Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈഗ്രേൻ ഹൃദ്രോഗ കാരണമോ?

migraine

മൈഗ്രേൻ ഹൃദ്രോഗ സാധ്യത കൂട്ടുകയും നേരത്തേയുള്ള മരണത്തിനു കാരണമാക്കുകയും ചെയ്യുമെന്ന് പഠനം. തലയുടെ മുൻപിലോ വശങ്ങളിലോ ഉണ്ടാകുന്ന അതികഠിനമായ വേദനയാണ് മൈഗ്രേൻ. പുരുഷൻമാരെ അപേക്ഷിച്ച് സത്രീകളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്.

ജർമനിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെയും യു.എസിലെ ഹാർവാർഡ് ടിച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിയലെയും ഗവേഷകർ മൈഗ്രേൻ ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുമോ എന്നു പഠനം നടത്തി.

25 മുതൽ 42 വയസുവരെ പ്രായമുള്ള 115541 പേരിൽ 1989 മുതൽ 2011 വരെയുള്ള കാലയളവിലാണു പഠനം നടത്തിയത്. ഇവരിൽ 18,000 പേർ മൈഗ്രേൻ എന്ന അതികഠിനമായ തലവേദന അനുഭവിക്കുന്നവരായിരുന്നു.

20 വർഷങ്ങൾക്കു ശേഷം പഠനത്തിൽ പങ്കെടുത്ത 1329 പേർക്ക് ഗുരുതരമായ ഹൃദ്രോഗം ബാധിക്കുകയും 223 പേർ ഹൃദ്രോഗം മൂലം മരിക്കുകയും ചെയ്തു. മൈഗ്രേൻ അനുഭവിക്കുന്ന 50 ശതമാനം സ്ത്രീകൾക്കും മൈഗ്രേൻ ബാധിക്കാത്തവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ രോഗങ്ങൾക്കും പക്ഷാഘാതത്തിനും സാധ്യതയുണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു.

ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള പ്രധാനപ്പെട്ട ഒരു സൂചകമായി മൈഗ്രേനിനെ കാണണമെന്നാണ് ഈ പഠനഫലം സൂചിപ്പിക്കുന്നത്. പക്ഷാഘാതവും മൈഗ്രേനും തമ്മിൽ ബന്ധമുണ്ടെന്ന് മുൻപേ തെളിഞ്ഞതാണ്. എന്നാൽ ഹൃദയസംബന്ധമായ രോഗങ്ങളും മരണനിരക്കുമായും മൈഗ്രേൻ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കുന്ന ഈ പഠനം ബയോമെഡിക്കൽ ജേണലിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.  

Your Rating: