഭ്യമാണെങ്കിലും മുടികൊഴിച്ചിലിന്റെ ആരംഭത്തിൽതന്നെ ഒരു ത്വക് രോഗവിദഗ്ധനെ സമീപിക്കണം. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മാത്രമേ ശരിയായ ചികിത്സാരീത് ആരംഭിക്കാവൂ.

പ്രോസ്റ്റേറ്റ് കാൻസർ സൂചനകൾ?

പുരുഷന്മാരിൽ കാണുന്ന ഗൗരവമുള്ള പ്രശ്നമാണ് പ്രോസ്റ്റേറ്റ് കാൻസർ. എങ്കിലും ഫലപ്രദമായി ചികിത്സിക്കാവുന്ന ഒന്നാണിത്. നി‍ർഭാഗ്യവശാൽ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയോടനുബന്ധിച്ചുള്ള ചില സൂചനകളെകരുതേണ്ടതുണ്ട് ആ ലക്ഷണങ്ങൾ

∙ കൂടുതൽ തവണ മൂത്രമൊഴിക്കണമെന്ന തോന്നൽ, പ്രത്യേകിച്ചും രാത്രിയിൽ.
∙ മൂത്രമൊഴിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രയാസം.
∙ നിന്നുകൊണ്ടു മൂത്രമൊഴിക്കുന്നതിനുള്ള വിഷമം
∙ മൂത്രമൊഴിക്കുന്ന സമയത്തോ സ്ഖലനമുണ്ടാകുമ്പോഴോ, ഉണ്ടാകുന്ന വേദന അല്ലെങ്കിൽ നീറ്റൽ.
∙ മൂത്രത്തിൽ അല്ലെങ്കിൽ ശുക്ലത്തിൽ രക്തം

ഇവയെല്ലാം കാൻസറിന്റെ ലക്ഷണങ്ങളല്ല. എന്നാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വരുന്ന മുഴകൾ കൊണ്ടു തടസ്സമുണ്ടാകുമ്പോഴുള്ള ലക്ഷണങ്ങളാണ് മുൻകൂട്ടി പ്രോസ്റ്റേറ്റ് കാൻസർ കണ്ടുപിടിക്കാൻ വേണ്ട‍ി പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജന്റെ തോത് രക്തപരിശോധന ചെയ്യുക.

ഡോ. ബോബി തോമസ്
കൺസൽറ്റന്റ് ഫിസിഷ്യൻ & ഡയബറ്റോളജിസ്റ്റ്
അനന്തപുരി ഹോസ്പിറ്റൽ, തിരുവനന്തപുരം